‘നീറ്റ്’ കേന്ദ്ര കൗൺസലിങ്: ചോയ്സ് ഫില്ലിങ് ഇന്നുമുതൽ
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി ദേശീയതലത്തിൽ ഇന്നു തുടങ്ങുന്ന എംബിബിഎസ് / ബിഡിഎസ് കൗൺസലിങ് നിബന്ധനകൾ വിജ്ഞാപനം ചെയ്തു. വെബ്സൈറ്റ്: www.mcc.nic.in
ചോയ്സ് നൽകാവുന്ന വിഭാഗങ്ങളും സ്ഥാപനങ്ങളും
∙ ജമ്മു–കശ്മീർ ഒഴികെ എല്ലായിടത്തും സർക്കാർ മെഡിക്കൽ / ഡെന്റൽ കോളജുകളിലെ 15 % ഓൾ ഇന്ത്യ ക്വോട്ട.
∙ കൽപിത സർവകലാശാലകൾ, കേന്ദ്രസർവകലാശാലകൾ (ഡൽഹി – ലേഡി ഹാർഡിൻജ്, യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസ്, മൗലാനാ ആസാദ്) / ബനാറസ് ഹിന്ദു / അലിഗഡ് മുസ്‌ലിം), പുണെ എഎഫ്എംസി (ചോയ്സ് മാത്രം; മറ്റു നടപടികൾ എഎഫ്എംസി വഴി), ഇഎസ്ഐ മെഡിക്കൽ കോളജുകൾ, ഡൽഹി വർധമാൻ മഹാവീർ, ജാമിയ മില്ലിയ (ഡെന്റൽ). ചില സ്ഥാപനങ്ങളിലെ കുറെ സീറ്റുകൾ വിശേഷവിഭാഗങ്ങൾക്കായി വകയിരുത്തി, ബാക്കിയാണ് ഈ കൗൺസലിങ്ങിൽ വരുക. എല്ലാ വിഭാഗങ്ങളിലെയും സ്ഥാപനങ്ങളിൽ പൊതുവായ ഒറ്റ കൗൺസലിങ് ആണ്.
തീരെക്കുറഞ്ഞ ഫീസോടെ എംബിബിഎസിനു പഠിക്കാൻ ഓൾ ഇന്ത്യ ക്വോട്ട ഉപകരിക്കും. എംസിസി സൈറ്റിലെ Participating Institutions ലിങ്ക്‌വഴി ഓരോ കോളജിലെയും ഫീസും മറ്റു വിവരങ്ങളും മനസ്സിലാക്കാം. ചോയിസ് ഫില്ലിങ്ങിൽ ഇതു സഹായകമാകും. വനിതകൾക്കു മാത്രമായി 3 മെഡിക്കൽ കോളജുകളുണ്ട് – ലേഡി ഹാർഡിൻജ് ഡൽഹി, ബിപിഎസ് സോനിപത്, പദ്മാവതി തിരുപ്പതി.
അലോട്മെന്റ്: ശ്രദ്ധയോടെ ഓരോ ഘട്ടവും
∙ റജിസ്ട്രേഷൻ ഫീയും സെക്യൂരിറ്റി തുകയും അടച്ച് റജിസ്റ്റർ ചെയ്ത്, ചോയ്സുകൾ ഫിൽ ചെയ്ത് ലോക്ക് ചെയ്യുക. തുടർന്ന് ഒന്നാം റൗണ്ട് അലോട്മെന്റ്.
ഇതു കിട്ടുന്നവർക്ക് കോളജിൽ ചേരാം. കേരളത്തിലെ എൻട്രൻസ് രീതിയനുസരിച്ച് ഇങ്ങനെ ചേരാത്തവർക്കു മെഡിക്കൽ സ്ട്രീമിൽ പിന്നീട് അവസരം കിട്ടുകയേയില്ല. പക്ഷേ എംസിസി രീതിയിൽ, ഇവർക്ക് ഈ ഘട്ടത്തിൽ ‘ഫ്രീ എക്സിറ്റ്’ ഉള്ളതിനാൽ കോളജിൽ ചേർന്നില്ലെങ്കിലും രണ്ടാം റൗണ്ടിൽ പങ്കെടുക്കാം.
∙ ആദ്യറൗണ്ട് കഴിഞ്ഞുള്ള ഒഴിവുകൾ നികത്താൻ രണ്ടാം റൗണ്ട് അറിയിപ്പ്. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആദ്യറൗണ്ടിൽ റജിസ്റ്റർ ചെയ്തവർ വീണ്ടും റജിസ്റ്റർ ചെയ്യേണ്ടെങ്കിലും, പുതുക്കിയ ചോയ്സ് ഫില്ലിങ് നടത്തണം. ആദ്യം നൽകിയത് തനിയേ റദ്ദാകും.
∙ ആദ്യറൗണ്ടിൽ കിട്ടിയ സിലക്‌ഷൻ നിലനിർത്തിക്കൊണ്ട്, രണ്ടാം റൗണ്ടിൽ ‘അപ്ഗ്രേഡ്’ ചെയ്യാൻ താൽപര്യം കാട്ടി, ചോയ്സ് ഫില്ലിങ് നടത്താം. മെച്ചപ്പെട്ട ചോയ്സ് കിട്ടിയാൽ അതനുസരിച്ചു ചേരാം. അല്ലെങ്കിൽ ആദ്യം കിട്ടിയതിൽ തുടരാം. ആദ്യം സമർപ്പിച്ച ഉയർന്ന ചോയ്സുകളിൽ അലോട്മെന്റ് കിട്ടാതെപോയവ സ്വയം റദ്ദാകും. രണ്ടാം റൗണ്ടിൽ പുതിയ അലോട്മെന്റ് കിട്ടിയാൽ ആദ്യറൗണ്ടിൽ കിട്ടിയ അലോട്മെന്റ് റദ്ദാകും. ഇതു മനസ്സിൽവച്ചു വേണം രണ്ടാം റൗണ്ടിലേക്കുള്ള ചോയ്സ് ഫില്ലിങ്.
∙ ആദ്യറൗണ്ടിൽ കോളജിൽ ചേർന്ന്, രണ്ടാം റൗണ്ടിൽ ‘അപ്ഗ്രേഡ്’ ആവശ്യപ്പെട്ടിട്ടും മാറ്റം കിട്ടാത്ത കുട്ടിക്ക്, ആദ്യ അലോട്മെന്റ് ഉപേക്ഷിക്കാം. പക്ഷേ രണ്ടാം റൗണ്ട് ഫലപ്രഖ്യാപനം വന്ന് രണ്ടു നാൾക്കകം ഉപേക്ഷിച്ചിരിക്കണം. അല്ലാത്തപക്ഷം രണ്ടാം റൗണ്ട് അലോട്മെന്റ്പ്രകാരം ചേർന്നതായി കരുതും. പിന്നെ മറ്റെങ്ങും എംബിബിഎസ് / ബിഡിഎസ് പ്രവേശനത്തിനു ശ്രമിക്കാനാവില്ല.
∙ ആദ്യറൗണ്ടിൽ കോളജിൽ ചേർന്ന്, രണ്ടാം റൗണ്ടിലേക്ക് ഓപ്ഷൻ അറിയിച്ച ശേഷം, മനസ്സുമാറി ആദ്യത്തേതു തന്നെ മതിയെന്നു തോന്നിയാൽ, ആ ഘട്ടത്തിൽ ചോയ്സ് ഫില്ലിങ് നടത്താതിരുന്നാൽ മതി
∙ ഇനി രണ്ടാം റൗണ്ട് അലോട്മെന്റ്. ഇതനുസരിച്ച് കോളജിൽ ചേരാം. എന്നാൽ രണ്ടാം റൗണ്ടിലെ അലോട്മെന്റ് അനുസരിച്ച് ചേരുന്നവർക്കു കോഴ്സ് വിട്ടുപോരാൻ കഴിയില്ല; പിന്നീട് ഇന്ത്യയിലെ ഒരു കോളജിലും മെഡിക്കൽ പ്രവേശനം കിട്ടുകയുമില്ല. ഒരു കൗൺസലിങ്ങിലും ഇവരെ പങ്കെടുപ്പിക്കരുതെന്ന് ഇന്ത്യയിലെ എല്ലാ പ്രവേശന അധികാരികളെയും അറിയിക്കും. പക്ഷേ, െസക്യൂരിറ്റി തുക നഷ്ടപ്പെട്ട് രണ്ടാം റൗണ്ട് അലോട്മെന്റ് ഉപേക്ഷിക്കാം. ഇങ്ങനെ സെക്യൂരിറ്റി തുക ഉപേക്ഷിക്കുന്നവർക്ക് പിന്നീടു വരുന്ന മോപ് അപ് റൗണ്ടിൽ വേറെ പണമടച്ച് പങ്കെടുക്കാം.
