ബിടെക്കുകാരെ തട്ടി നടക്കാൻ വയ്യ! പഠനശേഷം രക്ഷപെടാൻ ഇതാ ചില വഴികൾ
എൻജിനീയറിങ് സീറ്റുകൾ പെരുകിയതോടെ, ബിടെക് കഴിഞ്ഞ് അർഹമായ ജോലി കിട്ടുന്നില്ലെന്ന പരാതിയുമേറി. മികച്ച കോളജുകളിലെ മികച്ച വിദ്യാർഥികൾക്കു ക്യാംപസ് പ്ലേസ്മെന്റ് കിട്ടും. മറ്റുള്ളവർ ബുദ്ധിപൂർവം ഭാവി ആസൂത്രണം ചെയ്യണം.
ബിടെക്കിന്റെ മാത്രം ബലത്തിൽ ജോലി കിട്ടുമെന്നു കരുതാതെ മൂല്യവർധന നേടണം. വിഷയത്തിലെ ഏറ്റവും പുതിയ അറിവുകൾ സമ്പാദിക്കണം. ജോലിസാധ്യത മെച്ചപ്പെടുത്താൻ ചില വഴികളിതാ.
ഇന്റേൺഷിപ്, അപ്രന്റിസ്ഷിപ് :ജോലിയിലേക്കുള്ള താക്കോൽ
ജോലിയിലേക്കുള്ള പ്രധാന വഴികളാണ് ഇന്റേൺഷിപ്പും അപ്രന്റിസ്ഷിപ്പും. ട്രെയിനിയായെങ്കിലും പ്രവർത്തിച്ചവർക്കു കമ്പനികൾ മുൻതൂക്കം നൽകും.
∙ എഐസിടിഇയുടെ ഇന്റേൺഷിപ് പോർട്ടലിൽ (www.internship.aicte-india.org) ദേശീയതലത്തിലെ പല സ്ഥാപനങ്ങളിലെയും ഇന്റേൺഷിപ് സൗകര്യങ്ങൾ അറിയാം.
∙ നാഷനൽ അപ്രന്റിസ് ട്രെയിനിങ് സ്കീം വഴി (https://portal.mhrdnats.gov.in/boat/login/user_login.action) ബിടെക്കുകാർക്ക് ഒരു വർഷം സ്റ്റൈപൻഡോടെ സാങ്കേതികസ്ഥാപനങ്ങളിൽ അപ്രന്റിസായി പ്രവർത്തിച്ചു പരിചയം നേടാം. ഇതിനു നിയമനാധികാരികൾ മുൻതൂക്കം നൽകും. കേന്ദ്രസർക്കാരിന്റെ യുവജന നൈപുണ്യവികസന പദ്ധതിയുമായി ഇതു ബന്ധിപ്പിച്ചിട്ടുണ്ട്.
∙ ഐസിടി അക്കാദമി ഓഫ് കേരളയിൽ റൊബോട്ടിക്സ് പ്രോസസ് ഓട്ടമേഷൻ, ഡേറ്റാ സയൻസ് അനലിറ്റിക്സ്, ആക്സിലറേറ്റഡ് ബ്ലോക് ചെയിൻ കോംപീറ്റൻസി ഡവലപ്മെന്റ്, മെഷീൻ ലേണിങ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മൂഡിൽ, എംബഡഡ് സിസ്റ്റംസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് ഫോർ എൻജിനീയറിങ് ആപ്ലിക്കേഷൻസ്, ക്വാളിറ്റി അഷ്വറൻസ് ഫോർ സോഫ്റ്റ്വെയർ പ്രോഡക്ട്സ്, മെറ്റമോർഫോസിസ് സ്കിൽ ഓഗ്മെന്റേഷൻ തുടങ്ങി ധാരാളം പ്രോഗ്രാമുകളുണ്ട്. എൻജിനീയറിങ് കോളജുകൾ, ആർട്സ് ആൻഡ് സയൻസ് കോളജുകൾ, പോളിടെക്നിക്കുകൾ എന്നിവയടക്കം കേന്ദ്രങ്ങളിൽ പരിശീലനം – https://ictkerala.org
∙ കേരള സർക്കാരിന്റെ അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) അറുപതിലേറെ എൻജിനീയറിങ് കോളജുകളിലടക്കം അഡ്വാൻസ്ഡ് സ്കിൽ ഡവലപ്മെന്റ് സെന്ററുകൾ നടത്തുന്നു. പഠനത്തിനിടെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡേറ്റാ അനലിറ്റിക്സ് അടക്കം പല വിഷയങ്ങളിലും പ്രാവീണ്യം നേടാം. http://asapkerala.gov.in
∙ ബിടെക്കിനു പഠിക്കുമ്പോൾത്തന്നെ കെടിയു (കലാം ടെക്നളോജിക്കൽ യൂണിവേഴ്സിറ്റി) ഏർപ്പെടുത്തുന്ന മൈനർ സ്പെഷലൈസേഷനും പ്രയോജനപ്പെടുത്തുക. ടെക്നോളജി ഒൻട്രപ്രനർഷിപ്, ജേണലിസം അടക്കമുള്ള മൈനറുകളെക്കുറിച്ച് https://ktu.edu.in എന്ന സൈറ്റിലെ ‘സ്റ്റുഡന്റ് ഇൻഫർമേഷൻ’ വിൻഡോയിലെ ‘സ്റ്റുഡന്റ് ഹാൻഡ്ബുക്കി’ൽ പറയുന്നുണ്ട്.
∙ കെടിയുവുമായി ഔദ്യോഗികമായി ബന്ധമില്ലെങ്കിലും ഇന്റേൺഷിപ് വിവരങ്ങൾ ktuweb.com എന്ന സൈറ്റിൽ വരാറുണ്ട്.
നൈപുണ്യ പഠനം നാട്ടിൽ തന്നെ
ബിടെക് കഴിഞ്ഞവർക്കായുള്ള നൈപുണ്യ കോഴ്സുകൾ കേരളത്തിൽ തന്നെയുണ്ട്.
∙ നീലിറ്റ്, കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജിയിൽ (http://nielit.gov.in/calicut) ഇൻഫർമേഷൻ സിസ്റ്റം സെക്യൂരിറ്റി, ക്ലൗഡ് കംപ്യൂട്ടിങ്, ബിഗ് ഡേറ്റ അനലിറ്റിക്സ്, ഇൻഫർമേഷൻ സിസ്റ്റം സെക്യൂരിറ്റി, എംബെഡഡ് സിസ്റ്റം ഡിസൈൻ, ഡേറ്റാ സയന്റിസ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ ഹ്രസ്വകാല പ്രോഗ്രാമുകളുണ്ട്.
നാഷനൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് നെറ്റ്വർക് (NSQF) മാനദണ്ഡപ്രകാരം ദേശീയതലത്തിൽ ഇത്തരത്തിലുള്ള നൈപുണ്യ കോഴ്സുകളുടെ വിവരങ്ങൾക്ക് www.msde.gov.in/nsqf.html / www.nsda.gov.in/nsqf.html
∙ ഐഐഐസി, ചവറ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട ഓഫ് ഇൻഫ്രാസ്ട്രക്ചർ & കൺസ്ട്രക്ഷനിൽ (https://iiic.ac.in) വിവിധ ശാഖകളിലെ ബിടെക്കുകാർക്കുള്ള മാനേജീരിയൽ കോഴ്സുകളടക്കമുള്ള പ്രോഗ്രാമുകളുണ്ട്. സിവിലിന് ഇന്റീരിയർ ഡിസൈൻ & കൺസ്ട്രക്ഷൻ, അർബൻ പ്ലാനിങ് & ആർക്കിടെക്ചർ എന്നിവ ഉദാഹരണം
മേൽസൂചിപ്പിച്ചവ പോലെ മറ്റു സ്ഥാപനങ്ങളുമുണ്ട്.
ഉപരിപഠന വഴികൾ
∙ എംടെക് : ഗേറ്റ് യോഗ്യത നേടിയവർക്ക് 12,400 രൂപ മാസ സ്റ്റൈപൻഡോടെ പഠിക്കാം. ബിടെക്കിനു പഠിക്കാത്ത വിഷയത്തിലും എംടെക് പഠിക്കാം. ഉദാഹരണത്തിന് മെക്കാനിക്കൽ, ഓട്ടോ, പ്രൊഡക്ഷൻ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, മെക്കട്രോണിക്സ് ബിടെക്കുകാർക്ക് ഐഐടി മദ്രാസിൽ എയ്റോസ്പേസ് എംടെക് പ്രവേശനമുണ്ട്. ഏതു ശാഖക്കാർക്കും കംപ്യൂട്ടർ സയൻസ് എംടെക്കിനു ചേരാം. ബന്ധപ്പെട്ട ഗേറ്റ് യോഗ്യത നേടിയിരിക്കണം (http://mtechadm.iitm.ac.in). യോഗ്യതയുള്ളവർ വേണ്ടത്രയില്ലെങ്കിൽ ഗേറ്റ് സ്കോറില്ലാതെയും പല സ്ഥാപനങ്ങളും സ്റ്റൈപൻഡില്ലാതെ എംടെക്കിനു ചേർക്കും.
∙ ബിസിനസ് മാനേജ്മെന്റ്: ക്യാറ്റ്, സിമാറ്റ് തുടങ്ങി ഏതെങ്കിലും യോഗ്യതാപരീക്ഷയിലെ സ്കോർ വേണം (www.iimcat.ac.in; https://ntacmat.nic.in)
∙ പിഎച്ച്ഡി: 60 % മാർക്കോടെ ബിടെക് നേടിയ സമർഥർക്ക് എംടെക് കൂടാതെയും പിഎച്ച്ഡി പ്രവേശനമുണ്ട്. ഉദാഹരണം ഐഐടി ബോംബെ (www.iitb.ac.in/newacadhome/Ph.D.Brochure2019.pdf).
നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സിൽ മാത്സ് പിഎച്ച്ഡി ഗവേഷണത്തിന് 25,000 / 25,000 / 28,000 രൂപ ക്രമത്തിൽ പ്രതിമാസ സ്കോളർഷിപ്പും 32,000 രൂപ വാർഷിക ഗ്രാന്റും ലഭിക്കും. നല്ല ഗണിതവാസന വേണം (www.nbhm.dae.gov.in).
നാഷനൽ ബ്രെയിൻ റിസർച് സെന്ററിൽ ന്യൂറോസയൻസിൽ പിഎച്ച്ഡി, എംഎസ്സി അവസരങ്ങളുണ്ട് (www.nbrc.ac.in)
∙ വിദേശപഠനം: യുഎസ് അടക്കമുള്ള രാജ്യങ്ങളിലെ സർവകലാശാലകളിൽ എംഎസ്, എംബിഎ പ്രോഗ്രാമുകൾക്കു ശ്രമിക്കാം. സർവകലാശാലാ റാങ്കിങ് നോക്കി ഏറ്റവും ഉയർന്നതിനു പുറമേ ഇടത്തരവും ചേർത്ത് നാലോ അഞ്ചോ സ്ഥാപനങ്ങളിലേക്ക് ഒരു വർഷം മുൻപേ ശ്രമം തുടങ്ങാം. GRE, TOEFL, IELTS മുതലായവയിൽ നല്ല സ്കോർ നേടണം (www.ets.org/gre; www.ets.org/toefl; www.ielts.org). എംബിഎയ്ക്ക് ജിആർഇ സ്കോറും പല പ്രമുഖ ബിസിനസ് സ്കൂളുകളും പരിഗണിക്കും. ഒട്ടെല്ലാ സ്കൂളുകളും എംബിഎ പ്രവേശനത്തിനു ജിമാറ്റ് സ്കോർ നോക്കും (https://e-gmat.com). ‘സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്’ നന്നായി തയാറാക്കുക, ‘റെക്കമെൻഡേഷൻ ലെറ്റർ’ വാങ്ങുന്നതിലും ശ്രദ്ധിക്കണം. സാമ്പത്തികസഹായം വേണ്ടിവരുമെന്ന് പ്രവേശനച്ചുമതലയുള്ള പ്രഫസർമാരെ ഇ–മെയിൽ വഴി അറിയിക്കുന്നതു നന്ന്.
