തായ്‌ലൻഡ് ദൗത്യം: ഡിസാസ്റ്റർ മാനേജ്മെന്റ് പഠനമേഖലയുടെ സാധ്യതകൾ

തായ്‌ലൻഡ് ഗുഹയിലെ രക്ഷാദൗത്യം ലോകം നെഞ്ചിടിപ്പോടെയാണു കണ്ടതും കാത്തിരുന്നതും. ഡൈവിങ് വിദഗ്ധരുടെയും നേവി സീൽ അംഗങ്ങളുടെയും മിടുക്കാണു നാം പുറമെ കണ്ടത്. എന്നാൽ ഇതിന്റെ ആസൂത്രണത്തിൽ നിർണായക പങ്കു വഹിച്ച ഒരു വിഭാഗമുണ്ട്– ദുരന്തനിവാരണ (ഡിസാസ്റ്റർ മാനേജ്മെന്റ്) വിദഗ്ധർ.

കാട്ടുതീ,  ഭൂകമ്പം, പ്രളയം, മണ്ണിടിച്ചിൽ, പേമാരി... ഇത്തരം ദുരന്തങ്ങളെ നേരിടുകയും ആഘാതം കുറയ്ക്കുകയുമാണ് ഇവരുടെ ചുമതല. പണ്ട് സൈന്യവും സന്നദ്ധപ്രവർത്തകരും ചെയ്തിരുന്ന ജോലികളിൽ പ്രഫഷനലുകളും വേണമെന്ന തിരിച്ചറിവാണു ഡിസാസ്റ്റർ മാനേജ്മെന്റ് കോഴ്സുകളിലേക്കു വഴിതുറന്നത്. അത്ര ശക്തമായിട്ടില്ലെങ്കിലും ഇന്ത്യയിലും വളരെ വേഗം വളരുന്ന പഠനമേഖല.

കരിയർ എവിടെ?

സർക്കാർ മേഖലയിലാണ് അവസരമേറെ. കേന്ദ്രസർക്കാരിനു കീഴിലുള്ള ദുരന്തനിവാരണ സേനയാണു നാഷനൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻഡിആർഎഫ്). സംസ്ഥാനങ്ങളിലും ദുരന്തനിവാരണ ഏജൻസികളുണ്ട്. ഖനനം ഉൾപ്പെടെയുള്ള ഹൈ റിസ്ക് വിഭാഗങ്ങളിലെ പൊതു, സ്വകാര്യ മേഖലാ കമ്പനികൾ, സന്നദ്ധസംഘടനകൾ എന്നിവിടങ്ങളിലും അവസരമുണ്ട്.

ഇതിലും വലിയ അവസരങ്ങൾ വിദേശത്താണ്. ഡിസാസ്റ്റർ മാനേജ്മെന്റ് ഏറെ വികസിച്ച മേഖലയാണെന്നതു തന്നെ കാരണം. യുഎന്നിലും രാജ്യാന്തരപ്രശസ്തിയുള്ള സന്നദ്ധസംഘടനകളിലും അവസരം ലഭിക്കും. സാങ്കേതികവും നയപരവുമായ വിഷയങ്ങളിൽ ഗവേഷണമാണു മറ്റൊരു സാധ്യത.

സാധ്യത ആർക്ക്?

സാങ്കേതികമേഖല ഡിസാസ്റ്റർ മാനേജ്മെന്റിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ജിഐഎസ്, റിമോട്ട് സെൻസിങ് സാങ്കേതികവിദ്യകൾ രക്ഷാപ്രവർത്തനത്തിൽ സഹായിക്കുന്നു. നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ, ഡേറ്റ ബേസ് അനലിസ്റ്റ്, അഡ്മിനിസ്ട്രേറ്റർ, ഓപ്പറേഷൻസ് അനലിസ്റ്റ് തുടങ്ങിയ ഒട്ടേറെ ഐടി തസ്തികകളിൽ അവസരമുണ്ട്. സിവിൽ‌, മെക്കാനിക്കൽ തുടങ്ങി മറ്റു മേഖലകളിലുള്ള എൻജിനീയർമാരുടെ സേവനവും വേണ്ടിവരും.

രക്ഷാപ്രവർത്തനത്തിനപ്പുറം ഒരുപാടു തലങ്ങളുള്ള മേഖലയാണു ഡിസാസ്റ്റർ മാനേജ്മെന്റ്. നയരൂപീകരണം, സാങ്കേതികവിദ്യാ നിർണയം തുടങ്ങിയ മുന്നൊരുക്കങ്ങളും ദുരിതബാധിതരുടെ പുനരധിവാസം, വൈദ്യസഹായം, കൗൺസലിങ് തുടങ്ങിയ തുടർപ്രവർത്തനങ്ങളുമുണ്ട്. സാഹസപ്രിയരുടെ മാത്രം മേഖലയെന്ന മുൻവിധി വേണ്ട.

പഠനം എവിടെ?

വിദേശത്തു ബാച്‌ലർ, മാസ്റ്റേഴ്സ്, ഡോക്ടറൽ കോഴ്സുകളുണ്ടെങ്കിലും ഇന്ത്യയിൽ മാസ്റ്റേഴ്സ് കോഴ്സുകളാണു കൂടുതൽ. അടിയന്തരഘട്ട നടപടികൾ, ദുരന്തപ്രതിരോധ സാങ്കേതികവിദ്യ, നിയമങ്ങൾ, പരിസ്ഥിതിപഠനം, ലോജിസ്റ്റിക്സ് തുടങ്ങി പല മേഖലകളുമായി ബന്ധപ്പെട്ടാണു ഡിസാസ്റ്റർ മാനേജ്മെന്റ് പഠനം. സെന്റർ ഫോർ ഡ‍ിസാസ്റ്റർ മാനേജ്മെന്റ് (പുണെ), നാഷനൽ സിവിൽ ഡിഫൻസ് കോളജ് (നാഗ്പുർ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ് (ന്യൂഡൽഹി), ഡിസാസ്റ്റർ മിറ്റിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (അഹമ്മദാബാദ്), മദ്രാസ് സർവകലാശാല (ചെന്നൈ)‌, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (മുംബൈ) തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രധാന ക്യാംപസുകൾ.

ഇന്ത്യയിലെ എമേർജിങ് മേഖലയാണു ഡിസാസ്റ്റർ മാനേജ്മെന്റ്. മാനുഷിക മുഖമുള്ള ജോലി. തികഞ്ഞ സാമൂഹികപ്രതിബദ്ധതയോടെയല്ലാതെ തുടരാനാകില്ല. ഡോ.സി.ടി അരവിന്ദകുമാർ, പ്രഫസർ, സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസ്, എംജി സർവകലാശാല, കോട്ടയം

എംജിയിൽ പിജി

കോട്ടയം എംജി സർവകലാശാലയിൽ ഡിസാസ്റ്റർ മാനേജ്മെന്റ് മാസ്റ്റേഴ്സ് കോഴ്സുണ്ട്. സയൻസ്, എൻജിനീയറിങ് ബിരുദധാരികൾക്കാണ് അവസരം. ആദ്യ രണ്ടു സെമസ്റ്ററുകളിൽ പരിസ്ഥിതിപഠനവും മൂന്നാം സെമസ്റ്ററിൽ ദുരന്തനിവാരണ പഠനവും. നാലാം സെമസ്റ്ററിൽ ദുരന്തനിവാരണ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രൊജക്ടുമുണ്ടാകും.