ഇപ്പോള്‍ ചെയ്യുന്ന ജോലി രാജിവച്ചു മറ്റെന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അതിനായി എന്തു ചെയ്യണം എന്നൊരു എത്തുംപിടിയും കിട്ടുന്നില്ല. ഈയൊരു അവസ്ഥയിലൂടെ കടന്നു പോകുന്നയാളാണോ നിങ്ങള്‍? അതുമല്ലെങ്കില്‍ പഠിത്തമെല്ലാം കഴിഞ്ഞു കരിയര്‍ എവിടെ തുടങ്ങുമെന്ന് ഒരു ഊഹവും കിട്ടാതെ നില്‍ക്കുന്ന ഒരാളാണോ? ഇരു കൂട്ടരുടെയും മുന്നിലുള്ള വെല്ലുവിളി ഇപ്പോഴത്തെ നിങ്ങളുടെ മാനസികാവസ്ഥ തന്നെയാണ്. പിന്തുടരാനായി അതിതീവ്രമായി ഇഷ്ടപ്പെടുന്ന ഒരു സ്വപ്നമോ, ദീര്‍ഘകാലത്തേക്കുള്ള കരിയര്‍ പ്ലാനോ ഇല്ലാത്തതിന്റെ പ്രശ്‌നം.

ചെയ്യുന്ന ജോലിയിലോ നിങ്ങളുടെ തൊഴിലില്ലാ അവസ്ഥയിലോ നിങ്ങള്‍ പരിപൂര്‍ണ്ണ നിരാശയിലായിരിക്കും. പക്ഷേ, വേറെന്തെങ്കിലും ചെയ്യാമെന്നു വച്ചാല്‍ അതെല്ലാം ഇതിനേക്കാൾ മോശമാകാനേ തരമുള്ളൂ എന്നു മനസ്സു പറയും. എന്തു ചെയ്യണം, എങ്ങോട്ടു തിരിയണം എന്നറിയാതെ ആകെ പെട്ടു പോകുന്ന അവസ്ഥ. പുതിയ ആശയങ്ങളും അനുഭവപാഠങ്ങളും കാഴ്ചപ്പാടുകളുമായി നിങ്ങളുടെ ചിന്തയെ ഒന്ന് ഉത്തേജിപ്പിക്കുകയാണ് ഈ ഘട്ടത്തില്‍ മുന്നിലുള്ള പോംവഴി. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

ഡെഡ്‌ലൈനുകള്‍ ഉപേക്ഷിക്കുക
ആദ്യമായി ചെയ്യാനുള്ളത് പെര്‍ഫെക്ട് കരിയര്‍ കണ്ടെത്തുന്നതിനായി നിങ്ങള്‍ക്കു മുന്നില്‍ വച്ചിരിക്കുന്ന സമയപരിധികളെല്ലാം മാറ്റി വയ്ക്കുക എന്നതാണ്. നിങ്ങളുടെ ജീവിതത്തിലെ അടുത്ത 20 വര്‍ഷങ്ങളുടെ രൂപരേഖ തയ്യാറാക്കുന്ന ജോലിയില്‍ ഉടനടിയുള്ള ഉത്തരങ്ങളൊന്നും മതിയാകില്ലെന്നു തിരിച്ചറിയുക. ഡെഡ് ലൈനുകള്‍ ഉപേക്ഷിക്കുമ്പോള്‍ തന്നെ മനസ്സിനൊരു ലാഘവത്വം തോന്നും. പ്രശാന്തമായ മനസ്സിനു മൂല്യവത്തായ പരിഹാരങ്ങള്‍ മുന്നോട്ടു വയ്ക്കാനാകും. സാമ്പത്തികം ഒരു പ്രശ്‌നമാണെങ്കില്‍ ഈ ഇടവേളയിലെ കാര്യങ്ങള്‍ക്കു പണം കണ്ടെത്തുന്നതിനു മാത്രമായി എന്തെങ്കിലും പ്രോജക്ടില്‍ പങ്കാളിയാവുകയോ താത്ക്കാലിക ജോലി ചെയ്യുകയോ ആവാം. പണം പ്രശ്‌നമല്ലെങ്കില്‍ ജോലിയില്‍ നിന്നൊരു പരിപൂര്‍ണ്ണ ബ്രേക്ക് എടുക്കാം.

അവനവനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം
ഇനി സ്വയം ഒരു വിലയിരുത്തല്‍ നടത്താം. വിദ്യാഭ്യാസം, പണം, വ്യക്തിബന്ധങ്ങള്‍ എന്നിവയുടെ അഭാവം പോലുള്ള കുറവുകളെ കുറിച്ചൊന്നും ആശങ്കപ്പെടേണ്ടതില്ല. അതെല്ലാം താത്ക്കാലികമായ കുറവുകളാണ്. പരിഹരിക്കാവുന്നവ വലിയ ക്യാന്‍വാസില്‍ ചിന്തിക്കുക. വായന, വ്യക്തികള്‍, പുതിയ പദ്ധതികള്‍ തുടങ്ങിയവയില്‍ നിക്ഷേപം നടത്തുക. മുന്‍പ് റിസ്‌ക് ആണെന്ന് കരുതിയ ആവേശകരമായ സാധ്യതകളും പരിഗണിക്കുക. ഒട്ടേറെ യാത്ര ചെയ്യുക, പുതിയ ബിസിനസ്സ് തുടങ്ങുക, സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്റര്‍ണ്‍ഷിപ്പ് ചെയ്യുക, എന്‍ജിഒകളില്‍ സന്നദ്ധ സേവനം നടത്തുക തുടങ്ങിയ കാര്യമെല്ലാം പരിഗണിക്കാവുന്നതാണ്.

തൊഴില്‍ കേന്ദ്രീകൃത ചിന്ത
ജോലിയെ പറ്റി ചിന്തിക്കുമ്പോള്‍ കേവലം തസ്തികകളെയോ സ്ഥാനമാനങ്ങളെയോ പറ്റി ചിന്തിക്കാതെ അതിന്റെ ഉള്ളടക്കത്തെ പറ്റി ആലോചിക്കുക. ഒരിക്കല്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് തങ്ങളുടെ ടൈറ്റിലും ചെയ്യുന്ന യഥാര്‍ത്ഥ ജോലിയുമായി വലിയ ബന്ധമൊന്നും പലപ്പോഴും കാണാറില്ലെന്ന് അറിയാവുന്നതാണ്. പുതിയൊരു ജോലി നോക്കുമ്പോള്‍ തസ്തികള്‍ക്ക് ഉപരി യഥാര്‍ത്ഥത്തില്‍ എന്താണ് അവിടെ ചെയ്യേണ്ടി വരികയെന്ന് അന്വേഷിക്കുക.നിലവില്‍ ആ ജോലി വിജയകരമായി ചെയ്യുന്നവരില്‍ നിന്നു ഉപദേശ നിര്‍ദ്ദേശങ്ങള്‍ തേടാം.

നിങ്ങള്‍ക്ക് നല്‍കാവുന്ന സംഭാവന
പുതിയ തൊഴില്‍ ദാതാവിനും സഹപ്രവര്‍ത്തകര്‍ക്കും ഉപഭോക്താക്കള്‍ക്കും ബിസിനസ്സിന് പൊതുവേയും തനിക്കു നല്‍കാന്‍ കഴിയുന്ന സംഭാവനകളെ പറ്റി ചിന്തിച്ചു നോക്കണം. ഈയൊരു കാഴ്ചപ്പാട് നിങ്ങളുടെ ലോകവീക്ഷണം മാറ്റിമറിക്കുകയും ഭാവി കരിയറിനെ സംബന്ധിച്ച് നിങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യും.

ലക്ഷ്യങ്ങള്‍ കുറിക്കുക
സാധാരണ ഒരു ജോലിയെ പറ്റി ചിന്തിക്കുമ്പോള്‍ നാം പ്രാമുഖ്യം നല്‍കുക നമ്മുടെ നൈപുണ്യങ്ങള്‍ക്കാണ്. എനിക്ക് നന്നായി എഴുതാനറിയാം, അല്ലെങ്കില്‍ കോഡ് ചെയ്യാനറിയാം എന്നിങ്ങനെയാണ് നാം വിചാരിക്കുക. എന്നാല്‍ കരിയര്‍ മാറ്റത്തെ പറ്റി ധാരണയില്ലാതെ ഇരിക്കുമ്പോള്‍ ഈ നൈപുണ്യങ്ങള്‍ മാറ്റി വച്ചു ചില ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കുറച്ചു വര്‍ഷങ്ങള്‍ക്ക് അപ്പുറം കൈവരിക്കേണ്ടുന്ന ഒരു ലക്ഷ്യം കുറിച്ചു കഴിഞ്ഞാല്‍ ആ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി നിങ്ങള്‍ക്ക് ഒന്നല്ല പല മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. 

