ഐഐടി മദ്രാസിന് സംഭാവന 228 കോടി രൂപ; ആരാണ് ഡോ. കൃഷ്ണ ചിവുകുള?
Mail This Article
പഠിച്ച സ്ഥാപനത്തിന് വേണ്ടി ചില സാമ്പത്തിക സഹായങ്ങളൊക്കെ പൂര്‍വവിദ്യാര്‍ഥികള്‍ ചെയ്യുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ 228 കോടി രൂപ തന്റെ പഴയ വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി മദ്രാസിന് സംഭാവനയായി നല്‍കി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് വ്യവസായിയും ഇന്തോ-എംഐഎം ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്ഥാപകനുമായ ഡോ. കൃഷ്ണ ചിവുകുള. ഐഐടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യക്തിഗത സംഭാവനയാണ് ഇത്. ഐഐടി മദ്രാസിലെ 1970 ബാച്ച് എംടെക് എയറോസ്‌പേസ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു ഡോ. കൃഷ്ണ ചിവുകുള. ഐഐടി ബോംബെയില്‍ നിന്ന് 1968ലാണ് ഇദ്ദേഹം മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക് (ഓണേഴ്‌സ്) സ്വന്തമാക്കിയത്. പിന്നീട് 1980ല്‍ ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്ന് എംബിഎ ബിരുദം നേടിയ ഡോ. കൃഷ്ണ ചിവുകുളയ്ക്ക് 2012ല്‍ തുംകുര്‍ സര്‍വകലാശാലയാണ് ഡി.ലിറ്റ് ബിരുദം സമ്മാനിച്ചത്.
അമേരിക്കയിലെ ഹോഫ്മാന്‍ ഇന്‍ഡസ്ട്രീസില്‍ എന്‍ജിനീയറായി തുടങ്ങിയ ഡോ. കൃഷ്ണയുടെ വളര്‍ച്ച അതിവേഗമായിരുന്നു. പടിപടിയായി ഉയര്‍ന്ന് 1976ല്‍ ഡോ. കൃഷ്ണ ഇവിടെ ചീഫ് എന്‍ജിനീയറായി. 1984ല്‍ ഹാര്‍വാഡ് എംബിഎയുമായി ഡോ. കൃഷ്ണ തിരിച്ചെത്തിയത് ഇതേ സ്ഥാപനത്തിലെ ഗ്രൂപ്പ് പ്രസിഡന്റും സിഇഒയുമായിട്ടായിരുന്നു. 1990ല്‍ ഹോഫ്മാന്‍ ഇന്‍ഡസ്ട്രീസ് വിട്ട ഇദ്ദേഹം ശിവ ടെക്‌നോളജീസ് ഇന്റര്‍നാഷണല്‍ എന്ന തന്റെ ആദ്യ സംരംഭം ന്യൂയോര്‍ക്കിലെ സൈറക്യൂസില്‍ ആരംഭിച്ചു. അഡ്വാന്‍സ്ഡ് മാസ് സ്‌പെക്ട്രോസ്‌കോപ്പിക് സങ്കേതം ഉപയോഗിച്ചുള്ള ട്രേസ് എലമെന്റ് അനാലിസിസില്‍ ലോകത്തിലെ തന്നെ ഒന്നാം നിര കമ്പനിയായി ശിവ ടെക്‌നോളജീസ് ഡോ. കൃഷ്ണയുടെ നേതൃത്വത്തില്‍ ഉയര്‍ന്നു. 1997ല്‍ ശിവ അനലറ്റിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ബെംഗളൂരുവിൽ സ്ഥാപിതമായി.
