തൊട്ടതെല്ലാം 'പൊന്നാക്കുന്ന' മിറിയം ഇഫക്ട്! ഈ വിജയം വേറെ ലെവൽ
Mail This Article
സിനിമ: ഒരു ഫുൾബ്രൈറ്റ് ഗവേഷണവിഷയം
ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ മിറിയം ചാണ്ടി മേനാച്ചേരി യുഎസിൽ ഫുൾബ്രൈറ്റ് ഗവേഷക കൂടിയാണ്
ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള സുവർണകമല ജേതാവ്– മിറിയം ചാണ്ടി മേനാച്ചേരിയുടെ പേര് ഈയിടെ വാർത്തകളിൽ ഇടംപിടിച്ചതിങ്ങനെ. എന്നാൽ ഈ ‘കരിയർ ഗുരു’ പേജിൽ മിറിയത്തിന്റെ മേൽവിലാസം മറ്റൊന്നാണ്– യുഎസിലെ ഫുൾബ്രൈറ്റ് നെഹ്റു അക്കാദമിക് ആൻഡ് പ്രഫഷനൽ എക്സലൻസ് അവാർഡ് ജേതാവ്. ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയയായ മിറിയം ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ വിഷ്വൽ ആർട്സ് മേഖലയിലാകും ഫുൾബ്രൈറ്റിന്റെ ഭാഗമായി ഗവേഷണം നടത്തുക. വിഷയം ഇന്ത്യൻ സിനിമാരംഗത്തെ സ്ത്രീമുന്നേറ്റങ്ങൾ.
കേരളത്തിൽ വേരുകളുള്ള മിറിയം ജനിച്ചതും വളർന്നതുമെല്ലാം മറുനാട്ടിൽ. ചെന്നൈ സ്റ്റെല്ല മാരിസ് കോളജിൽ ബോട്ടണിയിലായിരുന്നു ബിരുദ പഠനം. ജനറ്റിക് എൻജിനീയറിങ് പോലുള്ള വിഷയങ്ങളിൽ ഉപരിപഠനവും കരിയറുമൊക്കെ സ്വപ്നം കണ്ടിരുന്ന മിറിയം, ഭാവിവഴികൾ സംബന്ധിച്ചു കൂടുതൽ വ്യക്തത രൂപപ്പെടുത്താനായി ബിരുദശേഷം ഒരു വർഷം ഇടവേളയെടുത്തു. അക്കാലത്ത് ഒരു മാഗസിനിൽ എഡിറ്റോറിയൽ വിഭാഗത്തിൽ പ്രവർത്തിച്ചതോടെ മാധ്യമരംഗത്ത് ഉപരിപഠനത്തിനു തീരുമാനിച്ചു.
ഡൽഹി ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിലെ എജെകെ മാസ് കമ്യൂണിക്കേഷൻ റിസർച് സെന്ററിലെ പിജി പഠനകാലത്താണു വിഷ്വൽ കഥപറച്ചിലിന്റെ ലോകം മിറിയത്തിനു പരിചിതമാകുന്നത്. പഠനശേഷം ഒരു ഇംഗ്ലിഷ് വാർത്താ ചാനലിൽ പ്രവർത്തിച്ചു. വിവാഹശേഷം മുംബൈയിലെത്തിയ മിറിയം ‘മാതൃഭൂമി: എ നേഷൻ വിത്തൗട്ട് വിമൻ’ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി. ആ സിനിമയിലെ സംഘടന രംഗങ്ങളിൽ അഭിനയിച്ച സ്റ്റണ്ട് മാൻ ഹബീബ് ഹാജിയിൽനിന്നാണ് ആദ്യ ഡോക്യുമെന്ററിക്കുള്ള ആശയം ലഭിച്ചത്. ‘സ്റ്റണ്ട്മാൻ ഓഫ് ബോളിവുഡ്’ നാഷനൽ ജ്യോഗ്രഫിക് ചാനലിൽ പ്രദർശിപ്പിച്ചു. അങ്ങനെയാണു നോൺ ഫീച്ചർ ഫിലിം രംഗത്തു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ‘ഫിലമെന്റ് പിക്ചേഴ്സ്’ എന്ന പ്രൊഡക്‌ഷൻ ഹൗസ് ആരംഭിച്ച മിറിയത്തിന്റെ ഡോക്യുമെന്ററികൾ ദേശീയ–രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ബാഫ്റ്റയുടെ ‘ബ്രേക്ക്ത്രൂ ഇന്ത്യ’ പട്ടികയിൽ കഴിഞ്ഞവർഷം ഇടംപിടിച്ച മിറിയം കേരളത്തിലെ ഡബ്ല്യുസിസി ഉൾപ്പെടെയുള്ള വനിതാ സിനിമാമുന്നേറ്റങ്ങൾ കേന്ദ്രീകരിച്ച് ഗവേഷണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണു ഫുൾബ്രൈറ്റിന് അപേക്ഷിച്ചത്.
ഇന്ത്യാ ഫൗണ്ടേഷൻ ഫോർ ആർട്സിന്റെ ഭാഗമായുള്ള ഗവേഷണ പദ്ധതിക്കായി നേരത്തേ പലരെയും അഭിമുഖം ചെയ്തപ്പോഴാണ് ഈ രംഗത്തു കൂടുതൽ പഠനം വേണ്ടതുണ്ടെന്നു തോന്നിയതും ഫുൾബ്രൈറ്റിന് അപേക്ഷിച്ചതും. ഗവേഷണത്തിന്റെ ഭാഗമായി സർവകലാശാലയിൽ അധ്യാപനത്തിനും മിറിയത്തിന് അവസരമുണ്ടാകും. ബിസിനസുകാരനായ പോൾ മേനാച്ചേരിയാണു ഭർത്താവ്. യുഎസിൽ ബിരുദ വിദ്യാർഥിയായ ജോഷ്വ മകൻ.