കഴിഞ്ഞ നാലു വർഷമായി ലളിത ആർ അവലി എന്ന 22-കാരിയുടെ ദിവസം ആരംഭിക്കുന്നത് വെളുപ്പിനെ നാലു മണിക്കാണ്. കർണ്ണാടകത്തിലെ ചിത്രദുർഗയിലുള്ള ഹിരിയൂർ സ്വദേശി ലളിത വെളുപ്പാൻ കാലത്തു തന്റെ പുസ്തകക്കെട്ടുമായി പോകുന്നത് അടുത്തുള്ള നെഹ്റു മാർക്കറ്റിലേക്കാണ്. ഇവിടെയാണ് ലളിതയുടെ മാതാപിതാക്കൾ പച്ചക്കറി വിൽക്കുന്നത്. മാതാപിതാക്കളെ വിൽപനയിൽ സഹായിച്ചു കൊണ്ടു ലളിത തന്റെ കോളജ് പുസ്തകങ്ങളും പഠിക്കും. രാവിലത്തെ പച്ചക്കറി കച്ചവടം കഴിഞ്ഞാൽ യെലഹങ്കയിലെ ഈസ്റ്റ് വെസ്റ്റ് കോളജ് ഓഫ് എൻജിനീയറിങ്ങിലേക്ക് ലളിത പായും. ഇവിടുത്തെ എയറോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു ലളിത. 

ലളിതയുടെയും മാതാപിതാക്കളുടെയും കഷ്ടപ്പാടിനു ഫലമുണ്ടായത് ഈ മാസമാദ്യം എൻജിനീയറിങ്ങിന്റെ അവസാന വർഷ റിസൽട്ട് വന്നപ്പോഴാണ്. 9.7 പെർസന്റേലുമായി എയറോനോട്ടിക്കൽ എൻജിനീയറിങ്ങിൽ സംസ്ഥാനത്തെ ഒന്നാം റാങ്കാണ് ലളിതയെ തേടിയെത്തിയത്. ഗേറ്റ് പരീക്ഷയ്ക്ക് 707 സ്കോറും ലളിത കരസ്ഥമാക്കി. കുടുംബത്തിലെ തന്നെ ആദ്യ ബിരുദധാരിയായി മാറിയ മൂത്ത മകളുടെ ഉന്നത വിജയത്തിൽ അഭിമാനക്കൊടുമുടിയേറുകയാണ് മാതാപിതാക്കളായ രാജേന്ദ്രയും ചിത്രയും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനുള്ള കഷ്ടപ്പാടുകൾക്കിടയിലും തങ്ങളുടെ മൂന്നു മക്കളുടെയും വിദ്യാഭ്യാസ കാര്യത്തിൽ ഇവർ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തീകരിക്കാനാവാതിരുന്ന ഈ ദമ്പതികൾ 40 വർഷമായി പച്ചക്കറി വിൽപനയിൽ ഏർപ്പെടുന്നു.

ലളിതയുടെ പഠന മികവു കണ്ട കോളജ് അധികൃതർ ഹോസ്റ്റൽ ഫീസ് സൗജന്യമുൾപ്പെടെ ഇളവുകൾ നൽകിയിരുന്നു. വിജയത്തിൽ മാതാപിതാക്കളെ പോലെ കോളജ് അധികൃതരോടും ലളിത നന്ദി പറയുന്നു.

ഐഐടിയോ ഐഐഎസ്‌സിയോ പോലെ മുൻനിര സ്ഥാപനങ്ങളിൽ നിന്ന് എയറോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടണമെന്നാണ് ലളിതയുടെ ആഗ്രഹം. ഐഎസ്ആർഒ മേധാവി കെ.ശിവനെ റോൾ മോഡലായി കാണുന്ന ഈ മിടുക്കി ഒരു സ്പേസ് സയന്റിസ്റ്റായി ഐഎസ്ആർഒയിലോ ഡിആർ ഡി ഒ യിലോ ജോലി ചെയ്യണമെന്ന സ്വപ്നവും കാത്തു സൂക്ഷിക്കുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT