പാചകത്തോടു താൽപര്യമുള്ള ആർക്കും ശോഭിക്കാവുന്നൊരു കുടുംബ സംരംഭമാണ് ഉണ്ണിയപ്പം ബിസിനസ്; പ്രത്യേകിച്ചു വീട്ടമ്മമാർക്ക്. ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, ചെറിയ ചായക്കച്ചവടക്കാർ എന്നിവ വഴി സുലഭമായി വിൽക്കാവുന്ന സാധ്യതയുമുണ്ട്. പായ്ക്കറ്റിലെ ഫ്രെഷ് ഉണ്ണിയപ്പം നല്ല വിൽപനയുള്ളൊരു വിഭവമാണ്. ക്രെഡിറ്റ് വിൽപന തീരെ കുറവാണ് എന്നതും 40% വരെ അറ്റാദായം ലഭിക്കും എന്നതും ഭക്ഷ്യസംസ്കരണ സംരംഭങ്ങളുടെ സവിശേഷതയാണ്. 

ആവശ്യമായ സ്ഥിരനിക്ഷേപം

1. കെട്ടിടം (200 ചതുരശ്ര അടി) (വീട്ടിലെ അടുക്കള ഉപയോഗപ്പെടുത്തിയും ചെയ്യാം)

2. വിറകടുപ്പ്/ഗ്യാസ് അടുപ്പ്, ഉണ്ണിയപ്പച്ചട്ടി, പാത്രങ്ങൾ മുതലായവ-15,000

3. കവർ സീലിങ് മെഷിൻ - 3,000

ആകെ - 18,000

ആവർത്തന നിക്ഷേപം (10 ദിവസത്തേക്ക്)

1. 25 കിലോ അരിപ്പൊടി (30 രൂപ നിരക്കിൽ) 10 ദിവസത്തേക്ക്-7500

2. ശർക്കര–13 കിലോ (40 രൂപ നിരക്കിൽ) 10 ദിവസത്തേക്ക് -5200

3. ഈസ്റ്റ്, പാക്കിങ് സാമഗ്രികൾ, എണ്ണ, ഗ്യാസ്, വിറക് തുടങ്ങിയവ 10 ദിവസത്തേക്ക്- 8000

4. 10 ദിവസത്തേക്ക് 2 പേരുടെ കൂലി (400 രൂപ കണക്കിൽ)- 8000

5. വിൽപനച്ചെലവുകൾ, തേയ്മാനം മുതലായവ-3000

ആകെ -31,700

ആകെ നിക്ഷേപം -49,700

10 ദിവസത്തെ വിറ്റുവരവ് 

(ശരാശരി 2,000 എണ്ണം വീതം 2.50 രൂപ നിരക്കിൽ)-50,000

10 ദിവസത്തേക്കു ലഭിക്കാവുന്ന അറ്റാദായം  (50,000–31,700) -18,300

പ്രതിമാസം ലഭിക്കാവുന്ന ലാഭം-73,200

ദിവസം 3,200 രൂപ ലാഭം! 

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ഒരു വീട്ടമ്മ വീട്ടുകാരുടെ സഹായത്തോടെ 4000 ഉണ്ണിയപ്പമാണു ദിവസേന ഉണ്ടാക്കി വിൽക്കുന്നത്. ഒരു ഉണ്ണിയപ്പത്തിൽനിന്ന് 80 പൈസ ലാഭമായി ലഭിക്കുന്നു. എത്രയുണ്ടാക്കിയാലും വിൽക്കാൻ കഴിയുന്ന ഒരു വിപണിയുണ്ട് എന്നാണ് അവരുടെ അനുഭവം. 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)