കണ്ണു കൊണ്ടു ജീവിതം കുറിച്ച വ്യക്തിയാണു ഴാൻ ഡൊമിനിക് ബാബി. അദ്ദേഹത്തിന്റെ ആത്മകഥ, ‘ഡൈവിങ് ബെൽ ആൻഡ് ദ് ബട്ടർഫ്ലൈ’ യെ ഒരു അത്ഭുതമെന്നേ വിശേഷിപ്പിക്കാനാവൂ. കാരണം ഈ പുസ്തകം രചിക്കുമ്പോൾ ഴാൻ ഡൊമിനിക് ബാബിയുടെ ചലിക്കുന്ന ഏക അവയവം ഇടതു കണ്ണുമാത്രമായിരുന്നു. ചലനമറ്റ് ആശുപത്രിക്കിടക്കയിലായിരുന്നു അദ്ദേഹം. പുസ്തകം പൂർത്തിയാക്കാൻ രണ്ടുലക്ഷം തവണയാണു ബാബി കൺപോളകൾ ചിമ്മിയത്. ആ കൺചിമ്മലുകളുടെ അർഥം മനസ്സിലാക്കി അദ്ദേഹത്തിന്റെ ആത്മകഥ കുറിച്ചെടുത്തതു ക്ലോഡ് മെൻഡിബിൽ എന്ന യുവതിയാണ്.

ഫ്രഞ്ച് ഫാഷൻ മാസികയുടെ പത്രാധിപൻ ആയിരുന്നു ഴാൻ ഡൊമിനിക് ബാബി. 42 വയസ്സുവരെ ജീവിതത്തിന്റെ സമ്പന്നതയും സുഖസൗകര്യങ്ങളും മാത്രം പരിചയിച്ചയാൾ. പ്രശസ്തിയുടെ കൊടുമുടിയിൽ നിന്നു കാലം ഒരുനാൾ അദ്ദേഹത്തെ തള്ളി താഴേക്കിട്ടു, സെറിബ്രോ വാസ്കുലർ ആക്സിഡന്റ് എന്ന മസ്തിഷ്കാഘാതം. പാദം മുതൽ മുടിവരെ തളർന്ന അവസ്ഥ, ലോക്ക്ഡ് ഇൻ സിൻഡ്രോം എന്നാണു വൈദ്യശാസ്ത്രം ഈ രോഗാവസ്ഥയ്ക്കു നൽകിയ പേര്.

വീഴചയുടെ ആഘാതം വലുതായിരുന്നു. 22 ദിവസം കോമയിൽ. ഉണർന്നപ്പോൾ അനങ്ങാൻ പോലുമാകാതെ കിടക്കയിൽ. ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചു പക്ഷേ, ഒന്നനങ്ങാൻ പോലും കഴിയുന്നില്ല. ‌ഇരുകണ്ണുകളും തുറന്നാണിരുന്നത്. പക്ഷേ, വലതു കണ്ണിനു കാഴ്ചയുണ്ടായിരുന്നില്ല. കേൾവിയും  ഇടം കണ്ണും മാത്രമേ അവശേഷിച്ചുള്ളു. പറവയെ പോലെ പാറി നടന്നിരുന്നയാൾ ഒരു കിടക്കയിലേക്കു ചുരുങ്ങി. സഹിക്കാനാകാതെ ഇടംകണ്ണിലൂടെ കണ്ണീർപൊഴിച്ച് അദ്ദേഹം കരഞ്ഞു. ‌മരിക്കണം, മരിക്കണം എന്ന് ഉള്ളിൽ പറഞ്ഞുകൊണ്ടേയിരുന്നപ്പോഴും ശബ്ദം പുറത്തേക്കു വന്നില്ല. 

