മനഃശാസ്ത്രവുമായി ബന്ധപ്പെട്ട പഠന ഗവേഷണ മേഖലകളിൽ ഇക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് NLP എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ് (Neuro lingustic Programming). ആത്മനിഷ്ഠമായ അനുഭവങ്ങളെ ഭാഷയുടെ വിവിധ പാറ്റേണുകളിലൂടെ വിശകലന വിധേയമാക്കി വ്യക്തികളിൽ അഭികാമ്യമായ സ്വഭാവ വിശേഷങ്ങൾ വളർത്തിയെടുക്കുന്ന പ്രക്രിയയാണ് NLP എന്നു പറയാം. ഭാഷാപരവും ശരീരഭാഷാപരവുമായ സൂചനകളെ ശാസ്ത്രീയമായ നിരീക്ഷണവിധേയമാക്കി അതിന്റെ വെളിച്ച ത്തില്‍ ആളുകളുടെ മനോവ്യാപാരങ്ങളെ വ്യാഖ്യാനിക്കുക യാണ് NLP വിദഗ്ധർ ചെയ്യുന്നത്.

ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിന്റെ വിശകലനോപാധികളിൽ നിർണായക സ്ഥാനമാണ് ശരീരഭാഷയ്ക്കുള്ളത്. ഉദാഹരണത്തിന് ബന്ധങ്ങൾ സൗഹാർദപരവും അതുവഴി ആശയവിനിമയം കാര്യക്ഷമവുമാക്കാൻ ശരീരഭാഷാ വിദഗ്ധർ ശുപാർശ ചെയ്യുന്ന മിററിങ് വിദ്യകളും (Mirriring techniques) മറ്റും വൻ പ്രാധാന്യത്തോടെയാണ് NLPയിൽ പ്രയോഗിക്കപ്പെടുന്നത്. ഇരിപ്പിന്റെയും നിൽപ്പിന്റെയും വിവിധ പോസുകൾ, മുഖഭാവങ്ങൾ, നോട്ടങ്ങൾ–നേത്രചലനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ശരീരഭാഷാ സങ്കേതങ്ങള്‍ ഒട്ടുമുക്കാലും NLP യിൽ ആരോഗ്യകരമായ വൈകാരികാവസ്ഥകളും ആശയ വിനിമയ രീതികളും വികസിപ്പിച്ചെടുക്കാൻ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്.‌

കണ്ടറിയാം, കേട്ടറിയാം, തൊട്ടറിയാം
നമ്മുടെ യഥാർഥ അനുഭവങ്ങളെല്ലാം കാഴ്ച, കേൾവി, സ്പർശനം, മണം, രുചി തുടങ്ങിയ പഞ്ചേന്ദ്രിയങ്ങളുമായി ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ നേരിട്ടു ബന്ധപ്പെട്ടിരിക്കുമല്ലോ. വ്യത്യസ്തതരത്തിൽപ്പെട്ട ഇത്തരം അനുഭവങ്ങളോരോന്നും വിശകലനം ചെയ്യപ്പെടുന്നതും റെക്കോര്‍ഡ് ചെയ്യപ്പെടുന്നതും തലച്ചോറിലെ വ്യത്യസ്ത കേന്ദ്രങ്ങളിലാണ്. അനുഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ (data) അടങ്ങിയ നാഡീ സംജ്ഞകൾ (neuro signals) തലച്ചോറിൽ വച്ച് ചില പരിവർത്ത നങ്ങൾക്ക് വിധേയമാകുന്നുണ്ട്. അതുകൊണ്ട് പഞ്ചേന്ദ്രിയങ്ങള്‍ തലച്ചോറിലേക്കയയ്ക്കുന്ന വിവരങ്ങളുടെ പ്രതിനിധാന ങ്ങൾ അഥവാ മോഡലുകൾ മാത്രമാണ് നമുക്ക് ഗ്രഹിക്കാൻ കഴിയുന്നത്.

ഇത്തരം മോഡലുകളെ പ്രതിനിധാന വ്യവസ്ഥകൾ (Representational Systems) എന്നു വിളിക്കാം. ഇവയെ വിഷ്വൽ (Visual-കാഴ്ചയുമായി ബന്ധപ്പെട്ടത്), ഓ‍ഡിറ്ററി (Auditory- കേൾവിയുമായി ബന്ധപ്പെട്ടത്), കിനിസ്തെറ്റിക് (Kinaesthetic-ശാരീരിക ചലനങ്ങളെക്കുറിച്ചുള്ള അവബോധവുമായി ബന്ധപ്പെട്ടത്), ഓൾഫാക്ടറി (Olfactory- കേൾവിയും രുചിയുമായി ബന്ധപ്പെട്ടത്) എന്നിങ്ങനെ നാലായി തിരിക്കാം. ശരീരഭാഷാപരമായി ഇവയിൽ ആദ്യത്തെ മൂന്നു മോഡലുകൾക്കാണ് കൂടുതൽ പ്രസക്തിയും പ്രാധാന്യവുമുള്ളത്.

ആളുകളിൽ പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനം വിഷ്വൽ, കിനെസ്തെറ്റിക്, ഓഡിറ്ററി എന്നീ മേഖലകളിൽ ഒരേ സമയം വ്യാപരിക്കുന്നുണ്ടെങ്കിൽത്തന്നെയും പ്രസ്തുത മേഖലകളോ രോന്നിന്റെയും സ്വാധീനത്തിൽ വ്യക്തിഗതമായ ഏറ്റക്കുറച്ചിലുകൾ കാണുമെന്ന് NLP വിദഗ്ധർ സിദ്ധാന്തിക്കുന്നു. ഒരു വ്യക്തിയിൽ തന്നെ മേൽസൂചിപ്പിച്ച മേഖലകളിലെല്ലാമുള്ള കഴിവുകൾ ഒരു പോലെ ശക്തമായിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിന് വിഷ്വൽ കഴിവുകൾ കൂടുതലുള്ള ആൾക്ക് ഓഡിറ്ററി കഴിവുകളും കിനെസ്തെറ്റിക് കഴിവുകളും താരതമ്യേന കുറവായിരിക്കാനാണ് സാധ്യത. അതുപോലെ തന്നെ ഓ‍ഡിറ്ററി കഴിവു കൂടിയ ആളുകൾക്ക് മറ്റു രണ്ടു കഴിവുകളും കമ്മിയായേക്കാം. അഞ്ച് ഇന്ദ്രിയങ്ങളുടെയും ഉപയോഗക്ഷമത ഒരു പോലെ തുല്യമായ അവസ്ഥ ആളുകളിൽ അത്യപൂർവ്വ മായിരിക്കുമെന്നു ചുരുക്കം.

ഈ തത്ത്വത്തിന്റെ  അടിസ്ഥാനത്തിൽ ആളുകളെ പൊതുവായി വിഷ്വൽ വ്യക്തിത്വങ്ങൾ, ഓഡിറ്ററി വ്യക്തിത്വങ്ങൾ, കിനെസ്തെറ്റിക് വ്യക്തിത്വങ്ങൾ എന്നിങ്ങനെ മൂന്നു വിഭാഗ മായി തരംതിരിക്കാം. എന്നിരിക്കിലും സാഹചര്യങ്ങളിൽ വരുന്ന മാറ്റങ്ങൾക്കനുസൃതമായി ഈ വേർതിരിവിന്റെ അതിർവരമ്പുകൾ അതിലംഘിക്കപ്പെട്ടേക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. ചില പ്രത്യേക സാഹചര്യങ്ങളിൽ വിഷ്വൽ വ്യക്തിത്വങ്ങൾ ചിലപ്പോൾ ഓ‍ഡിറ്ററി കഴിവുകളോ കിനെസ്തെറ്റിക് കഴിവുകളോ കൂടുതൽ പ്രകടമാക്കിയേക്കാം. മറ്റു ചിലപ്പോൾ തിരിച്ചും സംഭവിക്കാം. ഓരോ പ്രത്യേക സാഹ ചര്യങ്ങളിലും ഇവയിലേതു കഴിവിനാണ് മേൽക്കോയ്മ ലഭിക്കുന്നതെന്നറിയാനും അതിനെ വ്യാഖ്യാനിക്കാനും അതിസൂ ക്ഷ്മമായ നിരീക്ഷണ പാടവവും വിശകലന പാടവവും അത്യ ന്താപേക്ഷിതമാണ്. 

