പഠനം മലയാളം മീഡിയത്തിൽ, മാസം 80,000 രൂപ വരെ ഫെലോഷിപ്പ്; അറിയാം കാവ്യയുടെ വിജയരഹസ്യം
അഞ്ചു വർഷംവരെ മാസം 70,000– 80,000 രൂപ ഫെലോഷിപ്പും രണ്ടു ലക്ഷം രൂപ വീതം വാർഷിക ഗ്രാന്റും. കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടാണു പഠിക്കുന്നത്. ബൈക്ക് യാത്രകൾ, ഒറ്റയ്ക്കുള്ള മറ്റു ട്രിപ്പുകൾ, നൃത്തം
അഞ്ചു വർഷംവരെ മാസം 70,000– 80,000 രൂപ ഫെലോഷിപ്പും രണ്ടു ലക്ഷം രൂപ വീതം വാർഷിക ഗ്രാന്റും. കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടാണു പഠിക്കുന്നത്. ബൈക്ക് യാത്രകൾ, ഒറ്റയ്ക്കുള്ള മറ്റു ട്രിപ്പുകൾ, നൃത്തം
അഞ്ചു വർഷംവരെ മാസം 70,000– 80,000 രൂപ ഫെലോഷിപ്പും രണ്ടു ലക്ഷം രൂപ വീതം വാർഷിക ഗ്രാന്റും. കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടാണു പഠിക്കുന്നത്. ബൈക്ക് യാത്രകൾ, ഒറ്റയ്ക്കുള്ള മറ്റു ട്രിപ്പുകൾ, നൃത്തം
പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് – ഇന്ത്യയിൽ ഗവേഷണവിദ്യാർഥികൾക്കുള്ള ഏറ്റവും മികച്ച ഫെലോഷിപ്. ഈവർഷം പിഎംആർഎഫ് നേടിയ മലയാളികളിലൊരാളാണ് പുണൈ ഐസറിൽ കെമിസ്ട്രിയിൽ ഗവേഷണം നടത്തുന്ന മലപ്പുറംകാരി കാവ്യ ജോസ് (24). അപ്പോൾ ഇതുവരെ പഠിച്ചുവന്ന വഴികളും ഒന്നാന്തരമാകണമല്ലോ.
‘‘അതെ, നൂറു ശതമാനം. പഠിച്ചതെല്ലാം പൊതുവിദ്യാലയങ്ങളിൽ’’ – മറുപടി കാവ്യ ഒറ്റയ്ക്കല്ല പറഞ്ഞത്. ഗൂഗിൾ മീറ്റിൽ വിശേഷം പങ്കുവച്ച് അമ്മ പുറത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലിഷ് അധ്യാപിക പി.ബി. ബിന്ദു, അച്ഛൻ തിരൂർ മംഗലം വള്ളത്തോൾ എയുപി സ്കൂൾ പ്രധാനാധ്യാപകൻ ജോസ് സി. മാത്യു, ബെംഗളൂരുവിൽ എംഎസ്‌സി വിദ്യാർഥിയായ സഹോദരി സ്നേഹ എന്നിവരും ഒപ്പം ചേർന്നു.
പഠിച്ചതെല്ലാം പൊതുവിദ്യാലയങ്ങളിലാണോ ? മലയാളം മീഡിയത്തിൽ ?
പലരും ഇതു ചോദിക്കുന്നു. അച്ഛൻ പഠിപ്പിച്ച വള്ളത്തോൾ എയുപി, ആലത്തൂരിലെ വിദ്യാവിലാസിനി എൽപി, തിരുനാവായയിലെ നാവാമുകുന്ദ എച്ച്എസ്എസ്, പിന്നെ തിരൂരിലെ ഗവ. ബോയ്സ് എച്ച്എസ്എസ്– ഇവിടങ്ങളിലാണു പ്ലസ്ടു വരെ പഠിച്ചത്; മലയാളം മീഡിയത്തിൽ.
