ADVERTISEMENT

It takes nothing to join the crowd;

It takes everything to stand alone

- Hans F. Hansen

ചെറുതും വലുതുമായ ഒട്ടേറെ വിദ്യാഭ്യസ സ്ഥാപനങ്ങൾ പൊട്ടിമുളയ്ക്കുന്ന ഇക്കാലത്ത്. സമാനമായ കോഴ്സുകൾ പഠിച്ചിറങ്ങുന്ന ദശലക്ഷക്കണക്കിനു വിദ്യാർഥികൾ ഓരോ വർഷവും അതതു തൊഴിൽ മേഖലയിലേക്കു എത്തിപ്പെടുന്നതു സ്വാഭാവികം മാത്രം. എന്നാൽ അവരിൽ നിന്നെല്ലാം ‘ഞാൻ’ എങ്ങനെ വ്യത്യസ്തനാകുന്നു എന്ന് ഓരോ വിദ്യാർഥിയും ചിന്തിക്കേണ്ടതാണ്. ക്യാംപസ് റിക്രൂട്മെന്റിനെ സംബന്ധിച്ച്  ഈ വിഷയത്തിനു പ്രസക്തി കൂടുന്നുണ്ട്. കാരണം റിക്രൂട്മെന്റിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം ഉദ്യോഗാർഥികളും ഒരു കോളജിൽ നിന്നുള്ളവരാകും. അവയിൽത്തന്നെ വലിയൊരു പറ്റം ഒരേ ക്ലാസിൽ പഠിച്ചവരും. കോളജില്‍ നിന്നുള്ളവരാകും അവയിൽത്തന്നെ വലിയൊരു പറ്റം ഒരേ ക്ലാസിൽ പഠിച്ചവരും. കോളജിൽ സാധാരണയായി നടക്കുന്ന പഠനേതര കാര്യങ്ങളാകും എല്ലാവരുടെയും റെസ്യൂമെയിൽ പറയാനുണ്ടാകുക. അക്കാദമിക് പ്രോജക്ട് പോലും പലരുടെയും ഒന്നുതന്നെ പാഠ്യവിഷയങ്ങളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ചുരുക്കത്തിൽ ഒരു തരത്തിലും വ്യത്യസ്തതകളില്ലാത്ത ഒരുപറ്റം ഉദ്യോഗാർഥികളിൽ ഒരാളായി നിങ്ങൾ മാറുകയാണിവിടെ.

ഇത്തരം സാഹചര്യത്തിൽ അക്കാദമിക് ഇതര മേഖലകളിൽ വ്യത്യസ്തത പുലർത്തുന്ന ഒരു ഉദ്യോഗാർഥിയെങ്കിലുമുണ്ടെങ്കില്‍ ആയാൾക്കു സ്വാഭാവികമായും മുൻതൂക്കം ലഭിക്കും. അക്കാദമിക് മേഖലയിൽ വ്യത്യസ്തത കൊണ്ടുവരാൻ റിക്രൂട്മെന്റിനു തൊട്ടു മുൻപ് ശ്രമിച്ചതുകൊണ്ടു കാര്യമില്ല. പഠനവിഷയവുമായി ബന്ധപ്പെട്ട മേഖലയിലുള്ള വിശ്വാസ്യതയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കേഷനുകൾക്ക് എപ്പോഴും മുൻതൂക്കമുണ്ടെന്ന് ഓർക്കുക. BEC, IELTS, TALLY, CAD, CCNP, RHCE, MCSE തുടങ്ങിയവ വിവിധ തൊഴിൽ മേഖലകളിലേക്കുതകുന്ന മികച്ച സർട്ടിഫിക്കേഷനുകളാണ്. ഇത്തരം സർട്ടിഫിക്കേഷനുകൾ നിങ്ങളെ വ്യത്യസ്തനാക്കുന്നതിനോടൊപ്പം ഇന്റർവ്യൂവിലും മറ്റും പ്രകടനം മികച്ചതാക്കാനും സഹായകമാകും. ഒരു വ്യക്തി എന്ന നിലയ്ക്ക് ഏറ്റവുമധികം വ്യത്യസ്തത കൊണ്ടുവരാൻ പറ്റിയ ഇടമാണ് അവനവന്റെ വിനോദങ്ങൾ പൊതുവേ ‘ഹോബികൾ എന്ന തലക്കെട്ടിനു താഴെ ചേർക്കാറുള്ള വിനോദങ്ങൾ വിരസത നിറഞ്ഞതാകാറാണു പതിവ് യാത്ര, വായന, സിനിമ, സംഗീതം, ക്രിക്കറ്റ് തുടങ്ങിയ സ്ഥിരം വിനോദങ്ങള്‍ വാസ്തവ വിരുദ്ധമായി പോലും പറഞ്ഞു കാണാറുണ്ട്. വായനാശീലമില്ലാത്ത ഒരാൾ അത് തന്റെ വിനോദമായി ഇന്റർവ്യൂവിൽ പറഞ്ഞാലുണ്ടാകുന്ന അപകടം ചെറുതല്ല. അപ്പോൾ യഥാർഥത്തിൽ വായന വിനോദമായുള്ള ഒരാൾ എന്തു ചെയ്യും. എങ്ങനെ വ്യത്യസ്തനാകും? വായന എന്നതിനു പകരം അയാൾക്കു പുസ്തക നിരൂപണം (Book Review) എന്നു പറയാം. തീര്‍ച്ചയായും അതിലൊരു പുതുമയുണ്ട്. പക്ഷേ, എവിടെ നിരൂപണം ചെയ്യും, എവിടെ പ്രസിദ്ധീകരിക്കും എന്ന ചോദ്യം അവശേഷിക്കുന്നു. വിവരസാങ്കേതിക വിദ്യ നൽകുന്ന സാധ്യതകളാണ് ഈ സാഹചര്യത്തിൽ ഉപയോഗിക്കേണ്ടത്. സൗജന്യ സേവനമായി ലഭിക്കുന്ന ബ്ലോഗുകളിലൂടെ ആർക്കും തങ്ങളുടെ  സൃഷ്ടികൾ പ്രസിദ്ധീകരിക്കാവുന്നതാണ്. വായനയ്ക്കു പുറമേ കവിതാരചനയിൽ താൽപര്യമുള്ളവർക്കും കഥാകൃത്തുക്കൾക്കുമെല്ലാം ഈ അവസരം ഉപയോഗപ്പെടുത്താം.

