ഇന്റർവ്യൂവിൽ വിജയിക്കാൻ ഭാഷ ഇങ്ങനെ കൈകാര്യം ചെയ്യാം
നമ്മുടെ യുവജനങ്ങളിൽ നല്ല പങ്കിനു ഭാഷാപ്രയോഗത്തിന്റെ കാര്യത്തിൽ അലക്ഷ്യഭാവമാണ്. ആശയം പകർന്നു നൽകിയാൽപ്പോരേ, എന്തിന് ഭാഷയുടെ തലനാരിഴ കീറി തല പുണ്ണാക്കുന്നു എന്നതാണു പലരുടെയും സമീപനം. തനിക്കു തെറ്റ് വരില്ലെന്ന ചിന്ത മൂലം ശരിയെന്ന മട്ടിൽ തോന്നിയതെല്ലാം തുറന്നടിക്കുകയും ചെയ്യും. പല മൽസരപ്പരീക്ഷകളിലും ഉയർന്ന സ്കോർ നേടണമെങ്കിൽ ഭാഷ കൃത്യതയോടെ പ്രയോഗിക്കാൻ ശീലിച്ചേ മതിയാകൂ. മലയാളത്തിലെയും ഇംഗ്ലിഷിലെയും തെറ്റു കണ്ടെത്താനോ തിരുത്തിക്കാട്ടാനോ ഉള്ള ചോദ്യങ്ങൾ ചില പരീക്ഷകളിലുണ്ട്. ഉപന്യാസരീതിയിലുള്ള പരീക്ഷകളിൽ, വ്യാകരണത്തെറ്റ് ഒഴിവാക്കുന്നതിനെക്കാൾ പ്രധാനമായി മറ്റൊന്നുണ്ട്. കഴിയുന്നത്ര ചുരുക്കിയെഴുതി, പരമാവധി വിവരങ്ങൾ നിർദ്ദിഷ്ടസമയത്തിൽ നൽകുക. ഇതിനു ഭാഷാപ്രാവീണ്യം വേണം. ആശയപ്രകടനത്തിൽ വ്യക്തതയും കൃത്യതയും പുലർത്തുന്നതും പ്രധാനം. ചെറിയ കാര്യങ്ങളിലും ശ്രദ്ധിച്ചെങ്കിലേ കൃത്യത കൈവരിക്കാനാവൂ. ഒറ്റ രാത്രി കൊണ്ടു ഭാഷ ശുദ്ധമാക്കാൻ ആർക്കും കഴിയില്ലെന്നും ഓർക്കാം.
നന്നായി പറയാൻ അറിയില്ലെങ്കിൽ...
എഴുതി ബോധ്യപ്പെടുത്തുന്നതിൽ മാത്രമല്ല, ഇന്റർവ്യൂവിലും ഗ്രൂപ്പ് ചർച്ചയിലും ഭാഷാപ്രാവീണ്യത്തിനു പ്രസക്തിയുണ്ട്. ഉള്ളിലുള്ള ആശയം പറഞ്ഞൊപ്പിക്കാൻ കഷ്ടപ്പെടുന്ന പല ഉദ്യോഗാർഥികളെയും ഇന്റർവ്യൂ വേളയിൽ കണ്ടിട്ടുണ്ട്. ഉള്ള വിവരം ഉദ്യോഗാർഥിക്കു കൃത്യമായി പറയാൻ കഴിയുന്നില്ലല്ലോ എന്ന് തോന്നിയ സന്ദർഭങ്ങൾ. ശരാശരി ഏഴു മിനിറ്റ് ഓരോ ഉദ്യോഗാർഥിക്കും നൽകാമെന്ന് മുൻകൂട്ടി നിശ്ചയിച്ചു നടത്തുന്ന ഇന്റർവ്യൂവിലെത്തുന്നയാൾ വെറുതേ വാക്കുകൾ പെരുപ്പിക്കുകയും വാക്കു കിട്ടാതെ മുക്കിയും മൂളിയും പറയുകയുമാണെങ്കിൽ, അറിയാവുന്നതുപോലും വേണ്ടവിധം പറഞ്ഞുതീർക്കാനാകാതെ ആശയപ്രകടനം മോശമായിത്തീർന്ന് അന്യഥാ കിട്ടുമായിരുന്ന സ്കോർ കിട്ടാതെ പോകും.
