ഫാഷൻ ഡിസൈനിങ്ങിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് എന്തു കാര്യം ? ലോകത്തിന്റെ ഏതു കോണിൽ നിന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങളിൽനിന്നു ഫാഷൻ ട്രെൻഡുകൾ കൃത്യമായി മനസ്സിലാക്കാം. ഓരോ മേഖലയിലെയും ജനത്തിന്റെ അഭിരുചി ഇങ്ങനെ തിരിച്ചറിഞ്ഞാകും ഇനി വസ്ത്ര രൂപകൽപന. ഇവിടെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുന്നത്. 

ഡിസൈനിങ്ങിൽ മാത്രമല്ല, വിപണനം, നിറങ്ങളുടെ തിരഞ്ഞെടുപ്പ്, ഗുണനിലവാര പരിശോധന തുടങ്ങി നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം തേടാനാണു ഫാഷൻ ഡിസൈനിങ് രംഗത്തുള്ളവർ ശ്രമിക്കുന്നത്. 

മാസങ്ങളോ വർഷങ്ങളോ പണിപ്പെട്ടു തയാറാക്കിയ ഡിസൈനുകളുടെ പകർപ്പ് നിർദയം വിപണിയിൽ എത്തിക്കുന്നവരെ കുരുക്കാനും ഗവേഷണം സഹായിക്കുമെന്നാണു പ്രതീക്ഷ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വസ്ത്രവ്യവസായത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതു സംബന്ധിച്ച് ദേശീയ സെമിനാർ 29നും 30നും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (നിഫ്റ്റ്) കണ്ണൂർ മാങ്ങാട്ടുപറമ്പിലെ ക്യാംപസിൽ നടക്കുന്നു. 

ഫാഷൻ ഡിസൈനർമാർ, അധ്യാപകർ, കംപ്യൂട്ടർ വിദഗ്ധർ, വസ്ത്രവ്യാപാര രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരുന്നതോടെ ഡിസൈനർമാർക്കു ജോലി പോകുമെന്ന ആശങ്കയും ചർച്ചയാകും. 

ഓൺലൈൻ റജിസ്ട്രേഷന് 

https://www.nift.ac.in/kannur/callforpapers2019