Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്വയം’: ഇ–പഠനത്തിന്റെ ഇന്ത്യൻ വഴി

Author Details
Computer

ലോകം ഓൺലൈൻ പഠനത്തിന്റെ വഴിയേ മുന്നേറുമ്പോൾ ഇന്ത്യ എവിടെ നിൽക്കുന്നു? അതിനു യുജിസിയുടെ ഉത്തരമാണു ‘സ്വയം’ (Study Webs of Active Learning for Young Aspiring Minds). മൂക് (MOOC) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾക്കുള്ള ഇന്ത്യൻ പ്ലാറ്റ്ഫോം. മിക്ക ‘സ്വയം’ കോഴ്സുകളും നൽകുന്നതു കേന്ദ്ര സർവകലാശാലകൾ, ഐഐടികൾ, ഐഐഎമ്മുകൾ തുടങ്ങി മുൻനിര സ്ഥാപനങ്ങളും.

ലോകത്തെ മുൻനിര മൂക് പ്ലാറ്റ്ഫോമുകളായ Coursera, edX, Udacity എന്നിവയിലെ കോഴ്സുകളുടെ സർട്ടിഫിക്കേഷൻ വിദേശ സർവകലാശാലകൾ അവരുടെ അക്കാദമിക് ക്രെഡിറ്റ് ആയി അംഗീകരിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ സർവകലാശാലകളിൽ അതു സ്വീകാര്യമല്ല. അവിടെയാണു ‘സ്വയ’ത്തിന്റെ പ്രസക്തി. ഈ കോഴ്സുകൾക്ക് ഇന്ത്യയിലെവിടെയും അംഗീകാരമുണ്ട്. പിജി വിദ്യാർഥികൾ 10% കോഴ്സ് ക്രെഡിറ്റ് ‘സ്വയം’ വഴി നേടണമെന്നു യുജിസി നിഷ്കർഷിക്കുകയും ചെയ്യുന്നു.

കോഴ്സ് ഘടന

ഓരോ ‘സ്വയം’ കോഴ്സിലും വിവിധ മൊഡ്യൂളുകളുണ്ടാകും. എത്ര മൊഡ്യൂളുകളെന്നതു കോഴ്സിന്റെ ക്രെഡിറ്റ് (മതിപ്പ്) അനുസരിച്ചിരിക്കും. മൂന്നു ക്രെഡിറ്റുള്ള കോഴ്സിൽ മുപ്പതോളം മൊഡ്യൂൾ. 15 ആഴ്ചയാണ് എല്ലാ കോഴ്സുകളുടെയും ദൈർഘ്യം. മൂന്നു ക്രെഡിറ്റുള്ള കോഴ്സാണെങ്കിൽ ആഴ്ചയിൽ രണ്ടു വീതം മൊഡ്യൂളുകൾ. എല്ലാ കോഴ്സിലും മുൻകൂട്ടി നിശ്ചയിച്ച സമയപ്പട്ടികയിൽ മൊഡ്യൂളുകൾ പുറത്തുവിടും. ഓരോ മൊഡ്യൂളിലും ഉദ്ദേശം 10 മിനിറ്റ് ദൈർഘ്യമുള്ള മൂന്ന് അധ്യാപന വിഡിയോകളുണ്ടാകും. അനുബന്ധ അധ്യയനക്കുറിപ്പുകൾ, ഗൃഹപാഠങ്ങൾ തുടങ്ങിയവ വേറെയും.

വിഡിയോകൾ ‘സ്വയംപ്രഭ’ എന്ന പേരിൽ വിവിധ ഡിടിഎച്ച് ചാനലുകളിലൂടെ സംപ്രേഷണം ചെയ്യുന്നുണ്ട്. ഓരോ ചാനലും ഓരോ വിഷയത്തിലാണ്. ഉദാഹരണത്തിന് ചാനൽ 9 ജൈവശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്.

പരീക്ഷകൾ രണ്ടു വിധത്തിലാണ്. മാർക്കില്ലാത്ത സ്വയംപരീക്ഷകളും മാർക്കുള്ള പരീക്ഷകളും. ഓരോ കോഴ്സിലും ഉദ്ദേശം 20% മാർക്ക് ഓൺലൈൻ പരീക്ഷകളിലൂടെയാണ്. ബാക്കി 80% മാർക്ക് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഇഗ്നോ (ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി) നടത്തുന്ന പരീക്ഷകളിലൂടെയും.

ഏതു തലത്തിലും

ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവർക്കുള്ള കോഴ്സുകൾ ‘സ്വയം’ പ്ലാറ്റ്ഫോമിലുണ്ട്. ഒൻപത്, 10 ക്ലാസ് തലത്തിലുള്ള കോഴ്സുകൾ കൈകാര്യം ചെയ്യുന്നത് എൻസിഇആർടിയും എൻഐഒഎസും (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്) ആണ്. ഡിപ്ലോമ തല കോഴ്സുകൾ ഇഗ്നോയും സാങ്കേതികേതര ബിരുദ തല കോഴ്സുകൾ സിഇസിയും (കൺസോർഷ്യം ഫോർ എജ്യുക്കേഷനൽ കമ്യൂണിക്കേഷൻ) സാങ്കേതികേതര പിജി തല കോഴ്സുകൾ യുജിസിയും കൈകാര്യം ചെയ്യുന്നു. സാങ്കേതികവിഷയങ്ങളിൽ ബിരുദ, പിജി തല കോഴ്സുകളുടെ ചുമതല എൻപിടിഇഎല്ലിനാണ് (നാഷനൽ പ്രോഗ്രാം ഓൺ ടെക്നോളജി എൻഹാൻസ്ഡ് ലേണിങ്). കോഴ്സുകൾ സൗജന്യമാണെങ്കിലും പരീക്ഷകൾ പാസായാൽ യോഗ്യതാപത്രം ലഭിക്കാൻ ഫീസുണ്ട്.

(പഞ്ചാബ് കേന്ദ്ര സർവകലാശാല അസിസ്റ്റന്റ് പ്രഫസറാണു ലേഖകൻ)