എന്റെ നോട്ടത്തിൽ പറഞ്ഞാൽ...
വിഷ്വൽ വ്യക്തിത്വമുള്ളവർ വസ്തുക്കളെ മാത്രമല്ല വസ്തുത കളെപ്പോലും അവയുടെ ദൃശ്യാത്മകതയ്ക്ക് മുൻതൂക്കം നൽകിക്കൊണ്ട് വീക്ഷിക്കാനും മനസ്സിലാക്കുവാനുമാണ് താൽപ്പര്യപ്പെടുക. അവരുടെ തലച്ചോറിന്റെ വിഷ്വൽ സിഗ്നലുകൾ വിശകലനം ചെയ്യുകയും പ്രതികരണ സിഗ്നലുകൾ സംപ്രേക്ഷണം ചെയ്യുകയും ചെയ്യുന്ന ഭാഗം താരതമ്യേന കൂടുതൽ വികസിതമായിരിക്കും. കണ്ടു മനസിലാക്കുന്ന കാര്യങ്ങളാണ് കേട്ടു മനസ്സിലാക്കുന്ന കാര്യങ്ങളെക്കാളും സ്പർശനം പോലുള്ള അനുഭവങ്ങളിലൂടെ മനസിലാക്കുന്ന കാര്യങ്ങളെക്കാളും അവരുടെ മനസില്‍ തങ്ങിനിൽക്കുക. വസ്തുതകളെ ഭാവനാചിത്രങ്ങളായാണ് ഇത്തരക്കാർ ഉൾക്കൊള്ളുന്നത്.

‘എന്റെ കാഴ്ചയിൽ സംഗതി അത്ര എളുപ്പമല്ല. വിഷയത്തിന്റെ നാനാവശങ്ങളും നോക്കിക്കാണാനാണ് ഞാൻ ശ്രമിക്കുന്നത്.’ തുടങ്ങി കാഴ്ചയുമായി ബന്ധപ്പെട്ട പദപ്രയോഗങ്ങൾ അവരു ടെ സംഭാഷണങ്ങളിൽ ഇടയ്ക്കിടെ ഉയർന്നു വന്നേക്കാം. ശരീരം നിവർന്ന് അൽപം മുകളിലേക്ക് നോക്കി അംഗവിക്ഷേപങ്ങളോടെയുള്ള ഇവരുടെ സംസാരം ഉയർന്ന സ്ഥായിയിൽ ദ്രുതഗതിയിലായിരിക്കാനാണ് സാധ്യത.

സംഗതി പിടികിട്ടി!
വ്യക്തിത്വത്തിൽ  കിനെസ്തെറ്റിക് കഴിവുകൾക്ക് മുൻതൂക്കമുള്ളവരുടെ മുഖാമുഖ ആശയവിനിമയങ്ങളിൽ സ്പർശനത്താലെന്നപോലുള്ള ശാരീരിക അനുഭൂതികൾക്കും അവയുമായി ബന്ധപ്പെട്ട പദപ്രയോഗങ്ങൾക്കും പ്രാമുഖ്യം കാണാം. കാര്യങ്ങൾ പ്രായോഗിക പ്രവർത്തനങ്ങളിലൂടെ ചെയ്തു പഠിക്കുന്ന പ്രകൃതക്കാരായിരിക്കും ഇവർ.‘സംഗതി ഇപ്പോഴാണ് മനസ്സിലായത്’ എന്നു പറയുന്നതിനു പകരം ‘സംഗതി ഇപ്പോഴാണ് പിടികിട്ടിയത്’ എന്നതുപോലുള്ള ഭാഷാ പ്രയോഗങ്ങൾ ഇത്തരക്കാരിൽ നിന്ന് ധാരാളമായി പ്രതീക്ഷിക്കാം. 

കിനിസ്തെറ്റിക് കഴിവുകൾ കൂടിയ വിദ്യാർഥികൾ തിയറി ക്ലാസുകളെക്കാൾ പ്രാക്റ്റിക്കൽ ക്ലാസുകളിൽ കൂടുതൽ താൽപ്പര്യം പ്രകടിപ്പിക്കുന്നതായിക്കാണാം. 

കിനിസ്തെറ്റിക് സംവേദനങ്ങൾ സ്വീകരിക്കുന്ന സന്ദർഭങ്ങളിൽ ഇത്തരക്കാർ ദീർഘമായി സാവധാനത്തിൽ ശ്വസിക്കൽ, നേരെ നോക്കുന്നതിനു പകരം വശങ്ങളിലേക്ക് നോക്കൽ, തല ചെരിച്ചുപിടിക്കൽ, കൈകൾ പിണച്ചുവയ്ക്കൽ തുടങ്ങിയ ചേഷ്ടകൾ പ്രകടമാക്കിയേക്കാം. മിതമായ വേഗത്തിൽ മിതമായ സ്ഥായിയിലായിരിക്കും അവരുടെ സംസാരം.