മുൻകാലങ്ങളിൽ വിദ്യാർഥികൾ ചെയ്ത പ്രോജക്ടുകളുടെ മോടി പിടിപ്പിച്ച പതിപ്പുകൾ ചെയ്യുന്നതിനു പകരം വ്യത്യസ്തമായ വിഷയങ്ങൾ പ്രോജക്ടിനായി തിരഞ്ഞെടുക്കാം. ഏതൊരു ഇന്റർവ്യൂവിലും ആദ്യം ചോദിക്കാറുള്ള ഒരു ചോദ്യമാണല്ലോ ‘നിങ്ങളെ സ്വയം ഒന്നു പരിചയപ്പെടുത്തൂ’ എന്നത്. ഇതിനുള്ള ഉത്തരത്തിലും വ്യത്യസ്തത കൊണ്ടുവരുവാൻ സാധിക്കും. നിങ്ങളുടെ സ്വദേശം ഏതാണോ അതിനുള്ള ഒരു വിശേഷണം കൂടി ചേര്‍ത്തു പറയാം. ഉദാഹരണത്തിന്, ‘കേരളത്തിന്റെ അക്ഷരനഗരിയായ കോട്ടയം ആണ് എന്റെ സ്വദേശം.’ എന്ന തരത്തിൽ സ്വയം പരിചയപ്പെടുത്താം. സ്വന്തം ക്ലാസിലെയോ കോളജിലെയോ വിദ്യാർഥികളായിരിക്കും ക്യാംപസ് റിക്രൂട്മെന്റിൽ കൂടുതലും പങ്കെടുക്കുക. 

അതുകൊണ്ടുതന്നെ ഒട്ടുമിക്കവരും പങ്കെടുത്തിട്ടുള്ള സെമിനാറുകൾ, വർക്ഷോപ്പുകൾ എന്നിവയെല്ലാം ഒന്നു തന്നെയാകും. വ്യത്യസ്തനാകാനാഗ്രഹിക്കുന്ന ഒരു ഉദ്യോഗാർഥി അനുബന്ധവിഷയങ്ങളിലുള്ള സെമിനാറുകളും മറ്റു വ്യത്യസ്ത സ്ഥാപനങ്ങളിൽ പോയി പങ്കെടുക്കുവാന്‍ ശ്രമിക്കുക. അതിനു കഴിയുന്നില്ലെങ്കിൽ ഇന്റർനെറ്റിൽ സൗജന്യമായി ലഭിക്കുന്ന പ്രശസ്ത സ്ഥാപനങ്ങളുടെ മൂക്ക് കോഴ്സുകളിൽ (MOOC – Massive Online Open Course) പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടാൻ ശ്രമിക്കാം. എല്ലാ പഠന തൊഴിൽ രംഗങ്ങളിലും ഇന്നു മൂക്ക് കോഴ്സുകള്‍ ലഭ്യമാണ്. പഠിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട ഏറ്റവും നൂതനമായ കാര്യങ്ങളാകും. ഇന്റർവ്യൂ ചെയ്യുന്ന ആളെ കൂടുതൽ സ്വാധീനിക്കുക. അതിനാൽ അത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവതരിപ്പിക്കുവാൻ സാധിക്കണം.

