ആ രാത്രി ജീവിതത്തിന് ‘യു ടേൺ’ അടിച്ചു; ഒന്നാം റാങ്കുമായി ‘8 മാർക്കുകാരൻ’ ഡിവൈഎസ്പിയായ കഥ
ക്ലാസിലെ അറുപത് കുട്ടികളും പത്താം ക്ലാസ് എന്ന കടമ്പ കടന്നപ്പോൾ തോറ്റത് ഒരേയൊരാൾ. പേര് ആർ. ജോസ്. തിരുത്തരുതെന്ന് കരുതിയാവാം, ജോസിന്റെ എസ്എസ്എൽസി ബുക്കിൽ ഇംഗ്ലിഷിനു കിട്ടിയ എട്ട് മാർക്ക് അക്കത്തിൽ എഴുതിയിട്ട് അതിനിരുവശത്തുമായി രണ്ടു വരകൾ വരച്ചിരുന്നു
ക്ലാസിലെ അറുപത് കുട്ടികളും പത്താം ക്ലാസ് എന്ന കടമ്പ കടന്നപ്പോൾ തോറ്റത് ഒരേയൊരാൾ. പേര് ആർ. ജോസ്. തിരുത്തരുതെന്ന് കരുതിയാവാം, ജോസിന്റെ എസ്എസ്എൽസി ബുക്കിൽ ഇംഗ്ലിഷിനു കിട്ടിയ എട്ട് മാർക്ക് അക്കത്തിൽ എഴുതിയിട്ട് അതിനിരുവശത്തുമായി രണ്ടു വരകൾ വരച്ചിരുന്നു
ക്ലാസിലെ അറുപത് കുട്ടികളും പത്താം ക്ലാസ് എന്ന കടമ്പ കടന്നപ്പോൾ തോറ്റത് ഒരേയൊരാൾ. പേര് ആർ. ജോസ്. തിരുത്തരുതെന്ന് കരുതിയാവാം, ജോസിന്റെ എസ്എസ്എൽസി ബുക്കിൽ ഇംഗ്ലിഷിനു കിട്ടിയ എട്ട് മാർക്ക് അക്കത്തിൽ എഴുതിയിട്ട് അതിനിരുവശത്തുമായി രണ്ടു വരകൾ വരച്ചിരുന്നു
1985 ബാച്ചിന്റെ എസ്എസ്എൽസി ഫലം വന്ന ദിവസം. ക്ലാസിലെ അറുപത് കുട്ടികളും പത്താം ക്ലാസ് എന്ന കടമ്പ കടന്നപ്പോൾ തോറ്റത് ഒരേയൊരാൾ. പേര് ആർ. ജോസ്. തിരുത്തരുതെന്ന് കരുതിയാവാം, ജോസിന്റെ എസ്എസ്എൽസി ബുക്കിൽ ഇംഗ്ലിഷിനു കിട്ടിയ എട്ട് മാർക്ക് അക്കത്തിൽ എഴുതിയിട്ട് അതിനിരുവശത്തുമായി രണ്ടു വരകൾ വരച്ചിരുന്നു. എന്നാൽ അതെല്ലാം പഴങ്കഥ. മുപ്പത്തിയാറു വർഷത്തിനിപ്പുറം, മറ്റൊരു എസ്എസ്എൽസി പരീക്ഷാക്കാലത്ത് ആ ജോസിന്റെ ജീവിത വഴിയേ ഒന്നു പോയി നോക്കാം. ആ യാത്ര ചെന്നു നിൽക്കുക ചെങ്ങന്നൂർ ഡിവൈഎസ്‌പി ഓഫീസിന്റെ മുറ്റത്താണ്. അന്നത്തെ ‘8 മാർക്കുകാരൻ’ ഇന്ന് – ആർ. ജോസ്, ഡിവൈഎസ്പി, ചെങ്ങന്നൂർ. പ്രതിസന്ധികളിൽ പാഠപുസ്തകമാക്കാവുന്ന വ്യക്തിത്വം.