ഒരിക്കൽ കേട്ടാൽ!
ഓ‍ഡിറ്ററി വ്യക്തിത്വമുള്ള ആളുകളുടെ തലച്ചോറിൽ ശ്രവണേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന നാഡീകേന്ദ്രങ്ങൾ മറ്റു പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണ കേന്ദ്രങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രബലമായിരിക്കും. സംസാരവേളകളിൽ വാക്കുകൾ അളന്നു മുറിച്ചു പ്രയോഗിക്കുന്നതിൽ അത്തരക്കാർ നിപുണരായിരിക്കും. കാഴ്ചയടക്കമുള്ള മറ്റേത് ഇന്ദ്രിയാനുഭവങ്ങളിലൂടെ അറിയുന്നതിനേക്കാളും കേട്ടറിയുന്നതിനായിരിക്കും ഇവർ മുൻഗണന നൽകുകയെന്നത് തികച്ചും സ്വാഭാവികമാണല്ലോ. കാരണം കേൾവിയിലൂടെ ഉൾക്കൊള്ളുന്ന കാര്യങ്ങൾ കൂടു തൽ എളുപ്പത്തിൽ ഗ്രഹിക്കാനും ഓർത്തുവയ്ക്കാനും അനുയോജ്യമായ വിധത്തിലായിരിക്കും അവരുടെ മസ്തിഷ്കത്തിലെ സ്വീകരണ കേന്ദ്രങ്ങൾ പ്രോഗ്രാം ചെയ്യപ്പെട്ടിട്ടുള്ളത്. വളരെ സാവധാനത്തിലും വാക്കുകളുടെ തിരഞ്ഞെടുപ്പിൽ അസാമാന്യ ശ്രദ്ധ പുലർത്തിക്കൊണ്ടും മിക്കപ്പോഴും തല ഒരു വശത്തേക്ക് അൽപ്പം ചെരിച്ചു പിടിച്ച് നിലത്തേക്ക് ദൃഷ്ടിയൂ ന്നിക്കൊണ്ടായിരിക്കാം അവരുടെ സംസാരം.

ഓഡിറ്ററി വ്യക്തിത്വമുള്ള വിദ്യാർഥികൾക്ക് ക്ലാസുകേൾക്കാതെ ടെക്സ്റ്റ് ബുക്കുകൾ മാത്രം വായിച്ച് പാ‍ഠങ്ങൾ മനസിലാക്കാനുള്ള കഴിവ് താരതമ്യേന കുറവായിരിക്കും. 

അടുപ്പത്തിലും അകലം, അകലത്തിലും അടുപ്പം
മുകളിൽ വിശദീകരിച്ചിട്ടുള്ള മൂന്നു വിഭാഗങ്ങളിൽപെട്ട ആളുകളുമായും ഇടപെടുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഇനി പരിശോധിക്കാം.

വിഷ്വൽ വ്യക്തിത്വമുള്ളവരുമായി സംസാരിക്കുമ്പോൾ നേർക്കുനേർ നോക്കി സംസാരിക്കാൻ ശ്രദ്ധിക്കണം. സംഭാഷണ വേളകളിൽ കേൾവിക്കാരൻ പ്രകടമായ കാരണങ്ങൾ കൂടാതെ തല മാത്രമോ ശരീരം മൊത്തത്തിലോ ഏതെങ്കിലും ഭാഗത്തേക്ക് തിരിക്കുന്നതായിക്കണ്ടാൽ അത്തരക്കാർ അതു താൽപ്പര്യരാഹിത്യമായി ഉടൻ വിലയിരുത്തും.

അതുപോലെ ഇവരുമായി അൽപ്പം ദൂരെ നിന്നു വേണം സംസാരിക്കാന്‍. സംഭാഷണ പങ്കാളിയുടെ ഓരോ ചലനവും നിരീക്ഷിക്കുന്നതോടൊപ്പം ചുറ്റുപാടുകളുടെ ശരിയായ ചിത്രവും കണ്ണിൽ പതിയണമെന്നതിനാൽ അൽപ്പം അകലം പാലിച്ചുകൊണ്ടുള്ള നിൽപ്പായിരിക്കും ഇവർക്കിഷ്ടം. മാത്രമല്ല, ഒരു പരിധിയിലധികം അടുത്തു നിന്നു സംസാരിച്ചാൽ അവർ അസ്വസ്ഥതയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. ശാരീരികമായി അൽപ്പം അകന്നു മാറി നിന്നുകൊണ്ടു മാത്രം ഇടപഴകുന്ന പ്രവണത അവരുടെ സ്വഭാവത്തിന്റെ ഭാഗമായ തിനാൽ അത് മാനസികമായ അടുപ്പക്കുറവായി വ്യാഖ്യാനിക്കുന്നത് തെറ്റായിരിക്കുമെന്ന് ഓർക്കുക.

കിനെസ്തെറ്റിക് വ്യക്തിത്വമുള്ള ആളുകളോടു സംസാരിക്കുമ്പോൾ കഴിവതും അടുത്തു നിന്നു സംസാരിക്കണം.

കടപ്പാട്‌
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>