നിങ്ങളെക്കുറിച്ചുള്ള വിവരങ്ങടങ്ങിയിട്ടുള്ള റെസ്യൂമെയിലും വ്യത്യസ്തതകൾ കൊണ്ടുവരാൻ സാധിക്കും. ഇന്റർനെറ്റിൽ നിന്നും മറ്റും ഡൗൺലോഡ് ചെയ്ത സ്ഥിരം ഫോർമാറ്റുകൾക്കു പകരം സ്വന്തമായി പരിഷ്കരിച്ചെടുത്ത, സുഹൃത്തുക്കളുടേതിൽ നിന്നു തികച്ചും വ്യത്യസ്തമായ ശൈലിയിലുള്ള ‘റെസ്യൂമെ’ തയാറാക്കുക. മേൽപ്പറഞ്ഞ കാലയളവിൽത്തന്നെ നിങ്ങളുടെ റെസ്യൂമെ പരമാവധി സംപുഷ്ടമാക്കാൻ ശ്രമിക്കണം.

നിങ്ങൾ മറ്റുള്ളവരിൽ നിന്ന് എങ്ങനെ വ്യത്യസ്തനാകുന്നു എന്നതു പരാമർശിക്കുന്നതരത്തിലുള്ള ചോദ്യങ്ങളെ മനസ്സിലാക്കുവാനും ഉദ്യോഗാർഥിക്ക് സാധിക്കണം. അത്തരം ചോദ്യങ്ങളെ മനസ്സിലാക്കി സ്വന്തം കഴിവുകളെയും അനുഭവ പരിചയത്തെയും ഉയർത്തിക്കാട്ടി ഇന്റർവ്യൂവിൽ മുന്നേറാൻ ശ്രമിക്കണം. വ്യത്യസ്തത നേടുന്നതിനുള്ള കുറുക്കുവഴിയായി ഇന്റർവ്യൂകളിൽ വീരവാദങ്ങൾ മുഴക്കുകയും വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറയുകയും ചെയ്യുന്ന അനേകം ഉദ്യോഗാർഥികളെ കാണാറുണ്ട്. ഇതു ഗുണത്തെക്കാളേറെ ദോഷമാകും ചെയ്യുക. നീതി യുക്തവും സത്യസന്ധവുമായ വ്യത്യസ്തതകൾ മാത്രം പ്രദർശിപ്പിക്കുവാൻ ശ്രമിക്കുക.

സാമൂഹിക സേവന ലക്ഷ്യത്തോടു കൂടിയതും നിങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ടതുമായ പുതിയ കണ്ടുപിടിത്തങ്ങൾ അഥവാ പ്രായോഗിക തലത്തിൽ പ്രയോജനപ്രദമായ സംരംഭങ്ങൾ തുടങ്ങുന്നതു നിങ്ങളെ മികച്ച ഒരു ഉദ്യോഗാർഥിയാക്കി മാറ്റും എന്നതിൽ സംശയമില്ല. അടുത്തടുത്തുള്ള രണ്ട് കോളജിലെ വിദ്യാർഥികൾ ഒരു ക്യാംപസ് റിക്രൂട്മെന്റിനെത്തുന്നു. ആദ്യത്തെ വിദ്യാർഥി ഇന്റർവ്യൂവിലുടനീളം തന്റെ മാർക്കുകളെക്കുറിച്ചും അക്കാദമിക നേട്ടങ്ങളെക്കുറിച്ചും വാചാലമാകുന്നു. രണ്ടാമത്തെ വിദ്യാർഥിയാകട്ടെ കോളജിനു സമീപത്തുള്ള ഒരു സ്കൂളിനായി Attendence Alert Software നിർമിച്ച് അതു നടപ്പിൽ വരുത്തിയതിനെക്കുറിച്ചു സംസാരിക്കുന്നു. പ്രസ്തുത സോഫ്റ്റ്‌വെയർ വികസിപ്പിച്ചപ്പോൾ നേരിട്ട വെല്ലുവിളികളും അവയെ അതിജീവിച്ച രീതിയുമെല്ലാം ചർച്ചാവിഷയമാകുന്നു. രണ്ടാമത്തെ ഉദ്യോഗാർഥിക്ക് മുൻഗണന കിട്ടാൻ ഇതു കാരണമാകുന്നു. അക്കാദമിക മികവിനെക്കാളേറെ പ്രായോഗിക പരിജ്ഞാനവും വ്യത്യസ്തതയും നേട്ടങ്ങൾ കൈവരിക്കാനുള്ള അഭിവാഞ്ഛയ്ക്കുമാണു പ്രാമുഖ്യം ലഭിക്കുക.

ഓർക്കുക. ‘ഞങ്ങൾ എന്തുകൊണ്ട് നിങ്ങൾക്ക് ഈ ജോലി നൽകണം’ എന്ന ചോദ്യത്തിന് ‘സർ, എനിക്കിപ്പോൾ മറ്റൊരു ജോലി ഇല്ല!’ എന്ന മറുപടി കൊടുക്കുന്നവർപോലും നമുക്കിടയിലുണ്ട്.

കടപ്പാട്
ക്യാംപസ് പ്ലേസ്മെന്റ്
സ്വപ്നജോലിക്കു വിജയമന്ത്രങ്ങൾ

ബ്രിജേഷ് ജോർജ് ജോൺ, കൃഷ്ണരാജ് എസ് 
മനോരമ ബുക്സ്

Order Book>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com