കരിക്കിൻ വെള്ളം ഏറ്റവും നല്ല പാനീയമാണ്. എക്കാലത്തും ഇതിന് ആവശ്യക്കാരുണ്ട്. പ്രകൃതിജന്യമായ ഉൽപന്നം എന്ന നിലയിൽ, കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമെല്ലാം ഹിറ്റാണ് കരിക്കും അനുബന്ധ ഉൽപന്നങ്ങളും. 

കരിക്ക് വളരെ വേഗം ഉപയോഗിക്കത്തക്കവിധം വിപണിയിൽ എത്തിക്കാൻ കഴിഞ്ഞാൽ നല്ല നിലയിൽ ശോഭിക്കാം. അതിനെന്താണു മാർഗം? വലിയ നിക്ഷേപം കൂടാതെ തന്നെ പുതിയ സംരഭകർക്ക് ഈ രംഗത്തേക്കു വരാനാകും.  ബോട്ടിലുകളിൽ നിറച്ച ടെന്റർ കോക്കനട്ട് വാട്ടറുകൾ ഇന്നു വിപണിയിൽ സജീവമാണ്. കരിക്ക് അതേ രീതിയിൽത്തന്നെ ഓപ്പണർ ഉയർത്തി നേരിട്ടു കഴിക്കാവുന്ന രീതിയിൽ വിപണിയിൽ എത്തിക്കാന്‍ കഴിഞ്ഞാൽ കുറേക്കൂടി സ്വീകരിക്കപ്പെടില്ലേ? ആ സംരഭത്തിനുള്ള മാർഗം അറിയാം. 

നിർമാണ രീതി
കരിക്ക് അടർത്തി എടുക്കുന്നു. പീലിങ് മെഷീന്റെ സഹായത്തോടെ കരിക്കിന്റെ തൊണ്ട് മനോഹരമായി ഷെയ്പ് ചെയ്തു കട്ട് ചെയ്യുന്നു. വെളുത്ത നിറം നിലനിൽക്കാൻ സിട്രിക് ആസിഡും പൊട്ടാസ്യം മെറ്റബൈസൾഫേറ്റും ചേർന്ന ലായനിയിൽ മുക്കുന്നു. ഇങ്ങനെ ചെയ്താൽ 21 ദിവസം വരെ നിറം മാറാതെ ഇരിക്കും. ശേഷം പോളിത്തീൻ കവറിൽ പായ്ക്ക് ചെയ്യുന്നു. പ്രത്യേക ഓപ്പണർ കൊണ്ടു പ്രസ്സ് ചെയ്ത് കരിക്കിൻ വെള്ളം കുടിക്കുന്നു. 

വിപണി
ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, കൂൾ ഡ്രിംഗ്സ് ഷോപ്പുകൾ, ഓഫിസുകൾ എന്നിങ്ങനെ എവിടെയും സൗകര്യപ്രദമായി വില്‍ക്കാവുന്നതാണ്. വഴിയോര വിശ്രമ കേന്ദ്രങ്ങളിലും വലിയ സാധ്യത. കൃത്രിമ ചേരുവകൾ ഇല്ലാത്ത തനതായ ഉൽപന്നം എന്ന സ്വീകാര്യതയും മികച്ച വിപണിക്കു വഴിയൊരുക്കും. 

വേണ്ട സൗകര്യങ്ങള്‍

∙100 ചതുരശ്ര അടിയുള്ള കെട്ടിടം

∙ മെഷിനറികൾ

1 ടെന്റർ കോക്കനട്ട് പീലിങ് മെഷീൻ – 2 എണ്ണം – ചെലവ് 2,60,000 രൂപ (കരിക്കുകളുടെ തൊണ്ടു മുറിക്കാൻ)

∙ആവർത്തന നിക്ഷേപം

1. ദിവസേന 600 കരിക്ക് എന്ന നിലയിൽ വാങ്ങിയാൽ 30 രൂപ നിരക്കിൽ ഒരാഴ്ചത്തേക്കു വേണ്ടത് 1,26,000 രൂപ.

2. ദിവസം 400 രൂപ കണക്കിൽ രണ്ടു പേർക്ക്  ഒരാഴ്ചത്തെ കൂലി 400x2x7 = 5600 രൂപ.

3. പായ്ക്കിങ് സാമഗ്രികൾ, വാടക, തേയ്മാനം, മറ്റു ചെല വുകൾ എന്നിവയ്ക്കു വേണ്ടത്: 2400 രൂപ.

ആദായം ഇങ്ങനെ:

∙35 രൂപ നിരക്കിൽ വിൽക്കുമ്പോൾ ഒരാഴ്ചത്തെ വരുമാനം : 600x35x7= 1,47,000 രൂപ.

∙സ്ഥിരം നിക്ഷേപമടക്കം ഒരാഴ്ചത്തെ ചെലവ് കഴിച്ച് അറ്റാദായം : 13,000 രൂപ.

∙മാസം ലഭിക്കാവുന്ന അറ്റാദായം: 13000x4= 52,000 രൂപ.

(കരിക്കുകളുടെ എണ്ണം കൂടുതലെങ്കിൽ ആദായവും വർധിക്കും)

മറ്റു നേട്ടങ്ങൾ

∙കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാം.

∙സാങ്കേതിക പ്രശ്നങ്ങൾ കുറവാണ്.

∙നല്ല വിപണി ലഭിക്കും.

∙വികസിപ്പിക്കാനുള്ള അവസരങ്ങൾ ഏറെ.

∙എണ്ണം വർധിപ്പിച്ച് ലാഭം കൂട്ടാം.