മാര്‍ഗ്ഗം കണ്ടെത്തി ഉചിതമായത് തിരഞ്ഞെടുത്ത ശേഷം മാത്രം വര്‍ത്തമാന കാലത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു ലക്ഷ്യം കൈവരിക്കാന്‍ ആവശ്യമായ നൈപുണ്യങ്ങള്‍ ഓരോന്ന് ഓരോന്നായി സ്വായത്തമാക്കുക. ലക്ഷ്യങ്ങള്‍ തൊഴിലുമായി ബന്ധപ്പെട്ടതായിരിക്കാന്‍ ശ്രദ്ധിക്കണം. പത്തു വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഇത്ര കോടി രൂപ മൂല്യമുള്ള കമ്പനിയുടെ സിഇഒ ആകും എന്നുള്ളത് ഒരു ലക്ഷ്യമാണ്. പക്ഷേ ഞാന്‍ പ്രശസ്തനാകുമെന്നും എല്ലാവരും എന്റെ പിന്നാലെ ഓട്ടോഗ്രാഫിനായി നടക്കും എന്നുമൊക്കെ ചിന്തിക്കുന്നത് ഒരു ലക്ഷ്യമാകില്ല.

വ്യക്തി കേന്ദ്രീകൃത ചിന്ത
അടുത്ത ജോലിയെ കുറിച്ച് ചിന്തിക്കുന്നതിനു പകരം അടുത്തത് ഇനി ആരുടെയൊപ്പം ജോലി ചെയ്യും എന്നു ചിന്തിക്കുക. അതു നിങ്ങളുടെ നെറ്റ്‌വര്‍ക്കില്‍പ്പെട്ട ഒരാളോ, നിങ്ങള്‍ ബഹുമാനിക്കുകയോ കേട്ടിട്ടുള്ളതോ ഒക്കെയായ വ്യക്തിയാകാം. ഒരു നല്ല ബോസ്സിനൊടോ നേതാവിനോടൊ സഹപ്രവര്‍ത്തകനോടോ ഒപ്പം ജോലി ചെയ്യുകയെന്നതു നിങ്ങള്‍ക്ക് അമൂല്യമായ പഠനാവസരമായിരിക്കും. മികച്ച കരിയര്‍ പാതയിലേക്കുള്ള ഒരു തുടര്‍വിദ്യാഭ്യാസ അവസരമായി ഇതിനെ കാണാം. 

ജീവിത കേന്ദ്രീകൃത ചിന്ത
ജോലിക്കൊപ്പം തന്നെ നാം നന്നാക്കി വയ്‌ക്കേണ്ടതാണ് ജീവിതത്തിന്റെ മറ്റു മേഖലകളും. സുഹൃത്തായും കുടുംബാംഗമായും മകനായും മകളായും ഭര്‍ത്താവായും ഭാര്യയായും സമൂഹത്തിലെ ഒരംഗമായും ഒക്കെ ബഹുമുഖ വ്യക്തിത്വമുള്ള ഒരാളാകും നിങ്ങള്‍. ജോലിയെ കുറിച്ചു വിഷമിച്ചിരിക്കുന്ന ഘട്ടത്തില്‍ ജീവിതത്തിന്റെ മറ്റു തുറകളിലെ ബന്ധങ്ങള്‍ ശിഥിലമാകാതെ നോക്കണം. കാരണം ഇവയെല്ലാം കൂടി ചേരുന്നതാണു നിങ്ങളുടെ സപ്പോര്‍ട്ട് സിസ്റ്റം എന്ന് പറയുന്നത്. 

ഏറ്റെടുത്തവ പൂര്‍ത്തിയാക്കുക
ഇതിനിടയില്‍ ശ്രദ്ധിക്കേണ്ട കാര്യം, നിങ്ങള്‍ തുടങ്ങി വച്ച ജോലികള്‍ പൂര്‍ത്തീകരിക്കുക എന്നതാണ്. ജോലികള്‍ ഇടയ്ക്കു വച്ച് ഉപേക്ഷിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുകയും നിങ്ങളുടെ സ്വപ്‌ന കരിയറിലേക്കുള്ള യാത്രയെ മന്ദീഭവിപ്പിക്കുകയും ചെയ്യും.