സീറ്റുകൾ വർധിച്ച സാഹചര്യത്തിൽ ബിടെക്ക് കൊണ്ടു വലിയ പ്രയോജനമില്ലെന്നു പറയുന്നവരുണ്ട്. അടിസ്ഥാനരഹിതമായ അഭിപ്രായമാണിത്. ആധുനികജീവിതത്തിൽ എൻജിനീയറിങ്ങിന്റെയും ടെക്നോളജിയുടെയും പ്രസക്തി ഏറിവരികയല്ലാതെ ഒരിക്കലും കുറയില്ല. പലേടത്തും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും, മികച്ച കോളജുകളിൽ ഇഷ്ട ശാഖകളിൽ പ്രവേശനം കിട്ടണമെങ്കിൽ ഉയർന്ന എൻട്രൻസ് റാങ്ക് നേടിയേ മതിയാകൂ.

എൻജിനീയറിങ് പ്രവേശനം നേടിയ ശേഷവും പഠനത്തിലും ഈ രംഗത്തെ കരിയർ രൂപീകരണത്തിലും ശ്രദ്ധിക്കാനേറെയുണ്ട്. 

ഇതു പുതിയ വഴി

ഇതുവരെയുള്ള പഠനരീതിയിൽനിന്നു വ്യത്യസ്തമായി പ്രഫഷനൽ കോളജിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അധ്യയന –അധ്യാപന രീതികളിൽ വ്യത്യാസങ്ങളേറെ. അതനുസരിച്ച് പഠനശൈലി മാറണം. സിലബസിന്റെ ആദ്യം മുതൽ അവസാനം  വരെ പൂർണമായി വിശദീകരിച്ച് നോട്ട് നൽകുന്ന രീതി പ്രതീക്ഷിക്കേണ്ട. സ്വയംപഠനത്തിനു പ്രാധാന്യമേറെയാണ്. വർഷാരംഭത്തിൽത്തന്നെ മൂന്നു കാര്യങ്ങൾ ഉറപ്പാക്കുക.

∙സിലബസ്

∙സ്റ്റാൻഡേഡ് പാഠപുസ്തകങ്ങൾ

∙മുൻ പരീക്ഷാ ചോദ്യങ്ങൾ

അധ്യാപകൻ പറഞ്ഞുകേട്ടിട്ടേ പാഠഭാഗം ശ്രദ്ധിക്കൂ എന്ന രീതി വേണ്ട. വരുന്ന ക്ലാസിലെ പാഠം മുൻകൂട്ടി വായിച്ച് ഒരുവിധം ‌മനസ്സിലാക്കി പോയാൽ ക്ലാസ് കഴിയുമ്പോൾ ഏറെക്കുറെ വ്യക്തമായ രൂപം കിട്ടും. എന്നിട്ടും സംശയമുണ്ടെങ്കിൽ അധ്യാപകനോട് ക്ലാസ് കഴിഞ്ഞ് ചോദിക്കാം. ക്ലാസിൽ ‘ലക്ചർ നോട്സ്’ എഴുതുന്നത് ഏകാഗ്രത കൂട്ടും. കേരള സാങ്കേതിക സർവകലാശാലയുടെ  https://ktu.edu.in എന്ന വെബ്സൈറ്റിൽ സിലബസ്, പരീക്ഷാരീതി, പാഠപുസ്തകങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളുണ്ട്.

കണക്കും സ്കെച്ചും

ശാഖ ഏതായാലും ധാരാളം കണക്കുകൾ കാണും. അവ ചെയ്തുതന്നെ പഠിക്കണം. സയൻസ്, ടെക്നോളജി വിഷയങ്ങളിൽ സ്കെച്ചുകൾ ഏറെ പ്രധാനം. കൃത്യമായി അറിയാമെങ്കിലേ ചിത്രം വരച്ചുകാട്ടാൻ കഴിയൂ. ഏതു വസ്തുവിന്റെയായാലും സ്കെച്ച് വരച്ചുകാട്ടുന്നയാൾക്ക് അതെ കുറിച്ചു വിവരമുണ്ടെന്നു വ്യക്തമാകും. ഉത്തരക്കടലാസിലും സ്കെച്ചുകൾ ചേർക്കുന്നതു പ്രയോജനപ്പെടും. ഭംഗി നോക്കേണ്ട; കാര്യം ബോധ്യപ്പെടുത്തിയാൽ മതി.

