മിക്കപ്പോഴും വലതുകാൽ ഇടതുകാലിൽ കയറ്റിവെച്ചുള്ള ഇരിപ്പ് ലോകമെമ്പാടുമുള്ള ജനങ്ങൾക്കിടയിൽ സാധാരണമാണ്. നമ്മുടെ നാട്ടിൽ പുരുഷന്മാർക്കിടയിലാണ് ഇത് ഏറെയും കാണപ്പെടുന്നത്. ഇവിടെ സ്ത്രീകൾ പുരുഷന്മാർക്കു മുന്നിലോ പ്രായത്തിൽ മുതിർന്നവർക്കു മുന്നിലോ മേലധികാരികൾക്കു മുന്നിലോ ഇങ്ങനെ ഇരിക്കുന്നത് തന്റേടത്തിന്റെയോ ഗർവിന്റെയോ അടയാളമായാണ് കരുതുന്നത്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിലെയും മറ്റും സ്ഥിതി അതല്ല. അവരെ സംബന്ധിച്ചിടത്തോളം ഒരു മാന്യ വനിതയുടെ ഇരിപ്പ്  കാലിന്മേൽ കാൽ കയറ്റിവച്ചുകൊണ്ടായിരിക്കണം. മുട്ടുമറയാത്ത വസ്ത്രം ധരിച്ചിരിക്കുന്ന അവസ്ഥയിൽ പ്രത്യേകിച്ചും.

ജന്മദിനപാർട്ടികൾ പോലെ ആളുകൾ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങളിൽ മോടിയിൽ വസ്ത്രധാരണം ചെയ്ത ചിലർ കൈകൾ മാറത്തു കെട്ടി കാലിന്മേൽ കാലുകയറ്റിവെച്ച് ഇരിക്കുന്നത് കണ്ടിട്ടില്ലേ? ‘എന്റെ അടുത്തേക്കാരും വരണ്ടാ... എനിക്കാരുമായും കൂട്ടുകൂടാൻ താൽപ്പര്യമില്ല?’ എന്ന സന്ദേശമായിരിക്കില്ലേ അവർ ആ ഇരിപ്പിലൂടെ വ്യക്തമാക്കുന്നത്? എന്നാൽ വളരെ അടുപ്പമുള്ള ആരെങ്കിലും അടുത്തു ചെന്നാൽ അവരുടെ മട്ടു മാറും കൈ കെട്ടഴിച്ച് ഉയർത്തിവെച്ച കാൽ പൂർവസ്ഥിതിയിലാക്കി എഴുന്നേറ്റു നിന്നോ അല്ലാതെയോ അവര്‍ സുഹ‍ൃത്തിനെ കൈനീട്ടി സ്വീകരിക്കുന്നു–സുഹൃത്തിന്റെ സാന്നിധ്യത്തിൽ അവരുടെ അടഞ്ഞ മനസ്സ് കൈകാലുകളോടൊപ്പം തുറക്കുന്നുവെന്നർഥം.

ശരീരഭാഷാ സൂചനപ്രകാരം കൈകളായാലും കാലുകളായാലും പിണച്ചുവെക്കുന്നത് മാനസികമായ സ്വയം പ്രതിരോധത്തിന്റെയും നിഷേധാത്മകമായ അടഞ്ഞ മനസ്ഥിതിയുടെയും സൂചനയാണ്. അസ്വസ്ഥത, സങ്കോചം, പരിഭ്രമം, തന്നിലേക്കു തന്നെ ഒതുങ്ങിക്കൂടാനുള്ള പ്രവണത തുടങ്ങിയവയും അതിലൂടെ പ്രകടമാകാം. കാൽ പിണച്ചുവെച്ചതിനു പുറമെ കൈകൾ കെട്ടിയ അവസ്ഥയിൽക്കൂടിയാണ് ഇരിപ്പെങ്കിൽ അത് സാമാന്യത്തിൽക്കവിഞ്ഞ പ്രതിരോധ പ്രവണതയുടെയും പ്രതിലോമ ചിന്താഗതിയുടെയും ലക്ഷണമാകാൻ സാധ്യത കൂടുതലാണ്. 

സംഭാഷണവേളയിലാണ് ഈ ഇരിപ്പെങ്കിൽ വിഷയത്തിലുള്ള താൽപ്പര്യക്കുറവോ അഭിപ്രായഭിന്നതയോ സംഭാഷണം അവസാനിപ്പിക്കാനുള്ള ആഗ്രഹമോ ആകാം അതിനു കാരണം. 

