എഴുതിയ ഏതാണ്ടെല്ലാ പരീക്ഷകളിലും റാങ്ക്. ഐഐടിയിൽ പഠിച്ചിറങ്ങിയയുടൻ വൻ ശമ്പളമുള്ള ജോലി. ജീവിതം ഏറെക്കുറെ സെറ്റിലായി എന്ന് എല്ലാവരും ഉറപ്പിച്ച ഘട്ടത്തിലാണ് ആ ചെറുപ്പക്കാരൻ കുട്ടിക്കാലം മുതലുള്ള സ്വപ്നത്തിലേക്കൊരു യുടേൺ എടുത്തത്. സുരക്ഷിതമായ ജോലി കളഞ്ഞ് ഐഎഎസ് എന്ന മോഹത്തിലേക്കു തിരിഞ്ഞു നടന്നപ്പോൾ ആ

എഴുതിയ ഏതാണ്ടെല്ലാ പരീക്ഷകളിലും റാങ്ക്. ഐഐടിയിൽ പഠിച്ചിറങ്ങിയയുടൻ വൻ ശമ്പളമുള്ള ജോലി. ജീവിതം ഏറെക്കുറെ സെറ്റിലായി എന്ന് എല്ലാവരും ഉറപ്പിച്ച ഘട്ടത്തിലാണ് ആ ചെറുപ്പക്കാരൻ കുട്ടിക്കാലം മുതലുള്ള സ്വപ്നത്തിലേക്കൊരു യുടേൺ എടുത്തത്. സുരക്ഷിതമായ ജോലി കളഞ്ഞ് ഐഎഎസ് എന്ന മോഹത്തിലേക്കു തിരിഞ്ഞു നടന്നപ്പോൾ ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുതിയ ഏതാണ്ടെല്ലാ പരീക്ഷകളിലും റാങ്ക്. ഐഐടിയിൽ പഠിച്ചിറങ്ങിയയുടൻ വൻ ശമ്പളമുള്ള ജോലി. ജീവിതം ഏറെക്കുറെ സെറ്റിലായി എന്ന് എല്ലാവരും ഉറപ്പിച്ച ഘട്ടത്തിലാണ് ആ ചെറുപ്പക്കാരൻ കുട്ടിക്കാലം മുതലുള്ള സ്വപ്നത്തിലേക്കൊരു യുടേൺ എടുത്തത്. സുരക്ഷിതമായ ജോലി കളഞ്ഞ് ഐഎഎസ് എന്ന മോഹത്തിലേക്കു തിരിഞ്ഞു നടന്നപ്പോൾ ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുതിയ ഏതാണ്ടെല്ലാ പരീക്ഷകളിലും റാങ്ക്. ഐഐടിയിൽ പഠിച്ചിറങ്ങിയയുടൻ വൻ ശമ്പളമുള്ള ജോലി. ജീവിതം ഏറെക്കുറെ സെറ്റിലായി എന്ന് എല്ലാവരും ഉറപ്പിച്ച ഘട്ടത്തിലാണ് ആ ചെറുപ്പക്കാരൻ കുട്ടിക്കാലം മുതലുള്ള സ്വപ്നത്തിലേക്കൊരു യുടേൺ എടുത്തത്. സുരക്ഷിതമായ ജോലി കളഞ്ഞ് ഐഎഎസ് എന്ന മോഹത്തിലേക്കു തിരിഞ്ഞു നടന്നപ്പോൾ ആ യുവാവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ആരും കൊതിക്കുന്നൊരു റാങ്ക് സ്വന്തമാക്കി ലക്ഷ്യം കൈയെത്തിപ്പിടിക്കാമെന്ന്. ഇത് ദിലീപ് കെ. കൈനിക്കര, 2022 ലെ സിവിൽ സർവീസ് പരീക്ഷയിൽ ദേശീയ തലത്തിൽ 21–ാം റാങ്കും സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും നേടിയ മിടുക്കൻ. മികച്ച ശമ്പളമുള്ള ജോലിയുപേക്ഷിച്ച് സിവിൽ സർവീസ് എന്ന മോഹത്തിനു പിന്നാലെ ഇറങ്ങിത്തിരിച്ചപ്പോൾ അഭിമുഖീകരിക്കേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും വിജയരഹസ്യത്തെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോട് സംസാരിക്കുകയാണ് ദിലീപും ദിലീപിന്റെ മെന്ററും തിരുവനന്തപുരം ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ ഡയറക്ടറായ നിതിൻ മേനോനും.

 

ADVERTISEMENT

∙ പരീക്ഷകളിലെല്ലാം റാങ്ക് നേടണമെന്ന് വാശിയുണ്ടായിരുന്നോ?