ഉപന്യാസരീതി ശീലിക്കാം

ചുരുക്കമായിട്ടെങ്കിലും ഉപന്യാസരീതിയിലുള്ള ഉത്തരങ്ങൾ എഴുതേണ്ടിവരും. ഒറ്റത്തവണ ശരിക്കു പഠി‍ച്ചാൽ ഉപന്യാസങ്ങളെ വശത്താക്കാം. എങ്ങനെ ?

ആദ്യം ഓടിച്ചു വായിക്കുക. തുടർന്ന് ഓരോ ഖണ്ഡികയോ പാഠഭാഗമോ ആയി വായിച്ച് പോയിന്റ് കുറിക്കുക. ഇവ ക്രമത്തിൽ ഓർക്കാൻ VIBGYOR പോലെ ഓർമസൂത്രം (mnemonic) ഉണ്ടാക്കുക. ഉപന്യാസം പരീക്ഷയിലെ സമയക്രമത്തിനൊത്ത് പൂർത്തിയാക്കാൻ കഴിയുമോയെന്ന് എഴുതിനോക്കുകയും വേണം.

വായനയ്ക്ക് 4R മെത്തേഡ്

ഉറക്കെ വായിച്ചാൽ എല്ല‌ാം ഒരേ വേഗത്തിൽ വായിച്ചുതീർത്ത് പഠിച്ചുകഴിഞ്ഞെന്നു തെറ്റിദ്ധരിച്ചിരിക്കും. നോക്കി വായിക്കുമ്പോഴാകട്ടെ, കഠിനഭാഗങ്ങൾ സാവധാനം വായിക്കുകയോ ആവർത്തിച്ചു വായിക്കുകയോ ചെയ്ത് നന്നായി മനസ്സിലാക്കാം. വായിച്ചത് ഓർമിച്ചുനോക്കുക, പിന്നീടതു വിശദമായി ആലോചിച്ച് മനസ്സിലുറപ്പിക്കുക, ഏതാനും ദിവസത്തിനുശേഷം ഒന്നുകൂടി വിലയിരുത്താം. ഇതിനെ ‘4R മെത്തേഡ്’ എന്നു പറയും (read, recall, reflect, review). 

തുടക്കത്തിലേ ശ്രദ്ധ വേണം

ആദ്യസെമസ്റ്റർ മാർക്ക് മുതൽ നോക്കുക, കുറഞ്ഞത് 70–75 % മാർക്കുണ്ടെന്ന് ഉറപ്പുവരുത്തുക എന്നീ രീതികൾ പ്ലേസ്മെന്റ് ഘട്ടത്തിൽ പല കമ്പനികളും സ്വീകരിക്കാറുള്ളതിനാൽ തുടക്കത്തിലേ ശ്രദ്ധ വേണം.

മാർക്ക് മാത്രം പോരല്ലോ

ജോലി കിട്ടാൻ മാർക്ക് മാത്രം പോരാ. ആശയങ്ങൾ ലളിതമായി  ഇംഗ്ലിഷിൽ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള കഴിവ് വേണം. തെറ്റില്ലാത്ത ഭാഷ വ്യാകരണത്തിന്റെ ചുവയില്ലാതെ പഠിക്കാൻ The English Errors of Indian Students by TLH Smith- Pearse (Oxford) പോലെയുള്ള ലഘുഗ്രന്ഥങ്ങൾ സഹായിക്കും. ഇംഗ്ലിഷിലുള്ള നല്ല ടിവി ചർച്ചകൾ ശ്രദ്ധിക്കുന്നതും, ഏതെങ്കിലും വിഷയത്തെക്കുറിച്ചു മൂന്നു മിനിറ്റ് ഇംഗ്ലിഷിൽ തിരുത്തു കൂടാതെ സ്വയം പറഞ്ഞുനോക്കുന്നതും നല്ലത്.  കോളജുകളിലെ പ്ലേസ്മെന്റ് സെല്ലുകൾ ഇന്റർവ്യൂ, ഗ്രൂപ്പ് ചർച്ച തുടങ്ങിയവയിൽ നൽകുന്ന പരിശീലനവും പ്രയോജനപ്പെടുത്താം.