വീട്ടുമുറ്റത്ത് 500 അടി സ്ഥലം ലഭിക്കുമെങ്കിൽ വീട്ടമ്മമാർക്കു ലാഭകരമായി ചെയ്യാൻ കഴിയുന്ന ബിസിനസാണ് നഴ്സറിച്ചെടിയുടേത്. ഇതൊരു സൈഡ് ബിസിനസ് ആയും ചെയ്യാം. 

പൂക്കളും ചെടികളും ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. വീടുകളിൽ, ഫ്ലാറ്റുകളിൽ, ടെറസിൽ, ഹോട്ടലുകളിൽ, ഷോപ്പുകളിൽ, ആശുപത്രികളിൽ, വിദ്യാലയങ്ങളിൽ, സിനിമാ തിയറ്ററുകളിൽ, സാംസ്കാരിക കേന്ദ്രങ്ങളിൽ എവിടെയും പൂന്തോട്ടങ്ങൾ നിർമിച്ചു നൽകാം. ചെടികൾ, ചെടിച്ചട്ടികൾ, വളം, കീടനാശിനികൾ എന്നിവ വിൽക്കുകയും ചെയ്യാം. അത്യുൽപാദന ശേഷിയുള്ള തെങ്ങ്, ജാതി, മാവ്, പ്ലാവ്, വാഴ മുതലായവയും ആര്യവേപ്പ്, കറ്റാർവാഴ തുടങ്ങിയ ഔഷധസസ്യങ്ങളും വിൽക്കാം. 

ആദ്യം ചെടികൾ വാങ്ങിക്കൊണ്ടു വന്ന് വിൽക്കാൻ ശ്രമിച്ചാൽ മതി. പിന്നീടു നന്നായി വിറ്റുപോകുന്ന ധാരാളം ഇനങ്ങൾ സ്വന്തമായി നിർമിച്ചു വിൽക്കാൻ കഴിയും. നിർമിച്ചു വിൽക്കുന്നതാണ് ഏറെ ലാഭകരം. വെയിൽ കിട്ടുന്ന സ്ഥലത്തു ഗ്രീൻ ഷെൽറ്റർ നിർമിച്ചു നന്നായി നനച്ച് നഴ്സറി ആരംഭിക്കാൻ ശ്രമിക്കണം. വളരെ മെച്ചപ്പെട്ട വിപണിയാണു നഴ്സറി വ്യാപാരത്തിനുള്ളത്. ഭാവിയിൽ കൂടുതൽ വികസിക്കാനുള്ള സാധ്യതകളും ഈ സംരംഭത്തിനുണ്ട്.

ആവശ്യമായ സ്ഥിര നിക്ഷേപം

1. 500 ചതുരശ്ര അടിയിൽ ഗ്രീൻ ഷെൽറ്റർ നെറ്റ് ഉപയോഗിച്ച് സജ്ജമാക്കാനുള്ള ചെലവ് (ചതുരശ്ര അടിക്കു 18 രൂപ നിരക്കിൽ) 9000

2. നനയ്ക്കാൻ പ്രത്യേക സംവിധാനം. HP മോട്ടർ പമ്പും അനുബന്ധ സാമഗ്രികളുമടക്കം 8000

3. 30 ദിവസത്തെ വിൽപനയ്ക്കുള്ള ചെടി, വളം, മരുന്നുകൾ മുതലായവ 60000

ആകെ=77,000

ആവർത്തന നിക്ഷേപം

1. പ്രതിമാസക്കൂലി (ദിവസം 400 രൂപ നിരക്കിൽ) 12000

2. വാടക, വൈദ്യുതി, വെള്ളം, തേയ്മാനം മുതലായവ  3000

ആകെ=15000.00

ആകെ നിക്ഷേപം 92,000.00

പ്രതിമാസ വരുമാനം

1. ദിവസേന 3000 രൂപയുടെ കച്ചവടം എന്നു കണക്കാക്കിയാൽ 3000x30=90,000

2. പ്രതിമാസ ചെലവുകൾ 

a) ചെടികൾക്ക് 2000 രൂപ ക്രമത്തിൽ 2000x30=60,000

b) മറ്റു ചെലവുകൾ=15,000

ആകെ    75,000.00

മാസം ലഭിക്കാവുന്ന അറ്റാദായം: 90,000–75,000=15,000

പ്രതിമാസം 15000 രൂപ ഏറ്റവും കുറഞ്ഞത് അറ്റാദായം പ്രതീക്ഷിക്കാം. വീട്ടുമുറ്റത്താണു നഴ്സറി ആരംഭിക്കുന്നത് എങ്കിൽ കണികണ്ടുണരുവാൻ ഒരു പൂന്തോട്ടം ബോണസായി ലഭിക്കും. ഒഴിവുസമയ വിനോദമായും ഈ ബിസിനസിനു സാധ്യതയുണ്ട്. 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT