ADVERTISEMENT

‘‘അനാഥരായും അവഗണിക്കപ്പെട്ടവരായും ജീവിക്കുന്ന ലോകത്തെ എല്ലാ കുട്ടികൾക്കുമാണ് ഈ പുരസ്‌കാരം. അരികുകളിലേക്കു മാറ്റിനിർത്തപ്പെട്ട എല്ലാവർക്കും. പ്രത്യേകിച്ചും ഈ ലോകം തങ്ങളുടേതല്ല എന്നു വിചാരിക്കുന്ന കറുത്ത വർഗക്കാരായ കുട്ടികൾക്ക്. എന്നെപ്പോലുള്ള ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും കഥ പറയാനുള്ളവർക്ക്. നമുക്കും ഒരു ലോകമുണ്ട്. സുന്ദരമായ ഭാവിയും. ഈ പുരസ്‌കാരം അതാണ് തെളിയിക്കുന്നത്’’. കീഷിയ തോർപ് എന്ന അധ്യാപിക ഇതു പറയുമ്പോൾ ചരിത്രം തിരുത്തിയെഴുതപ്പെടുകയാണ്. വിദ്യാഭ്യാസ മേഖലയിലെ നൊബേൽ എന്നു വിശേഷിപ്പിക്കുന്ന ആഗോള അധ്യാപക പുരസ്‌കാരം (ഗ്ലോബൽ എഡ്യുകേറ്റർ പ്രൈസ്) സ്വന്തമാക്കുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയാണ് അവർ. 

 

പുരസ്‌കാരം കീഷിയ സ്വീകരിച്ചപ്പോൾ ലൈവ് സ്ട്രീമിങ്ങിൽ ചടങ്ങ് കണ്ടുകൊണ്ടിരുന്ന ആയിരക്കണക്കിനു കുട്ടികൾ എഴുന്നേറ്റു നിന്നാണ് കയ്യടിച്ചത്. അധ്യാപകരും. അവർക്കൊപ്പം നല്ല നാളെ സ്വപ്‌നം കാണുന്ന ലോകവും. ഏഴരക്കോടി രൂപയാണ് പുരസ്‌കാരത്തുക.

 

ജമൈയ്ക്കയിലാണ് കീഷിയ തോർ ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതും, ഇരട്ട സഹോദരിയായ ത്രൈഷയ്‌ക്കൊപ്പം. മുത്തശ്ശിയാണ് രണ്ടു പെൺകുട്ടികളെയും വളർത്തിവലുതാക്കിയത്. കായിക ഇനങ്ങളിൽ കഴിവ് തെളിയിച്ചതോടെ ഇരുവർക്കും അമേരിക്കയിൽ പോയി പഠിക്കാനുള്ള സ്‌കോളർഷിപ് ലഭിച്ചു. അതായിരുന്നു ആ പെൺകുട്ടികളുടെ ജീവിതത്തിലെ വഴിത്തിരിവ്. 2003 ൽ കീഷിയ തോർ ഹൊവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടി. എന്നാൽ ജീവിതം സുഖകരമായിരുന്നില്ല അക്കാലത്തും.

 