നാഷനൽ പ്രോഗ്രാം ഓൺ ടെക്നോളജി എൻഹാൻസ്ഡ് ലേണിങ് (NPTEL : https://nptel.ac.in) വഴി 7 ഐഐടികളും ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസും ചേർന്ന് രണ്ടായിരത്തോളം സൗജന്യ ഓൺലൈൻ കോഴ്സുകൾ നടത്തുന്നു. സർട്ടിഫിക്കറ്റ് വേണമെങ്കിൽ മാത്രം 1000 രൂപ.
വിദേശത്ത് നടത്തുന്ന മികച്ച പല ഓൺലൈൻ കോഴ്സുകളും ഇവിടിരുന്നു പഠിക്കാം. ചിലതെല്ലാം സൗജന്യം. സർട്ടിഫിക്കേഷൻ വേണമെങ്കിൽ മാത്രം പണമടച്ചാൽ മതി എന്ന വ്യവസ്ഥയുള്ള പ്രോഗ്രാമുകളുമുണ്ട്.
എ) edX: ഹാർവഡ്, എംഐടി മുതലായവയുടെ സഹകരണത്തോടെയുള്ള കോഴ്സുകൾ (www.edx.org).
ബി) COURSERA: യുഎസിലെ സ്റ്റാൻഫഡ് പ്രഫസർമാർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോം. സൗജന്യമായി പഠിക്കാം (www.coursera.org)
സി) UDEMY: www.udemy.com
ഡി) UDACITY: www.udacity.com
സ്റ്റാർട്ടപ് തുടങ്ങാം, ജോലി കൊടുക്കാം
ജോലി കണ്ടെത്തുന്നതിനെക്കാൾ ഒരുപടി മേലേയാണ് സ്ഥാപനം തുടങ്ങി പത്തുപേർക്കു ജോലി കൊടുക്കാനും കൂടി കഴിയുന്നത്. സംരംഭകത്വ പരിശീലനം നൽകുന്ന ചില സ്ഥാപനങ്ങൾ:
എ) ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഗാന്ധിനഗർ, ഗുജറാത്ത് (www.ediindia.ac.in). ഇതിന്റെ ചെറുശാഖ തൃശൂർ മുളങ്കുന്നത്തുകാവിലുണ്ട്; പരിശീലന കോഴ്സുകളും.
ബി) കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ്, കളമശ്ശേരി
സ്റ്റാർട്ടപ്പുകളെക്കുറിച്ചു വിശദമായി ഇവിടെയെഴുതാൻ കഴിയില്ല. നിങ്ങൾ തൂടങ്ങാൻ ആഗ്രഹിക്കുന്ന മേഖലയിലെയും അന്യമേഖലകളിലെയും സ്റ്റാർട്ടപ് സംരംഭകരുടെ ഉപദേശം തേടാം.