ഫോൺ: 0120-4073500 /
1800 102 7637
ഭിന്നശേഷി സർട്ടിഫിക്കറ്റ് തിരുവനന്തപുരത്തും
ഭിന്നശേഷിവിഭാഗക്കാർ ഹാജരാക്കേണ്ട സർട്ടിഫിക്കറ്റ് നിർദിഷ്ട 10 കേന്ദ്രങ്ങളിലൊന്നിൽനിന്നു വാങ്ങണം. ഇത്തവണ തിരുവനന്തപരും സർക്കാർ മെഡിക്കൽ കോളജും ലിസ്റ്റിലുണ്ട്.
പ്രവേശന സമയക്രമം ഒന്നാം റൗണ്ട്
∙ റജിസ്‌ട്രേഷനും ചോയ്സ് ഫില്ലിങ്ങും: ജൂൺ 19 – 24, വൈകിട്ട് 5 വരെ
∙ ചോയ്സ് ഫില്ലിങ്ങും ലോക്കിങ്ങും: 25ന് 10 മുതൽ 5 വരെ
∙ അലോട്‌മെന്റ് ഫലം: 27; പ്രവേശനം: 28 – ജൂലൈ 3
രണ്ടാം റൗണ്ട്
∙ ചോയ്സ് ഫില്ലിങ്: ജൂലൈ 6– 8, ൈവകിട്ട് 5 വരെ
∙ ചോയ്സ് ഫില്ലിങ്ങും ലോക്കിങ്ങും: 9ന് 10 മുതൽ 5 വരെ
∙ അലോട്‌മെന്റ് ഫലം: 12; പ്രവേശനം: 13 – 22
* ഓൾ ഇന്ത്യ ക്വോട്ടയിൽ രണ്ടു റൗണ്ട് മാത്രം. അതിനു ശേഷം ഒഴിവുകളുണ്ടെങ്കിൽ ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്കു കൈമാറും.
മോപ്–അപ് റൗണ്ട് (കൽപിത, കേന്ദ്ര സർവകലാശാലകളും കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടുകളും)
∙ ചോയ്സ് ഫില്ലിങ്: ഓഗസ്റ്റ് 13– 15, വൈകിട്ട് 5 വരെ
∙ ചോയ്സ് ഫില്ലിങ്ങും ലോക്കിങ്ങും: 16
∙ അലോട്‌മെന്റ് ഫലം: 18; പ്രവേശനം: 20 –26
* മോപ്–അപ്പിനു ശേഷം ഒറ്റപ്പെട്ട സീറ്റുകളുണ്ടെങ്കിൽ അവയിലെ പ്രവേശനത്തിന്, പത്തിരട്ടി പേരുടെ ലിസ്റ്റ് കേന്ദ്ര / കൽപിത സർവകലാശാലകൾക്ക് അയച്ചുകൊടുക്കും.
ഫീസുകൾ
എ) കൽപിത സർവകലാശാല: റജിസ്ട്രേഷൻ ഫീ 5000 രൂപ. സെക്യൂരിറ്റി തുക 2 ലക്ഷം രൂപ. ആർക്കും ഇളവില്ല.
ബി) കൽപിത സർവകലാശാലകളൊഴികെ ഓൾ ഇന്ത്യ ക്വോട്ടയടക്കം: റജിസ്ട്രേഷൻ ഫീ 1000 രൂപ. സെക്യൂരിറ്റി തുക 10,000 രൂപ. ആകെ 11,000 രൂപ. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർ യഥാക്രമം 500 / 5,000 രൂപ. ആകെ 5,500 രൂപ.
സി) രണ്ടു വിഭാഗങ്ങൾക്കും കൂടി ശ്രമിക്കുന്നവരും (എ)യിലെ തുകയടച്ചാൽ മതി.നെറ്റ് ബാങ്കിങ് / കാർഡ് വഴി പണമടയ്ക്കാം.