അമേരിക്കയിൽ എത്തുമ്പോൾ തേനും പാലും ഒഴുകുന്ന നാട്ടിൽ എത്തി എന്നായിരുന്നു കീഷിയയുടെ വിചാരം. യാഥാർഥ്യങ്ങൾ മറിച്ചായിരുന്നു. പകൽ പഠനം. രാത്രി നിശാസ്‌കൂളുകളിൽ അധ്യാപനം. ഇതായിരുന്നു അന്നത്തെ ദിനചര്യ. വിദ്യാർഥികളെക്കുറിച്ചും പഠന സമ്പ്രദായത്തെക്കുറിച്ചും അന്നാണ് ഗാഢമായി ചിന്തിക്കുന്നതും. ചില സ്‌കൂളുകൾ വേഗം ഗ്രേഡുകൾ സ്വന്തമാക്കി നേട്ടങ്ങൾ കരസ്ഥമാക്കുന്നു. എന്നാൽ ചില വിദ്യാർഥികൾ എന്നും പിന്നാക്കം തന്നെയാണ്. അവരുടെ പഠന നിലവാരം ഉയരുന്നില്ല. ഈ ചിന്തകളാണ് ഭാവി വിദ്യാഭ്യാസ വിചക്ഷണ എന്ന ഉയരത്തിലേക്ക് കീഷിയയെ എത്തിക്കുന്നത്. അതോടെ നിയമ പഠനം ഉപേക്ഷിച്ചു. അധ്യാപിക ആകുകയാണ് ഭാവി ലക്ഷ്യം എന്നുറപ്പിച്ചു. 2018 ൽ മേരി ലാൻഡ് പ്രവിശ്യയിൽ ഇന്റർനാഷണൽ ഹൈ സ്‌കൂളിൽ അധ്യാപികയായി ചേർന്നു. 

 

കുടിയേറ്റക്കാരായിരുന്നു അവിടുത്തെ കുട്ടികളിലധികവും. അഭയാർഥി കുടുംബങ്ങളിൽ നിന്ന് എത്തിയവരും. 12-ാം ക്ലാസ്സിലെ ഇംഗ്ലിഷ് അധ്യാപികയായിരുന്നു കീഷിയ തോർ. പഠന സമ്പ്രദായം ഉടച്ചുവാർക്കാൻ അവർ തീരുമാനിച്ചു. സിലബസിൽ ആഗോള കാഴ്ചപ്പാട് കൊണ്ടുവരികയായിരുന്നു ആദ്യ നടപടി. സമകാലിക വിഷയങ്ങളും ഉൾപ്പെടുത്തി. അതോടെ പഠനം രസകരമായി. കുട്ടികൾക്കും ആവേശമായി. ആ വർഷം സ്കൂളിൽ നിന്ന് മിക്ക വിദ്യാർഥികൾക്കും സ്‌കോളർഷിപ് ലഭിച്ചു. ലക്ഷങ്ങളുടെ സ്‌കോളർഷിപ് നേടി 11 സർവകലാശാലകളിലേക്ക് വിദ്യാർഥികൾ വിജയകരമായി മാർച്ച് ചെയ്തതോടെ കീഷിയയുടെ ആദ്യ സ്വപ്‌നം പൂവണിഞ്ഞു. 

global-teacher-prize
Photo Credit: Global Teacher Prize

 

ഓരോ വിദ്യാർഥിയെയും രാജ്യാന്തര തലത്തിൽ ഏത് ഉന്നത രാജ്യത്തെ വിദ്യാർഥികളുമായും മത്സരിക്കാൻ തക്ക രീതിയിൽ പഠിപ്പിച്ചു എന്നതാണ് കീഷിയ തോർ എന്ന അധ്യാപികയെ ശ്രദ്ധേയയാക്കിയത്. അവഗണിക്കപ്പെട്ട, സ്വന്തമായി ഭാവി എന്നത് നിഷേധിക്കപ്പെട്ടവർക്ക് പുതിയൊരു ലോകം തുറന്നുകിട്ടുകയായിരുന്നു. അതിനു കാരണക്കാരിയായത് കീഷിയ ടീച്ചറും. അക്കാലത്തു തന്നെ കീഷിയയും സഹോദരിയും കൂടി ഒരു സന്നദ്ധ സംഘടനയും സ്ഥാപിച്ചു- യുഎസ് എലീറ്റ് ഇന്റർനാഷണൽ ട്രാക്ക് ആൻഡ് ഫീൽഡ് എന്ന പേരിൽ. 