എ) കേരള സ്റ്റാർട്ടപ് മിഷന്റെ സഹായങ്ങൾ പ്രയോജനപ്പടുത്താം. ഐഡിയ / പ്രൊഡക്ടൈസേഷൻ / സ്കെയിൽ അപ് ഗ്രാന്റുകളുണ്ട് (https://startupmission.kerala.gov.in)
ബി) സ്റ്റാർട്ടപ് ഇന്ത്യ സ്കീം (www.startupindia.gov.in)
ഇന്റർവ്യൂ പരിശീലിക്കൂ
ഇന്റർവ്യൂവിലെ മികച്ച പ്രകടനം ജോലി കിട്ടാൻ അനിവാര്യമാണ്. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ പരിശീലനം തേടണം. തിരുവനന്തപുരത്തും കൊച്ചിയിലും ഐഎച്ച്ആർഡി ഫിനിഷിങ് സ്കൂളുകളുണ്ട് (http://ihrd.ac.in). മികച്ച സ്വകാര്യസ്ഥാപനങ്ങളെയും ആശ്രയിക്കാം.
സർക്കാരിലും സൈന്യത്തിലും
സർക്കാരിന് എക്കാലത്തും എൻജിനീയർമാരെ ആവശ്യമുണ്ട്. മികച്ച അവസരങ്ങൾ പ്രധാനമായും രണ്ടു തരത്തിലാണ്.
∙ ഇന്ത്യൻ എൻജിനീയറിങ് സർവീസസ് (https://upsc.gov.inലെ എക്സാമിനേഷൻ ലിങ്ക്)
∙ സായുധസേനയിൽ കമ്മിഷൻഡ് ഓഫിസർ. ആർമി, നേവി, എയർ ഫോഴ്സ് എന്നീ ശാഖകളിലെ വിവരങ്ങൾക്ക് www.joinindianarmy.nic.in, www.joinindiannavy.gov.in, http://indianairforce.nic.in
കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ എന്ന നോൺ ഗസറ്റഡ് തസ്തികയിലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചിരിക്കുന്ന സമയവുമാണിപ്പോൾ.
അവസരങ്ങൾ അന്വേഷിച്ചറിയുക
തൊഴിലവസരങ്ങളെക്കുറിച്ചറിയാൻ തൊഴിൽ പ്രസിദ്ധീകരണങ്ങൾ സഹായിക്കും. ഉദാ: എംപ്ലോയ്മെന്റ് ന്യൂസ്, തൊഴിൽവീഥി.
ജോബ് പോർട്ടലുകളിൽ റജിസ്റ്റർ ചെയ്യണം. ചില പോർട്ടലുകൾ ഇവ: നൗക്രി (naukri.com), വേക്കൻസി ഓപ്പൺ (ആഗോളതലത്തിൽ ജോലികൾ ഇനംതിരിച്ച്; ജോബ് അലർട്ടുകളും– vacancyopen.com), കട്ഷോർട് (cutshort.io), ഏഞ്ചൽ ലിസ്റ്റ് (സ്റ്റാർട്ടപ് ജോലികൾ– https://angel.co), ഇൻസ്റ്റാഹയർ (instahyre.com)
പൊതുവായ വഴികൾ
ബിടെക് അടക്കം ഏതു ബിരുദം കഴിഞ്ഞും പോകാവുന്ന വഴികൾ:
എ) ഉപരിപഠനം: എൽഎൽബി, ബിസിനസ് മാനേജ്മെന്റ്, ജേണലിസം, ഫിലിം & ടെലിവിഷൻ, ഫിസിക്കൽ എജ്യുക്കേഷൻ
ബി) ജോലി: സിവിൽ സർവീസസ്, ബാങ്ക് / ഇൻഷുറൻസ് ഓഫിസർ, കംബൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ (www.upsc.gov.in – ലിങ്ക് : എക്സാമിനേഷൻസ്)
സി) എൻജിഒ: നോൺ ഗവൺമെന്റ് ഓർഗനൈസേഷനുകളിൽ (NGO) സാമൂഹികസേവനം കൂടി അടങ്ങിയ ജോലികൾ.