ഇന്ത്യക്കാരും ഗണിതശാസ്ത്രവും തമ്മില്‍ വല്ലാത്തൊരു അടുപ്പമുണ്ട്. ഭാസ്‌കരാചാര്യന്‍ മുതല്‍ ഇങ്ങോട്ട് ശ്രീനിവാസ രാമാനുജന്‍ വരെ നീളുന്ന പ്രഗത്ഭമതികളായ ഗണിതശാസ്ത്രജ്ഞര്‍ ഈ മേഖലയിലെ ഇന്ത്യന്‍ മഹിമ വിളിച്ചോതുന്നു. ഈ ഗണത്തിലേക്ക് സമകാലിക ഇന്ത്യയുടെ സംഭാവനയായി തലയെടുപ്പോടെ നില്‍ക്കുന്നയാളാണ് പരിമള രാമന്‍ എന്ന ഗണിതശാസ്ത്രജ്ഞ. ആള്‍ജിബ്ര പഠനത്തിലെ തന്റെ സംഭാവനകളുടെ പേരിലാണ് ലോകം പരിമള രാമനെ അറിയുന്നത്. 

1987ലെ ശാന്തി സ്വരൂപ് ഭട്‌നാഗര്‍ പ്രൈസ് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഉള്‍പ്പെടെ നിരവധി ദേശീയ, രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ ഈ ഗണിതപ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. 2010ല്‍ ഇന്റര്‍നാഷനല്‍ കോണ്‍ഗ്രസ് ഓഫ് മാത്തമാറ്റിക്‌സില്‍ പ്ലീനറി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. വനിതാ ശാസ്ത്രജ്ഞരെ ആദരിക്കുന്നതിനായി പതിനൊന്ന് ചെയറുകള്‍ സ്ഥാപിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചപ്പോള്‍ ആ പട്ടികയിലെ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരു ശാസ്ത്രജ്ഞയായും പരിമള മാറി. ആള്‍ജിബ്രയ്ക് ജ്യോമട്രിയും നമ്പര്‍ തിയറിയുമായി ബന്ധപ്പെട്ട ആള്‍ജിബ്രയാണ് പരിമളയുടെ ഗവേഷണ മേഖല. രണ്ടാം സെറേ കോണ്‍ജെങ്ച്വറിനുള്ള പരിമളയുടെ ഗണിത പരിഹാരം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. 

കോളജ് പഠനത്തിനിടയ്ക്ക് സംസ്‌കൃത കവിതയോട് ഇഷ്ടം തോന്നിയ പരിമളയെ കണക്കിന്റെ വഴിയേ നയിച്ചത് ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളജിലെ പ്രഫ. തങ്കമണിയാണ്. ഗണിതത്തിന് കവിതയുടെ ചാരുതയുണ്ടെന്നു തിരിച്ചറിഞ്ഞ പരിമള അത് തന്റെ കരിയറാക്കി. ചെന്നൈ ശാരദ വിദ്യാലയത്തില്‍ തന്നെ കണക്ക് പഠിപ്പിച്ച അധ്യാപകരാണ് വിഷയത്തിനോടുള്ള താത്പര്യം തന്നിലാദ്യം ജനിപ്പിച്ചതെന്ന് പരിമള പറയുന്നു.

ഇംഗ്ലിഷ് പ്രഫസറായിരുന്ന പിതാവും മാതാവും കണക്കിന്റെ പാതയില്‍ ആദ്യം മുതലേ പരിമളയ്ക്ക് എല്ലാ പിന്തുണയും നല്‍കി. കുടുംബത്തിന്റെ പിന്തുണയോടെ പരിമള ആദ്യം രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ഗവേഷണം ആരംഭിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രഫസര്‍മാരയ ഭാനുമൂര്‍ത്തിയും രമയുമെല്ലാം പരിമളയുടെ മെന്റര്‍മാരായി. 

വിവാഹത്തിനു ശേഷം ഭര്‍ത്താവ് രാമന്‍ പരിമളയുടെ കണക്ക് ഇഷ്ടങ്ങളുടെ ശക്തമായ പ്രോത്സാഹനമായി. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ പ്രഫസറായിരിക്കുമ്പോഴാണ് ഒരു വര്‍ഷം അവധിയെടുത്ത് പരിമള ഭര്‍ത്താവിനൊപ്പം ദാരെസ് സലാമിലേക്ക് പോകുന്നത്. ടാന്‍സാനിയയിലെ ബോര്‍ഡ് ഓഫ് ഇന്റേണല്‍ ട്രേഡില്‍ ചീഫ് ഇന്റേണല്‍ ഓഡിറ്ററായിരുന്നു രാമന്‍.

കുറച്ചു മാസങ്ങള്‍ക്കകം ഭാര്യയ്ക്കായി രാമന്‍ ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനമെടുത്തു. തന്റെ ജോലി രാജിവച്ച് പരിമളയുടെ പോസ്റ്റ് ഡോക്ടറല്‍ പഠനത്തിനായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇടിഎച്ച് സൂറിച്ചില്‍ എത്തി. സുപ്രധാനമായ ഈ തീരുമാനമാണ് പരിമളയെ തിരികെ കണക്കിലും ഗവേഷണത്തിലും എത്തിച്ചത്. ഗണിതത്തിലൊരു കരിയര്‍ വെല്ലുവിളികള്‍ നിറഞ്ഞതും അതേസമയം പാരിതോഷികങ്ങള്‍ നല്‍കുന്നതാണെന്നുമാണ് ഈ ഗണിതശാസ്ത്രജ്ഞയ്ക്ക് യുവതലമുറയോട് പറയാനുള്ളത്.