എൻജിനീയറിങ്, മെഡിക്കൽ കോഴ്സുകളോടു മാത്രമാണു മലയാളികൾക്ക് ആഭിമുഖ്യമെന്നു പണ്ടേ ആരോപണമുണ്ട്. എന്നാലിപ്പോൾ സാഹചര്യം മാറി. നിയമവും ഡിസൈനും കൊമേഴ്സും ഉൾപ്പെടെയുള്ള കോഴ്സുകൾ ഒട്ടേറെപ്പേർ തിരഞ്ഞെടുക്കുന്നു. എൻജിനീയറിങ്ങിനോടും മെഡിസിനോടുമുള്ള പ്രിയം നിലനിൽക്കുമ്പോൾ തന്നെ മറ്റു മേഖലകളിലെ സാധ്യതകളും മലയാളികൾ തിരിച്ചറിയുന്നു. കുട്ടികൾ അഭിരുചി കൂടി പരിഗണിച്ചു കോഴ്സുകൾ തിരഞ്ഞെടുക്കുന്നു. ഇതാ, അങ്ങനെ വഴിമാറി നടന്ന ചിലർ.
നിയമം തെറ്റിച്ച് നിയമപഠനം
തൃശൂർ സ്വദേശിനി മഹിമ എം.നായർ പത്താംക്ലാസിൽ പഠിക്കുമ്പോൾ കണക്കിലും സയൻസിലും മുന്നിലായിരുന്നു. എന്നാൽ നിയമമാണു തന്റെ കരിയറെന്ന് അപ്പോഴേ തീർച്ചയാക്കിയിരുന്നു. സഹോദരന്റെ സുഹൃത്ത് ഇന്ത്യയിലെ മികച്ച ലോ സ്കൂളിൽ പഠിച്ചതിനാൽ ഇക്കാര്യത്തിൽ മാർഗനിർദേശവും ലഭിച്ചു.
പത്തിനു ശേഷം സയൻസിനു പകരം ഹ്യൂമാനിറ്റീസ് സ്ട്രീം എടുത്ത മഹിമയെ മറ്റുള്ളവർ അദ്ഭുതത്തോടെ നോക്കിയെങ്കിലും കുടുംബാംഗങ്ങൾ പിന്തുണച്ചു. ദേശീയ നിയമ സർവകലാശാലകളിൽ പ്രവേശനത്തിനുള്ള ക്ലാറ്റ്/ഐലറ്റ് പരീക്ഷയ്ക്കായി കോച്ചിങ്ങിനും പോയി. എല്ലാദിവസവും എല്ലാ വിഷയങ്ങളിലും പരിശീലനം നടത്തി. കൂടാതെ പൊതുവിജ്‍ഞാനം വർധിപ്പിക്കാൻ പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിച്ചു.ഒടുവിൽ ഡൽഹി നാഷനൽ ലോ യൂണിവേഴ്സിറ്റിയിലെത്തി.
കണക്കുവഴി സ്റ്റാറ്റിൽ
കേരള എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ 260ാം റാങ്കും കുസാറ്റ് പ്രവേശനപരീക്ഷയിൽ 152ാം റാങ്കും. എങ്കിലും കോട്ടയം സ്വദേശി രോഹിത് കുര്യൻ മാത്യു പോകുന്നതു കൊൽക്കത്ത ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് (ഐഎസ്ഐ).
