പത്തു ലക്ഷം രൂപ മുതൽ മുടക്കിൽ നിന്ന് ഒന്നരക്കോടി വിറ്റുവരവിലേക്ക്; റോബട്ടിന്റെ കൈ പിടിച്ച് 2 യുവാക്കൾ
ശരിക്കൊന്നു പിടിക്കാൻ പോലുമില്ലാത്ത സ്ക്രൂ ഒരിടത്തുനിന്ന് ഊരി മറ്റൊരിടത്ത് ഫിറ്റ് ചെയ്യുന്ന കാര്യം ആലോചിച്ചു നോക്കൂ. അതും ഒന്നല്ല, ഒരുപാടെണ്ണം. ഓർക്കുമ്പോഴേ തല പെരുത്തു പോകും. ഇങ്ങനെയുള്ള ‘ഞുണുക്കു’ പണികൾ ചെയ്യാൻ റോബട്ടുകൾക്ക് ഒരു ‘കൈ’ സഹായമാകുകയാണ് ശബീറിന്റെയും അനീഷിന്റെയും സ്റ്റാർട്ടപ്. അതാണ് ഇഎൻ പ്രൊഡക്റ്റ്സ്.
റോബട്ടിക്സ് ഓട്ടമേഷൻ എന്നതു കേരളത്തിൽ ആരും അത്രതന്നെ കേൾക്കാത്ത ഒരു സമയത്താണു ശബീർ മുഹമ്മദും എൻ.അനീഷും ഈ സംരംഭം തുടങ്ങുന്നത്. 4 ജീവനക്കാരെവച്ചു തുടങ്ങിയ കമ്പനിയിൽ ഇന്നുള്ളതു 18 ജീവനക്കാരും കൈനിറയെ പ്രോജക്ടുകളും. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇഎൻ പ്രോഡക്ട്സ് റോബട്ടിക്സ് ഓട്ടമേഷൻ രംഗത്തു വിപ്ലവാത്മകമായി ചലനം സൃഷ്ടിച്ചു എന്നതിൽ സംശയമില്ല.
ഒഇഎൻ ഇന്ത്യ ലിമിറ്റഡിലെ ജോലിപരിചയവുമായാണ് ഇവർ റോബട്ടിക്സ് ഓട്ടമേഷനെ ഒരു സ്റ്റാർട്ടപ്പായി അവതരിപ്പിക്കുന്നത്. 10 ലക്ഷം രൂപയായിരുന്നു മൂലധനം. ഇന്നാകട്ടെ ഒന്നരക്കോടിയുടെ വിറ്റുവരവുണ്ട്. കമ്പനിയുടെ വളർച്ചയോടൊപ്പം കേരളം റോബട്ടിക്സ് ഓട്ടമേഷനെ കൈനീട്ടി സ്വീകരിച്ചു എന്നു കൂടി വേണം കരുതാൻ.
ശമ്പളം വേണ്ട, ഉടമയാകാം
ഒഇഎന്നിലെ ജോലി വേണ്ടെന്നു വയ്ക്കുമ്പോൾ ഇരുവർക്കും മുൻപിൽ ഒരു അനിശ്ചിതത്വമുണ്ടായിരുന്നു. ഇനിയെന്ത് എന്ന ചോദ്യം. അതാണ് റോബട്ടിക്സിലേക്ക് ശബീറിനെ നയിച്ചത്. ആദ്യം ജോലി രാജി വച്ചത് ശബീർ ആയിരുന്നു. പിന്നാലെ അനീഷും. പത്തു ലക്ഷം രൂപയാണ് ആകെയുള്ള മുടക്കുമുതൽ. അതിൽ നിന്നാണ് ഇവർ ഒന്നരക്കോടി വിറ്റുവരവുള്ള, 18 ജീവനക്കാരുള്ള കമ്പനി ഉടമകളായി മാറുന്നത്.
ജോലി ചെയ്തിരുന്ന ഒഇഎൻ അടക്കം നിരവധി കമ്പനികളാണ് ഇന്ന് ഇഎൻ പ്രൊഡക്ട്സ് തേടിയെത്തുന്നത്. റോബട്ടിക്സ് ഓട്ടമേഷൻ സാങ്കേതിക വിദ്യയിലൂടെ കമ്പനികളിലെ മനുഷ്യപ്രവൃത്തി കുറച്ചു ജോലി എളുപ്പവും വേഗത്തിലുമാക്കുന്ന തരത്തിലാണ് ഓട്ടമേഷൻ സൊലൂഷൻസ് രൂപകൽപന ചെയ്തിരിക്കുന്നതെന്നു ശബീർ മുഹമ്മദ് പറഞ്ഞു.