 

സാധാരണ ചുറ്റുപാടുകളിൽ നിന്ന് വരുന്ന വിദ്യാർഥികൾക്ക് കായിക മേഖലയിൽ മികച്ച ഭാവി രൂപപ്പെടുത്തുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. കടക്കെണിയില്ലാതെ നൂറു കണക്കിനു വിദ്യാർഥികൾക്കാണ് അവർ ഭാവിയിലേക്കു വഴികാണിച്ചത്. ഉന്നത സ്‌കോളർഷിപ്പുകൾ സ്വന്തമാക്കി വിദ്യാർഥികൾ  ഭാവി സ്വയം രൂപപ്പെടുത്താൻ പ്രാപ്തരായി. മികച്ച പരിശീലകരെ കണ്ടെത്തിക്കൊടുക്കുന്ന പ്രവർത്തനങ്ങളും  നടത്തുന്നുണ്ട്. പണം ഇല്ലാത്തതുകൊണ്ടോ അവസരം ഇല്ലാത്തതുകൊണ്ടോ ഒരു വിദ്യാർഥി പോലും തളരരുത് എന്നതായിരുന്നു ലക്ഷ്യം. 

 

കുറഞ്ഞ കാലം കൊണ്ട് ലക്ഷ്യം നേടി എന്നാണ് കീഷിയയുടെ സമർപ്പിത പ്രവർത്തനങ്ങൾ തെളിയിക്കുന്നത്. 2018-19 ലെ നാഷനൽ ലൈഫ് ചേഞ്ചർ പുരസ്‌കാരവും കൈഷിയയ്ക്കു തന്നെയായിരുന്നു. വിദ്യാർഥികളുടെ ജീവിതത്തിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കുന്നവർക്ക് നൽകുന്നതാണ് ആ പുരസ്‌കാരം.

 

ഐക്യരാഷ്ട്ര സംഘടനയുടെ പാരിസ് ആസ്ഥാനത്തു വച്ചാണ് ഇപ്പോൾ കീഷിയയ്ക്ക് ഗ്ലോബൽ ടീച്ചർ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 121 രാജ്യങ്ങളലിൽ നിന്നുള്ള 8000 അധ്യാപകരിൽ നിന്നാണ് വിദഗ്ധ ജൂറി ജേതാവിനെ കണ്ടെത്തിയത്. എല്ലാ വർഷവും നൽകുന്ന ഈ പുരസ്‌കാരം അധ്യാപന മേഖലയിൽ നൽകുന്ന ഏറ്റവും വലിയ അവാർഡ് കൂടിയാണ്. ലണ്ടൻ ആസ്ഥാനമായ വർക്കി ഫൗണ്ടേഷനാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ജെംസ് ഫൗണ്ടേഷന്റെ ഭാഗമാണ് വർക്കി ഫൗണ്ടേഷൻ. യുനെസ്‌കോയുടെ സഹായത്തോടെ ഈജിപ്റ്റ്, യുഎഇ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ സ്‌കൂളുകളും നടത്തുന്നുണ്ട്.

 

പുരസ്‌കാരത്തുക കൊണ്ട് വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ വിപുലമാക്കാനാണ് കീഷിയയുടെ പദ്ധതി. അഭയാർഥി കുടുംബങ്ങളിൽ നിന്നു വരുന്ന കുട്ടികളിലെ പ്രതിഭാശാലികളെ കണ്ടെത്തുക. അവർക്ക് മികച്ച പരിശീലനം നൽകുക. ഒരാൾക്കു പോലും അറിവ് നിഷേധിക്കപ്പെടരുത്. പരിശീലനവും. താൽപര്യമുള്ള എല്ലാവർക്കും മികച്ച ഭാവി രൂപപ്പെടുത്തുന്നു. സിയെറ ലിയോണിയിൽ നിന്നുള്ള ജെറമിയ തോറോങ്കോയ്ക്കാണ് ഇത്തവണത്തെ വിദ്യാർഥി പുരസ്‌കാരം.

 

Content Summary :  Inspirational Life Story Of US teacher Keishia Thorpe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com