എൽഡിസി, സിവിൽ പൊലീസ് ഒാഫിസർ, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ റാങ്ക് ലിസ്റ്റുകളിൽ 2–ാം റാങ്ക്, ഫയർമാൻ റാങ്ക് ലിസ്റ്റിൽ 4–ാം റാങ്ക്. തിരുവനന്തപുരം പൂവാർ സ്വദേശി ആർ. എസ്. അഭിലാഷിന്റെ അഭിലാഷങ്ങൾ ഈ തിളങ്ങുന്ന നേട്ടങ്ങൾ കൊണ്ടും  അവസാനിക്കുന്നില്ല. യൂണിവേഴ്സിറ്റി കോളജിൽ നിന്നു ചരിത്രത്തിൽ ബിരുദം നേടിയ അഭിലാഷിന് ബിരുദ നിലവാരത്തിലുള്ള ഏതെങ്കിലും തസ്തികയിൽ ജോലി നേടണമെന്നാണ്  ആഗ്രഹം. സബ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ തസ്തികകളിൽ അപേക്ഷ നൽകിയിട്ടുണ്ട്. ചിട്ടയായ പരീക്ഷാ പരിശീലനത്തിലൂടെ ഈ ലക്ഷ്യം നേടിയെടുക്കാനാകുമെന്നാണ്  അഭിലാഷിന്റെ  വിശ്വാസം. 

സിവിൽ എക്സൈസ് ഒാഫിസർ, ഇന്ത്യാ റിസർവ് ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് പ്രിസൺ ഒാഫിസർ തുടങ്ങി 10ൽ അധികം പിഎസ്‌സി റാങ്ക് ലിസ്റ്റുകളിലാണ് അഭിലാഷ് മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്നു ലഭിച്ച നിയമനശുപാർശയുടെ അടിസ്ഥാനത്തിൽ കലക്ടറേറ്റിൽ എൽഡി ക്ലാർക്കായി ജോലി ചെയ്യുകയാണ് ഇപ്പോൾ.

വീട്ടിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു  കരകയറാൻ സർക്കാർ ജോലി വേണമെന്ന ചിന്തയാണ് അഭിലാഷിനെ പിഎസ്‌സി പരീക്ഷാ പരിശീലന രംഗത്തേക്ക് എത്തിച്ചത്.  വീടിനടുത്തുള്ള  കോച്ചിങ് സ്ഥാപനത്തിൽ നാലുമാസം പരിശീലനത്തിനു പോയി. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത് ഉപേക്ഷിച്ച് സ്വന്തമായി പഠനം ആരംഭിച്ചു. കംബൈൻഡ് സ്റ്റഡിയുമുണ്ടായിരുന്നു. 

ആറു മാസത്തെ കഠിന പ്രയത്നത്തിന്റെ ഫലം തിരുവനന്തപുരത്തെ സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ രണ്ടാം റാങ്കിന്റെ രൂപത്തിലാണ് സ്വന്തമായത്. ഹാൻഡ്ബോളിൽ ഇന്റർ യൂണിവേഴ്സിറ്റി ചാംപ്യനായിരുന്ന അഭിലാഷിന് കായിക താരങ്ങൾക്കു ലഭിക്കുന്ന വെയ്റ്റേജ് മാർക്ക് കൂടി ലഭിച്ചതോടെ റാങ്ക് പട്ടികയിൽ മുൻനിരയിലെത്തി. പിഎസ്‌സി റാങ്ക് ലിസ്റ്റിലെ ഈ മിന്നും ജയം ആത്മവിശ്വാസം ഉയർത്തി. കൂടുതൽ  സമയം പഠനത്തിനായി നീക്കിവച്ചതോടെ ഫയർമാൻ, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ, എൽഡിസി തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലും മികച്ച വിജയം നേടാൻ കഴിഞ്ഞു. ക്വിസ് മൽസരങ്ങളിൽ പങ്കെടുക്കാൻ ലഭിക്കുന്ന ഒരു അവസരവും അഭിലാഷ് പാഴാക്കാറില്ല. ഒാഫിസിൽ നടത്തിയ ഭരണഘടനാദിന ക്വിസിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. 

തിരുവനന്തപുരം പൂവാർ കരിങ്കുളം കുഞ്ചുവീട്ടുവിളാകത്തിൽ രാമചന്ദ്രൻ നായരുടെയും ശ്രീലതാ ദേവിയുടെയും മകനാണ്.  സഹോദരൻ അരുൺ ആർമിയിൽ ജോലി ചെയ്യുന്നു.

സർക്കാർ ജോലിയോടുള്ള താൽപര്യം തോന്നിയപ്പോൾ മുതൽ തൊഴിൽവീഥിയാണ് പഠനത്തിനായി ആശ്രയിച്ചിരുന്നത്. ജോലി ലഭിച്ചതിനു ശേഷവും ഈ ശീലം തുടരുന്നു. കോംപറ്റീഷൻ വിന്നറിന്റെ വലിയ ശേഖരവുമുണ്ട്.  എൽഡി ക്ലാർക്ക് പരിശീലനത്തിനായുള്ള തൊഴിൽവീഥിയുടെ പ്രത്യേക പേജുകൾ വളരെയേറെ പ്രയോജനപ്രദമാണ്. എൽഡിസി സിലബസിന്റെ മുക്കും മൂലയും അരിച്ചുപെറുക്കിയാണ് ഇതിൽ പരിശീലനങ്ങൾ നൽകുന്നത്.  മറ്റെവിടെയും ലഭിക്കാത്തത്ര  വിവരങ്ങൾ ഈ പരിശീലന ഭാഗത്തു ലഭിക്കും. എൽഡിസി പരീക്ഷാ പരിശീലനം നടത്തുന്നവർക്ക് ഇതൊരു മുതൽക്കൂട്ടാവുമെന്നു നിസ്സംശയം പറയാം.