1997ല്‍ ബെംഗളൂരുവിൽ ഇന്തോ യുഎസ് എംഐഎം ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിച്ചു കൊണ്ട് അത്യന്താധുനിക മെറ്റല്‍ ഇഞ്ചക്ഷന്‍ മോള്‍ഡിങ് (എംഐഎം) സാങ്കേതിക വിദ്യയും ഡോ. കൃഷ്ണ ഇന്ത്യയിലെത്തിച്ചു. എംഐഎം സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ശേഷിയിലും വില്‍പനയിലും ലോകത്തിലെ തന്നെ ഒന്നാം കിട കമ്പനിയാണ് ഇന്ന് ഇന്തോ യുഎസ് എംഐഎം ടെക് പ്രൈവറ്റ് ലിമിറ്റഡ്. ഐഐടി മദ്രാസ് പൂര്‍വ വിദ്യാര്‍ഥികള്‍ തന്നെയായ രണ്ട് വൈസ് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ഉയര്‍ന്ന നിലവാരമുള്ള 2000ലധികം ജീവനക്കാര്‍ ഇന്ന് ഇവിടെ ജോലി ചെയ്യുന്നു. 1000 കോടി രൂപയാണ് സ്ഥാപനം ലക്ഷ്യം വയ്ക്കുന്ന വിറ്റുവരവ്. വ്യവസായിക, ഉപഭോക്ത, മെഡിക്കല്‍ രംഗങ്ങളില്‍ പരന്ന് കിടക്കുന്നു ലോകമെമ്പാടുമുള്ള ഈ കമ്പനിയുടെ ക്ലൈന്റുകള്‍. വിവിധ മേഖലകളിലായി നിരവധി രാജ്യാന്തര പുരസ്‌ക്കാരങ്ങളും ഇന്തോ യുഎസ് എംഐഎം ടെക്കിനെ തേടിയെത്തിയിട്ടുണ്ട്. ഉയര്‍ന്ന കൃത്യതയുള്ള ഇന്‍വെസ്റ്റ്‌മെന്റ് കാസ്റ്റിങ്ങുകളില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന ഗൗരി വെഞ്ചേഴ്‌സ് എന്നൊരു കമ്പനിയും ഡോ. കൃഷ്ണയുടെ കീഴില്‍ 2009ല്‍ റെണിഗുണ്ടയില്‍ സ്ഥാപിതമായി.
പരോപകാരപ്രദമായ നിരവധി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും ഡോ. കൃഷ്ണ ചിവുകുള പ്രവര്‍ത്തിച്ചു വരുന്നു. ബെംഗളൂരുവിലെ 2200 പ്രൈമറി, സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി ഇദ്ദേഹം സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്. ബെംഗളൂരു ബാപ്തിസ്റ്റ് ഹോസ്പിറ്റല്‍ വഴി ഈ കുട്ടികള്‍ക്ക് ആരോഗ്യപരിചരണവും നല്‍കി വരുന്നു. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായും സബ്‌സിഡി നിരക്കിലും ചികിത്സ നല്‍കുന്നതിന് ഓരോ മാസവും നല്ലൊരു തുക ആശുപത്രിക്ക് സംഭാവനയായി ഡോ. കൃഷ്ണ നല്‍കുന്നു. എച്ച്‌ഐവി, എയ്ഡ്‌സ് രോഗികള്‍ക്ക് കൗണ്‍സിലിങ്ങും ആരോഗ്യപരിചരണവും നല്‍കുന്ന ആശ ഫൗണ്ടേഷനെയും ഡോ. കൃഷ്ണ ചിവുകുള സാമ്പത്തികമായി സഹായിച്ചു വരുന്നു. ബംഗലൂരു ബാപ്തിസ്റ്റ് ഹോസ്പിറ്റലില്‍ ആധുനിക തിയേറ്ററും ലാബ് സൗകര്യങ്ങളും നിര്‍മ്മിക്കുന്നതിന് 10 ലക്ഷം ഡോളറാണ് ഡോ. കൃഷ്ണ 2006-07ല്‍ സംഭാവന നല്‍കിയത്. അനാഥരും പാവപ്പെട്ട സാമ്പത്തിക ചുറ്റുപാടുകളില്‍ നിന്ന് വരുന്നവരുമായ 300 വിദ്യാര്‍ഥികള്‍ക്ക് ആശ്രയമായ മൈസൂരുവിലെ ചാമരാജ്‌നഗറിലുള്ള സ്‌കൂളും 2014ല്‍ ഡോ. കൃഷ്ണ ചിവുകുള ദത്തെടുത്തിരുന്നു.