തോൽവി ഒന്നിന്റെയും അവസാനമല്ലെന്നു പറയുന്നത് ഇദ്ദേഹത്തിന് വെറും ഭംഗിവാക്കല്ല. കേരള സർവകലാശാലയിൽനിന്നു നേടിയ ഡോക്ടറേറ്റ് വരെ ഇന്ന് അദ്ദേഹത്തിന്റെ അക്കാദമിക് ഗ്രാഫിലുണ്ട്. കേരള പൊലീസ് നടപ്പാക്കിയ ജനമൈത്രി പദ്ധതിയെക്കുറിച്ച് കേരളത്തിലുടനീളമുള്ള സ്‌റ്റേഷനുകൾ സന്ദർശിച്ച് ആറു വർഷം കൊണ്ടാണ് ഗവേഷണം പൂർത്തിയാക്കിയത്. കാലം മാറിയെങ്കിലും, എസ്എസ്എൽസി പരീക്ഷ എന്നു കേൾക്കുമ്പോൾ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ഇപ്പോഴും ഭയമാണെന്ന് ജോസിന്റെ നിരീക്ഷണം. ‘പരീക്ഷയിൽ തോറ്റതിനു വിദ്യാർഥി ആത്മഹത്യ ചെയ്തു എന്ന വാർത്ത കേൾക്കുമ്പോൾ എന്റെ മനസ്സ് ഒന്നു പിടയും. പഠനവും പരീക്ഷയുമെല്ലാം ഗൗരവമായി എടുക്കണമെങ്കിലും എസ്എസ്എൽസി പരീക്ഷയും മാർക്കും എല്ലാത്തിന്റെയും അവസാനമാണെന്ന ചിന്ത ചിലർക്കെങ്കിലും ജീവിതം അവസാനിപ്പിക്കാൻ പ്രേരണയാകാം’ ജോസ് പറയുന്നു.
‘ഇംഗ്ലിഷ് കടമ്പ’യിൽ തട്ടി വീണ ഒറ്റയാൻ
തിരുവനന്തപുരം ജില്ലയിലെ വെള്ളറട രാജേന്ദ്രവിലാസം ഹൈസ്കൂളിൽ, 1985 ബാച്ചിന് എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയമാണ് സ്കൂൾ അധികൃതർ പ്രതീക്ഷിച്ചത്. ഫലം വന്നപ്പോൾ ആർ. ജോസ് ഒഴികെ എല്ലാവരും 210 മാർക്ക് എന്ന കടമ്പ കടന്നു. തന്റെ തോൽവിയുടെ കാരണം മറ്റാരെക്കാളും നന്നായി ജോസിന് അറിയാമായിരുന്നു. സ്വന്തം പേര് കഷ്ടിച്ച് ഇംഗ്ലിഷിൽ എഴുതാൻ മാത്രം അറിയുന്ന ഒരാൾ എങ്ങനെ പത്താം ക്ലാസിലെ ഇംഗ്ലിഷ് പരീക്ഷ ജയിക്കും? എസ്എസ്എൽസി ബുക്കിലെ മാർക്ക് ഷീറ്റിൽ ഇംഗ്ലിഷിനു നേരേ 8 മാർക്ക് കണ്ടപ്പോൾ ഇംഗ്ലിഷ് അധ്യാപകൻ ശെൽവരാജൻ സാറിന്റെ അടിയുടെ ചൂട് ഒാർമ വന്നു.