ദിലീപ്. കെ. കൈനിക്കര

 

ഏതൊരു മൽസര പരീക്ഷയെഴുതുമ്പോഴും മുൻപന്തിയിലെത്തണമെന്ന ആഗ്രഹം സ്വാഭാവികമായും മനസ്സിലുണ്ടാകാറുണ്ട്. പക്ഷേ സിവിൽ സർവീസ് പരീക്ഷയെഴുതിയപ്പോൾ ഓൾ ഇന്ത്യാ ലെവലിൽ 21–ാം റാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കാരണം മറ്റു മൽസരപ്പരീക്ഷകളെ അപേക്ഷിച്ച് സിവിൽ സർവീസ് പരീക്ഷയിലെ റാങ്ക് നിർണയത്തിൽ ചില വ്യത്യസ്തതകളുണ്ടല്ലോ. മെയിൻസിലെ എല്ലാ പേപ്പറുകളും നന്നായിയെഴുതുകയും അത്രയും തന്നെ മികച്ച പ്രകടനം അഭിമുഖത്തിലും നടത്തുകയും ചെയ്താൽ മാത്രമേ മുൻനിര റാങ്കുകളിലൊന്ന് സ്വന്തമാക്കാനാകുകയുള്ളൂ. അതുകൊണ്ട് റാങ്ക് ലിസ്റ്റിൽ വരുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും 21–ാം റാങ്ക് നേടുമെന്നോ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുമെന്നോ വിചാരിച്ചിരുന്നില്ല. അങ്ങനെ ചിന്തിക്കുമ്പോൾ തീർച്ചയായും ഈ വിജയം എനിക്കൊരു സർപ്രൈസ് ആയിരുന്നു. ഈ വിജയത്തിൽ എനിക്കൊരുപാട് സന്തോഷമുണ്ട്.

 

ADVERTISEMENT

∙ സിവിൽ സർവീസ് തിരഞ്ഞെടുക്കാൻ ആരാണ് പ്രചോദനം?

 

സിവിൽ സർവീസ് മോഹം കുട്ടിക്കാലം മുതൽ മനസ്സിലുണ്ടായിരുന്നെങ്കിലും ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് സിവിൽ സർവീസിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്. ആ ജോലിയുടെ സാലറി പാക്കേജ് ഒക്കെ വളരെ നല്ലതായിരുന്നെങ്കിലും കുറച്ചു കൂടി സാമൂഹിക പ്രസക്തിയുള്ള കരിയർ കണ്ടെത്തണമെന്നും സമൂഹത്തിൽ ആളുകൾ അഭിമുഖീകരിക്കുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ എന്നെക്കൊണ്ടു കഴിയുന്ന രീതിയിൽ പരിഹരിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. അതിനുതകുന്ന കരിയർ ഓപ്ഷനുകളെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് സിവിൽ സർവീസിന് ശ്രമിച്ചു നോക്കാമെന്നു തോന്നിയതും കോർപറേറ്റ് കമ്പനിയിലെ ജോലിവിട്ട് സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് തയാറെടുത്തതും. കൊറിയയിലെ സാംസങ് കമ്പനിയിലെ എന്റെ സീനിയേഴ്സിൽ ചിലരും സിവിൽ സർവീസ് നേടിയിട്ടുണ്ട്. അവരോടൊക്കെ സംസാരിച്ച ശേഷമാണ് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.

 

ADVERTISEMENT

∙ പരിശീലന സമയത്ത് ഇഷ്ടങ്ങൾ മാറ്റി വയ്ക്കേണ്ടി വന്നിട്ടുണ്ടോ?

 

ഇഷ്ടങ്ങളൊന്നും പൂർണമായും വേണ്ടന്നു വയ്ക്കേണ്ടി വന്നിട്ടില്ല. വായനയുടെ കാര്യം പറയുകയാണെങ്കിൽ നോൺ ഫിക്‌ഷൻ വായന പരിശീലന കാലത്തും ഉണ്ടായിരുന്നു. ഫിക്‌ഷൻ വായന കുറഞ്ഞിരുന്നു. പിന്നെയുള്ള ഇഷ്ടം ഫുട്ബോളായിരുന്നു. അത് പരിശീലനത്തിന്റെ ഭാഗമായി നിന്നു പോയതല്ല. കോവിഡ് കാലഘത്തിലുള്ള നിയന്ത്രണങ്ങൾ വന്ന സമയത്ത് സ്വാഭാവികമായും നിന്നുപോയതാണ്. ട്രെക്കിങ് ഇഷ്ടമായിരുന്നു അതും പരിശീലനത്തിരക്കുകൾക്കിടയിൽ കുറഞ്ഞിരുന്നു. സിനിമ കാണലും സമൂഹമാധ്യമങ്ങളുടെ ഉപയോഗവും  പുസ്തകവായനയും പരിശീലനകാലഘട്ടത്തിലും  കുറച്ചൊക്കെ തുടർന്നു പോരുന്നുണ്ടായിരുന്നു.

 

∙ പ്രിയപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് പറയാമോ?