ഞങ്ങൾക്കായി ആ ‘വലിയ തീരുമാനം’ എടുത്തത് എന്തിനാണെന്ന് അച്ഛനുമമ്മയും പറയട്ടെ എന്നു കാവ്യ.
അതിനു ബിന്ദുവും ജോസും നൽകിയ ഉത്തരമിങ്ങനെ: ‘‘ ഞങ്ങൾ പഠിച്ചതും പഠിപ്പിക്കുന്നതും പൊതുവിദ്യാലയങ്ങളിലാണ്. ആ നന്മകളിൽ ഉറപ്പുണ്ട്. അതു കുട്ടികൾക്കു ലഭിക്കണമെന്ന് ആഗ്രഹിച്ചു. വട്ടാണോ എന്നൊക്കെ പലരും ചോദിച്ചു. കുട്ടികൾ മികച്ച വിജയം നേടി മുന്നേറിയപ്പോൾ ആ ചോദ്യങ്ങൾ അപ്രസക്തമായില്ലേ ?’’
ഒരു കൂട്ടിച്ചേർക്കൽ കാവ്യയുടെ വക: പലരും ചോദിക്കാറുണ്ട്, മലയാളം മീഡിയത്തിൽ പഠിച്ചിട്ട് ഇംഗ്ലിഷ് സംസാരിക്കാൻ പറ്റുന്നുണ്ടോ എന്ന്. പറ്റും. പിന്നെ, സംസാരിക്കുന്നതിലൂടെയാണ് ഭാഷ ഫ്ലുവന്റ് ആകുന്നത്.
പഠനരീതികൾ എങ്ങനെയായിരുന്നു ?
അമ്മയും അച്ഛനും ചെറുപ്പം മുതലേ ഒരു കാര്യം ബോധ്യപ്പെടുത്തി; അവർക്കു വേണ്ടിയല്ല പഠിക്കേണ്ടതെന്ന്. ചെറിയ ക്ലാസുകളിൽ പോലും ഹോംവർക്ക് ചെയ്തു തരില്ലായിരുന്നു. വഴി പറഞ്ഞു തരും; തനിയെ ചെയ്യണം. രണ്ടുപേരും അധ്യാപകരായിട്ടും എനിക്കൊന്നും എഴുതിത്തരുന്നില്ലെന്നു പരാതി പറഞ്ഞിട്ടുണ്ട്. പക്ഷേ, അതെത്രയോ നന്നായെന്നു പിന്നീട് തിരിച്ചറിഞ്ഞു. ചെറുപ്പത്തിലേ സ്വയംപര്യാപ്തരാക്കിയതിനാൽ ഇഷ്ട മേഖലകൾ സ്വയം കണ്ടെത്താനായി.
അതെങ്ങനെയാണ് ഇഷ്ട മേഖല കണ്ടെത്തിയത് ?
പ്ലസ് ടുവിനു ശേഷം ഭോപാൽ ഐസറിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്) കെമിസ്ട്രി മേജറിനു ചേർന്നു. ഏർത് ആൻഡ് എൻവിയോൺമെന്റൽ സയൻസ് ആയിരുന്നു മൈനർ. ഇതിനിടെ കെമിസ്ട്രി, ജിയോളജി, ബയോളജി എന്നീ മൂന്നു വിഷയങ്ങളും അടിസ്ഥാനമാക്കിയുള്ള ഇന്റേൺഷിപ്പുകൾ ചെയ്തു. ഏതാണ് ഏറ്റവും പറ്റിയതെന്നു കണ്ടെത്താനുള്ള ‘ട്രയൽ ആൻഡ് എറർ’ രീതി. അങ്ങനെ കെമിസ്ട്രിയിലുറച്ചു.
‘ഫുൾ പഠിപ്പി’ ആണോ ?
