സ്മാർട് കാറുകൾ വഴി, സ്മാർട് ജോലികൾ

സമ്പൂർണ ‘മെക്കാനിക്കൽ’ മേഖലയായാണ് ഓട്ടമൊബീൽ രംഗം കരുതപ്പെട്ടിരുന്നത്, കഴി‍ഞ്ഞ പതിറ്റാണ്ടു വരെ. എന്നാൽ പതിയെപ്പതിയെ ഇലക്ട്രോണിക്സും കംപ്യൂട്ടർ സയൻസും വാഹനമേഖലയിലേക്കു കടന്നുവന്നു. ഇഎസ്പി, പാർക്കിങ് അസിസ്റ്റന്റ് തുടങ്ങി സെൻസറുകളും മൈക്രോ കൺട്രോളറുകളും വഴിയായിരുന്നു മാറ്റത്തിന്റെ തുടക്കമെങ്കിൽ ഇന്നു വാഹനരംഗത്തിന്റെ തലവര തന്നെ മാറ്റും വിധമാണു കാര്യങ്ങളുടെ പോക്ക്.

ഓട്ടമൊബീൽ രംഗത്ത് മെക്കിന്റെ മേധാവിത്വത്തിനു വിട; കംപ്യൂട്ടർ സയൻസിന് സാധ്യതകളുടെ കുതിപ്പ്

സ്മാർട് വാഹനങ്ങളുടെ ആവിർഭാവത്തോടൊപ്പം കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഡേറ്റ അനലിറ്റിക്സ് പശ്ചാത്തലമുള്ളവർക്കു മെക്കാനിക്കൽ വിഭാഗക്കാർക്കുള്ളത്രയുമോ അതിൽ കൂടുതലോ പ്രാതിനിധ്യം ലഭിക്കുന്നു.നിസാൻ മോട്ടോർ കമ്പനിയുടെ ആദ്യ ഗ്ലോബൽ ഡിജിറ്റൽ ഹബ് തിരുവനന്തപുരത്തു പ്രവർത്തനം ആരംഭിച്ചതിനൊപ്പം ഡേറ്റ സയന്റിസ്റ്റ്, ഡേറ്റ ആർക്കിടെക്ട്, ബിസിനസ് ഇന്റലിജൻസ് ഡവലപ്പർ തുടങ്ങിയ തസ്തികകളിലേക്കു വിദഗ്ധരെ ക്ഷണിച്ചു വിജഞാപനം വന്നിട്ടുണ്ട്. സ്റ്റെം (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്‌സ്) േമഖലയിൽനിന്നുള്ളവർക്കാണ് അവസരം. മാസ്റ്റേഴ്സിനു ശേഷം നാലു വർഷം വരെയോ പിഎച്ച്ഡിക്കു ശേഷം രണ്ടു വർഷം വരെയോ പ്രോബബിലിറ്റി, സ്റ്റാറ്റിസ്റ്റിക്സ്, മെഷീൻ ലേണിങ്, ഡേറ്റ മൈനിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ പ്രവൃത്തിപരിചയവും വേണം. ഹഡൂപ്, സ്പാർക്, ഹൈവ് തുടങ്ങിയ ബിഗ് ഡേറ്റ പ്ലാറ്റ്ഫോമുകളിലും എസ്ക്യുഎൽ പോലെയുള്ള ഡേറ്റ ബേസുകളിലുമുള്ള പരിചയവും അഭികാമ്യം.