 

കുട്ടിക്കാലത്ത് സ്കൂൾ ലൈബ്രറിയിൽനിന്ന് വായിച്ചതിലധികവും വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളാണ്. അടുത്തിടെ ഇക്കണോമിക്സിനോട് താൽപര്യം വന്നതുകൊണ്ട് വായനയും അതിലേക്ക് തിരിഞ്ഞു. നോൺഫിക്‌ഷനാണ് കൂടുതലായും വായിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തോട് അടുത്തിടെ താൽപര്യം തോന്നിയതുകൊണ്ട് അതുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് അടുത്തിടെ വായിച്ചവയിലേറെയും. നൊബേൽ സമ്മാന ജേതാക്കളായ അഭിജിത് ബാനർജിയും എസ്തർ ഡുഫ്ളോയും ചേർന്നെഴുതിയ പുവർ ഇക്കണോമിക്സ്, റിച്ചാർഡ് തേലറിന്റെ (Richard Thaler) നഡ്ജ് എന്നിവയാണ് അടുത്തിടെ വായിച്ച പുസ്തകങ്ങൾ. 

 

ദിലീപ് അച്ഛനും അമ്മയ്ക്കുമൊപ്പം. ചിത്രം: ആന്റണി ബേബി

∙ മൽസര പരീക്ഷകൾക്ക് സഹായകമായ പുസ്തകങ്ങൾ ഏതൊക്കെയാണ്?

 

ചരിത്രം പഠിക്കാനായി വിപിൻ ചന്ദ്രയുടെ പുസ്തകങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്. ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ ലക്ഷ്മികാന്തിന്റെ പുസ്തകങ്ങളാണ് പിന്തുടർന്നിരുന്നത്. പൊതുവായ കാര്യം പറയുകയാണെങ്കിൽ എല്ലാ വിഷയങ്ങളിലെയും എൻസിഇആർടി പുസ്തകങ്ങൾ അടിസ്ഥാനപരമായി വായിച്ചു പഠിച്ചിട്ടുണ്ട്. ജ്യോഗ്രഫി, കൾച്ചർ, തുടങ്ങിയ വിഷയങ്ങൾ പഠിക്കാൻ ചെറിയ ക്ലാസുകൾ മുതൽ 12–ാം ക്ലാസ് വരെയുള്ള എൻസിഇആർടി പുസ്തകങ്ങൾ സഹായിച്ചിട്ടുണ്ട്.

 

∙ പഠനശൈലിയെക്കുറിച്ച് പറയാമോ? എത്ര മണിക്കൂർ പഠിച്ചിരുന്നു?

 

മൽസരപ്പരീക്ഷകളിൽ എത്ര മണിക്കൂർ പഠിക്കണം എന്നതുപോലെയുള്ള കാര്യങ്ങൾക്ക് പലപ്പോഴും ആവശ്യത്തിലധികം പ്രാധാന്യം നൽകുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. എത്ര മണിക്കൂർ പഠിച്ചുവെന്നതിലല്ല കാര്യം. കൃത്യമായ ടൈംടേബിൾ തയാറാക്കിയുള്ള ചിട്ടയായ പഠനമാണു വേണ്ടത്. സിവിൽ സർവീസ് പരീക്ഷയ്ക്ക് കുറച്ചധികം വിഷയങ്ങൾ പഠിക്കാനുണ്ട്. ആറോ എട്ടോ വിഷയങ്ങൾ അടിസ്ഥാനപരമായി പഠിക്കണം. പിന്നെ ഒന്നോ രണ്ടോ വർഷത്തെ സമകാലീന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങളും പഠിക്കണം. അതിനോടൊപ്പം ഒരു ഓപ്ഷനൽ സബ്ജക്ട് ഡിഗ്രി ലെവലിൽ പഠിക്കണം. പരീക്ഷയ്ക്ക് മാസങ്ങൾക്കു മുൻപു തന്നെ തയാറെടുപ്പിനെപ്പറ്റി കൃത്യമായ പ്ലാനുണ്ടാക്കുകയും ടൈംടേബിളനുസരിച്ച് പഠിക്കുകയും ചെയ്യണം. ഒരാഴ്ചയിൽ എന്തൊക്കെ പഠിക്കണമെന്നു തീരുമാനിച്ച് പഠിക്കാനുള്ള പാഠഭാഗങ്ങളെ തരംതിരിക്കുക. ഓരോ ദിവസത്തെ പാഠഭാഗവും കൃത്യമായി പഠിക്കുന്നതോടൊപ്പം റിവിഷനും പ്രത്യേകം സമയം കൊടുക്കാൻ ശ്രദ്ധിക്കണം. പ്രിലിമിനറിക്കു മുൻപുള്ള രണ്ടോ മൂന്നോ മാസങ്ങൾ റിവിഷനും മോക്ക്ടെസ്റ്റുകൾക്കുമൊക്കെയായി മാറ്റിവയ്ക്കണം. അങ്ങനെയായിരുന്നു എന്റെ പഠനം. 