ആ അടിയുടെ കഥ ജോസ് പറയുന്നതിങ്ങനെ: റോബർട് ഫ്രോസ്റ്റിന്റെ ‘ദ് റോഡ് നോട്ട് ടേക്കൻ’ എന്ന കവിതയാണ് ക്ലാസിൽ അധ്യാപകൻ ചൊല്ലിയത്. നല്ല താളത്തിൽ ചൊല്ലിയ കവിത എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ക്ലാസിലെ ഉഴപ്പൻ സംഘത്തിന്റെ തലവനായിരുന്ന ഞാൻ, സാർ പദ്യം ചെല്ലുന്നതിന്റെ താളത്തിനൊത്ത് തല ചലിപ്പിച്ച് ആസ്വദിച്ചു. ഞാൻ നന്നായി ശ്രദ്ധിച്ചിരിക്കുന്നതു കണ്ട അധ്യാപകൻ കവിത പുസ്തകം നോക്കി ചൊല്ലാൻ ആവശ്യപ്പെട്ടു. എന്റെ കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി. എനിക്ക് ഒന്നും മിണ്ടാൻ പോലും കഴിഞ്ഞില്ല. ഞാൻ മനഃപൂർവം വായിക്കാത്തതാണെന്ന് അദ്ദേഹം കരുതി. വടി ഒടിയുന്നത് വരെ തല്ലിയാണ് അദ്ദേഹം ദേഷ്യം തീർത്തത്. അടിയെല്ലാം കഴിഞ്ഞപ്പോഴാണ് എനിക്ക് ഇംഗ്ലിഷ് അക്ഷരമാല പോലും കൃത്യമായി വായിക്കാൻ അറിയില്ലെന്ന് അദ്ദേഹത്തിനു മനസ്സിലായത്. പരീക്ഷയ്ക്കു തോറ്റ് തലകുനിച്ച് വീട്ടിലെത്തിയ എന്നെ അച്ഛൻ വഴക്കു പറിഞ്ഞില്ല. എല്ലാവരും ജയിച്ചു, നീ മാത്രം തോറ്റു. ഇനിയെങ്കിലും പണി പഠിച്ച് ജീവിക്കാൻ നോക്ക് എന്ന് മാത്രമേ പറഞ്ഞുളളൂ.
പിടി കൊടുക്കാതെ ‘ഒളിവ്’ കാലം, പിന്നെയൊരു യു ടേൺ
മറ്റു കുട്ടികൾ പ്രീഡിഗ്രിക്കു പോയപ്പോൾ ജോസ് ‘ഒളിവി’ലായിരുന്നു. പത്താം ക്ലാസ് തോറ്റ വിദ്യാർഥികളെത്തേടി നടക്കുന്ന പാരലൽ കോളജ് നടത്തിപ്പുകാർ ഓരോ തവണയും വീട്ടിലെത്തുമ്പോൾ പിടികൊടുക്കാതെ ജോസ് സമർഥമായി മുങ്ങി. ചേച്ചിയും അനിയനും സ്കൂളിൽ പോകുമ്പോൾ മുൻപോട്ടുള്ള ജീവിതം ‘വേനലവധി’ പോലെ ആഘോഷിക്കാനായിരുന്നു തീരുമാനം. കൃത്യസമയത്തു ഭക്ഷണം കിട്ടുന്നതുകൊണ്ടും മാതാപിതാക്കൾ വഴക്കു പറയാത്തതുകൊണ്ടും പഠനത്തെക്കുറിച്ച് കാര്യമായി ചിന്തിച്ചില്ല. കൂട്ടുകാർ പലരും പഠനത്തിരക്കിൽ മുഴുകിയപ്പോൾ ഒറ്റപ്പെട്ടു തുടങ്ങി. പകൽ മാതാപിതാക്കളുടെ കൂടെ കൃഷിസ്ഥലത്തു സഹായിക്കാൻ കൂടി. സഹോദരങ്ങൾ മണ്ണെണ്ണ വിളക്കിന്റെ മുൻപിലിരുന്നു പഠിക്കുമ്പോൾ അരികു കീറിയ തന്റെ പഴയ പാഠപുസ്തകങ്ങൾ പൊടിതട്ടിയെടുത്ത് മറിച്ചു നോക്കി ജോസ് സമയം കളഞ്ഞു. ഒരു രാത്രി ഉറക്കത്തിൽ, എസ്എസ്എൽസി ബുക്കിലെ ഇംഗ്ലിഷിനു കിട്ടിയ 8 മാർക്ക് മുൻപിൽ നിൽക്കുന്നു, ഒപ്പം വടിയുമായി ശെൽവരാജൻ സാറും. ഉറക്കമുണർന്നപ്പോൾ ജോസ് ഒന്നു തീരുമാനിച്ചു: ഒരു തവണ കൂടി എസ്എസ്എൽസി പരീക്ഷ എഴുതണം. ആ രാത്രിയാണ് ജീവിതത്തിൽ യു ടേൺ എടുത്തതെന്ന് ജോസ് പറയുന്നു.
