മലയാള മനോരമ ഫോൺ ഇൻ പരിപാടിയിലെ ചോദ്യങ്ങളും ബി.എസ്. വാരിയർ നൽകിയ ഉത്തരങ്ങളും

കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്ക് ഓപ്ഷൻ നൽകാവുന്നതു നാളെ രാവിലെ പത്തു വരെ. ജെഇഇ മെയിൻ/ അഡ്വാൻസ്ഡ് യോഗ്യത നേടിയവർക്കും ‘നീറ്റ്’ വഴി മെഡിക്കൽ അഖിലേന്ത്യ ക്വോട്ടയിൽ പ്രവേശനം തേടുന്നവർക്കുമുള്ള സമയക്രമവുമായി. ഈ നിർണായക ഘട്ടത്തിലെ സംശയങ്ങളുമായാണു മലയാള മനോരമയുടെ ഫോൺ ഇൻ പരിപാടിയിലേക്കു വിദ്യാർഥികൾ വിളിച്ചത്.

പൊതുസ്വഭാവമുള്ള ചില സംശയങ്ങളും വിദ്യാഭ്യാസ– കരിയർ വിദഗ്ധൻ ബി.എസ്. വാരിയർ അവർക്കു നൽകിയ മറുപടികളും ഇതാ:

കേരള എൻജിനീയറിങ് റാങ്ക്‌ലിസ്റ്റിൽ നൂറാം സ്ഥാനത്തുള്ള ആൾ പത്ത് ഓപ്ഷനുകൾ നൽകിയെന്നിരിക്കട്ടെ. തൊട്ടുതാഴെയുള്ള ആൾ ഒന്നാം ഓപ്ഷനായി നൽകിയിരിക്കുന്നതു നൂറാം റാങ്കുകാരന്റെ പത്താം ഓപ്ഷനും. ആർക്കായിരിക്കും മുൻഗണന ?
നൂറാം റാങ്കുകാരനു തന്നെ. കൂടിയ റാങ്കുള്ളയാളുടെ എല്ലാ ഓപ്ഷനും പരിഗണിച്ചിട്ടേ താഴെയുള്ളവരുടെ ആദ്യ ഓപ്ഷനുൾപ്പെടെ കണക്കിലെടുക്കൂ.

ഒരു ഓപ്ഷൻ അനുസരിച്ച് അലോട്മെന്റ് ലഭിച്ച് കോളജിൽ  ചേർന്നശേഷം എന്തു ചെയ്യണം?
തൃപ്തികരമായ ഓപ്ഷൻ ആണെങ്കിൽ പ്രവേശനം സ്ഥിരമാക്കാനായി ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കാം. ഉയർന്ന ഓപ്ഷനുകളിൽ താൽപര്യമുണ്ടെങ്കിൽ ഹോംപേജിലെത്തി ‘ഓൺലൈൻ കൺഫർമേഷൻ’ നടത്തുക. ഓപ്ഷൻ ക്രമം മാറ്റിക്കൊടുക്കുകയോ, താൽപര്യമില്ലാത്തവ റദ്ദാക്കുകയോ ആകാം. പക്ഷേ പുതിയതു കൂട്ടിച്ചേർക്കാനാകില്ല. 

എൻജിനീയറിങ്ങിന് ആദ്യ അലോട്മെന്റ് ലഭിക്കുമ്പോൾ തന്നെ കോളജിൽ ചേരേണ്ടതുണ്ടോ ?
ഇല്ല. പക്ഷേ നിർദിഷ്ടസമയത്ത് ഫീസടയ്ക്കണം. സാധാരണഗതിയിൽ മൂന്നാം അലോട്മെന്റ് പ്രകാരമാണ് എൻജിനീയറിങ് കോളജിൽ ചേരേണ്ടത്. എപ്പോൾ ചേരണമെന്ന് അലോട്മെന്റ് മെമ്മോയിൽ നിർദേശിച്ചിരിക്കും. പക്ഷേ എംബിബിഎസ് / ബിഡിഎസ് പ്രവേശനത്തിൽ ആദ്യ അലോട്മെന്റ് അനുസരിച്ചു തന്നെ ചേരേണ്ടിവരും.

നീറ്റ് വഴിയുള്ള പ്രവേശനത്തിൽ കേരളത്തിലെ വ്യവസ്ഥകൾപ്രകാരമുള്ള സംവരണം ലഭിക്കുമോ ?
നീറ്റിലെ റാങ്കിങ്, അഖിലേന്ത്യാപരീക്ഷ വഴിയാണു നിർണയിക്കുന്നതെങ്കിലും, കേരളത്തിൽ പ്രഫഷനൽ കോഴ്സുകൾക്കു സാധാരണ ലഭിക്കുന്ന സംവരണം ഇതുവഴിയുള്ള പ്രവേശനത്തിനു ലഭിക്കും.  സംസ്ഥാനത്തെ പ്രവേശനത്തിന് അർഹതയുള്ളവരെ വച്ച് സംസ്ഥാന റാങ്ക് ലിസ്റ്റുണ്ടാക്കും.

എംബിബിഎസ് / ബിഡിഎസ് ലിക്വിഡേറ്റഡ് ഡാമേജസ് എന്താണ് ?
പ്രവേശനം ലഭിച്ച എംബിബിഎസ് സീറ്റ് പാഴാക്കിക്കളഞ്ഞാൽ 10 ലക്ഷം രൂപയും ബിഡിഎസ് സീറ്റാണെങ്കിൽ 5 ലക്ഷം രൂപയും (നിലവിലെ നിരക്ക്) ഫൈൻ അടയ്ക്കണം.  എഐസിടിഇ കോഴ്സുകൾക്ക് ഇതു ബാധകമല്ല.

ഡെയറി ടെക്നോളജി,.ഫുഡ് ടെക്നോളജി തുടങ്ങിയവയുടെ പ്രസക്തി എങ്ങനെ ?
പാൽ, പാലുൽപന്ന വ്യവസായങ്ങൾ വളർച്ച നേടുന്നതിനാൽ ഏറെ സാധ്യതയുള്ള കോഴ്സാണു ഡെയറി ടെക്നോളജി. പാക്കേജ്ഡ്, പ്രോസസ്‍ഡ് ഭക്ഷ്യവിപണിയുടെ വളർച്ച, ഭക്ഷ്യസുരക്ഷയുെട പ്രാധാന്യം എന്നിവ ഫുഡ് ടെക്നോളജിക്ക് അനുകൂലഘടകങ്ങളാണ്. വെറ്ററിനറി സർവകലാശാലയിൽ ചെലവുകുറഞ്ഞ ഫുഡ് ടെക്നോളജി കോഴ്സുണ്ട്. 3410 രൂപ മാത്രമാണു ഫീസ്.

പെർഫ്യൂഷൻ ടെക്നോളജിയുടെ സാധ്യതകൾ ? 
പാരാമെഡിക്കൽ വിഭാഗത്തിൽ മികച്ച സാധ്യതകൾ നൽകുന്ന കോഴ്സാണു പെർഫ്യൂഷൻ ടെക്നോളജി. ഓപ്പറേഷൻ തിയറ്ററിലാണു ജോലി.