 

ആഴ്ചതോറും പഠനത്തെ ഞാൻ സ്വയം വിലയിരുത്തുമായിരുന്നു. കോർപറേറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്നതിനാൽ അതെനിക്ക് കുറച്ചെളുപ്പമായിരുന്നു. വീക്ക്‌ലി ടാർഗറ്റ് വയ്ക്കുക. ആ ടാർഗറ്റ് നേടിയോ എന്ന് ആഴ്ചയുടെ അവസാനം പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഞാൻ ചെയ്തിരുന്നു. പരിശീലനഘട്ടത്തിലെവിടെയെങ്കിലും വച്ച് എന്തെങ്കിലും പ്രശ്നങ്ങളോ പോരായ്മകളോ ഉണ്ടെന്ന് തോന്നിയപ്പോഴൊക്കെ അതു കൃത്യമായി തിരുത്തിയാണ് മുന്നോട്ടു പോയത്. ദിവസവും മുടങ്ങാതെ  പത്രം വായിക്കുന്നതും പ്രധാനമാണ്. രാത്രി വൈകിയിരുന്നു പഠിക്കുന്നതായിരുന്നു എന്റെ ശീലം.

 

∙ പ്രിലിമിനറി പരീക്ഷയ്ക്കു മുൻപ് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

 

മുൻപ് എത്ര നന്നായി പഠിച്ച കാര്യങ്ങളാണെങ്കിലും പ്രിലിമിനറി പരീക്ഷയ്ക്കു മുൻപ് നന്നായി റിവൈസ് ചെയ്യണം. വർഷങ്ങളായി പരിശീലനം തുടരുന്നവർ പ്രിലിമിനറി പരീക്ഷയ്ക്ക് മാസങ്ങൾക്കു മുൻപ് ആ കാര്യങ്ങൾ വീണ്ടും പഠിച്ച് ആക്ടീവ് മെമ്മറിയിൽ കൊണ്ടു വരണം. പരീക്ഷാവിഷയങ്ങൾ മനസ്സിലാക്കുന്നതുപോലെ തന്നെ പ്രധാനമാണ് എലിമിനേഷൻ സ്ട്രാറ്റജികൾ മനസ്സിലാക്കുക എന്നതും. ആഴ്ചയിൽ ഒരു മോക്ക് ടെസ്റ്റ് വീതം എഴുതുന്ന ശീലമുണ്ടെങ്കിൽ പരീക്ഷ അടുത്തു വരുമ്പോൾ കുറച്ചധികം മോക്ടെസ്റ്റുകൾ ചെയ്യാനുള്ള സാഹചര്യമുണ്ടാക്കണം. ശരിയാണെന്ന ഉറപ്പോടെ എഴുതാൻ സാധിക്കുന്നത് 50 ശതമാനം ചോദ്യങ്ങളാകും. പക്ഷേ 90 ശതമാനം ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ അറിവിനോടൊപ്പം ധൈര്യം കൂടി വേണം. ഇത്തരം സ്കില്ലുകൾ സ്ഥിരമായ പരിശീലനത്തിലൂടെ മാത്രമേ നേടിയെടുക്കാൻ സാധിക്കൂ.

 

∙ എഴുത്തു പരീക്ഷയ്ക്കു മുൻപുള്ള തയാറെടുപ്പുകളെക്കുറിച്ച് പറയൂ?

 

എഴുത്തു പരീക്ഷ എന്നെ സംബന്ധിച്ചിടത്തോളം കുറച്ചു പ്രയാസമേറിയതായിരുന്നു. പ്രിലിമിനറി പരീക്ഷ കഴിയുമ്പോൾ കണ്ടന്റ് പ്രിപ്പറേഷനെക്കുറിച്ച് ഏകദേശ ധാരണ കിട്ടും. എന്നാൽ പഠിച്ച വിഷയങ്ങൾ പേപ്പറിൽ വേണ്ടതു പോലെ എഴുതി ഫലിപ്പിക്കുന്നത് കുറച്ചു പ്രയാസമാണ്. ടൈം മാനേജ്മെന്റ് വലിയൊരു പ്രശ്നമാണ്. മൂന്നു മണിക്കൂറിനുള്ളിൽ 20 ചോദ്യങ്ങളും ഏകദേശം 50 പുറങ്ങളും എഴുതിത്തീർക്കാനുണ്ട്. ആദ്യ തവണയെഴുതിയപ്പോൾ 11 ചോദ്യങ്ങളൊക്കെയേ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നുള്ളു. തുടർച്ചയായ പരിശീലനത്തിലൂടെയാണ് ആ ന്യൂനത മറികടന്നത്. പ്രിലിമിനറി പരീക്ഷയ്ക്കു മുൻപ് ഉത്തരമെഴുതി പരിശീലിക്കാം. അതോടൊപ്പം  മികച്ച പരിശീലന സ്ഥാപനങ്ങളിൽ ചേരാം. അവിടെയുള്ള മെന്റർ നൽകുന്ന ഫീഡ് ബാക്ക് അനുസരിച്ച് എന്തൊക്കെ ഇംപ്രൂവ് ചെയ്യാമെന്നു മനസ്സിലാക്കാം. ഏതു പശ്ചാത്തലത്തിൽനിന്നു വന്നവരായാലും ചിട്ടയായ പരിശീലമുണ്ടെങ്കിൽ കുറവുകളെ മറികടന്ന് വിജയിക്കാമെന്ന കാര്യത്തിൽ സംശയം വേണ്ട.

