പ്ലേസ്‌മെന്റ് എന്ന വാക്കായിരുന്നു എന്‍ജിനീയറിങ് കോളജുകളുടെ പ്രതാപ കാലത്ത് ഉയര്‍ന്നു കേട്ടിരുന്നത്. ഓരോ കോളജുകളും തങ്ങളുടെ കുട്ടികളെ റാഞ്ചിക്കൊണ്ടു പോകാനെത്തുന്ന കമ്പനികളുടെ പട്ടിക നിരത്തിയാണ് അന്നൊക്കെ മത്സരിച്ചത്. എന്നാല്‍ നാട് നീളേ എന്‍ജിനീയറിങ് കോളജുകളായതോടെ ഈ പ്ലേസ്‌മെന്റ് മേനിപറച്ചിലും പഴങ്കഥയാവുകയാണ്. 

രാജ്യത്തെ എന്‍ജിനീയറിങ് കോളജുകളില്‍ നിന്ന് 2017-18 കാലഘട്ടത്തില്‍ പഠിച്ചിറങ്ങിയവരില്‍ ക്യാംപസ് പ്ലേസ്‌മെന്റുകള്‍ വഴി ജോലി ലഭിച്ചവര്‍ 45 ശതമാനം മാത്രമാണെന്നു കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം ലോക്‌സഭയില്‍ അടുത്തിടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടു ചൂണ്ടിക്കാണിക്കുന്നു. ലോക്‌സഭയില്‍ ഉന്നയിച്ച ഒരു ചോദ്യത്തിനു മറുപടിയായാണ് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനില്‍(എഐസിടിഇ) നിന്നുള്ള ഈ സ്ഥിതിവിവരക്കണക്കു മന്ത്രാലയം അവതരിപ്പിച്ചത്. 

എഐസിടിഇ അംഗീകൃത എന്‍ജിനീയറിങ് കോളജുകളില്‍ പഠിച്ചിറങ്ങിയ 7.92 ലക്ഷം വിദ്യാർഥികളില്‍ 3.59 ലക്ഷം വിദ്യാർഥികള്‍ക്കാണ് 2017-18 ല്‍ പ്ലേസ്‌മെന്റ് ലഭിച്ചതെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ സ്വന്തമായി തൊഴില്‍ കണ്ടെത്തിയ വിദ്യാർഥികളുടെയും ഉന്നത വിദ്യാഭ്യാസത്തിനു പോയവരുടെയും എണ്ണം ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. 

എഐസിടിഇ കണക്കുകള്‍ പ്രകാരം തൊഴില്‍ ലഭ്യതയുടെ തോത് 2016-17ല്‍ 42.27 ശതമാനവും 2015-16ല്‍ 42.82 ശതമാനവുമാണ്. വ്യവസായത്തിന്റെ ആവശ്യകതയും വിദ്യാർഥികളുടെ നൈപുണ്യവും തമ്മിലുള്ള വിടവ് നികത്തുന്നതിന് ഇന്റേണ്‍ഷിപ്പുകള്‍ എല്ലാ എന്‍ജിനീയറിങ് വിദ്യാർഥികള്‍ക്കും നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് മാനവ വിഭവശേഷി വികസന മന്ത്രി രമേഷ് പോക്രിയാല്‍ പറയുന്നു. അധ്യാപകരുടെ പരിശീലനത്തിലൂടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനുള്ള നടപടികളും സ്വീകരിച്ചു വരുന്നതായി അദ്ദേഹം അറിയിച്ചു.