ഡോക്ടറായെങ്കിലും ഡിനു ഇപ്പോഴും നഴ്സ് തന്നെ; കഠിനാധ്വാനത്തിലൂടെ ഡോക്ടറായ ആ തീരുമാനത്തിനു പിന്നിലെ കഥ
32 വയസ്സുള്ള, രണ്ടു മക്കളുടെ അമ്മയായ സർക്കാർ ജീവനക്കാരി. രണ്ടുവയസ്സായ കുഞ്ഞിനെ വീട്ടിലാക്കി 100 കിലോമീറ്ററോളം യാത്ര ചെയ്തുള്ള പഠനം. കട്ടയ്ക്ക് കൂടെ നിന്ന ഭർത്താവ്
32 വയസ്സുള്ള, രണ്ടു മക്കളുടെ അമ്മയായ സർക്കാർ ജീവനക്കാരി. രണ്ടുവയസ്സായ കുഞ്ഞിനെ വീട്ടിലാക്കി 100 കിലോമീറ്ററോളം യാത്ര ചെയ്തുള്ള പഠനം. കട്ടയ്ക്ക് കൂടെ നിന്ന ഭർത്താവ്
32 വയസ്സുള്ള, രണ്ടു മക്കളുടെ അമ്മയായ സർക്കാർ ജീവനക്കാരി. രണ്ടുവയസ്സായ കുഞ്ഞിനെ വീട്ടിലാക്കി 100 കിലോമീറ്ററോളം യാത്ര ചെയ്തുള്ള പഠനം. കട്ടയ്ക്ക് കൂടെ നിന്ന ഭർത്താവ്
32 വയസ്സുള്ള, രണ്ടു മക്കളുടെ അമ്മയായ സർക്കാർ ജീവനക്കാരി; ജീവിതം സെറ്റിൽ ആയല്ലോ എന്ന് എല്ലാവരും ചിന്തിക്കുന്ന സമയത്ത് പൂഞ്ഞാർ സ്വദേശി ഡിനു പക്ഷേ തികച്ചും വ്യത്യസ്തമായ ഒരു തീരുമാനമെടുത്തു. അവധിയെടുത്തു എംഎസ്‌സി നഴ്സിങ് പഠിക്കുക. ആ തീരുമാനം കുറച്ചധികം വെല്ലുവിളിയോടെതന്നെ എടുക്കേണ്ടതായിരുന്നു, കാരണം രണ്ടുവയസ്സായ കുഞ്ഞിനെ വീട്ടിലാക്കി ദിവസം 100 കിലോമീറ്ററോളം യാത്ര ചെയ്തുള്ള പഠനമായിരുന്നു. ഇതൊക്കെ കണ്ട് കോഴ്സ് പൂർത്തിയാക്കില്ലെന്നു വിധിച്ചവരോടാകട്ടെ എംഎസ്‌സി നഴ്സിങ്ങിൽ ടോപ് പൊസിഷൻ നേടിയാണ് ഡിനു മധുരപ്രതികാരം ചെയ്തത്. പഠിക്കാനുള്ള ഡിനുവിന്റെ ആഗ്രഹം അതുകൊണ്ടൊന്നും അവസാനിച്ചില്ല. 36ാം വയസ്സിൽ പിഎച്ച്ഡിക്ക് റജിസ്റ്റർ ചെയ്തു. ഇന്നു ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ (DHS) കീഴിൽ നഴ്സിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ആദ്യത്തെ പിഎച്ച്ഡിക്കാരിയാണ് ഡോ. ഡിനു. എം. ജോയി. വിവാഹത്തോടെ പെൺകുട്ടികളുടെ സ്വപ്നങ്ങൾക്കു മൂക്കുകയറിടുന്ന നമ്മുടെ സമൂഹം അറിയണം ഡിനുവിന്റെ പോരാട്ടങ്ങളുടെ കഥ. പഠിക്കുവാൻ ഭാര്യയ്ക്ക് എല്ലാ സാഹചര്യങ്ങളുമൊരുക്കി കൊടുത്തു കട്ടയ്ക്ക് കൂടെ നിന്ന ജോബി ജോസഫിനെയും അതിലുപരിയായി അറിയണം. സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള 2019 ലെ പ്രഥമ സിസ്റ്റർ ലിനി പുതുശേരി അവാർഡ് ജേതാവ് കൂടിയാണ് ഡിനു. ഡെപ്യൂട്ടേഷനിൽ നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ തിരുവനന്തപുരത്ത് കൗമാര ആരോഗ്യ വിഭാഗത്തിൽ ജൂനിയർ കൺസൽറ്റന്റായി ജോലി നോക്കുകയാണ് ഡിനു ഇപ്പോൾ.