 

ദിലീപ് കുടുംബത്തോടൊപ്പം

∙ അഭിമുഖത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്?

 

ഇത് രണ്ടാം തവണയാണ് ഞാൻ സിവിൽ സർവീസ് അഭിമുഖത്തിൽ പങ്കെടുക്കുന്നത്. പോയവർഷത്തെക്കാൾ ഇംപ്രൂവ് ചെയ്തിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പ്രിപ്പറേഷൻ ലെവലും പെർഫോമെൻസ് ലെവലും തമ്മിൽ ഒരു ബന്ധമുണ്ട്. നമുക്കെത്ര അറിവുണ്ടെന്നു പറഞ്ഞാലും വിദഗ്ധരുടെ ഒരു പാനലിനു മുന്നിലാണ് നമ്മളിരിക്കാൻ പോകുന്നത്. ഒരു യുപിഎസ്‌സി മെമ്പർ, മുൻ ഐഎഎസ് ഓഫിസർ, വൈസ്ചാൻസലേഴ്സ് അങ്ങനെ വളരെ പ്രഗത്ഭരായ അക്കാഡമീഷ്യൻസ് ഒക്കെയുള്ള പാനലാണ് അഭിമുഖം നടത്തുക. അവിടെപ്പോയി നമ്മളെ പ്രസന്റ് ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വളരെ ഹംബിളായി, അസേർട്ടീവായി പ്രസന്റ് ചെയ്യുക എന്നതൊക്കെ ഡെവലപ് ചെയ്യാവുന്ന സ്കിൽ തന്നെയാണ്. ആദ്യവട്ടത്തെ അഭിമുഖത്തിൽ ഇത്തരമൊരു പാനലിനെ ആദ്യമായി അഭിമുഖീകരിക്കുന്നതുകൊണ്ടുള്ള പ്രശ്നമുണ്ടായിരുന്നു. എത്ര നന്നായി തയാറെടുത്താലും അത് പ്രസന്റ് ചെയ്തു തന്നെ പഠിക്കണം. കൂടുതൽ മോക്ക് ഇന്റർവ്യൂസ്, വൺ ഓൺ വൺ സെക്‌ഷൻസ് ഒക്കെ എടുത്താണ് പ്രസന്റേഷൻ സ്കിൽസ്, സംസാരിക്കുമ്പോഴുള്ള പ്രശ്നങ്ങൾ, ടോൺ, ഉത്തരങ്ങളുടെ ദൈർഘ്യം  ഒക്കെ കറക്റ്റ് ചെയ്തത്. ന്യൂനതകൾ മനസ്സിലാക്കി പരിശീലനം നടത്തിയാൽ അത്തരം പ്രശ്നങ്ങളെ ഉറപ്പായും മറികടക്കാം.  

 

∙ അഭിമുഖത്തിനിരിക്കുമ്പോൾ പേടി തോന്നി എന്നൊക്കെ പലരും പറയാറുണ്ട്. എന്താണു ദിലീപിന്റെ അനുഭവം?

 

അഭിമുഖത്തെക്കുറിച്ച് വളരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ സമൂഹം ധരിച്ചു വച്ചിട്ടുണ്ട്. വളരെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുമെന്നും വളരെ ഹൈ ഐക്യു ഉത്തരങ്ങൾ പറയണമെന്നുമൊക്കെയുള്ള തെറ്റിദ്ധാരണയാണധികവും. എന്റെ വ്യക്തിപരമായ അനുഭവം പറയുകയാണെങ്കിൽ അരമണിക്കൂർ ദൈർഘ്യമുള്ള ആ അഭിമുഖത്തിൽ റെസ്യൂമേയിലുള്ള കാര്യങ്ങളെക്കുറിച്ചാണ് അധികവും ചോദിച്ചത്. നമ്മുടെ ജീവിതാനുഭവങ്ങൾ എങ്ങനെ സർവീസിൽ ഉപകരിക്കും എന്ന തരത്തിലുള്ള ചോദ്യങ്ങൾ, സമകാലിക പ്രശ്നങ്ങൾ, അതിനെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായങ്ങൾ, അത് ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന് ചേരുന്ന തരത്തിലാണോയെന്ന് മനസ്സിലാക്കാനുള്ള ചോദ്യങ്ങൾ എന്നിവ തീർച്ചയായും ഉണ്ടായിരുന്നു. 

 

∙ അഭിമുഖീകരിക്കേണ്ടി വന്ന ചോദ്യങ്ങളെക്കുറിച്ച് പറയാമോ?

