അറിഞ്ഞുനീങ്ങിയാൽ ഓസ്ട്രേലിയയിൽ അവസരമേറെ
ബാച്‌ലർ, മാസ്റ്റേഴ്സ്, പിഎച്ച്ഡി തലങ്ങളിലെല്ലാം വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ പ്രധാന ഡെസ്റ്റിനേഷനാണ് ഓസ്ട്രേലിയ. ഫാർമസി, എന്‍ജിനീയറിങ്, ആർട്സ്, മാനേജ്മെന്റ് തുടങ്ങി പല മേഖലകൾ. കോഴ്സ് യുജിയോ മാസ്റ്റേഴ്സോ പിഎച്ച്ഡിയോ എന്നതു പ്രധാനം. 2 വർഷ മാസ്റ്റേഴ്സിനു 30–40 ലക്ഷം രൂപ വിദ്യാഭ്യാസവായ്പയുമായാണു പലരും പോകുന്നത്. സ്കോളർഷിപ് ഉറപ്പില്ല. എപ്പോഴും ക്ലാസ് ഉണ്ടാകില്ലെന്നതിനാൽ പാർട് ടൈം ജോലികൾ തേടാം.
പിഎച്ച്ഡിക്കു പൂര്‍ണമായും സ്കോളർഷിപ് ലഭിക്കും. ഫോർട്നൈറ്റ് പേയ്മെന്റ് എന്ന രീതിയിൽ രണ്ടാഴ്ച കൂടുമ്പോൾ ഫെലോഷിപ് നൽകുന്ന രീതി പലയിടങ്ങളിലുമുണ്ട്. പിഎച്ച്ഡി വിദ്യാർഥികൾക്കു കിട്ടുന്ന വിക്ടോറിയ ഇന്ത്യ ഡോക്ടറൽ ഫെലോഷിപ് മികച്ചതാണ്. ജേതാക്കൾക്ക് ഇന്ത്യ–ഓസ്ട്രേലിയ സൗഹൃദപദ്ധതികളുടെ അംബാസഡറായും പ്രവർത്തിക്കാം. ഗവേഷണം പൂർത്തിയാക്കാന്‍ ഇന്ത്യയിലോ യുഎസിലോ എടുക്കുന്ന കാലതാമസം ഓസ്ട്രേലിയിൽ ഇല്ല. മൂന്നര വർഷത്തിൽ ഗവേഷണം തീർക്കണമെന്നാണു നിയമം. പിഎച്ച്ഡിക്കാർക്കും പാർട് ടൈം ജോലി ചെയ്യാം; പ്രത്യേകിച്ചും സർവകലാശാലകളിലെ അക്കാദമിക് ജോലികൾ.
ഓസ്ട്രേലിയയിൽ ഐടി പോലെ ചില മേഖലകളിൽ തൊഴിലവസരങ്ങൾ കൂടുതലാണ്; മറ്റു ചില മേഖലകളിൽ കുറവും. പെർമനന്റ് റസിഡൻസിക്കും വീസ എക്സ്റ്റൻഷനുമുള്ള അവസരങ്ങളും മനസ്സിലാക്കി വയ്ക്കാം.
(ഓസ്ട്രേലിയയിലെ മൊണാഷ് സർവകലാശാലയിൽ നിന്നു കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ രാഗേഷ് പ്രതാപൻ വിക്ടോറിയ ഇന്ത്യ ഡോക്ടറൽ ഫെലോഷിപ് ജേതാവാണ്. മൊണാഷിൽ നിന്നു പിജി റിസർച് സ്കോളർഷിപ്പും ലഭിച്ചിരുന്നു. സെല്ലുലോസ് നാനോ ക്രിസ്റ്റലുകൾ ഉപയോഗിച്ചുള്ള കോട്ടിങ്ങുകളുടെ വികസനവും ഗവേഷണവുമായിരുന്നു ഗവേഷണ വിഷയം. എട്ടു ജേണലുകളിൽ പേപ്പറുകൾ പ്രസിദ്ധീകരിച്ചു.