നിങ്ങളുടെ ചെറിയൊരു വിരലനക്കം പോലും വ്യത്യസ്തമായ അർഥങ്ങൾ ഉൾക്കൊള്ളുന്നു. അവയേതെല്ലാമെന്നു നോക്കാം. 

മോതിരത്തിൽ പിടിച്ചു തിരിക്കൽ
മാനസിക പിരിമുറുക്കമോ കുറ്റബോധമോ പ്രകടമാക്കുന്ന ഒരു സൂക്ഷ്മമായ ആംഗ്യമാണിത്. മോതിരമിട്ടാൽ അതിൽ പിടിച്ചു തിരിക്കുകയും മോതിരമില്ലാത്തവർ വിരലിലെ സാങ്കൽപ്പിക മോതിരത്തിലെങ്കിലും പിടിച്ചു തിരിക്കുന്നതും കാണാം. ചിലർ മനസ്സ് അസ്വസ്ഥമാകുമ്പോൾ ഊരുകയും ഇടുകയും ചെയ്യുമ്പോഴെന്നപോലെ മോതിരത്തെ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു കൊണ്ടിരിക്കാറുണ്ട്. അനുഭവിക്കുന്ന സംഘർഷണത്തിന്റെ  തോതനുസരിച്ച് ഈ ചേഷ്ടകളുടെയെല്ലാം വേഗത്തിലും തീവ്രതയിലും വ്യതിയാനങ്ങൾ കാണാൻ കഴിയും.

സാർവത്രികമായ മൂന്ന് ആംഗ്യങ്ങൾ
‘O’ ആകൃതിയിൽ വരത്തക്കവണ്ണം പെരുവിരലിന്റെയും ചൂണ്ടു വിരലിന്റെയും അഗ്രങ്ങൾ ചേർത്തുപിടിക്കുന്ന ആംഗ്യം ഇന്ത്യയടക്കം മിക്ക രാജ്യങ്ങളിലും OK എന്ന അർഥത്തിലാണ്. ടുണീഷ്യ, ഫ്രാൻസ്, ബെല്‍‌ജിയം എന്നീ രാജ്യക്കാരെ സംബന്ധിച്ചിടത്തോളം അത് പൂജ്യം അഥവാ ഒന്നുമില്ല എന്നതിന്റെയും ജപ്പാൻകാരന് പണത്തിന്റെയും സൂചനയാണ്. മലയാളികളായ നമ്മളും ‘സംഗതി ഗംഭീരമായി’ എന്ന അർഥത്തിൽ ഈ ആംഗ്യം കാണിക്കാറുണ്ട്. 

പെരുവിരലും ചൂണ്ടുവിരലും V ആകൃതിയില്‍ ഉയർത്തിക്കാണിക്കുന്നത് മിക്ക രാജ്യങ്ങളിലും വിജയചിഹ്നമാണ്. ഇതേ ആംഗ്യം തന്നെ നേരെ തിരിച്ച് പുറംകൈ കാണുന്ന വിധമാണ് കാണിക്കുന്നതെങ്കിൽ ഫ്രാൻസിൽ ഇത്  സമാധാനത്തെ സൂചിപ്പിക്കുന്നു. അതുപോലെ തന്നെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സർവസാധാരണയായി കാണപ്പെടുന്ന മറ്റൊരു OK സിഗ്നലാണ് പെരുവിരൽ ഉയർത്തിക്കാണിക്കൽ. പക്ഷേ, പെരുവിരൽ പെട്ടെന്ന് മുകളിലേക്ക് വെട്ടിച്ചുയർത്തുകയാണെങ്കിൽ ചില രാജ്യങ്ങളിൽ അത് നിന്ദാസൂചകമാണ്. പൊതു വിൽപ്പറഞ്ഞാൽ പെരുവിരൽ കൊണ്ടുള്ള ഇത്തരം ആംഗ്യങ്ങളിലെല്ലാം അൽപ്പമെങ്കിലും ഞാനെന്ന ഭാവം ഒളിഞ്ഞു കിടപ്പുണ്ടെന്ന് ഓർക്കുക. അതു കൊണ്ടു തന്നെ മുതിർന്നവരോടും അതുപോലെ ആദരണീയരായ മറ്റുള്ളവരോടുമുള്ള ഇടപഴകലുകളിൽ ഇത്തരം പെരുവിരൽ ആംഗ്യങ്ങൾ കഴിവതും ഒഴിവാക്കുന്നതാണു നല്ലത്.