 

സ്മിത നാഗരാജ് എന്ന യുപിഎസ്‌സി അംഗം  നേതൃത്വം നൽകിയ പാനലാണ് ഇക്കുറി എന്നെ ഇന്റർവ്യൂ ചെയ്തത്. പാനലിൽ അഞ്ചു പേരുണ്ടായിരുന്നു. എന്തുകൊണ്ടാണ് ജോലി ഉപേക്ഷിച്ച് ഐഎഎസ് തിരഞ്ഞെടുത്തത് എന്നായിരുന്നു ആദ്യത്തെ ചോദ്യം. പിന്നെ അതിന്റെ കുറച്ച് ഫോളോഅപ് ചോദ്യങ്ങൾ. ഫോറസ്റ്റ് സർവീസ് ഓഫിസറായതിനാൽ അതിനെക്കുറിച്ച് ഒന്നു രണ്ടു ചോദ്യങ്ങളുണ്ടായിരുന്നു. എന്റെ ഐഐടി പശ്ചാത്തലത്തെക്കുറിച്ചും ബജറ്റിനെ സംബന്ധിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. വളരെ വ്യത്യസ്തമായ എന്നാൽ സൗഹൃദാന്തരീക്ഷം നിലനിർത്തുന്ന രീതിയിലുള്ള ചോദ്യങ്ങളായിരുന്നു ആ അരമണിക്കൂറിൽ ചോദിച്ചത്.

 

∙ സിവിൽ സർവീസ് ലഭിച്ചത് മൂന്നാം ശ്രമത്തിലാണല്ലോ അതിനെക്കുറിച്ച്?

 

ആദ്യ രണ്ടുവട്ടവും വിജയം കൈപ്പിടിയിൽനിന്ന് വഴുതിപ്പോയെങ്കിലും എനിക്കു ചുറ്റും നല്ലൊരു സപ്പോർട്ട് സിസ്റ്റമുണ്ടായിരുന്നതുകൊണ്ട് മൂന്നാം വട്ടവും പരിശ്രമിക്കാനും വിജയിക്കാനും കഴിഞ്ഞു. മാതാപിതാക്കളും സുഹൃത്തുക്കളും നന്നായി പിന്തുണച്ചു. അധ്യാപകരും മെന്റേഴ്സും ഒപ്പം നിന്നു. തിരിച്ചടികളുണ്ടായപ്പോൾ തളരാതെ, പിഴവു പറ്റിയത് എവിടെയാണെന്നു കൃത്യമായി തിരിച്ചറിഞ്ഞ് പരിശീലനം മെച്ചപ്പെടുത്തി വിജയത്തിലേക്കു കൂടുതൽ അടുത്തു. എന്താണു സംഭവിച്ചതെന്നു തിരിച്ചറിയാത്ത ഒരു അനിശ്ചിതാവസ്ഥ വരുമ്പോഴാണ് പിഴവുകൾ ആവർത്തിക്കുന്നത്. ആദ്യ ശ്രമത്തിൽ മെയിൻസ് കിട്ടാതിരുന്നപ്പോൾ അതു പരിശീലനത്തിന്റെ കുറവാണെന്ന് എനിക്കു മനസ്സിലായി. ഉത്തരമെഴുത്തിൽ കുറച്ചു പ്രശ്നങ്ങളുണ്ടെന്നും തിരിച്ചറിഞ്ഞു. അതൊക്കെ തിരുത്താമെന്ന പ്രതീക്ഷയോടെയാണ് രണ്ടാമതു ശ്രമിച്ചത്. രണ്ടാം ശ്രമത്തിൽ അഭിമുഖത്തിൽ പങ്കെടുക്കാന്‍ സാധിച്ചു. സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ വന്നില്ലെങ്കിലും ഫോറസ്റ്റ് സർവീസിൽ സിലക്‌ഷൻ കിട്ടി. രണ്ടാം ശ്രമം കഴിഞ്ഞപ്പോൾ പിഴവുകൾ അവലോകനം ചെയ്യാൻ തീർച്ചയായും ബുദ്ധിമുട്ടുണ്ടായിരുന്നു. സിവിൽ സർവീസ് റാങ്ക്‌ലിസ്റ്റിൽ അക്കുറി ഉൾപ്പെടാതെ പോയത് ഒരു തിരിച്ചടിയായി തോന്നിയിരുന്നു. പക്ഷേ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് തിരുത്താൻ സാധിച്ചതിനാൽ മൂന്നാം ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടാൻ കഴിഞ്ഞു.

 

∙ ഒരുപാട് പരിശ്രമിച്ചിട്ടും കപ്പിനും ചുണ്ടിനുമിടയിൽ വിജയം അകലെയായവരോട് പറയാനുള്ളതെന്താണ്?