പരിചിതമല്ലാത്ത ചുറ്റുപാടുകളിൽ നിന്നുളവാകുന്ന അന്യതാ ബോധവും അതുമൂലമുണ്ടായേക്കാവുന്ന നേരിയ പരിഭ്രമവും ചിലപ്പോൾ തണുത്ത കാലാവസ്ഥയും സ്ത്രീകളിലാണെങ്കിൽ മൂത്രശങ്കയും കാലുകൾ പിണച്ചുവെച്ചുള്ള ഇരിപ്പിന് കാരണമാകാം. എന്നാൽ നാട്ടുനടപ്പിന്റെ ഭാഗമായോ സംസ്കാരത്തിന്റെ ഭാഗമായോ കാലുകൾ പിണച്ചുവെച്ച് ഇരിക്കുന്ന സ്ത്രീകളുടെ കാര്യത്തിൽ നിഷേധാത്മകതയോ മാനസികപ്രതിരോധമോ ആരോപിക്കുന്നത് അബദ്ധമായേക്കാം. പക്ഷേ ഇതൊന്നുമല്ലാത്ത സാഹചര്യങ്ങളിൽ കാലുകളോടൊപ്പം കൈകൾകൂടി പിണച്ചു വെച്ചാണ് ഇരിപ്പെങ്കിൽ അത് മാനസിക പ്രതിരോധത്തിന്റെ പ്രതിഫലനമായി കണക്കാക്കാം.  

കാലിന്മേൽ കാൽ കയറ്റിവച്ചുകൊണ്ടുള്ള ഇരിപ്പ് പ്രധാനമായും രണ്ടു വിധത്തിലാണ് കാണപ്പെടുന്നത്. 1)സാധാരണ രീതി (Standard leg cross). 2) ഒരു കാലിന്റെ നെരിയാണിയോ കണങ്കാലോ മറ്റേ കാലിന്റെ മുട്ടിന്മേൽ വെച്ചു കൊണ്ടുള്ള ഇരിപ്പാണ് രണ്ടാമത്തേത്. തികഞ്ഞ അമേരിക്കനെന്ന് ശരീരഭാഷാ വിദഗ്ധർ ഒന്നടങ്കം വിശേഷിപ്പിക്കുന്ന ഈ ശൈലി ഫിഗർ–4 പൊസിഷൻ (Figure 4 position) എന്നാണറിയപ്പെടുന്നത് . ഒരു കൂട്ടം വെള്ളക്കാർക്കിടയിൽ നിന്ന് അമേരിക്കക്കാരെ വേർതിരിച്ചറിയാൻ അവരുടെ ഇരിപ്പിന്റെ ശൈലി നിരീക്ഷിച്ചാൽ മതിയെന്ന് നിയറൻബർഗും കാലറോയും (Nierenberg & Calero) പറയുന്നു.

അമേരിക്കക്കാര്‍ ഏറെയും ഫിഗർ–4 പൊസിഷനിലിരിക്കുമ്പോൾ അല്ലാത്തവരുടെ സാധാരണ രീതിയിലായിരിക്കുമത്രേ! മറ്റു മിക്ക രാജ്യങ്ങളിലുള്ളവരും അമാന്യമായിക്കരുതുന്ന ഫിഗർ–4 ഇരിപ്പിന്  അമേരിക്കൻ സമൂഹത്തിൽ വർധിച്ച സ്വീകാര്യതയാണുള്ളത്.

നിയറൻബോർഗും കാലറോയും ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണം കൂടി രേഖപ്പെടുത്തുന്നുണ്ട്. ഒത്തു തീർപ്പു സംഭാഷണ വേദികളിൽ വിരുദ്ധ ചേരികളിൽപ്പെട്ടവർ അധികപേരും ചർച്ചകളുടെ തുടക്കത്തിൽ കാലുകളും (ചിലപ്പോൾ കൈകളും) പിണച്ചുവെച്ചിരിക്കുമെങ്കിലും രമ്യമായ ഒത്തുതീർപ്പിലേക്കെത്തിച്ചേരുന്ന അവസാന ഘട്ടത്തിൽ കാൽമുട്ടുകൾ വിടർത്തി അൽപ്പം മുന്നോട്ടാഞ്ഞിരിക്കുന്ന അവസ്ഥയിൽ എത്തിച്ചേരുമത്രേ. ഇവിടെ ഇരിപ്പിന്റെ ശൈലിയിൽ വരുന്ന മാറ്റം സ്പര്‍ദ്ധയിൽ നിന്നും സൗഹാർദത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനയാണെന്നുള്ളത് വ്യക്തമാണല്ലോ?

അമേരിക്കക്കാരായ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം മിക്കപ്പോഴും ഫിഗര്‍ 4 ശൈലിക്ക് സൗകര്യപ്രദമായ ഒരു ഇരിപ്പ് എന്നതിൽക്കവിഞ്ഞ അർഥസൂചനകൾ ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാൽ മറ്റു യൂറോപ്യൻ രാജ്യക്കാരാണെങ്കിൽ ഇത് തർക്കത്തിലേർപ്പെടാനുള്ള വെമ്പലിന്റെയോ മത്സരബുദ്ധിയുടേയോ അഭിപ്രായവ്യത്യാസത്തിന്റെയോ സൂചനയായേക്കാമെന്ന് അല്ലൻ പീസ് അഭിപ്രായപ്പെടുന്നു. തന്റെ വാദത്തിന് ഉപോത്ബലകമായി ന്യൂസിലൻഡിൽ വെച്ച് തനിക്കുണ്ടായ ഒരനുഭവവും അദ്ദേഹം വിശദീകരിക്കുന്നു. 

