സുഖസൗകര്യങ്ങൾ വെടിഞ്ഞ് സിദ്ധാർഥൻ ശ്രീബുദ്ധനായ കഥ നമുക്കെല്ലാമറിയാം. ബോധോദയം ഉണ്ടായ കാലത്തു തന്റെ സാമ്രാജ്യത്തിലേക്കു തിരിച്ചു പോകണമെന്നും പിതാവിനെ ഒന്നും കാണണമെന്നും ബുദ്ധൻ തീരുമാനിച്ചു. പിതാവ് എങ്ങനെ പെരുമാറുമെന്നറിയാതെ അദ്ദേഹത്തിന്റെ മുന്നിൽ ബുദ്ധൻ ശാന്തനായി, സൗമ്യനായി നിന്നു. 

ബുദ്ധനെ കണ്ട പിതാവ് രോഷാകുലനായി. അദ്ദേഹത്തിന്റെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു. ശകാരവും കുറ്റപ്പെടുത്തലും കൂടിക്കൂടി വന്നു. അദ്ദേഹത്തിന്റെ ശബ്ദം ക്രമാതീതമായി വർധിക്കുന്നത് ബുദ്ധൻ സൗമ്യനായി കേട്ടു നിന്നു. പിതാവിന്റെ കോപം കുറച്ചു കഴിയുമ്പോൾ ശമിക്കുമെന്ന് ബുദ്ധനറിയാമായിരുന്നു. ഇത്രയൊക്കെ പൊട്ടിത്തെറിച്ചിട്ടും ശകാരിച്ചിട്ടും അക്ഷോഭ്യനായി നിൽക്കുന്ന ബുദ്ധന്റെ കണ്ണുകളിലേക്ക് പിതാവ് നോക്കി. 

പിതാവിന്റെ കോപം ഒന്നടങ്ങിയെന്നു മനസ്സിലാക്കിയ ബുദ്ധൻ പറഞ്ഞു: ‘അല്ലയോ പിതാവേ, പണ്ടു ഞാനൊരു െചളിയായിരുന്നു. ഇന്ന് ആ ചെളിയിൽ വിടർന്നൊരു താമരപ്പൂവാണു ഞാൻ. അങ്ങിപ്പോൾ ആക്രോശിച്ചതും ശകാരിച്ചതും കുറ്റപ്പെടുത്തിയതുമൊക്കെ ആ താമരപ്പൂവിനോടാണ്. ഒരു താമരപ്പൂ വിനോട് എങ്ങനെ ദേഷ്യപ്പെടാനാകും, സ്നേഹിക്കാനല്ലാതെ...?

ചെളിയില്ലാതെ താമരയ്ക്കു നിലനിൽക്കാനാവില്ല. താമരപ്പൂവിന്റെ സൗന്ദര്യം ആസ്വദിക്കുമ്പോൾ അതിനു വളരാനിടം നൽകിയ ചെളിയെ നാം കാണുന്നില്ല എന്നതാണു സത്യം. ജീവിതത്തിലുണ്ടാവുന്ന നിസ്സാര പ്രശ്നങ്ങളുടെ പേരിൽ മനസ്സു വ്യാകുലപ്പെട്ടാൽ ഭാവിയിലേക്കു മുന്നേറാനുള്ള വാതിലുകൾ അവിടെ അടയ്ക്കപ്പെടും. ജീവിതം ഒന്നേയുള്ളൂവെന്ന പരമമായ സത്യം മനസ്സിലാക്കി തിന്മകളെ ഒഴിവാക്കി നന്മയെ സ്വീകരിക്കാനുള്ള മനസ്സുകൂടി വളർത്തിയെടുത്താൽ പല വിഷമങ്ങളും മാറും. ജീവിതത്തിൽ ഉന്നതവിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്യും. 

ജീവിതത്തെ സമീപിക്കുന്നതിലെ മനോഭാവമാറ്റം സമൂഹത്തിലാകെ സുഗന്ധം പരത്തുന്നതെങ്ങനെയെന്ന് ഈ കഥ കേട്ടാൽ മനസ്സിലാകും. കെട്ടിടം നിർമിച്ചുകൊണ്ടിരുന്ന 3 തൊഴിലാളികളെ കാണാനിടയായ ഒരു വഴിയാത്രക്കാരൻ ആദ്യത്തെയാളോടു ചോദിച്ചു: ‘ നിങ്ങൾ എന്താണു ചെയ്തു കൊണ്ടിരിക്കുന്നത്?’ ദൈന്യം നിറഞ്ഞ ഭാവത്തോടെ അയാൾ പറഞ്ഞു: ‘നിത്യ ജീവിതത്തിനു പെടാപ്പാടു പെടുന്ന ഒരാളാണു ഞാൻ. ഇന്നീ ചെയ്യുന്ന ജോലിയിൽ നിന്നുള്ള കൂലി കൊണ്ടു വേണം എന്റെ കുടുംബം പുലരാൻ.’

രണ്ടാമത്തെയാളോയും യാത്രക്കാരൻ ചോദ്യം ആവർത്തിച്ചു. സങ്കോചമില്ലാതെ അയാൾ പറഞ്ഞു: ‘ഞാൻ കെട്ടിടനിർമാണത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. എനിക്കു കിട്ടുന്ന കൂലിയിൽ ഞാന്‍ സംതൃപ്തനാണ്.’

മൂന്നാമത്തെയാളോടു ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: വലിയൊരു ലക്ഷ്യം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണു ഞാൻ. ‍ഞാനീ പൂർത്തിയാക്കുന്ന സൗധം നാളെ ശ്രദ്ധിക്കപ്പെടേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് ഒട്ടും സമയം കളയാതെ ഞാനെന്റെ ജോലിയിൽ വ്യാപൃതനാകട്ടെ. ഈ മണിമാളിക ഉയർന്ന് ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിക്കുമ്പോൾ, എന്റെ കഴിവും വിയർപ്പും ഇതിന്റെ ഭാഗമാക്കാൻ കഴിഞ്ഞല്ലോയെന്നോർത്തു ഞാൻ സന്തോഷിക്കും’.

ഇതാണു മനോഭാവത്തിലെ വ്യത്യാസം. നാം സമീപിക്കുന്ന രീതിയാണു ജോലിയോടുള്ള ആത്മാർത്ഥത; ജീവിതത്തിലാകെ അതുതന്നെയാണു പ്രധാനം. അവിടെ മാത്രമേ താമരപ്പൂക്കൾ വിരിയൂ.