ആഗ്രഹം പറഞ്ഞപ്പോൾ മാതാപിക്കളും പ്രോത്സാഹിപ്പിച്ചു. അപ്പോഴേയ്ക്കും വെള്ളറടയിലെ ശാന്തിനികേതൻ എന്ന പാരലൽ കോളേജിൽ ക്ലാസ് രണ്ടു മാസം പിന്നിട്ടിരുന്നു. ഇംഗ്ലിഷ് പഠനം വീണ്ടും കടുകട്ടിയായി തോന്നി. അക്ഷരമാല പോലും ശരിക്കും വായിക്കാനറിയാത്ത ആൾ എങ്ങനെ പഠിക്കുമെന്നായിരുന്നു വലിയ ചോദ്യം. ഓരോ ഇംഗ്ലിഷ് അക്ഷരത്തിന്റെയും മുകളിൽ അതിന്റെ മലയാളം ഉച്ചാരണം എഴുതിവച്ചിട്ടായിരുന്ന ജോസിന്റെ പഠനം.
തേഡ് ക്ലാസ് സെക്കൻഡ് ക്ലാസ് ആക്കിയാലോ?
രണ്ടാം വട്ടമാണെങ്കിലും പത്താം ക്ലാസിലെ തേഡ് ക്ലാസ് വിജയം ജോസിന്റെ ആത്മവിശ്വാസം കുറച്ചൊന്നുമല്ല കൂട്ടിയത്. കോളജിൽ പഠിക്കണമെന്ന് മോഹമുണ്ടായിരുന്നെങ്കിലും തേഡ് ക്ലാസുമായി ഏതെങ്കിലും കോളജിൽ പ്രവേശനത്തിനു സാധ്യതയുണ്ടായിരുന്നില്ല. അങ്ങനെ ശാന്തിനികേതൻ പാരലൽ കോളജിൽ പ്രീഡിഗ്രി മൂന്നാം ഗ്രൂപ്പിനു ചേർന്ന് വാശിയോടെ പഠിച്ചു. ഫലം വന്നപ്പോൾ സെക്കൻഡ് ക്ലാസ് ! ആ സെക്കൻഡ് ക്ലാസിനെ ഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ് ആക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമേ പിന്നെ ജോസിനുണ്ടായിരുന്നുള്ളൂ. അങ്ങനെ ധനുവച്ചപുരം വിടിഎം എൻ.എസ്എസ് കോളജിൽ ബി.എ പൊളിറ്റിക്കൽ സയൻസിനു ചേർന്നു. ഒന്നാം വർഷം പരീക്ഷാഫലം വരുന്നത് വരെ ജോസ് ക്ലാസിലെ ഒരു സാധാരണ വിദ്യാർഥി മാത്രമായിരുന്നു. ഒന്നാം വർഷം 100 ൽ 84 മാർക്ക് നേടിയ ജോസ് അങ്ങനെ കോളജിലെ പ്രധാന ‘പയ്യൻസായി’. അധ്യാപകർ ലൈബ്രറിയിൽനിന്നു പുസ്തകം എടുത്ത് നൽകി പഠനത്തിൽ സഹായിച്ചു. അങ്ങനെ വാശിയോടെ പഠിക്കാൻ തുടങ്ങിയ ജോസിന് അവസാന വർഷത്തെ ഫലം വന്നപ്പോൾ 76 ശതമാനം മാർക്കോടെ ഫസ്റ്റ് റാങ്ക്! അന്നു ജോസ് തന്റെ പേരിൽ കുറിച്ചിട്ട റെക്കോർഡ് മാർക്ക് തിരുത്തപ്പെടാൻ 12 വർഷം കഴിയേണ്ടിവന്നു!
