തിരുവനന്തപുരം സ്വദേശി അഭിജിത് അശോക് ബിരുദദാനച്ചടങ്ങിൽ മുണ്ടും ജുബ്ബയും ധരിച്ചെത്തി; രാജ്യാന്തര മനുഷ്യാവകാശ പ്രഖ്യാപനം മലയാളത്തിൽ വായിച്ചു– എവിടെ എന്നറിയുമ്പോഴാണ് ഇതെല്ലാം കൗതുകമാകുന്നത്. യുഎസിലെ ഹാർവഡിൽ. ഓരോരുത്തരുടെയും മാതൃഭാഷയെയും സംസ്കാരത്തെയും അവർ എത്രത്തോളം മാനിക്കുന്നുവെന്നതിന്റെ തെളിവ്. 

അയച്ചില്ലല്ലോ എന്ന കുറ്റബോധം ഒഴിവാക്കാനായി മാത്രം അയച്ച അപേക്ഷ അഭിജിത്തിനെ എത്തിച്ചത് ഹാർവഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ എംഎസ് ഹെൽത്ത് ഡേറ്റ സയൻസ് കോഴ്സിൽ. കോഴ്സ് തീരും മുൻപേ മൈക്രോസോഫ്റ്റിൽ ഡേറ്റ സയന്റിസ്റ്റായി നിയമനം. വർഷം ഒന്നരക്കോടി രൂപയിലേറെ ശമ്പളം. വഴുതക്കാട് സ്വദേശികളായ അധ്യാപകരായ അശോക് കുമാറിന്റെയും അർച്ചനയുടെയും മകൻ താൻ പോയ വഴികൾ പറഞ്ഞുതരുന്നു.

പ്രവേശനം ഇങ്ങനെ
ഓരോ കോഴ്സിനും പ്രത്യേകം അഡ്മിഷൻസ് കമ്മിറ്റിയുണ്ട്. പ്രാഥമിക പരിശോധന കഴിഞ്ഞാൽ ഹാർവഡ് പ്രഫസർമാർ അടങ്ങുന്ന ഈ കമ്മിറ്റി വിലയിരുത്തും. എംബിഎ, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് ഇന്റർവ്യൂ ഉണ്ടാകും. ഓഗസ്റ്റിൽ തുടങ്ങുന്ന കോഴ്സിലേക്കുള്ള അപേക്ഷ ഓൺലൈനിൽ തലേ നവംബറിൽ തന്നെ അയയ്ക്കണം. ഫെബ്രുവരിയിലോ മാർച്ചിലോ ഫലമറിയാം. 

വെബ്സൈറ്റ്:college.harvard.edu/admissions

ടെസ്റ്റ് സ്കോർ: യുഎസിൽ സർവകലാശാലാ പ്രവേശനത്തിനുള്ള പ്രധാന കടമ്പയായ ജിആർഇ പരീക്ഷയിലും ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യം അളക്കുന്ന ടോഫൽ പരീക്ഷയിലും മികച്ച സ്കോറിൽ പാസാകണം. 

സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്: എന്തുകൊണ്ട് അപേക്ഷിക്കുന്നുവെന്ന് 600 വാക്കുകളിൽ ഉപന്യാസമെഴുതണം. വെറും കുറിപ്പല്ല; കഥ  പോലെയായിരിക്കണം. 

ലെറ്റർ ഓഫ് റെക്കമെൻഡേഷൻ: കോളജിൽ പ്രഫസർമാരോ ജോലിസ്ഥലത്തെ മാനേജർമാരോ നൽകുന്ന ശുപാർശക്കത്തുകൾ. കുറഞ്ഞത് 3 കത്തുകളെങ്കിലും വേണം.

സ്കോളർഷിപ്പും നേടാം 
എഴുപതു ശതമാനം വിദ്യാർഥികൾക്കും എന്തെങ്കിലും സാമ്പത്തികസഹായം ലഭ്യമാകും. പ്രധാന അപേക്ഷ സമർപ്പിച്ചു രണ്ടാഴ്ചയ്ക്കുള്ളിൽ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള ഫോമുകൾ ഓൺലൈനായി അയയ്ക്കും. കോഴ്സ് അനുസരിച്ച് തിരഞ്ഞെടുക്കാം.  

അഭിജിത്തിന് ഹാർവഡിന്റെ 'കരുണ മജൂംദാർ ഫെല്ലോഷിപ്പിലൂടെ 21 ലക്ഷം രൂപ ലഭിച്ചിരുന്നു. ക്യാംപസിൽ തന്നെ ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്യാം. ടീച്ചിങ് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് തുടങ്ങിയ ജോലികളിലൂടെ മണിക്കൂറിൽ 1400 രൂപ വീതം നേടാം. 