പൊതുവേ കണ്ടുവരുന്ന ചില വികലരീതികൾ കാണുക
പലരും ഇംഗ്ലിഷ് വാക്യങ്ങൾ തുടങ്ങുന്നത് Actually, Basically, As you know, I think തുടങ്ങിയ പ്രയോഗങ്ങിലുടെയാവും. ഇടയ്ക്കിടെ ഇവ ആവർത്തിച്ചുകൊണ്ടുമിരിക്കും. There is no doubt that, I am sure Sir, I shall explain it, If you ask me whether എന്ന രീതിയിലുള്ള മുഖവുരകളും ഒഴിവാക്കാം. ഇതു നിസാരമല്ല; പരിമിതസമയത്തിനുള്ളിൽ പരമാവധി പോയിന്റുകൾ പറയേണ്ട ഗ്രൂപ്പ് ചർച്ചയിലും മറ്റും അതീവ പ്രധാനം.
പലരും വാക്യങ്ങൾ നീട്ടിനീട്ടി എവിടെ എങ്ങനെ തുടങ്ങിയെന്നോർക്കാതെ തപ്പിത്തടയുന്നു. കുറിയ വാക്യങ്ങളായാൽ, തെറ്റ് കുറയും. എഴുതുമ്പോൾ ഒരു ഖണ്ഡികയിൽ ഒരാശയം മാത്രം എന്ന മട്ടാണെങ്കിൽ വായിക്കുന്നയാൾ പോയിന്റുകളെല്ലാം ശ്രദ്ധിക്കാനുള്ള സാധ്യതയേറും.
ഇതെല്ലാം സാധ്യമാകണമെങ്കിൽ, ഭാഷയുടെ അടിസ്ഥാനകാര്യങ്ങളിൽ ശ്രദ്ധിച്ചു വായിക്കുകയും പറയുകയും എഴുതുകയും ചെയ്യുന്നതു ശീലമാക്കണം. എനിക്കു തെറ്റു വരാമെന്നോർക്കുകയും അതു തിരുത്താൻ തയാറായിരിക്കുകയും വേണം.
ചിലർ ഇംഗ്ലിഷും മലയാളവും പറയേണ്ടതുപോലെ പറയുകയും എഴുതേണ്ടതുപോലെ എഴുതുകയും ചെയ്യുന്നു. ചിലർ അച്ചടി ഭാഷയിൽ ഇംഗ്ലിഷ് സംസാരിക്കുന്നു. മറ്റു ചിലരാകട്ടെ പ്ലീസ്, താങ്ക്യൂ, സോറി മുതലായവ മാത്രം ഇംഗ്ലിഷിലും ബാക്കിയൊക്കെ മലയാളത്തിലും പറയുന്നു. സർവസാധാരണമായ മലയാളപദങ്ങൾ ഉണ്ടെങ്കിൽതന്നെയും ഇംഗ്ലിഷ് പദങ്ങൾ സ്ഥാനത്തും അസ്ഥാനത്തും ഇടകലർത്തി എഴുതുകയും പറയുകയും ചെയ്യുന്നവരായി പലരും നമ്മുടെ കൂട്ടത്തിലുണ്ട്. ‘‘ഫാമിലിക്ക് കോൾഡ് ആയതിനാൽ കഴിഞ്ഞ സൺഡേ ഈവനിങ് വോക്ക് ക്യാൻസൽ ചെയ്തു’’ എന്ന മട്ടിൽ. നിത്യജീവിതത്തിൽ ഇതുകൊണ്ടു തകരാറില്ല. പക്ഷേ ഇതു മാത്രം ശീലമാക്കിയവർ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട ഇന്റർവ്യൂവിലും ഗ്രൂപ്പ് ചർച്ചയിലും നല്ല ജോലി കിട്ടി പ്രഫഷനലായി സംസാരിക്കേണ്ട സന്ദർഭങ്ങളിലും വലിയ പ്രയാസം നേരിടേണ്ടിവരാം.
ശരിയുച്ചാരണത്തിന്റെ പ്രസക്തി
ഉച്ചാരണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കാത്തവർ ഏറെയുണ്ട്. Gas, status, suite, radar, fixed deposit, debris എന്നിവ ഗ്യാസ്, സ്റ്റാറ്റസ്, സൂട്ട്, റഡാർ, ഫിക്സഡ് ഡെപ്പോസിറ്റ്, ഡെബ്രിസ് എന്നിങ്ങനെ പറയുന്നവർ ധാരാളം. Top, hot മുതലായവയിലെ സ്വരം boat-ലെ പോലെയാക്കുന്നവരുണ്ട്. Bank, bag എന്നിവ ചിലർക്കു ബ്യാങ്കും ബ്യാഗും ആണ്. Withdraw, windscreen എന്നിവ ചേർത്തുച്ചരിക്കുന്നതിനു പകരം വിത്ത്-ഡ്രാ, വിൻഡ്-ഇസ്ക്രീൻ എന്നിങ്ങനെ പലരും പിരിച്ചുപറയുന്നു. Van, water എന്നിവയിലെ ആദ്യാക്ഷരം ഏറെപ്പേർ ഒരേപോലെ ഉച്ചരിക്കുന്നു. V, W എന്നീ അക്ഷരങ്ങളുടെ ഉച്ചാരണത്തിലെ വ്യത്യാസം അറിഞ്ഞുകൂടാത്തവരാണു മലയാളികൾ എന്നു പുറത്തുള്ള ചിലർ ആക്ഷേപിക്കുന്നതിൽ കുറെയൊക്കെ സത്യമുണ്ട്.
സായിപ്പിന്റെ ഭാഷയിലെ ഉച്ചാരണത്തിന്റെ കാര്യം നാം ഇത്രയൊക്കെ എള്ളുകീറി നോക്കണോ എന്നു ചിലർ ചോദിക്കും. പക്ഷേ, കടുത്ത മത്സരത്തിൽ പങ്കെടുക്കുമ്പോൾ മികച്ച ഭാഷയും ശരിയായ ഉച്ചാരണവുമായി വന്നു നല്ല മതിപ്പുളവാക്കി കൂടുതൽ മാർക്ക് നേടുന്നതിൽ പരാതിപ്പെട്ടതുകൊണ്ടു പ്രയോജനമില്ല. കോൺവെന്റ് സ്കൂളുകളിൽ പഠിച്ചുവരുന്ന പെൺകുട്ടികൾ പൊതുവേ നന്നായി ഇംഗ്ലിഷ് സംസാരിക്കുന്നു (ഒഴുക്കോടെ മലയാളം പറയാൻ ഇവർ ശീലിക്കുന്നില്ലെന്ന ന്യായമായ ആക്ഷേപവും കൂട്ടത്തിലോർക്കാം).
ആവശ്യമുള്ള വാക്കുകൾ അപ്പപ്പോൾ തടസ്സംകൂടാതെ നാവിൽ വരണമെങ്കിൽ ഇംഗ്ലിഷിൽത്തന്നെ സംസാരിച്ചു ശീലിക്കണം. എല്ലാം അന്നേരം ശരിയാക്കിക്കൊള്ളാമെന്നു കരുതിയാൽ വിജയിക്കില്ലെന്നു തീർച്ച. കേരളത്തിൽ തൊഴിൽ സുലഭമല്ലാത്തതിനാൽ അന്യദേശങ്ങളിൽ പോകേണ്ട അഭ്യസ്തവിദ്യരുടെ ജീവന്മരണ പ്രശ്നമാണു ഭാഷ എന്നതിൽ വലിയ അതിശയോക്തിയില്ല. നാമെല്ലാം ഒരുതരത്തിൽ ‘ഉഭയഭാഷാ ജീവികൾ’ ആണെന്ന് അംഗീകരിക്കുന്നതാണു പ്രായോഗികം.
ഉച്ചാരണശുദ്ധിയും സംഭാഷണഭാഷയും സ്വായത്തമാക്കുന്നതിൽ നാം ശ്രദ്ധിക്കേണ്ടതുണ്ട്. വിദേശ വ്യക്തികളുടെയും സ്ഥലങ്ങളുടെയും ശരിയായ ഉച്ചാരണം ഗ്രഹിക്കാൻ നല്ല റേഡിയോയിലെയോ ടിവി ചാനലുകളിലെയോ ഇംഗ്ലിഷ് വാർത്താ ബുള്ളറ്റിനുകൾ ശ്രദ്ധിക്കുന്നതു സഹായിക്കും. പൊതുവിജ്ഞാന പരീക്ഷകളിൽ ഇത്തരം പേരുകളുടെ ലിഖിതരൂപങ്ങളും അറിയേണ്ടിവരുമെന്നതിനാൽ മലയാള ദിനപത്രത്തിനു പുറമേ നിത്യവും ഒരു ഇംഗ്ലിഷ് പത്രവും കാണുന്നതു നാം ശീലമാക്കണം. മലയാളത്തിൽ മാത്രം വാർത്ത വായിക്കുന്നവർക്ക് യുഎൻ സെക്രട്ടറി ജനറൽ Antnio Guterresന്റെ പോയിട്ട് നാഗാലാൻഡ് മുഖ്യമന്ത്രി Neiphiu Rioയുടെ പേർപോലും ചോദ്യക്കടലാസിൽ കണ്ടാൽ പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ല. എഴുതാൻ തീരെക്കഴിയില്ല.