അങ്ങനെ ഫസ്റ്റ് ക്ലാസ് മോഹവുമായി കോളജിന്റെ പടി കയറിയ ജോസ് തിരിച്ചിറങ്ങിയത് റാങ്കിന്റെ മധുരം നുണഞ്ഞാണ്. പിന്നീട് ബിരുദാനന്തര ബിരുദത്തിന് കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലെത്തി. ഒന്നാം റാങ്കോടെയാണ് ജോസ് പൊളിറ്റിക്കൽ സയൻസ് എംഎ പാസായത്. പഠനം ഹരമായപ്പോൾ തൊഴിൽ സാധ്യത കണക്കിലെടുത്ത് ലൈബ്രറി സയൻസ് കോഴ്സ് പഠിച്ച് ഉയർന്ന മാർക്കോടെ പാസായി. ഒപ്പം പൊളിറ്റിക്കൽ സയൻസിലെ ഹ്യൂമൻ റൈറ്റ്സുമായി ബന്ധപ്പെട്ട് എ ഗ്രേഡിൽ എംഫിൽ നേടി. അപ്പോഴേക്കും ഗ്രാമവികസന വകുപ്പിൽ ക്ലാർക്കായി ജോലി ലഭിച്ചു. പിന്നീട് കേരള സർവകലാശാലയിൽ ലൈബ്രേറിയനായി ജോലി കിട്ടിയപ്പോൾ സിവിൽ സർവീസിനു രണ്ടു പ്രാവശ്യം ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിൽ എത്ര കോളജുകൾ ഉണ്ട് ?
മേലുദ്യോഗസ്ഥന്റെ ഒറ്റച്ചോദ്യം മൂലമാണ് താനിപ്പോഴും പൊലീസ് ഡിപ്പാർട്ട്മെന്റിൽ തുടരുന്നതെന്ന് ജോസ് സാക്ഷ്യപ്പെടുത്തുന്നു. അധ്യാപക ജോലിയോടായിരുന്നു താൽപര്യമെങ്കിലും കോളജുകളിൽനിന്നു പ്രീഡിഗ്രി വേർപെടുത്തിയതോടെ അധ്യാപക നിയമനത്തിനുള്ള സാധ്യത വളരെ കുറഞ്ഞു. പൊലീസ് ഡിപ്പാർട്മെന്റിനോട് പണ്ടേ താൽപര്യമുള്ളതുകൊണ്ട് എസ്െഎ സിലക്‌ഷനു പോകാൻ ജോസ് തീരുമാനിക്കുകയായിരുന്നു. 2003 ൽ സബ് ഇൻസ്‌പെക്ടർ ട്രെയിനിയായി പൊലീസ് ട്രെയിനിങ് കോളജിൽ ചേർന്നു. അങ്ങനെ ട്രെയിനിങ് നടക്കുന്ന സമയത്ത്, കോളജ് അധ്യാപക നിയമനത്തിന് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ഡിപ്പാർട്ട്മെന്റിൽനിന്ന് അനുവാദം വാങ്ങി പരീക്ഷ എഴുതി. പൊലീസ് ട്രെയിനിങ് കോളജിലെ കടുത്ത പരീശിലനത്തിനിടയിലാണ് പരീക്ഷ എഴുതിയത്. മുൻപ് പാരലൽ കോളജുകളിലെ പിജി വിദ്യാർഥികൾക്ക് പാർട് ടൈം ക്ലാസ് എടുത്ത അനുഭവം പിഎസ്‌സി പരീക്ഷയിൽ തുണയായി. എഴുത്തു പരീക്ഷ ഉയർന്ന മാർക്കിൽ പാസായി. 2004 ൽ പൊലീസ് ട്രെയിനിങ് പൂർത്തിയാക്കി കോഴിക്കോട് നാദാപുരം സ്റ്റേഷനിൽ ആദ്യ നിയമനം.
പന്തളം എസ്െഎ ആയിരിക്കെയായിരുന്നു പിഎസ്‌സി അഭിമുഖം. ജോസിനു മൂന്നാം റാങ്ക്. 2006 ൽ കട്ടപ്പന ഗവൺമെന്റ് കോളജിൽ അധ്യാപകനായി നിയമിച്ച് കത്തുവന്നു. പന്തളം പൊലീസ് സ്റ്റേഷനിൽനിന്നു പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലമാറ്റം ലഭിച്ച അതേ ദിവസമാണ് അധ്യാപക ജോലിക്കുള്ള ഒാഫർ ലെറ്റർ കയ്യിൽക്കിട്ടിയത്. അന്ന് മേലധികാരിയായിരുന്ന സിെഎ ജഗദീഷിനോട് പുതിയ ജോലി കിട്ടിയ കാര്യം പറഞ്ഞപ്പോൾ അഭിനന്ദനത്തിനു പകരം ഒരു ചോദ്യമായിരുന്നു ‘പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിൽ എത്ര കോളജുകൾ ഉണ്ട്?’. പൊലീസുകാരന് പൊതുസമൂഹത്തിനു വേണ്ടി പലതും ചെയ്യാൻ കഴിയുമെന്ന ഉപദേശമാണ് പൊലീസ് ജോലിയിൽ തുടരാൻ ജോസിനെ പ്രേരിപ്പിച്ചത്. 2008 ൽ സർക്കിൾ ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ച ജോസിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും 150 ഒാളം ഗുഡ് സർവീസ് എൻട്രിയും ലഭിച്ചിട്ടുണ്ട്. 2016 ൽ ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിച്ച ജോസ് ഇപ്പോൾ ചെങ്ങന്നൂർ ഡിവൈഎസ്പിയാണ്.