മനുഷ്യർക്കു ചെയ്യാൻ ബുദ്ധിമുട്ടുള്ള എന്നാൽ ഒരു ഉൽപന്നത്തിന്റെ നിർമാണത്തിൽ ഏറ്റവും അത്യാവശ്യമുള്ള പണികൾ ചെയ്യുന്നതിനുവേണ്ടിയുള്ള ഉപകരണങ്ങളാണ് ഇഎൻ പ്രോഡക്ട്സ് ഡിസൈൻ ചെയ്യുന്നത്.
ഓരോ കമ്പനിക്കും ആവശ്യമുള്ള തരത്തിലാണ് ഉൽപന്നങ്ങൾ ഡിസൈൻ ചെയ്യുക. ഇതുവരെ നൂറോളം പ്രോജക്ടുകൾ ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും എടുത്തു പറയേണ്ടത് അഡ്വാൻസ്ഡ് 6 ആക്സിസ് റോബട്ടിക്സ് ആണ്. ചെയ്ത 4 പ്രോജക്ടുകളിൽ മൂന്നെണ്ണവും കേരളത്തിലെ കമ്പനികൾക്കു വേണ്ടിയാണെന്നുള്ളതു ശുഭസൂചകമാണ്, ഇപ്പോൾ സെയിൽസ് മേഖല കൈകാര്യം ചെയ്യാൻ ജി ഇ ഇൽ വർക്ക് ചെയ്തിരുന്ന കെ.ശ്രീജിത് കൂടി ഡയറക്ടർ ആയപ്പോൾ അന്താരാഷ്ട്ര തലത്തിലേക്കു കൂടി പ്രൊജക്ടുകൾ ചെയ്യാൻ കഴിഞ്ഞു. ഇനിയുള്ള മത്സരം ചൈനയോടാണ്. അവർ അത്രയധികം റോബട്ടിക്സിൽ മുന്നേറിക്കഴിഞ്ഞു. അവരോടു മത്സരിച്ചു നിൽക്കണമെങ്കിൽ ഉറപ്പായും നമ്മളും അതിനനുസരിച്ചു മാറണം. സാങ്കേതിക വിദ്യകളോട് ഇനിയും മുഖം തിരിക്കാൻ നമുക്കു സാധിക്കില്ല. ശബീർ പറഞ്ഞു.
റോബട്ടിക്സ് ഓട്ടമേഷനും 6 ആക്സിസ് റോബട്ടിക്സും
ഇപ്പോൾ വ്യവസായ യുഗം 4.0 വരെ എത്തിനിൽക്കുന്ന നമ്മൾ ഇൻഡസ്ട്രി 1.0 സ്റ്റീം എൻജിനുകളിൽ നിന്നാണ് തുടങ്ങിയത് എങ്കിൽ, ഇൻഡസ്ട്രി 3.0ൽ ഇലക്ട്രോണിക്സ് ഉപയോഗപ്പെടുത്തിയുള്ള യന്ത്രവൽക്കരണം ആണ്. അതിലെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളാണ് റോബോട്ടുകളെ വ്യവസായ യന്ത്രവൽക്കരണങ്ങളിൽ മുൻപന്തിയിൽ നിർത്തുന്നത്.
എസ്പിഎം(Special purpose machines ) യന്ത്രവൽക്കരണം
ഇലക്ട്രിക്കൽ മോട്ടറുകളുടെ സഹായത്തോടെയും ഹൈഡ്രോളിക്സ്, ന്യുമാറ്റിക്സ് ടെക്നോളജിയും ഉപയോഗപ്പെടുത്തി ഒരു പ്രത്യേക ആവശ്യത്തിനായി മാത്രം നിർമിച്ചിട്ടുള്ള യന്ത്രങ്ങൾ ആണ് എസ്‌പിഎം. യന്ത്രങ്ങളെ ആവശ്യത്തിനനുസരിച്ചു പുതിയ രീതിയിൽ പ്രവർത്തിക്കാൻ പഠിപ്പിക്കാൻ കഴിവുള്ളവയാണ് റോബട്ടുകൾ.
റോബട്ടുകൾ ചെയ്യുന്ന ജോലികൾ അതിന്റെ ചലനങ്ങളുടെ ഘടനയിൽ തരം തിരിക്കാം. 3 ആക്സിസും 6 ആക്സിസും. കൂടുതൽ ദിശകളിലേക്കുള്ള ചലനങ്ങൾക്കാണ് 6 ആക്സിസ് റോബട്ടുകൾ വേണ്ടി വരിക. അത്തരം റോബോട്ടുകളെ ഉപയോഗപെടുത്തിയുള്ള പ്രൊജക്ടുകളിൽ ആണ് ഇഎൻ പ്രൊഡക്റ്റ്സ് പ്രാവീണ്യം നേടിയിട്ടുള്ളത്.
മെഡിക്കൽ, കൺസ്യൂമർ, ഇലക്ട്രിക്കൽ, ഇൻഡസ്ട്രിയൽ തുടങ്ങിയ മേഖലകളിലാണ് ഇവർ ഉൽപന്നങ്ങൾ നിർമിക്കുന്നത്.