രോഗബാധിതനായ കുഞ്ഞിന്റെ ആഗ്രഹം സാധിച്ചു കൊടുത്ത ഫയർമാൻമാർക്ക് പൊൻ സല്യൂട്ട്!
മഞ്ചേരി ഫയർ സ്റ്റേഷനു മുൻപിൽ ഒരു കുട്ടിയും പിതാവും മടിച്ചുനിൽക്കുന്നത് കണ്ടപ്പോൾ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ മുഹമ്മദ് സലീം കാര്യമന്വേഷിച്ചു. ‘മോന് ഫയർ എൻജിൻ ഒന്നു തൊടണം’. ‘വരൂ’ എന്ന മറുപടിക്കു നേരെ വന്നയാൾ ഒരു തിരിച്ചറിയൽ കാർഡ് നീട്ടി. ‘ഗവ. മെഡിക്കൽ കോളജ്, ശിശുരോഗ വിഭാഗം, യൂണിറ്റ്: ഹെമറ്റോ ഓങ്കോളജി’. 7 വയസ്സിൽ കണ്ടെത്തിയ ലുക്കീമിയയോട് പൊരുതിനിൽക്കുന്ന പതിനൊന്നുകാരൻ.
സേനാംഗങ്ങൾ അവനെ കൂട്ടിക്കൊണ്ടുപോയി. ഫോൺകോൾ എടുക്കുന്നതു മുതൽ രക്ഷാവാഹനം പുറപ്പെടുന്നതു വരെയുള്ള കാര്യങ്ങൾ ഓരോന്നായി വിശദീകരിച്ചു. അഗ്നിരക്ഷാസേനയുടെ തൊപ്പിയും ഗംബൂട്ടുമണിയിച്ചു.
ഫയർ ടെൻഡറിന്റെ സീറ്റിലിരുന്ന് ഫോട്ടോ എടുത്തുകൊടുത്തു. ഏതു ദുർഘടപാതയെയും ആത്മവിശ്വാസം കൊണ്ട് അതിജീവിക്കാമെന്ന പാഠം പുതുക്കി അവൻ മടങ്ങി. ജോലിത്തിരിക്കിനിടയിലും കുട്ടിത്തത്തിന്റെ മോഹങ്ങൾക്ക് സല്യൂട്ടടിച്ച സേനാംഗങ്ങൾക്കുള്ള റിവാർഡ്, മടങ്ങുമ്പോൾ അവൻ നൽകിയ ഉള്ളുനിറഞ്ഞ പുഞ്ചിരിയാണ്. അഗ്നിരക്ഷാവാരാചരണ കാലത്തിനിടെ, കഴിഞ്ഞ ദിവസമാണ് ഇരുവരും സ്റ്റേഷനിലെത്തിയത്.
ഒരു കുട്ടിക്കു വേണ്ടി സ്റ്റേഷന്റെ എല്ലാ പ്രവർത്തനങ്ങളുടെയും ‘ഡെമോൺസ്ട്രേഷൻ’ നടത്തുന്നത് ഫയർമാൻമാരുടെ ആദ്യ അനുഭവമാണ്.
കുട്ടിയുടെ പിതാവിന് എവിടെയാണോ ജോലി അതാണ് തമിഴ്നാട്ടുകാരായ പാവപ്പെട്ട കുടുംബത്തിന്റെ വിലാസം. തുടർചികിത്സയുടെ ഇടവേളയാണിപ്പോൾ. തിരിച്ചറിയൽ കാർഡിൽ കോഴിക്കോട്ടെ വാടകവീടിന്റെ പേരാണെങ്കിൽ ഫയർ സ്റ്റേഷനിലേക്കു വരുന്നത് മലപ്പുറത്തെ മലയോരഗ്രാമത്തിൽ നിന്നാണ്.
വെള്ളത്തിൽ താഴ്ന്നുപോകാതിരിക്കാൻ എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ അവർ അവനെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ചു. തീയിൽ കാലു പൊള്ളില്ലേ എന്നാരാഞ്ഞപ്പോൾ അവനെ ഗംബൂട്ടണിയിച്ചു. ഫയർ എക്സ്റ്റിംഗ്യുഷറുകൾ ഓരോന്നായി പരിചയപ്പെടുത്തി. പ്രവർത്തിപ്പിച്ചു കാണിച്ചു. അങ്ങനെ, വണ്ടി തൊടാൻവേണ്ടി മാത്രം 25 കിലോമീറ്റർ അകലെനിന്നു വന്ന അവൻ ഒരു മണിക്കൂർ കൊണ്ട് ‘ഫയർമാനാ’യി മടങ്ങി.
‘ഒരു കുട്ടിക്കു വേണ്ടി ഇതെല്ലാം ചെയ്താൽ സാങ്കേതികപ്രശ്നമുണ്ടാകുമോ എന്നൊരു പേടി ചില സഹപ്രവർത്തകർക്കുണ്ടായിരുന്നു. പിന്നീട് അവർതന്നെ എല്ലാറ്റിനും മുൻപിൽനിന്നു. നൂറിടത്തെ തീയണച്ചപ്പോഴുണ്ടായിട്ടില്ല, ഞങ്ങൾക്ക് ഈ ഒരു മണിക്കൂറിന്റെ സന്തോഷം’ – സലീം പറഞ്ഞു.