വളരെ സങ്കീർണമായ ഒരു തൊഴിൽപ്രശ്നത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ഒരു കമ്പനിയിലെ തൊഴിലാളിയും മാനേജർമാരും സമ്മേളിച്ചിരിക്കയാണ്. കാർക്കശ്യത്തിന് കുപ്രസിദ്ധനായ ഒരു തൊഴിലാളി നേതാവാണ് പ്രസംഗവേദിയിൽ. അയാളുടെ പ്രസംഗത്തിന്റെ തുടക്കത്തിൽത്തന്നെ മിക്ക മാനേജർമാരും രൂക്ഷമായ വിമർശനം ഭയന്നിട്ടെന്ന പോലെ കാലിന്മേൽ കാൽ കയറ്റിവെച്ചുള്ള പ്രതിരോധ സൂചകമായ അവസ്ഥയിലായിരു ന്നു ഇരുന്നത്. തൊഴിലാളികളുടെ ഇരിപ്പാകട്ടെ അതീവശ്രദ്ധയുടെയും വിലയിരുത്തലിന്റേതുമായ ചേഷ്ടകൾ പ്രകടമാകുന്ന വിധത്തിലായിരുന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ പ്രസംഗം മാനേജ്മെന്റിന്റെ വീഴ്ചകളെ നിശിതമായി വിമർശിച്ചുകൊണ്ട് കത്തിക്കയറി. പ്രസംഗത്തിന്റെ രണ്ടാം പകുതിയിൽ തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ മാനേജർമാർക്ക് ക്രിയാത്മകമായി എന്തുചെയ്യാൻ കഴിയും എന്നതായിരുന്നു പ്രതിപാദ്യ വിഷയം. ഈ ഘട്ടത്തിന്റെ ആരംഭത്തിൽത്തന്നെ മാനേജർമാരിൽ ഭൂരിപക്ഷവും തങ്ങളുടെ ഇരിപ്പിന്റെ പൊസിഷൻ ഫിഗർ 4 ലേക്ക് മാറ്റിയതായിക്കണ്ടു. തൊഴിലാളി നേതാവിന്റെ നിർദേശങ്ങളെ സ്വന്തം മനസ്സിൽ തർക്കവിഷയങ്ങൾക്ക് വിധേയമാക്കുകയായിരുന്നു ആ ഇരിപ്പിൽ അവർ ചെയ്തുകൊണ്ടിരുന്നതെന്ന് തുടർന്നു നടന്ന അഭിമുഖസംഭാഷണത്തിൽ അവർ അല്ലൻ പീസിനോട് പറയുകയുണ്ടായി. ഫിഗർ 4 പൊസിഷനിലേക്ക് മാറാതിരുന്ന ചുരുക്കം ചിലർ വാതത്തിന്റെയോ അമിതവണ്ണത്തിന്റെയോ ഉപദ്രവമുള്ളവരായിരുന്നുവത്രേ!

ഫിഗർ 4 പൊസിഷനിൽ മുകളിൽ കയറ്റിവച്ച കാലിന്റെ നെരിയാണിക്കും മുട്ടിനുമിടയിൽ കൈകൊണ്ട് പിടുത്തമിട്ടു കൊണ്ടാണ് ഇരിപ്പെങ്കിൽ നിഷേധാത്മകമനോഭാവം അതിന്റെ പാരമ്യത്തിലാണെന്ന് കരുതാം. 

കാലിന്മേൽ കാൽ കയറ്റിവെച്ചിരിക്കുന്ന അവസ്ഥയിൽ കാൽപ്പാദം മുകളിലേയ്ക്കും താഴേയ്ക്കും ഇടയ്ക്കിടെ ചലിപ്പിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ ഒരു പ്രത്യേക സാഹചര്യത്തിൽ അവൾക്കുണ്ടാകുന്ന മുഷിപ്പോ അക്ഷമയോ കാരണമായിരിക്കാം അങ്ങനെ ചെയ്യുന്നത്. തിയറ്ററിൽ കർട്ടൻ ഉയരുന്നതിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളിലോ ഒരു മുഷിപ്പൻ പ്രസംഗം അവസാനിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹത്തോടു കൂടി ഇരിക്കുമ്പോഴോ സ്ത്രീകളിൽ ഈ ഇരിപ്പും പാദചലനങ്ങളും പ്രതീക്ഷിക്കാം. 

കടപ്പാട്‌
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>