‘ആമസോണിൽ നിന്നാണ്’. ആലപ്പുഴക്കാർ ഈ ശബ്ദം കേൾക്കുമ്പോൾ ഒന്നു മുഖമുയർത്തി നോക്കിക്കോളൂ. ഒരുപക്ഷേ പോരാട്ടത്തിന്റെ പ്രതീകമായ 2 പേരാവും ഡെലിവറി നൽകാൻ നിങ്ങളുടെ മുന്നിലെത്തുന്നത്. ശിവയും ജെയ്സണും. 

പെണ്ണായി ജനിച്ച്,  ആണായി ജീവിക്കാൻ തീരുമാനമെടുത്ത ഇവർക്ക് പുതിയൊരു കാൽവയ്പാണിത്. കളിയാക്കി ചിരിച്ചവർക്കു മുന്നിൽ, ജോലി ചോദിച്ചപ്പോൾ അധിക്ഷേപിച്ചവർക്കു മുന്നിൽ ഇന്നൊരു തൊഴിലുമായാണ് ഇവർ നിൽക്കുന്നത്. ആലപ്പുഴയിലെ ആമസോൺ ഡെലിവറി സർവീസിൽ ബുധനാഴ്ച മുതൽ ഇവർ ജോലി ചെയ്തു തുടങ്ങി. 

കുടുംബശ്രീയുടെ ട്രാൻസ്ജെൻഡർ സംഘടനായ ഷീറോസിനെ നയിക്കുന്ന അരുണിമ സുൽഫിക്കറാണ് ഇരുവർക്കും ജോലി ലഭിക്കാൻ സഹായിച്ചത്. മമ്മി എന്ന് ഇരുവരും വിളിക്കുന്ന അരുണിമ, ആമസോൺ അഭിമുഖത്തിന്റെ കാര്യം പറഞ്ഞപ്പോൾ ആദ്യം തമാശയെന്നാണ് ഇരുവരും കരുതിയത്. പക്ഷേ മറ്റ് പല ഉദ്യോഗാർഥികളെ പിന്തള്ളി ഇരുവരും ജോലിയിൽ പ്രവേശിക്കുകയായിരുന്നു. പൊലീസ് സേനയിൽ ചേരണം എന്ന ആഗ്രഹം പിന്തുടരുന്നവരാണ് ഇരുവരും. 

ജീവിതത്തിൽ പലതും നേടിയും നഷ്ടപ്പെടുത്തിയും 29 വയസ്സിലെത്തി നിൽക്കുമ്പോൾ ശിവയുടെ മനസ്സിൽ നഷ്ടബോധം മാത്രമില്ല. കോമളപുരം സ്വദേശിയായ ശിവ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദധാരിയാണ്. ചെറുപ്പം മുതൽ തന്നെ ആൺകുട്ടികൾക്കൊപ്പം കൂട്ടു കൂടി ആൺകുട്ടിയായി വളർന്നു. പ്ലസ് ടു, ഡിഗ്രി പഠന കാലത്താണ് താൻ പെൺകുട്ടിയല്ലെന്ന ബോധ്യം ഉറച്ചത്. ട്രാൻസ്ജെൻഡർ അവസ്ഥയെക്കുറിച്ചു പഠിച്ച ശേഷമാണ് തന്റെ വ്യക്തിത്വം വിളിച്ചു പറയാൻ ശിവ തയാറായത്. പഠനത്തിനു ശേഷം വാഹന ഷോറൂമിലും ലുലു മാളിലും ശിവ ജോലി നോക്കി. അമ്മയ്ക്കു സുഖമില്ലാതായതോടെ ഏക മകനായ ശിവ തിരികെ വന്നു.

വലിയ കലവൂരിൽ താമസിക്കുന്ന ജെയ്സണിനും സമാന ജീവിത സാഹചര്യമാണ്. ബന്ധുക്കൾ വടിയെടുത്തപ്പോഴും കൂടെ നിന്നത് അമ്മ മാത്രം. അമ്മ ‘എന്റെ മൂത്ത മകൻ’ എന്നു വിശേഷിപ്പിച്ചപ്പോഴാണ് ഏറ്റവും സന്തോഷം തോന്നിയത് എന്ന് ജെയ്സൺ. അമ്മ തന്നെ അംഗീകരിച്ചെന്ന, മനസ്സിലാക്കിയെന്ന ആഹ്ലാദം. പ്ലസ് ടുവിനു ശേഷം പഠനം അവസാനിപ്പിച്ചെങ്കിലും തുടർന്നു പഠിക്കണമെന്നും കാക്കി അണിയണമെന്നും ആണ് തീരുമാനം.