ജീവിതം തിരുത്തിയ നെയ്യാറ്റിൻകര താലൂക്ക് ഒാഫിസ് വരാന്ത
കാര്യവട്ടത്ത് കേരള സർവകലാശാലയിൽ ലൈബ്രറേറിയനായി ജോലി ചെയ്യുമ്പോഴായിരുന്നു ജോസ് ഷൈനിയെ വിവാഹം കഴിക്കുന്നത്.
മിശ്രവിവാഹ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ക്യാംപസിൽ ക്വാർട്ടേഴ്സ് ലഭിക്കുമായിരുന്നു. സർട്ടിഫിക്കറ്റിനായി നെയ്യാറ്റിൻകര താലൂക്ക് ഒാഫിസിൽ അപേക്ഷ സമർപ്പിച്ച് രാവിലെ മുതൽ വൈകിട്ട് നാലു മണി വരെ കാത്തുനിന്നു. ഇരുവരുടെയും കാത്തുനിൽപ് കണ്ട് സഹതാപം തോന്നിയ ഒരു ജീവനക്കാരൻ അകത്തു പോയി നോക്കിയപ്പോൾ അപേക്ഷ അവിടെത്തന്നെ ഇരിപ്പുണ്ട്. അദ്ദേഹം പെട്ടെന്ന് സർട്ടിഫിക്കറ്റ് ശരിയാക്കി നൽകിയതു കൊണ്ട് കുറഞ്ഞ ചെലവിൽ തിരുവനന്തപുരത്ത് താമസ സൗകര്യം ലഭ്യമായി. ആ ജീവനക്കാരൻ ജീവിതത്തിൽ വലിയൊരു പാഠം നൽകിയെന്ന് ജോസ് പറയുന്നു. ന്യായമായി ചെയ്തു കൊടുക്കാൻ കഴിയുന്ന ഏത് ആവശ്യവും എത്രയും പെട്ടെന്നു ചെയ്തു കൊടുക്കാനുള്ള പ്രചോദനമായി ആ ജീവനക്കാരൻ.
വാശിക്ക് ഒരു പന്തയം, വീട്ടിലെ ആദ്യ ഡോക്ടർ!