ഒരു ആശുപത്രിയുടെ ചുവരുകൾക്കിടയിൽ ഒതുങ്ങി പോകാതെ തന്റെ കർമമേഖല സ്വയം വെട്ടിപ്പിടിച്ചതിനെ കുറിച്ച് ഡോ. ഡിനു. എം ജോയി മനോരമ ഒാൺലൈനോട് മനസ് തുറക്കുന്നു...
പാലാ ഉരുളികുന്നം മടുക്കാവിൽ പരേതനായ എംവി തോമസിന്റെയും മേരി തോമസിന്റെയും മകളായാണ് ജനനം. വീടിനു സമീപമുള്ള സ്കൂളിലെ പ്രഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈസ്കൂൾ പഠനം കാഞ്ഞിരമറ്റത്തായിരുന്നു. പ്രീഡിഗ്രി അൽഫോൻസാ കോളേജിൽ. വീട്ടിൽ ഒരു പ്രഫഷണൽ കോഴ്സുകാർ പോലും ഇല്ലാതിരുന്ന ആ കാലത്ത് അമ്മയുടെ ചേച്ചി പറഞ്ഞിട്ടാണ് നഴ്സിങ് രംഗത്തേക്ക് തിരിയുന്നത്. ജനറൽ നഴ്സിങ് മേരി ക്വീൻസ് കാഞ്ഞിരപ്പള്ളിയിലും അതുകഴിഞ്ഞു ഉടനെ വിവാഹം. പ്ലാന്ററായ പെരിങ്ങുളം വരിക്കപ്ലാക്കൽ ജോബി ജോസഫാണ് ഭർത്താവ്. തുടർന്ന് ബിഎസ്‌സി നഴ്സിങ് എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ അങ്കമാലിയിലും പഠിച്ചു രണ്ടാം റാങ്കോടുകൂടി പാസ്സായി. ഭർത്താവിന്റെയും വീട്ടുകാരുെടയും പൂർണ പിന്തുണ എടുത്തു പറയേണ്ടതാണ്.
സർക്കാർ ജോലിക്കിടയിലെ പഠനം
2009ൽ ഗവൺമെന്റ് സർവീസിൽ സ്റ്റാഫ് നഴ്സ് ആയിട്ട് കയറുന്നത്. സ്വകാര്യ നഴ്സിങ് കോളജിൽ അധ്യാപികയായിരുന്നു ആ സമയത്ത്. പഠിപ്പിക്കാനും പഠിക്കാനുമുള്ള ഇഷ്ടം മനസ്സിലുണ്ടായിരുന്നെങ്കിലും നഴ്സിങ് ജോലി സ്വീകരിച്ചു. പ്രൊബേഷൻ ഡിക്ലയർ ചെയ്ത ഉടനെ എംഎസ്‌സിക്കു ചേർന്നു. ഹോസ്പിറ്റലിൽ ഒതുങ്ങിക്കൂടാതെ കൂടുതൽ പഠിക്കാനായിരുന്നു താൽപര്യം. സമൂഹത്തിലേക്കിറങ്ങി പ്രവർത്തിക്കണമെന്ന ആഗ്രഹം പണ്ടേയുണ്ടായിരുന്നു. എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ നിന്നാണ് ചൈൽഡ് ഹെൽത്ത് നഴ്സിങ്ങിൽ നിന്ന് എംഎസ്‌സി പൂർത്തിയാക്കിയത്. രണ്ടു വയസ്സുമാത്രം പ്രായമുള്ള രണ്ടാമത്തെ മകനെ പിരിയാൻ മടിച്ച് ദിവസവും 100 കിലോമീറ്റർ യാത്രചെയ്താണ് പഠിച്ചത്.
