പ്ലാന്റേഷൻ മാനേജ്‌മെന്റ്: അപേക്ഷ ജനുവരി 31 വരെ

തീരെക്കുറച്ചു മാത്രം പഠനസൗകര്യമുള്ള വിശേഷ മാനേജ്‌മെന്റ് ശാഖയാണു പ്ലാന്റേഷൻ മാനേജ്‌മെന്റ്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള മികച്ച സ്‌ഥാപനമായ ‘ഐഐപിഎം ബെംഗളൂരു’ നടത്തുന്ന 24 മാസത്തെ ‘പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഇൻ അഗ്രി–ബിസിനസ് ആൻഡ് പ്ലാന്റേഷൻ മാനേജ്‌മെന്റ്’ പ്രവേശനത്തിനു 2017 ജനുവരി 31ന് അകം അപേക്ഷ ബെംഗളൂരുവിൽ എത്തിക്കണം.

Indian Institute of Plantation Management, Jnana Bharathi Campus, Malathalli, Bengaluru-560 056; Ph: 080- 23212767; Web: www.iipmb.edu.in; e-mail: admissions@iipmb.edu.in. ഈ യോഗ്യത എംബിഎയ്ക്കു തുല്യമായി അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അംഗീകരിച്ചിട്ടുണ്ട്.

കോഫി / റബർ / ടീ / സ്‌പൈസസ് ബോർഡുകളുടെയും പ്ലാന്റേഷൻ വ്യവസായ അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് സ്‌ഥാപനം പ്രവർത്തിക്കുന്നത്. കാർഷികമേഖലയിലേതടക്കം ഏതെങ്കിലും വിഷയത്തിലെ സർവകലാശാലാ ബിരുദം 50% എങ്കിലും മാർക്കോടെ ജയിച്ചവർക്ക് അപേക്ഷിക്കാം.

പട്ടിക, വികലാംഗ വിഭാഗക്കാർക്കു 45% മാർക്കു മതി. ഐഐഎം ക്യാറ്റ്, മാറ്റ്, അറ്റ്‌മ, സി–മാറ്റ് ഇവയേതിലെങ്കിലും സ്‌കോർ നേടിയിരിക്കണം. പട്ടിക, പിന്നാക്ക, വികലാംഗ വിഭാഗക്കാർക്കു കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം സീറ്റുസംവരണമുണ്ട്.

വിദേശ ഇന്ത്യക്കാർക്കും അപേക്ഷിക്കാം. ഹോസ്റ്റലടക്കം രണ്ടുവർഷത്തേക്ക് എട്ടുലക്ഷം രൂപയോളം ചെലവു വരും. അപേക്ഷ അപേക്ഷാഫോമും പ്രോസ്‌പെക്‌റ്റസും കിട്ടാൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെ അഡ്‌മിഷൻ ഓഫിസിലേക്ക് എഴുതുക. Indian Institute of Plantation Management എന്ന പേരിൽ ബെംഗളൂരുവിൽ മാറാവുന്ന 1000 രൂപയുടെ ഡ്രാഫ്‌റ്റുകൂടെ വയ്‌ക്കണം.

പട്ടിക, വികലാംഗ വിഭാഗക്കാർ അർഹതയ്‌ക്കുള്ള രേഖകൾ കൂടെ വച്ചാൽ 500 രൂപയുടെ ഡ്രാഫ്‌റ്റ് അയച്ചാൽ മതി. വെബ്‌സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡുചെയ്‌തു പൂരിപ്പിച്ച് നിർദേശാനുസരണമുള്ള ഡ്രാഫ്‌റ്റു സഹിതം സമർപ്പിക്കുകയുമാകാം.