എംബിബിഎസിനു പഠിക്കുന്ന മൂത്ത മകൾ അനഘയുമായുള്ള പന്തയമാണ് തന്റെ ഡോക്‌ടറേറ്റെന്ന് ജോസ് പറയുന്നു. മകൾ മെഡിസിൻ പഠനം പൂർത്തിയാക്കുന്നതിന് മുൻപ് താൻ ഡോക്ടറേറ്റ് നേടുമെന്നായിരുന്നു പന്തയം. 2014ലാണ് റിസർച്ചിനായി റജിസ്റ്റർ ചെയ്യുന്നത്. ആ സമയത്ത് പൊലീസ് സേനയിൽ 10 വർഷത്തോളം സർവീസ് ജോസ് പൂർത്തിയാക്കിയിരുന്നു. അന്ന് കേരള യൂണിവേഴ്സിറ്റിയിൽ പാർട്ട്ടൈം റജിസ്‌ട്രേഷൻ അധ്യാപകർക്കു മാത്രമേയുള്ളൂ. ജോസ് ബയോഡേറ്റയുമായി വൈസ് ചാൻസലറെ കണ്ട് കാര്യം പറഞ്ഞു. ഇത്രയും അക്കാദമിക് മികവും ഒപ്പം രണ്ട് ഫസ്റ്റ് റാങ്കുമുള്ള നിങ്ങൾക്കു തരാതെ പിന്നെ ആർക്കാണു കൊടുക്കുക എന്നു പറഞ്ഞ് ജോസിന് സർവകലാശാല അധികൃതൽ പ്രത്യേക അനുമതി നൽകുകയായിരുന്നു. 2008 ൽ ഒരു പൈലറ്റ് പ്രോജക്ടായി 20 പൊലീസ് സ്റ്റേഷനുകളിൽ തുടങ്ങിയ ജനമൈത്രി പൊലീസ് 2017 ഓടെ കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ജനമൈത്രി പൊലീസിനെക്കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ അഭാവമാണ് ഇൗ വിഷയം തിരഞ്ഞെടുക്കാൻ കാരണം. ജനമൈത്രി സംവിധാനത്തെ ജനങ്ങൾ എങ്ങനെ കാണുന്നു? ഈ സംവിധാനം ജനങ്ങൾക്ക് ഇഷ്ടപ്പെടുന്നുണ്ടോ? ഈ സംവിധാനം വഴി കുറ്റകൃത്യങ്ങൾ കുറയുന്നുണ്ടോ? കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിന് ജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകുന്നുണ്ടോ? ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടോ? ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക എന്നുള്ളതായിരുന്നു ഗവേഷണത്തിന്റെ ഉദ്ദേശ്യം. പണ്ട് പൊലീസിനെ കാണുമ്പോൾ ഓടി മറഞ്ഞിരുന്ന ജനങ്ങളുടെ വീട്ടിലേക്ക് പൊലീസ് ചെല്ലുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് പഠനം സാക്ഷ്യപ്പെടുത്തുന്നു. കോന്നി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക ഷൈനിയാണ് ഭാര്യ. മക്കൾ: അനഘ, മീനാക്ഷി.
ആ ഒരു മാർക്കിനെക്കുറിച്ചു വേവലാതി വേണ്ട
100 ൽ 99 മാർക്ക് നേടിയ വിദ്യാർഥിയെ ഒരു മാർക്ക് നഷ്ടമാക്കിയതിനു കുറ്റപ്പെടുത്തുന്ന മാതാപിതാക്കളാണ് ഏറ്റവും അപകടകാരികളെന്ന് ജോസിന്റെ നിരീക്ഷണം. കുട്ടികളുടെ മേൽ മാതാപിതാക്കൾ കൊടുക്കുന്ന അനാവശ്യ സമ്മർദ്ദം പലപ്പോഴും കുട്ടിയുടെ മനോനില തെറ്റിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ സമ്മർദ്ദം താങ്ങാൻ കഴിയാതെ അവർ ജീവനൊടുക്കാനും തയാറാകും. ജീവിതത്തിലെ ആദ്യ തോൽവിയിൽ സുല്ലിട്ട് പിൻമാറാൻ മനസ്സില്ലാതെ സ്ഥിരോത്സാഹം കൊണ്ട് ജീവിതം തിരികെപ്പിടിച്ച വിജയിയുടെ സ്വാനുഭവമാണ്. പരാജയത്തെ ഒരിക്കൽ മറികടക്കാൻ കഴിഞ്ഞാൽ പിന്നെ വിജയിക്കാനുള്ള ഉൗർജം നമ്മിൽ നിറയും. ആ നിമിഷം ഒരു കരിയർ ഗൈഡൻസ് ക്ലാസിലും ഒരു മോട്ടിവേഷൻ പുസ്തകത്തിലും ലഭിക്കണമെന്നില്ല. പത്താം ക്ലാസ് തോറ്റ് വീട്ടിൽ ചെന്നപ്പോൾ വഴക്കു പറയാതിരുന്ന പിതാവാണ് തന്റെ ഹീറോയെന്ന് ജോസ് പറയുന്നു; എസ്എസ്എൽസി ബുക്കിലെ ഇംഗ്ലിഷിന് കിട്ടിയ എട്ട് മാർക്ക് പ്രചോദനവും.
English Summary: Success Story Of DySP Dr. R. Jose