മെഡിറ്ററേനിയൻ, മംഗോളിയയുടെ തലസ്ഥാനമായ ഉലാൻബറ്റാർ എന്നീ വാക്കുകൾ എത്ര പേർക്ക് ഇംഗ്ലിഷിലെഴുതാൻ കഴിയും?
ഭാഷയോടൊപ്പം പൊതുവിജ്ഞാനവും
ഉപന്യാസം നന്നാകുന്നതിനു വലിയ വാക്കുകൾ വാരിവിതറണമെന്നതു തെറ്റിദ്ധാരണയാണ്. സന്ദർഭത്തിന് ഏറ്റവും പറ്റിയതും കുറിക്കു കൊള്ളുന്നതുമായ വാക്കുകൾ നമുക്കു കിട്ടണം. നല്ല പദസമ്പത്ത് (Vocabulary) ഇക്കാര്യത്തിൽ തുണയായി വരും. വായനയ്ക്കിടയിൽ കണ്ടുമുട്ടുന്ന, അർഥമറിയാൻ വയ്യാത്ത രണ്ടോ മൂന്നോ ഇംഗ്ലിഷ് വാക്കുകളുടെ അർത്ഥം നിഘണ്ടു നോക്കി നിത്യവും എഴുതിവയ്ക്കുന്ന ശീലം നേരത്തേ തുടങ്ങിയാൽ അതു പിൽക്കാലത്തു വലിയ സൗകര്യമായി അനുഭവപ്പെടും. പല മൽസരപ്പരീക്ഷകളിലും പദസമ്പത്ത് പരിശോധിക്കുന്ന ചോദ്യങ്ങളുണ്ടെന്നതും ഓർക്കുക.
നിത്യവും ഒരു ഇംഗ്ലിഷ് പത്രം കൂടെ വായിക്കുന്നതുകൊണ്ട് വേറെയും ഗുണമുണ്ട്. രാജ്യാന്തര രംഗത്തെയടക്കം ആനുകാലികസംഭവങ്ങളെപ്പറ്റിയുള്ള വിശദമായ അറിവ്, ഇംഗ്ലിഷ് ഭാഷയിലൂടെ ആശയങ്ങൾ നന്നായി പ്രയോഗിക്കാനുള്ള ശേഷി എന്നിവ ഒറ്റയടിക്കു നേടാനുള്ള സൗകര്യം. ആകർഷകമായ ശൈലീപ്രയോഗങ്ങളും വിദഗ്ദ്ധാഭിപ്രായങ്ങളും പ്രസക്തസംഖ്യകളും കുറിച്ചുവയ്ക്കുകയുംകൂടെ ചെയ്യുന്നത് ഏറെ നന്ന്. ഉദാഹരണത്തിന് ഐക്യരാഷ്ട്രസഭയിൽ എത്ര അംഗരാജ്യങ്ങളുണ്ട് എന്നത് വാർത്തയ്ക്കിടയിൽ ആനുഷംഗികമായി സൂചിപ്പിച്ചിട്ടുള്ളതിൽ ശ്രദ്ധിക്കാം. പിന്നീട്, വാദമുഖങ്ങളിലും മറ്റും കൃത്യമായ സംഖ്യകൾ എടുത്തുകാട്ടുന്നത് വാദമുഖങ്ങളുടെ വിശ്വാസ്യത മെച്ചപ്പെടുത്തും.
ഇതര സംസ്ഥാനക്കാരെ അപേക്ഷിച്ച് ബുദ്ധിശക്തി നമുക്കു കൂടുതലാണെന്നു യുക്തിരഹിതമായി വിശ്വസിക്കുകയും മൽസരങ്ങളിൽ പങ്കെടുക്കാൻവേണ്ടി പരിശ്രമിക്കാതിരിക്കുകയും ചെയ്താൽ അർഹതയുള്ള സ്ഥാനങ്ങൾ പോലും കൈവിട്ടുപോകും. കേരളത്തിലെ അക്കാദമിക പരീക്ഷകളിൽ ഉന്നത റാങ്കുകൾ നേടുന്നവർപോലും ദേശീയ മത്സരങ്ങളിൽ പിൻതള്ളപ്പെട്ടു പോകുന്നതിന്റെ കാരണങ്ങൾ വസ്തുനിഷ്ഠമായി അപഗ്രഥിച്ചു നാം പരിഷ്കാരങ്ങൾക്കു വിധേയരാകേണ്ടതല്ലേ?