വെബ്സൈറ്റ്:college.harvard.edu/financial-aid

വീസ എങ്ങനെ
പ്രവേശനഫലം വന്ന ശേഷമാണ് അമേരിക്കൻ സ്റ്റുഡന്റ് വീസയ്ക്ക് (എഫ്–1) അപേക്ഷ സമർപ്പിക്കേണ്ടത്. ഹാർവഡ് തപാലായി അയച്ചുതരുന്ന I-20, SEVIS മുതലായ രേഖകൾ ഉപയോഗിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷ സമർപ്പിച്ച് 11,000 രൂപയോളം വരുന്ന വീസ ഫീസും അടച്ചാൽ ഇന്റർവ്യൂ നൽകാനുള്ള തീയതിയും സമയവും ബുക്ക് ചെയ്യാം. ചെന്നൈയിലെ യുഎസ് കോൺസുലേറ്റാണ് നമുക്കേറ്റവും അടുത്തത്.

ഇന്റർവ്യൂവിന് ചോദിക്കുന്ന ചോദ്യങ്ങളും വീസ നൽകണോ വേണ്ടയോ എന്നുള്ള തീരുമാനവും അവിടെയുള്ള ഓഫിസറുടേതാണ്. വീസ കിട്ടുമോ ഇല്ലയോ എന്ന് ഇന്റർവ്യൂ കഴിയുമ്പോൾ തന്നെ അറിയാം. 

മൈക്രോസോഫ്റ്റിൽ ഡേറ്റ സയന്റിസ്റ്റായ കഥ
ലിങ്ക്ഡ്ഇൻ വഴി മൈക്രോസോഫ്റ്റിന്റെ പ്രതിനിധി ഇങ്ങോട്ടു ബന്ധപ്പെടുകയായിരുന്നു. അവരുടെ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ വിഭാഗത്തിന്റെ ഡവലപ്മെന്റ് ആക്സിലറേഷൻ പ്രോഗ്രാമിലേക്കായിരുന്നു ക്ഷണം.

ആറ് ഇന്റർവ്യൂ കടന്നുകിട്ടണം. ഫെബ്രുവരി ആദ്യവാരം ഫോണിലൂടെ ആദ്യ ഇന്റർവ്യൂ. നമ്മുടെ അനുഭവസമ്പത്തും പ്രസിദ്ധീകരിച്ച പേപ്പറുകളും സംബന്ധിച്ച കാര്യങ്ങൾ മൈക്രോസോഫ്റ്റിലെ ഒരു ഡേറ്റ സയന്റിസ്റ്റ് ചോദിച്ചു. 

അടുത്ത 4 ഇന്റർവ്യൂകൾ ഫെബ്രുവരി അവസാനവാരം ഒരേ ദിവസമായിരുന്നു; ഒന്നിനുപിറകെ ഒന്നായി 45 മിനിറ്റ് വീതം. ദിവസങ്ങൾക്കുള്ളിൽ ആറാം ഇന്റർവ്യൂ ഫോണിലൂടെ. മൈക്രോസോഫ്റ്റിലെ ആക്സിലറേഷൻ പ്രോഗ്രാം ഡയറക്ടർ നേരിട്ടു നടത്തുന്ന ഈ ഇന്റർവ്യൂ ഒരു മണിക്കൂർ നീണ്ടു. ഒടുവിൽ മാർച്ച് അവസാനവാരം ഓഫർ ലെറ്ററെത്തി.

സർ, മാഡം ഔട്ട്
ഹാർവഡിലുൾപ്പടെ യുഎസിലെ മിക്ക സർ‌വകലാശാലകളിലും സർ, മാഡം വിളികളില്ല. അങ്ങനെ ആരെങ്കിലും വിളിച്ചാലുടൻ അവരെ തിരുത്തുകയും ചെയ്യും. പ്രായഭേദമെന്യേ, എല്ലാവരും പേരിന്റെ ആദ്യഭാഗം ഉപയോഗിച്ചാണ് അഭിസംബോധന ചെയ്യുന്നത്. ഓരോ വിഷയത്തിലും ലോകത്തിലെ ഏറ്റവും മികച്ചവരാണു മിക്ക ഹാർവഡ് പ്രഫസർമാരും; അത്രത്തോളം തന്നെ വിനയമുള്ളവരും.

അഭിജിത് അശോക്

പുതിയ പാഠങ്ങൾ

സർവീസിൽ നിന്ന് അവധിയെടുത്ത് ഹാർവഡിൽ മാസ്റ്റേഴ്സ് ഇൻ പബ്ലിക് ഹെൽത്ത് പഠിച്ച ശ്രീറാം വെങ്കിട്ടരാമൻ പറയുന്നു: 

പബ്ലിക് ഹെൽത്തിൽ 9 മാസത്തെ മാസ്റ്റേഴ്സ് പ്രോഗ്രാമാണു ചെയ്തത്. പൊതുജനാരോഗ്യത്തിൽ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുടരുന്ന സമീപനം നാട്ടിലേക്കു പകർത്താനുള്ള മികച്ച അവസരമായിരുന്നു ഇത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT