കുതിക്കുന്ന ഇന്ത്യയുടെ എൻജിൻ; കേന്ദ്ര സർവീസുകളെ ഇങ്ങനെ വിശേഷിപ്പിക്കാം. പ്രതിരോധം മുതൽ ഭരണനിർവഹണം വരെ വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന കേന്ദ്ര സർവീസിൽ ഓരോ വർഷവും സൃഷ്ടിക്കപ്പെടുന്നത് ഒട്ടേറെ ഒഴിവുകൾ. സിവിൽ സർവീസിനു പുറമേ, ഇന്ത്യൻ എൻജിനീയറിങ് സർവീസും ഇന്ത്യൻ ഇക്കണോമിക്സ് സർവീസും പോലെ വിഷയത്തിലെ വൈദഗ്ധ്യം അനുസരിച്ചു ചെന്നെത്താവുന്ന കേന്ദ്ര സർവീസുകൾ പലതാണ്. വിവിധ ശമ്പള കമ്മിഷനുകളിലൂടെ വരുമാനത്തിലുണ്ടാകുന്ന വളർച്ച, തൊഴിൽ സൗകര്യങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ, ജോലിക്കു ലഭിക്കുന്ന മാന്യത തുടങ്ങി മെച്ചങ്ങൾ പലതാണ്.
ഉയർന്ന തസ്തികകളിലേക്കുള്ള നിയമനങ്ങൾ പ്രധാനമായും യുപിഎസ്‌സി വഴിയാണ്. 2017–18 വർഷത്തെ പ്രധാന പരീക്ഷകൾ ഏതെന്നു നോക്കാം.
ഇന്ത്യൻ എൻജിനീയറിങ് സർവീസ്
കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിലുള്ള എൻജിനീയറിങ് കേഡറുകളിലേക്കുള്ള പരീക്ഷ. പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നീ മൂന്നു ഘട്ടങ്ങൾക്കു ശേഷം തിരഞ്ഞെടുപ്പ്. അപേക്ഷകരും തസ്തികകളുടെ എണ്ണവും തമ്മിൽ വലിയ അന്തരം. അതിനാൽ ഇന്ത്യയിലെ തന്നെ ഏറ്റവും കടുപ്പമുള്ള പരീക്ഷകളിലൊന്നായാണ് ഇതു കണക്കാക്കപ്പെടുന്നത്.
ചെറുപ്പത്തിൽ തന്നെ ഉന്നത ജോലികളിലെത്താൻ ഐഇഎസ് വഴിയൊരുക്കും. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ ട്രേഡുകളിലാണു പരീക്ഷ. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിടെക്.
അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 23.
പ്രിലിമിനറി പരീക്ഷ: 2018 ജനുവരി ഏഴ്
മെയിൻസ്: 2018 ജൂലൈ ഒന്ന്
ഇക്കണോമിക് സർവീസ്, സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്
സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമോ തത്തുല്യ യോഗ്യതയോ വേണം. ഇംഗ്ലിഷ്, പൊതുവിജ്ഞാനം എന്നിവയ്ക്കു പുറമേ മൂന്ന് ഇക്കണോമിക്സ് പേപ്പറുകളുണ്ട്. ഇന്ത്യൻ സാമ്പത്തിക ഘടനയെക്കുറിച്ചും 200 മാർക്കിന്റെ ഒരു പേപ്പർ എഴുതണം. എഴുത്തുപരീക്ഷയ്ക്കു ശേഷം 200 മാർക്കിന്റെ വൈവ. മൂന്നു ദിവസങ്ങളായാണു പരീക്ഷ. വിജ്ഞാപനം: 2018 മാർച്ച് 21
അപേക്ഷ: ഏപ്രിൽ 16 വരെ
പരീക്ഷ: ജൂൺ 29 മുതൽ മൂന്നു ദിവസം
കംബൈൻഡ് ജിയോസയൻസ് & ജിയോളജിസ്റ്റ് പരീക്ഷ
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് എന്നിവിടങ്ങളിൽ ജിയോളജിസ്റ്റ്, ജിയോഫിസിസ്റ്റ്, കെമിസ്റ്റ്, ജൂനിയർ ഹൈഡ്രോ ജിയോളജിസ്റ്റ് തസ്തികകളിലേക്കുള്ള പരീക്ഷ. ഓരോ തസ്തികയനുസരിച്ചും വിദ്യാഭ്യാസ യോഗ്യതയ്ക്കു മാറ്റമുണ്ട്. പരീക്ഷ മൂന്നു ദിവസം.
വിജ്ഞാപനം: 2018 മാർച്ച് 21
അപേക്ഷ: ഏപ്രിൽ 16 വരെ
പരീക്ഷ: ജൂൺ 29 മുതൽ മൂന്നു ദിവസം
കംബൈൻഡ് മെഡിക്കൽ സർവീസ്
കേന്ദ്രത്തിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളായ റെയിൽവേ, ഓർഡ്നൻസ് ഫാക്ടറി തുടങ്ങിയിടങ്ങളിലേക്കു ഡോക്ടർമാരെ കണ്ടെത്താനുള്ള പരീക്ഷ. 250 മാർക്ക് വീതമുള്ള രണ്ടു പേപ്പറുകൾ. വിജയിക്കുന്നവർക്ക് 100 മാർക്കിന്റെ ഇന്റർവ്യൂ.
വിജ്ഞാപനം: 2018 ഏപ്രിൽ 11
അപേക്ഷ: േമയ് ഏഴു വരെ
പരീക്ഷ: ജൂലൈ 22
ഇന്ത്യൻ ഫോറസ്റ്റ് സർവീസ്
വനപരിപാലന രംഗത്ത് ഉന്നത തസ്തികകളിലേക്കുള്ള നിയമനം ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയിലൂടെയാണ്. പ്രിലിമിനറി, മെയിന്‍സ്, ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്നു ഘട്ടങ്ങള്‍ക്കു ശേഷമാണു നിയമനം. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയായ സിസാറ്റ് തന്നെയാണ് ഇതിന്റെയും പ്രിലിമിനറി ഘട്ടം. തിരഞ്ഞെടുത്ത വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം
മെയിന്‍സ് പരീക്ഷ: 2018 ഡിസംബർ രണ്ടു മുതൽ പത്തുദിവസം
സിവിൽ സർവീസ് തന്നെ താരം
യുപിഎസ്‌സി നടത്തുന്ന പരീക്ഷകളിലെ താരവും ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ സ്വപ്നവുമാണു സിവിൽ സർവീസ്. 200 മാർക്കിന്റെ രണ്ടു പേപ്പറുകളായാണ് സിസാറ്റ് എന്ന പ്രിലിമിനറി പരീക്ഷ. തുടർന്ന് ഒൻപതു പേപ്പറുകളായി നടക്കുന്ന മെയിന്‍സ് പരീക്ഷയിൽ രണ്ടെണ്ണത്തിന്റെ സ്കോർ പരിഗണിക്കില്ല. മറ്റുള്ള ഏഴു പേപ്പറുകൾക്കുമായി 1750 മാർക്ക്. തുടര്‍ന്ന് 250 മാർക്കിന്റെ വ്യക്തിത്വ പരിശോധനാ പരീക്ഷ.
വിജ്ഞാപനം: 2018 ഫെബ്രുവരി ഏഴ്
അപേക്ഷ: മാർച്ച് ആറു വരെ
പ്രിലിമിനറി പരീക്ഷ: ജൂൺ മൂന്ന്
മെയിൻസ്: ഒക്ടോബർ ഒന്നു മുതല്‍ അഞ്ചു ദിവസം