ആശുപത്രിയിൽ ഡോക്ടർമാരും നഴ്സുമാരും നല്ല രീതിയിൽ ശുശ്രൂഷിച്ചു. മനസ്സിനു ബലം നൽകി. ചലിക്കുന്ന കണ്ണുകൾക്കൊണ്ട് ആശയ വിനിമയം നടത്താൻ പഠിച്ചത് അവിടെനിന്നാണ്. ഒരു തവണ കണ്ണടച്ചാൽ അതെ എന്നും രണ്ടു തവണ കണ്ണു ചിമ്മിയാൽ അല്ല എന്നുമാണ് അർഥം. ആദ്യം ബുദ്ധിമുട്ടായി തോന്നിയെങ്കിലും മറ്റുള്ളവരുടെ ചോദ്യങ്ങളോടു പ്രതികരിക്കാൻ‌ അദ്ദേഹത്തിനായി. അടുത്ത ഘട്ടമായി അക്ഷരമാലയുടെ ഒരു വലിയ ബോർഡുമായി ഡോക്ടർ അദ്ദേഹത്തെ സമീപിച്ചു. പറയാൻ ആഗ്രഹിക്കുന്ന വാക്കുകളിലേക്കുള്ള ദുർഘടമായ വഴിയായിരുന്നു ആ ചാർട്ട്. ഓരോ അക്ഷരവും ഡോക്ടർ പറയും. ഉദ്ദേശിക്കുന്ന വാക്കുകളുടെ അക്ഷരം എത്തുമ്പോൾ അദ്ദേഹം ഒരു തവണ കണ്ണു ചിമ്മും. അങ്ങനെ ആ അക്ഷരങ്ങൾ ചേർത്തു ഡോക്ടർ വാക്കുകൾ നിർമിച്ചു. ക്ഷമ ആവശ്യമുള്ള ജോലിയായിരുന്നു അത്. ഡോക്ടറുമായുള്ള സംസാരത്തിനിടെയാണ് ഒരു പ്രസാധകരുമായി പുസ്തകം എഴുതാനുള്ള കരാറിനെക്കുറിച്ചു ബാബി പറയുന്നത്. ഡോക്ടർ അവരുമായി ബന്ധപ്പെട്ടു. ബാബിയുടെ അപകട വാർത്ത ഇതിനകം തന്നെ ചർച്ചയായിരുന്നു. ഡോക്ടർ കാര്യങ്ങളെല്ലാം വിശദീകരിച്ചു.  പറയുന്ന കാര്യങ്ങൾ ക്ഷമയോടെ എഴുതിയെടുക്കാൻ കഴിയുന്ന ഒരാളെ ഏർപ്പാടാക്കിയാൽ പുസ്തകം എഴുതാനാകുമെന്നു  പ്രസാധകനായ റോബട് ലഫോന്റിനെ ബോധ്യപ്പെടുത്തി. അങ്ങിനെയാണു ക്ലോഡ് മെൻഡിബിൽ എന്ന സ്പേഷലിസ്റ്റ് നഴ്സിന്റെ സഹായത്തോടെ ബാബി പുസ്തക രചന ആരംഭിച്ചത്.ഒരു ബോർഡിൽ എഴുതിയ അക്ഷരമാലയിലെ അക്ഷരങ്ങളിലൂടെ ക്ലോഡ് വിരലോടിക്കുമ്പോൾ ‘ശരി’ എന്നതിനു ബാബി കണ്ണുകൾ ചിമ്മി. അദ്ദേഹത്തിന്റെ മനസ്സിലെ അക്ഷരങ്ങൾ ചേർത്തുവച്ചു വാക്കുകളും വാചകങ്ങളും ക്ലോഡ് എഴുതി. 2 ലക്ഷം തവണയാണ് അദ്ദേഹം പുസ്തക രചനയ്ക്കായി കണ്ണു ചിമ്മിയത്. അദ്ദേഹത്തിന്റെ ഇച്ഛാ ശക്തിയുടെ പ്രതിഫലമായ ആ പുസ്തകം  ലോകം മുഴുവനും ചർച്ച ചെയ്യുന്നു.

ഡൈവിങ് ബെൽ ആൻഡ് ദ് ബട്ടർഫ്ലൈ എന്ന അതേ പേരിൽ ഈ പുസ്തകം സിനിമയുമായി.ലോക്ക്ഡ് ഇൻ സിൻഡ്രോം ബാധിച്ചവർക്കായി ആലിസ് എന്ന സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി. 1997 മാർച്ച് 9ന് അദ്ദേഹം ലോകത്തോടു വിടപറഞ്ഞു.