‘മെഷീൻ ലേണിങ് അറിയുന്ന  ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥികളെയാണു ഞങ്ങൾക്കു വേണ്ടത്’– കേരളത്തിലെ മുൻനിര എൻജിനീയറിങ് കോളജിൽ പ്ലേസ്മെന്റ് ഡ്രൈവിനെത്തിയ ബഹുരാഷ്ട്ര കമ്പനി സീമെൻസ് ആവശ്യപ്പെട്ടതിങ്ങനെ. മിടുക്കരായ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥികളുണ്ടായിരുന്നെങ്കിലും ഒപ്പം മെഷീൻ ലേണിങ്ങും അറിയാവുന്നവർ ഇല്ലായിരുന്നു.

പുതു സാങ്കേതികവിദ്യകൾ വ്യവസായങ്ങളെ മാറ്റിമറിക്കുന്ന ‘ഇൻഡസ്ട്രി 4.0’ എത്തിക്കഴിഞ്ഞു. അതനുസരിച്ച് തൊഴിലവസരങ്ങളും മാറുന്നു. എൻജിനീയറിങ് വിദ്യാർഥികൾക്കു ലഭിക്കുന്ന തൊഴിലവസരങ്ങളിൽ കഴിഞ്ഞ 4 വർഷമായി വലിയ മാറ്റങ്ങളാണുണ്ടാകുന്നത്. 5 വർഷം മുൻപു കേൾക്കാത്ത ജോലികളാണ് ഇന്നു വിദ്യാർഥികളെ കാത്തിരിക്കുന്നത്. മാറുന്ന സാങ്കേതികവിദ്യകൾ സിലബസിലാകട്ടെ ഇടംപിടിച്ചു വരുന്നതേയുള്ളൂ.

മാറ്റങ്ങൾ ഇങ്ങനെ
വമ്പൻ ഐടി കമ്പനികൾ കോളജുകളിൽ നിന്നു വ്യാപക റിക്രൂട്മെന്റ് നടത്തുന്ന ട്രെൻഡ് കുറയുകയാണ്. ടിസിഎസ് കഴിഞ്ഞ തവണ ക്യാംപസ് പ്ലേസ്മെന്റ് കുറച്ച്, പകരം നാഷനൽ ക്വാളിഫയർ ടെസ്റ്റ് എന്നൊരു പൊതുപരീക്ഷ നടത്തി.

കേരളത്തിൽ ട്രെൻഡ് മാറുന്നതിന്റെ ഉദാഹരണം ഇങ്ങനെ. നിർമാണരംഗത്തുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റിക്ക് ഇന്റലിജന്റ് ഡിസൈൻ അധിഷ്ഠിത ആശുപത്രി പ്രോജക്ടിന് എൻജിനീയറിങ് ബിരുദധാരികളെ വേണം. അവർ തിരഞ്ഞത് സിവിൽ എൻജിനീയറിങ് കഴിഞ്ഞവരെ മാത്രമല്ല. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് വിദ്യാർഥികളെക്കൂടിയാണ്.

കോഴിക്കോട് എൻഐടിയിൽ പ്ലേസ്മെന്റിനെത്തിയ റിലയൻസ് ഇൻഡസ്ട്രീസിനു വേണ്ടിയിരുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടി അറിയുന്ന മെക്കാനിക്കൽ വിദ്യാർഥികളെയായിരുന്നെന്നു സെന്റർ ഫോർ ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ് ഹെഡ് ഡോ. എസ്.എം.സമീർ പറയുന്നു.  

സിലബസ് മാറ്റങ്ങൾ
മാറ്റങ്ങൾ തിരിച്ചറിഞ്ഞ് കേരള സാങ്കേതികസർവകലാശാല കെടിയു) ഇത്തവണ ഒന്നാം വർഷം മുതൽ തന്നെ കരിക്കുലം പരിഷ്കരിച്ചിട്ടുണ്ട്. ഇന്റേൺഷിപ് ഇതിനകം തന്നെ നിർബന്ധമാക്കിയിട്ടുണ്ട്.പാലക്കാട് ഐഐടിയിലും കോഴിക്കോട് എൻഐടിയിലും കൃത്യമായ സിലബസ് പരിഷ്കാരം നടക്കാറുണ്ട്. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ  അടിസ്ഥാന പാഠങ്ങൾ ഐഐടിയിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥികൾക്ക് പഠിക്കാനുണ്ട്. എൻഐടിയിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ എൻജിനീയറിങ് വിദ്യാർഥികൾക്കും കംപ്യൂട്ടർ സയൻസ് ഇലക്ടീവുകളുണ്ട്. ഓരോ വർഷത്തെയും പ്ലേസ്മെന്റ് ട്രെൻഡ് അനുസരിച്ച് ഇലക്ടീവുകൾ തീരുമാനിക്കാറുമുണ്ട്. കുസാറ്റിൽ ആവശ്യമെങ്കിൽ സെമസ്റ്റർ ഇടവേളകളിൽ വരെ പുതിയ വിഷയങ്ങൾ ഇലക്ടീവുകളാക്കാറുണ്ടെന്നു ഫോട്ടോണിക്സ് വിഭാഗത്തിലെ പ്രഫ. എ.മുജീബ് പറയുന്നു.

ക്ലാസിനു പുറത്തും
സിലബസിൽ ഇല്ലെങ്കിലും പുതിയ സാങ്കേതികവിദ്യകൾ പഠിച്ചെടുക്കണമെന്നതു വേറെ കാര്യം. ഓൺലൈൻ കോഴ്സുകൾ (MOOC- മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ) പഠിക്കുന്നതും നല്ല കമ്പനികളിൽ ഇന്റേൺഷിപ് ചെയ്യുന്നതും പ്രധാനം.

ഇന്റർഡിസിപ്ലിനറി സ്കില്ലുകൾ വളർത്താനാണു കെടിയു മൈനർ ഡിഗ്രികൾ ഏർപ്പെടുത്തിയത്. ഇഷ്ടവിഷയം ആഴത്തിൽ പഠിക്കാൻ ഓണേഴ്സുണ്ട്. ഇൻഡസ്ട്രിയിലെ ട്രെൻഡ് അറിയാൻ ഇന്റേൺഷിപ് സഹായിക്കും.

ഡോ. എം.എസ്. രാജശ്രീ
വൈസ് ചാൻസലർ
കേരള സാങ്കേതിക സർവകലാശാല

ഐഐടിയിൽ അടിസ്ഥാന ആശയങ്ങളുൾപ്പെടുത്തിയ കോർ സിലബസിൽ വലിയ മാറ്റങ്ങളുണ്ടാകാറില്ല. അതേസമയം, വിദ്യാർഥികളെ പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്താൻ ഇലക്ടീവുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്യും.

പ്രഫ. പി.ബി. സുനിൽകുമാർ
ഡയറക്ടർ,  ഐഐടി പാലക്കാട്