വിവിധരാജ്യങ്ങളിലും സംസ്കാരങ്ങളിലും ഒരേ ശരീരഭാഷാ സംജ്ഞകൾക്കുതന്നെ വ്യത്യസ്ത അർഥസൂചനകളുണ്ടെന്നതിനാൽ അവ ഉപയോഗിക്കുന്നതു സൂക്ഷിച്ചു വേണം. അന്യ രാജ്യങ്ങളിൽപ്പോകുമ്പോഴോ വിദേശികളുമായി ഇടപഴകുമ്പോഴോ അതതു രാജ്യങ്ങളുടെ നാട്ടുനടപ്പനുസരിച്ചുള്ള ആംഗ്യങ്ങളെക്കുറിച്ച് നേരത്തേ ചോദിച്ചു മനസ്സിലാക്കിവെക്കുന്നത് നന്നായിരിക്കും.

മറ്റു ചില ആംഗ്യങ്ങൾ
പെരുവിരലിന്റെ അറ്റവും ചൂണ്ടുവിരലിന്റെ അറ്റവും ചേർത്തുരസുന്നത് പണവുമായി ബന്ധപ്പെട്ട പ്രതീക്ഷയുടെ സൂചനയാണ്. പണം കടം ചോദിക്കുന്നവരും എന്തെങ്കിലും വിലപേശലിൽ ഏർപ്പെട്ടിരിക്കുന്നവരും ഇത്തരം ചേഷ്ടകൾ പ്രദർശിപ്പിക്കുന്നതു കാണാം. 

വിരലുകളുടെ സന്ധികളിൽ  പെരുവിരലമർത്തി എതിർദിശയിലേക്ക് വളച്ച് ടിക് എന്ന ശബ്ദത്തോടുകൂടി ഞെട്ടുന്നത് ഉത്കണ്ഠ, ആകാംക്ഷ, മുഷിപ്പ്, അസ്വസ്ഥത, അനിശ്ചിതത്വം എന്നിവയിൽ ഏതിന്റെയും ലക്ഷണമാകാം. 

ക്ലസ്റ്ററുകളിലെ ഇതരചേഷ്ടകളുമായി ചേർത്തുവായിക്കുമ്പോൾ വൈവിധ്യമേറിയ അർഥങ്ങളാരോപിക്കാവുന്ന ശരീര ഭാഷാസൂചനകളാണ് പെരുവിരൽ കൊണ്ടുള്ള ആംഗ്യങ്ങൾ. വിശാലമായ അർഥത്തിൽപ്പറയുമ്പോൾ മേധാവിത്വമനോഭാവം മുതൽ മൃദുവായ അക്രമാസക്തിവരെയുള്ള മാനസികാവസ്ഥകൾ ഇവയിലൂടെ വെളിപ്പെട്ടേക്കാം. എന്നിരുന്നാലും പെരുവിരൽ കൊണ്ടുള്ള ആംഗ്യങ്ങളിലെല്ലാം പ്രതിലോമ സ്വഭാവത്തോടു കൂടിയുള്ളവ ആയിക്കൊള്ളണമെന്നില്ല.

പുരുഷന്മാർ തങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന ആധിപത്യമനോഭാവത്തിന്റെ സൂചനയായി പെരുവിരലുകൾ പുറത്തു കാണത്തക്കവണ്ണം കൈകൾ പോക്കറ്റുകളിൽ തിരുകി നിൽക്കാറുണ്ട്. ഇതേ സ്വഭാവക്കാരായ ചില സ്ത്രീകളിലും അപൂര്‍വമായെങ്കിലും ഈ നിൽപ്പ് കാണാൻ കഴിയും. 

പെരുവിരലുകള്‍ മുകളിലേക്കുയര്‍ത്തിവെച്ച നിലയിൽ മാറത്ത് കൈകൾ കെട്ടി നിൽക്കുന്നത് ഇരട്ട സൂചനകൾ നൽകുന്നു–മേധാവിത്വമനോഭാവവും നിഷേധാത്മകതയും.

പെരുവിരൽ ചൂണ്ടിയുള്ള സംസാരം നിന്ദാസൂചകമായേക്കാം–പ്രത്യേകിച്ചും ഇവരൊന്നും ഒരിക്കലും നന്നാകാൻ പോകുന്നില്ല എന്നതുപോലുള്ള അഭിപ്രായപ്രകടനങ്ങൾ പെരുവിരല്‍ പുറകിലേക്ക് വെട്ടിച്ചുകൊണ്ടാകുമ്പോൾ സംസാരിക്കുമ്പോഴെല്ലാം പെരുവിരൽ കൊണ്ടുള്ള ആംഗ്യങ്ങൾ സ്ഥിരസ്വഭാവമായുള്ളവർ സ്വതേ താൻപോരിമ കൂടിയവരായിരിക്കും. 

ചിന്തിച്ചു കൊണ്ടിരിക്കുന്ന ആളുകൾ ചിലപ്പോൾ പെട്ടെന്ന് വിരൽ ഞൊടിക്കുന്നതു കണ്ടിട്ടില്ലേ? നിമിഷേധാർത്തത്തിലുദിച്ച ഒരു വെളിപാടായിരിക്കാം അതിനു കാരണം.

കടപ്പാട്‌
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>