 

പ്രതീക്ഷ കൈവിടാതെ ശ്രമം തുടരണം. വളരെ തുച്ഛമായ മാർക്കിനാണ് പലർക്കും വിജയം നഷ്ടമാകുന്നത്. പലപ്പോഴും പരാജയപ്പെടുന്നത് പരിശീലനത്തിന്റെ കുറവു കൊണ്ടാകണമെന്നില്ല. അറിയുന്ന കാര്യങ്ങൾ എഴുതി ഫലിപ്പിക്കുന്നതിലെ പിഴവുകൾ അല്ലെങ്കിൽ അഭിമുഖത്തിലെ ഒരു ഉത്തരമറിയാതെ വരുമ്പോൾ സംഭവിക്കുന്ന സംഭ്രമം മൂലം അഭിമുഖം മുഴുവൻ മോശമാകാം. അങ്ങനെയും പരാജയം സംഭവിക്കാറുണ്ട്. നമ്മുടെ കഠിനാധ്വാനത്തെപ്പറ്റിയും കഷ്ടപ്പാടിനെപ്പറ്റിയും നമുക്ക് നല്ലതുപോലെ അറിയാം. അക്കാര്യങ്ങൾ നമ്മളെപ്പോലെ മറ്റാർക്കും മനസ്സിലാവില്ലെന്ന സത്യം അംഗീകരിക്കുക. ഏതു ഘട്ടത്തിലും ഒപ്പം നിൽക്കുന്ന സുഹൃത്ബന്ധങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധിക്കാം. പരജയം വേദനാജനകമാണ്. അതിനെ അതിജീവിക്കാൻ സമയമെടുത്തേക്കാം. അതിനു ശേഷം പിഴവുകൾ കണ്ടെത്തി തിരുത്താൻ ശ്രമിക്കാം. ജയിച്ചില്ല എന്നതിനെക്കാൾ എന്തുകൊണ്ടു ജയിച്ചില്ല എന്നതിനു പ്രാധാന്യം കൊടുക്കാം. പിഴവുകൾ തിരുത്തി പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോയാൽ വിജയം സുനിശ്ചിതമാണ്.

 

∙ മൽസര പരീക്ഷകളുമായി ബന്ധപ്പെട്ടുണ്ടായ മാനസിക സമ്മർദങ്ങളെ അതിജീവിച്ചതെങ്ങനെയാണ്?

 

മൽസര പരീക്ഷകൾ എഴുതാൻ തയാറെടുക്കുമ്പോൾ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളെ പൂർണമായും ഒഴിവാക്കാനാവില്ല എന്ന കാര്യം ആദ്യമേ അംഗീകരിക്കണം. പരീക്ഷയെഴുതുന്ന എല്ലാവർക്കും ഈ സമ്മർദ്ദം ഉണ്ടാകും. അത് കുറച്ചൊക്കെ പ്രകടനത്തെ ബാധിക്കുകയും ചെയ്യും. അത്തരം സമ്മർദ്ദങ്ങളെ അതിജീവിക്കാനും മാർഗങ്ങളുണ്ട്. ഒരു പരീക്ഷാ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കുറച്ചധികം മോക്ടെസ്റ്റുകൾ ചെയ്യാം. അപ്പോൾ സ്വാഭാവികമായി പരീക്ഷയെഴുതാൻ സാധിക്കുകയും അതുവഴി സമ്മർദ്ദം ലഘൂകരിക്കുകയും ചെയ്യാം. വരാൻ പോകുന്നത് ഒരു പുതിയ കാര്യമാണെന്ന ധാരണയാണ് ആദ്യം ഇല്ലാതാക്കേണ്ടത്. പരീക്ഷയെഴുതുമ്പോൾ പെട്ടെന്ന് കൈവേദന വരുക, സ്പീഡ് കുറയുക ഇങ്ങനെയുള്ള പ്രശ്നങ്ങൾ വന്നാൽ എന്തൊക്കെ ചെയ്യണമെന്ന് മോക്ക്ടെക്സ്റ്റ് എഴുതുന്ന ഘട്ടത്തിൽ മനസ്സിലാക്കാം. സമ്മർദ്ദം നിയന്ത്രണാതീതമായി തോന്നുന്ന ഘട്ടത്തിൽ കൗൺസിലിങ് പോലെയുള്ള ബാഹ്യസഹായങ്ങൾ സ്വീകരിക്കുന്നതിൽ മോശം വിചാരിക്കേണ്ട കാര്യമില്ല. 

 

∙ അവസാനവട്ട തയാറെടുപ്പിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

 

പുതിയ കാര്യങ്ങൾ ഒരുപാട് പഠിക്കാൻ ശ്രമിക്കാതിരിക്കുക, റിവിഷൻ ചെയ്യുക, മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ വച്ച് പരീക്ഷയെഴുതി നോക്കുക, റിവിഷനിൽ ഫോക്കസ് ചെയ്താൽ സ്ട്രെസ് കുറയുകയും പരീക്ഷയെ നല്ല രീതിയിൽ നേരിടാൻ സാധിക്കുകയും ചെയ്യും.

 

∙ ഗണിതശാസ്ത്രം പോലെ പ്രയാസമുള്ള ഒരു വിഷയം തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?.