അല്ല. കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടാണു പഠിക്കുന്നത്. ബൈക്ക് യാത്രകൾ, ഒറ്റയ്ക്കുള്ള മറ്റു ട്രിപ്പുകൾ, നൃത്തം, ഡ്രോയിങ്, നാടകം എല്ലാമുണ്ട്. ഐസറിൽ ഞങ്ങൾ കുറച്ചുപേർ ഡ്രാമാ ക്ലബ്ബും ഡാൻസ് ക്ലബ്ബും തുടങ്ങി. ഗവേഷണത്തിന് ആഗ്രഹിക്കുന്നവരോട് ഒരു കാര്യം പറയട്ടെ– മറ്റുള്ളവർ പറഞ്ഞതുകൊണ്ടോ, നല്ല പദവി കിട്ടുമെന്നു പ്രതീക്ഷിച്ചോ ഈ രംഗത്തേക്കു വരരുത്. അധ്വാനിക്കാനും സ്ഥിരോത്സാഹത്തോടെ മുന്നോട്ടു പോകാനുമുള്ള മനസ്സും ഉണ്ടെങ്കിൽ മാത്രം ചെയ്യേണ്ടതാണു ഗവേഷണം.
ഇതു കാവ്യയുടെ മാത്രമല്ല, ഒരു കുടുംബത്തിന്റെ തന്നെ വിജയകഥയാണ്. അനിയത്തി സ്നേഹയും ഡിഗ്രി മുതൽ സ്കോളർഷിപ്പോടെയാണ് പഠിക്കുന്നത്. അതും കനപ്പെട്ടതു തന്നെ– കേന്ദ്ര സർക്കാരിന്റെ ഇൻസ്പയർ ഷീ (സ്കോളർഷിപ് ഫോർ ഹയർ എജ്യുക്കേഷൻ) ജേതാവായി മാസം 5000 രൂപ ഫെലോഷിപ്പോടെ പഠനം.
സ്കോളർഷിപ്പുകളിലേക്കുള്ള വഴി
പിഎംആർഎഫ്: തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ ഗവേഷണം നടത്തുന്നവർക്കും മികച്ച അക്കാദമിക് പശ്ചാത്തലത്തോടെ ഗവേഷണത്തിന് ഒരുങ്ങുന്നവർക്കും വർഷത്തിൽ എപ്പോൾ വേണമെങ്കിലും പ്രൈംമിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ്പിന് അപേക്ഷിക്കാം. www.may2020.pmrf.in. അഞ്ചു വർഷംവരെ മാസം 70,000– 80,000 രൂപ ഫെലോഷിപ്പും രണ്ടു ലക്ഷം രൂപ വീതം വാർഷിക ഗ്രാന്റും.
ഇൻസ്പയർ ഷീ: ഈ വർഷം പന്ത്രണ്ടാം ക്ലാസ് മികച്ച നിലയിൽ പാസായവർക്ക് സയൻസ് പഠനത്തിന് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ ഷീ–2020 സ്കോളർഷിപ്പിന് ഡിസംബർ 31 വരെ അപേക്ഷിക്കാം. online-inspire.gov.in. 12–ാം ക്ലാസ് പരീക്ഷയിൽ നിശ്ചിത കട്ട്ഓഫുണ്ട്. കേരള സിലബസ് 97.5 %, സിബിഎസ്ഇ 94.6 %, ഐഎസ്‌സി 96.6 % വീതമാണു കട്ട്ഓഫ്.
ജെഇഇ മെയിൻ, അഡ്വാൻസ്ഡ്, നീറ്റ് പ്രവേശനപരീക്ഷകളിൽ കോമൺ മെറിറ്റ് ലിസ്റ്റിൽ പതിനായിരത്തിനുള്ളിൽ റാങ്ക്, കെവിപിവൈ, എൻടിഎസ്ഇ, ജഗദീഷ് ബോസ് നാഷനൽ സയൻസ് ടാലന്റ് സെർച് സ്കോളർഷിപ് ജേതാക്കൾ, രാജ്യാന്തര ഒളിംപ്യാഡ് മെഡൽ ജേതാക്കൾ തുടങ്ങിയവരെയും പരിഗണിക്കും.
English Summary: Success Story Of Kavya Jose; Prime Minister's Research Fellows Winner