ബിഎസ്‌സി നഴ്സിങ് പഠിച്ചു കഴിഞ്ഞു ഞാൻ പഠിപ്പിക്കുമായിരുന്നു. പിന്നീട് സർക്കാർ സർവീസിൽ കയറിയതോടെ ഒരു ഗ്യാപ് വന്നു. അതു കഴിഞ്ഞു എംഎസ്‌സി എടുക്കാനായി ഒരുപാട് കഷ്ടപ്പെട്ടു. മക്കൾ ഉള്ളതു കൊണ്ട് ഹോസ്റ്റലിൽ നിൽക്കാൻ താൽപര്യം ഇല്ലായിരുന്നു. കോളജിൽനിന്ന് തിരിച്ചു വരുമ്പോൾ തന്നെ ഇരുട്ടിയിട്ടുണ്ടാവും. പഠന സംബന്ധമായ മറ്റുകാര്യങ്ങളും കൂടെയാകുമ്പോൾ ഉറങ്ങാൻ പോലും സമയം കാണില്ല. കഷ്ടപ്പാടു കണ്ട് വീട്ടുകാരും പറഞ്ഞു, പഠിത്തം നിർത്താനായി. പക്ഷേ എനിക്ക് തുടർന്ന് പഠിക്കണം എന്നായിരുന്നു ഇഷ്ടം. ടീച്ചർമാരുതന്നെ പറയുമായിരുന്നു 50 കിലോമീറ്റർ ദൂരം യാത്ര ചെയ്തു വന്നു പഠിച്ച് ആരും എംഎസ്‌സിക്ക് ജയിക്കില്ല എന്നൊക്കെ. അതു പോലെ പഠിക്കാൻ ഉണ്ടായിരുന്നു. പക്ഷേ ആദ്യത്തെ ഇന്റേണൽ എക്സാം കഴിഞ്ഞപ്പോൾ ഞാൻ ടോപ്പ് സ്കോറർ ആയതു കണ്ട് എല്ലാവർക്കും അദ്ഭുതം ആയിരുന്നു. അപ്പോള്‍ എന്റെ കോൺഫിഡന്‍സ് ലെവലും കൂടി.
ജോബി ജോസഫ് എന്ന തണൽ
ഭർത്താവ് ഒരുപാട് സപ്പോർട്ട് ചെയ്തു. പഠിക്കുന്ന സമയത്ത് അദ്ദേഹവും കൂടെ ഇരിക്കുകയും കട്ടന്‍ കാപ്പി ഇട്ടു തരികയും ഒക്കെ ചെയ്യുമായിരുന്നു. ഡ്രൈവിങ് അറിയാമെങ്കിലും രാത്രി ഉറക്കമിളച്ചിരുന്ന് പഠിക്കുന്നതുകൊണ്ട് രാവിലെ ഡ്രൈവ് ചെയ്യാൻ സമ്മതിക്കില്ല. അതുകൊണ്ട് ഭർത്താവാണ് രാവിലെ കൊണ്ടു വിടുകയും വൈകുന്നേരം വന്നു കൊണ്ടു പോകുകയും ചെയ്തിരുന്നത്. ആ സമയത്ത് കാറിലിരുന്നാണ് സെമിനാറിനുവേണ്ടിയൊക്കെ തയാറെടുത്തത്.
പിഎച്ച്ഡി എന്ന സ്വപ്നം
കൂടുതൽ പഠിക്കണം എന്ന ആഗ്രഹം പണ്ടേയുണ്ടായിരുന്നു. അഡോളസെന്റിൽ ഡോക്ടറേറ്റ് എടുക്കണമെന്നുണ്ടായിരുന്നു. എംഎസ്‌സി പാസായ ശേഷം പിഎച്ച്ഡിയുടെ എൻട്രൻസ് എഴുതി ഉയർന്ന മാർക്ക് നേടി . സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ഡെവലപ്മെന്റ് സ്റ്റഡീസിൽ, പെണ്‍കുട്ടികളിലെ ലൈംഗിക ദുരുപയോഗം തടയുന്നതിനെക്കുറിച്ച് ഡോ. റോയ് സി മാത്യുവിന്റെ കീഴിലായിരുന്നു പഠനം. പാർട്ട് ടൈം ആയിട്ടാണ് പിഎച്ച്ഡി എംജി യൂണിവേഴ്സിറ്റിയിൽ ചെയ്തത്.
സ്കൂളുകളിൽ ക്ലാസ് എടുക്കുമ്പോൾ തന്നെ പല കാര്യങ്ങളെ കുറിച്ചു കുട്ടികൾ ബോധവതികൾ അല്ല എന്ന് മനസ്സിലായി. ഇപ്പോഴത്തെ സാഹചര്യത്തിൽ ലൈംഗികദുരുപയോഗം കൂടി വരുന്ന കാലഘട്ടമാണല്ലോ, പ്രത്യേകിച്ച് പെൺകുട്ടികളിൽ. സ്കൂളുകളിൽ ക്ലാസ് എടുത്ത് പെൺകുട്ടികൾക്ക് ഒരു അവയർനസ് കൊടുക്കാൻ പറ്റി. ലൈംഗിക ദുരുപയോഗം എങ്ങനെ തടയാം, അത്തരക്കാരെ എങ്ങനെ മനസ്സിലാക്കാം എന്നെല്ലാമുള്ള റോൾ പ്ലേ നടത്തി കാണിച്ചു.
