Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നാം റാങ്കോടെ എയിംസിലേക്ക്, രണ്ടാമതും

Author Details
archana-sasi

ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടും പോലെ, അല്ലെങ്കിൽ ഒളിംപിക്സിൽ നൂറു മീറ്ററിലും ഇരുനൂറു മീറ്ററിലും സ്വർണം നേടും പോലെ... ഇത്തരമൊരു ഇരട്ട നേട്ടത്തിന്റെ തിളക്കത്തിലാണു ഡോ. അർച്ചന ശശി. പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്കോടെ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) എംബിബിഎസ് പൂർത്തിയാക്കിയ മല‌യാളി വിദ്യാർഥിനിക്ക് ഇപ്പോൾ പിജി എൻട്രൻസിലും ഒന്നാം റാങ്ക്. എംഡിക്കു ജനറൽ മെഡിസിൻ തിരഞ്ഞെടുക്കാനാണു തീരുമാനം. 

എയിംസിലെ പഠനാനുഭവം, ഭാവി ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് അർച്ചന തന്നെ പറയട്ടെ: 

എന്തുകൊണ്ട് ജനറൽ മെഡിസിൻ: 
ഗവേഷണ സാധ്യതകളാണ് എംഡിക്കു ജനറല്‍ മെഡിസിന്‍ തിരഞ്ഞെടുക്കാന്‍ കാരണം. ജനറല്‍ മെഡിസിനില്‍ ഓരോ കേസിലും പ്രത്യേകമായി ചിന്തിച്ചു നിഗമനത്തിലെത്തേണ്ടതുണ്ട്. ആ ചിന്താപദ്ധതി (തോട്ട് പ്രോസസ്) ഏറെയിഷ്ടം. 

എയിംസ് നൽകുന്ന അവസരങ്ങൾ: 
മെഡിസിൻ രംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായതിനാൽ വ്യത്യസ്തവും സങ്കീര്‍ണവുമായ കേസുകളേറെ. റോബോട്ടിക് അസിസ്റ്റന്‍സ് പോലെ ചികില്‍സാ രംഗത്തെ പുതു രീതികളെല്ലാം ഉള്‍പ്പെട്ട സിലബസാണ്. പക്ഷേ സിലബസിനേക്കാള്‍ എയിംസിനെ വ്യത്യസ്തമാക്കുന്നത് പ്രാക്ടിക്കലുകളും പഠനരീതികളുമാണ്. ഏറ്റവും അനുഭവസമ്പത്തുള്ള അധ്യാപകര്‍, അത്യാധുനിക ഉപകരണങ്ങള്‍, റഫറല്‍ ഹോസ്പിറ്റല്‍ ആയതിനാല്‍ എത്തുന്ന രോഗികളുടെ വൈവിധ്യം തുടങ്ങിയവയെല്ലാം എയിംസിനെ മുന്നില്‍ നിര്‍ത്തുന്നു. ക്യാംപസിലെ കോണ്‍ഫറന്‍സുകളുടെ മികവും എടുത്തു പറയണം. 

ഹരിയാനയിലെ ഗ്രാമങ്ങളിൽ: 
എംബിബിഎസിന്റെ ഭാഗമായുള്ള ഗ്രാമീണ സേവനം  ഹരിയാനയിൽ ഉൾമേഖലയിലെ രണ്ട് ആശുപത്രികളിലായിരുന്നു. രണ്ടിടത്തും മൂന്നു മാസം വീതം. ആശുപത്രിയില്‍തന്നെ താമസിച്ച് രാത്രിയും പകലുമെന്നില്ലാത്ത വിധമുള്ള പ്രവർത്തനം. ഏറെ വിലമതിക്കേണ്ട അനുഭവസമ്പത്ത്.

കരിയർ ഇന്ത്യയിൽ തന്നെ:
മൂന്നു വര്‍ഷ എംഡിക്കു ശേഷം സൂപ്പര്‍ സ്‌പെഷ്യൽറ്റിയും പൂർത്തിയാക്കി  ഇന്ത്യയില്‍ത്തന്നെ പ്രാക്ടീസ് ചെയ്യണമെന്ന് ആഗ്രഹം.