 

ചെറുപ്പം മുതൽ സയൻസ് പശ്ചാത്തലമുള്ളതുകൊണ്ടും ബിരുദം എൻജിനീയറിങ്ങിൽ ആയിരുന്നതുകൊണ്ടും ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതൽ പഠിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ജോലിയാണ് ഞാൻ ചെയ്തിരുന്നത്. അതിലും സ്റ്റാറ്റിസ്റ്റ്ക്സും ഗണിതശാസ്ത്രവും വളരെ പ്രധാനപ്പെട്ട ഘടകങ്ങളായിരുന്നു. ഇതൊരിക്കലും എളുപ്പമുള്ള ഓപ്ഷനൽ സബ്ജക്റ്റ് അല്ല. കുറച്ചധികം കാര്യങ്ങൾ പഠിക്കാനും പ്രോബ്ലം പ്രാക്ടീസൊക്കെ ചെയ്യാനുമുണ്ട്. അതിനുവേണ്ടി മെനക്കെടാൻ തയാറായാൽ തീർച്ചയായും ഒരു ഔട്ട്പുട്ട് തരാൻ കഴിയുന്ന ഓപ്ഷനാണ് ഗണിത ശാസ്ത്രം. കഠിനാധ്വാനവും ഔട്ട്പുട്ടും തമ്മിൽ കണക്കിൽ നല്ല ബന്ധമുണ്ട്. തുടർച്ചയും സ്ഥിരതയുമുള്ള വിഷയമാണിത്. ആ സ്ഥിരതയാണ് എന്നെ ഗണിതശാസ്ത്രത്തിലേക്ക് അടുപ്പിച്ചത്. സയൻസ്, അല്ലെങ്കിൽ എൻജിനീയറിങ് പശ്ചാത്തലമുള്ള ഒരാൾക്ക് തീർച്ചയായും ശ്രമിച്ചു നോക്കാവുന്ന ഒരു സബ്ജക്ടാണിതെന്നാണ് എന്റെ അഭിപ്രായം.

 

∙ വിജയത്തിൽ അധ്യാപകരുടെ പങ്ക്?

 

സിവിൽ സർവീസ് വിജയം  ഒരിക്കലും കഴിഞ്ഞ രണ്ടുവർഷത്തെ പ്രയത്നം കൊണ്ടുമാത്രം ഉണ്ടായതല്ല. വിദ്യാഭ്യാസത്തിന്റെ തുടക്കം മുതലുള്ള ഘടകങ്ങൾ ഈ വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. ഹൈസ്കൂളിൽ ഗണിതം പഠിപ്പിച്ച ഷേർലി മിസ്, പ്ലസ്‌വണ്ണിൽ ഫിസിക്സ് പഠിപ്പിച്ച മറിയാമ്മ മിസ് അവരുടെയൊക്കെ അധ്യാപന ശൈലിയും അനുഗ്രഹവും എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ അധ്യാപകർ നല്ല രീതിയിൽ ഗണിതശാസ്ത്രം പഠിപ്പിച്ചതുകൊണ്ടാണ് സിവിൽ സർവീസ് പരിശീലനത്തിനും ആ വിഷയം തിരഞ്ഞെടുക്കാൻ എനിക്ക് ധൈര്യം കിട്ടിയത്. നമുക്ക് ഏതെങ്കിലും വിഷയത്തിൽ താൽപര്യം തോന്നണമെങ്കിൽ അതു പഠിപ്പിച്ച അധ്യാപകരുടെ വലിയൊരു സമർപ്പണവും അതിനു പിന്നിലുണ്ട്. നല്ല അധ്യാപകരുടെ കീഴിൽ പഠിക്കാനുള്ള ഭാഗ്യമെനിക്കുണ്ടായിട്ടുണ്ട്. എന്റെ ഈ വിജയത്തിൽ എസ്എച്ച് കിളിമല, പ്ലാസിഡ് വിദ്യാവിഹാർ എന്നിവിടങ്ങളിലെ അധ്യാപകർ മുതൽ തിരുവനന്തപുരം ഫോർച്യൂൺ ഐഎഎസ് അക്കാദമിയിലെ നിതിൻ ഉൾപ്പടെയുള്ള മെന്റർമാരോടു വരെ ഞാൻ കടപ്പെട്ടിരിക്കുന്നു.

 

∙കുടുംബത്തെക്കുറിച്ച് പറയൂ

 

അച്ഛൻ കുര്യാക്കോസ് കെ.എസ്. സബ് ഇൻസ്പെക്ടറായി വിരമിച്ചു. അമ്മ ജോളിമ്മ ജോർജ് ചങ്ങനാശ്ശേരി സെന്റ്. ജയിംസ്  എൽപി സ്കൂളിൽ ഹെഡ്മിസ്ട്രസ് ആണ്. ഒരു സഹോദരിയുണ്ട് അമലു കെ. കൈനിക്കര. അവൾ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നു.

 

Content Summary : UPSC civil service kerala topper Dileep k kainikkara talks about his success