13 നും 15 നും ഇടയ്ക്കു പ്രായമുളള പെൺകുട്ടികൾക്കിടയിലാണ് പഠനം എടുത്തത്. ഈ പ്രായത്തിലാണ് പെൺകുട്ടികളെ കൂടുതലായി ലൈംഗിക ദുരുപയോഗം ചെയ്യുന്നത്. കേരളത്തിലെ ആറു ജില്ലകളിലാണ് ക്ലാസ് എടുത്തത്. വയനാട്ടിലാണ് ഇന്റർ വെൻഷൻസ് നടത്തിയത്. അതിനു കാരണം കണക്കുകൾ പ്രകാരം വയനാട്ടിലാണ് ഏറ്റവും കൂടുതൽ ലൈംഗിക ദുരുപയോഗം നടന്നത്.(2018ലെ ചൈൽഡ് ലൈൻ റിപ്പോർട്ട് പ്രകാരം )
എംഎസ്‌സി നഴ്സിങ് പഠിച്ചവർക്കും വേണം അവസരങ്ങൾ
എംഎസ്‌സി നഴ്സിങ് പഠിച്ച കുട്ടികൾക്ക് ടീച്ചിങ്, അഡ്മിനിസ്ട്രേഷൻ, റിസർച്ച് ഇങ്ങനെയുള്ള മേഖലകളിലാണ് അവസരങ്ങൾ ഉണ്ടാകേണ്ടത്. എന്നാൽ വിദേശത്ത് നഴ്സിങ് പ്രാക്ടീഷണർ ആയിട്ടൊക്കെ വർക്ക് ചെയ്യാം. പക്ഷേ നമ്മുടെ നാട്ടിൽ അവസരങ്ങൾ ഇല്ല. യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി ഇവിടെയില്ല. അതുകൊണ്ടു തന്നെ ഇപ്പോൾ നാട്ടിൽ എംഎസ്‌സി നഴ്സിങ് പൂർത്തിയാക്കിയ മിക്കവരും പുറത്തേക്ക് പോകുകയാണ്. നല്ല അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ കഴിവുള്ള കുട്ടികൾ ഇവിെട നിൽക്കും.
പാഷൻ വേണം
നമുക്ക് ഒരു പാഷൻ ഉണ്ടായിരിക്കണം. ഇന്നത്തെ തലമുറയിൽ അവരുടെ താലപര്യങ്ങൾ മാറി മാറിപോകുന്നു. ജോലിസാധ്യതയോടൊപ്പം ആ മേഖലയിൽ ഒരു പാഷനും വേണം. എങ്കിലേ സന്തോഷത്തോടെ മുന്നോട്ടു പോകാൻ പറ്റൂ.
മക്കൾ
മൂത്തമകൻ ഡിജൽ ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുന്നു. രണ്ടാമത്തെ മകൻ ഡിയോൺ, എട്ടാംക്ലാസ്സില്‍ പഠിക്കുന്നു.
ലിനി പുതുശേരി അവാർഡ്
കോട്ടയം കടനാട് പ്രൈമറി ഹെൽത്ത് സെന്ററിൽ ജോലി ചെയ്യുമ്പോഴാണ് 2019 ലെ പ്രഥമ സിസ്റ്റർ ലിനി പുതുശേരി അവാർഡ് ലഭിക്കുന്നത്. ആർദ്രം പദ്ധതിയുടെ സംസ്ഥാന ട്രെയിനർ, വിവിധ ജില്ലകളിൽ ഇൻഫെക്‌ഷൻ കൺട്രോൾ ട്രെയിനർ എന്നീ നിലകളിൽ ചെയ്ത സേവനങ്ങളും സ്കൂളുകളിലും കോളജുകളിലും അഡോളസെന്റ് ഹെൽത്ത് വിഷയത്തിലെടുത്ത ക്ലാസ്സുകളും ഡിനുവിലേക്ക് അവാർഡെത്തിച്ചു. ആശുപത്രിക്കുള്ളിൽ നടത്തിയ സേവനത്തേക്കാൾ സമൂഹത്തിനായി ചെയ്ത കാര്യങ്ങൾ സംസ്ഥാനത്തെ മികച്ച നേഴ്സ് എന്ന സ്ഥാനത്തേക്ക് ഡിനുവിനെ പരിഗണിച്ചു. രോഗീപരിചരണത്തേക്കാളുപരി സമൂഹത്തിനായി നഴ്സുമാർക്കും പലതും ചെയ്യാനാകുമെന്ന് തന്റെ ജീവിതത്തിലൂടെ കാണിച്ചു തരികയാണ് ഡിനു.
Content Summary: Success Story Of Dr. Dinu M Joy