പതിനൊന്നാം ക്ലാസിൽ തന്നെ രോഹിത് തന്റെ വഴി തിരിച്ചറിഞ്ഞിരുന്നു. എൻട്രൻസ് കോച്ചിങ്ങിനിടെ കണക്കിലെ അഭിരുചി മനസ്സിലാക്കിയാണു സ്റ്റാറ്റിസ്റ്റിക്സിലേക്കു തിരിഞ്ഞത്. ഐഎസ്ഐയുടെ പ്രവേശനപരീക്ഷ വഴി ബി സ്റ്റാറ്റ് കോഴ്സിലേക്കാണു പ്രവേശനം ലഭിച്ചത്. കേരളത്തിലെ ഏക പരീക്ഷാകേന്ദ്രമായ കൊച്ചിയിൽി എഴുതിയവരിൽ പ്രവേശനം ലഭിച്ച ഏക മലയാളി. ഐഎസ്ഐയിൽ അഡ്മിഷൻ, ഹോസ്റ്റൽ ഫീസുകളൊന്നുമില്ല. മാസം 3000 രൂപ സ്റ്റൈപൻഡ് ലഭിക്കുകയും ചെയ്യും. വൻകിട കമ്പനികളിൽ മികച്ച പ്ലേസ്മെന്റിനും സാധ്യതയുള്ള കോഴ്സ്.
ബിടെക്കിനു ശേഷം റൂട്ട് മാറി
ബിടെക് എയ്റനോട്ടിക്കൽ എൻജിനീയറിങ് പഠിക്കുമ്പോഴാണ് തിരുവനന്തപുരം കോവളം സ്വദേശി കെ.എസ്.സിയാന്‍ ഡിസൈനിങ്ങിലുള്ള തന്റെ അഭിരുചി തിരിച്ചറിഞ്ഞത്.
തുടർന്ന് നിരന്തര അന്വേഷണമായിരുന്നു. അങ്ങനെയാണ് അഹമ്മദാബാദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (എന്‍ഐഡി) എം.ഡിസ് കോഴ്സിനെക്കുറിച്ച് അറിഞ്ഞത്. ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഡാറ്റ്) വിജയിക്കുന്നവർക്കാണു പ്രവേശനം.
ഐടി കമ്പനികളിലേക്കുള്ള പ്ലേസ്മെന്റിനു പിടികൊടുക്കാതെ ലോങ് ഡിസ്റ്റൻസ് പ്രോഗ്രാം വഴി ഡാറ്റ് പരിശീലനം തേടി.
ഒടുവിൽ കൊതിച്ചതു കിട്ടി– ഡിസൈൻ ഫോർ റീട്ടെയ്ൽ എക്സ്പീരിയൻസ് എന്ന സ്പെഷലൈസേഷനിൽ എംഡിസ്. മൈക്രോസോഫ്റ്റിൽ ഇന്റേൺഷിപ്പിനു ചേരാനൊരുങ്ങുകയാണു സിയാൻ,.
കൊമേഴ്സ് തുറന്നുതന്ന സിഎ ജാലകം
എട്ടാംക്ലാസിൽ പഠിക്കുമ്പോൾ തന്നെ കൊമേഴ്സാണു തന്റെ വഴിയെന്നു തിരുവനന്തപുരം സ്വദേശിനി ശ്രീപ്രിയ മുരളി തിരിച്ചറിഞ്ഞു. റിസർവ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്വിസ് ആണു പ്രചോദനമായത്. അച്ഛനമ്മമാർ ബാങ്ക് ഉദ്യോഗസ്ഥരായിരുന്നതും തീരുമാനത്തെ സ്വാധീനിച്ചു.
ഹയർസെക്കൻഡറി സ്ട്രീമായി കൊമേഴ്സ് തിരഞ്ഞെടുത്തു. പത്തിൽ മാർക്ക് കുറവാണോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ നേരിടേണ്ടി വന്നു. പന്ത്രണ്ടാം ക്ലാസിനു ശേഷം സിപിടി പാസായി ചാർട്ടേഡ് അക്കൗണ്ടൻസിക്കു ചേർന്നു.
നിലവിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ഉരുത്തിരിയുന്ന മേഖലയാണ് ചാർട്ടേഡ് അക്കൗണ്ടൻസിയെന്നു ശ്രീപ്രിയ പറയുന്നു.ജിഎസ്ടി നടപ്പിലാക്കിയതോടെ ഈ മേഖലയ്ക്കു കൂടുതൽ തിളക്കമായി.