ഏറ്റവും മത്സരക്ഷമതയുള്ള പിഎസ്‌സി പരീക്ഷ എത്തുന്നു; നിങ്ങൾ ഒരുങ്ങിയോ?
Mail This Article
ചെറുപ്പത്തിന്റെ കരുത്തിലുള്ള വിശ്വാസത്തിൽ നിന്നാണു നമ്മുടെ പിഎസ്‌സി കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസി(കെഎഎസ്) ലേക്കുള്ള തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. സർക്കാർ സർവീസിലെ സുപ്രധാന സ്ഥാനങ്ങളിൽ കൂടുതൽ ഊർജസ്വലതയും സാങ്കേതിക പരിജ്ഞാനവും കാര്യക്ഷമതയും കൊണ്ടുവരുന്നതിനുള്ള ആദ്യ പടിയാണു ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന കെഎഎസ് പ്രിലിമിനറി പരീക്ഷ. പിഎസ്‌സി നടത്തുന്നവയിൽ വച്ച് ഏറ്റവും മത്സരക്ഷമതയുള്ള പരീക്ഷ.
നിലവിൽ സംസ്ഥാന സർക്കാർ സർവീസിലെ ഉയർന്ന തസ്തികകളിലെ നിയമനങ്ങളിൽ ഭൂരിഭാഗവും പ്രമോഷൻ വഴിയാണല്ലോ? റവന്യു വകുപ്പിൽ എൽഡിസി റാങ്കിൽ ജോലിക്കു കയറുന്ന ഒരാൾക്ക് കാലാകാലമുള്ള സ്ഥാനക്കയറ്റങ്ങളിലൂടെ ഡപ്യൂട്ടി കലക്ടർ വരെയാകാൻ നിയമം അനുവദിക്കുന്നുണ്ട്. ഇങ്ങനെ നേരിട്ടുള്ള പ്രമോഷനിലൂടെ ഉയർന്ന പദവികളിൽ എത്തുന്നവരുടെ അനുഭവ പരിചയമായിരിക്കും വലിയ മുതൽക്കൂട്ട്.
അതേ സമയം, ഈ രീതിക്കു പരിമിതിയുമുണ്ട്. സ്വകാര്യ മേഖലയുമായി താരതമ്യപ്പെടുത്തുമ്പോൾ സർക്കാർ സർവീസിലെ ഉദ്യോഗസ്ഥരുടെ മത്സരക്ഷമതയും കാര്യശേഷിയുമൊക്കെ താഴേക്കു പോകുന്നില്ലേയെന്നു സംശയിക്കേണ്ടിവരുന്നിടത്തുനിന്നാണ്, സുപ്രധാന തസ്തികകളിൽ ചെറുപ്പത്തിന്റെ ചുറുചുറുക്ക് കൊണ്ടുവരാനുള്ള നടപടികളിലേക്കു പിഎസ്‌സി നീങ്ങുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ, സർക്കാർ സർവീസിനെ ചെറുപ്പമാക്കാൻ.
പരീക്ഷ 3 വിഭാഗങ്ങളിൽ
32 വയസ്സുവരെയുള്ള, ബിരുദ യോഗ്യതയുള്ള ആർക്കും ഓപ്പൺ ക്വോട്ടയിൽ കെഎഎസ് പരീക്ഷയെഴുതാം. നിലവിൽ സർക്കാർ സർവീസിലുള്ളവർക്ക് 40 വയസ്സിൽ താഴെ പ്രായമുള്ള ‘ഫുൾ മെംബർ ഇൻ സർവീസ്’ ആണെങ്കിൽ കെഎഎസിന് ശ്രമിക്കാം. രണ്ടാമത്തെ കാറ്റഗറിയിൽ നിർദിഷ്ട യോഗ്യതയുള്ളവർ 32 വയസ്സിൽ താഴെയുള്ളവരാണെങ്കിൽ ആദ്യ രണ്ടു കാറ്റഗറിയിലും അപേക്ഷിക്കാം. 50 വയസ്സിൽ താഴെയുള്ള, ഒന്നാം ഗസറ്റഡ് പോസ്റ്റിൽ എത്താത്തവർക്കുവേണ്ടിയാണു മൂന്നാം കാറ്റഗറി.
പ്രതീക്ഷിക്കുന്നത്
സിവിൽ സർവീസ് നിലവാരത്തിൽ നടത്തുന്ന പരീക്ഷയിൽ നിന്നു പിഎസ്‌സി പ്രതീക്ഷിക്കുന്നത് അതേ നിലവാരത്തിലുള്ള ഉദ്യോസ്ഥരെയാണ്. പോളിസി ഇംപ്ലിമെന്റേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പ്ലാനിങ്, ഇക്കണോമിക് അഫയേഴ്സ് തുടങ്ങിയ കാര്യങ്ങളിലെല്ലാം പ്രാപ്തിയുള്ളവരായിരിക്കണം ഉദ്യോഗാർഥികൾ. ഭരണഘടനയനുസരിച്ചു പ്രവർത്തിക്കാനും നിയമങ്ങൾ നടപ്പാക്കാനും കഴിയുന്നവരുമാകണം.
പുതിയ ചെറുപ്പക്കാരിൽ പിഎസ്‌സിക്കുള്ള വലിയ പ്രതീക്ഷ അവരുടെ അഴിമതി രഹിത മനോഭാവമാണ്. സമീപ കാലത്തെ അഭിമുഖങ്ങളിലെല്ലാം ആദർശമുള്ള യുവാക്കളെയാണു കാണാൻ കഴിഞ്ഞത്. പെരുമാറ്റത്തിലും ഇവർ മികച്ചുനിൽക്കുമെന്നാണു ബോധ്യം. കെഎഎസിലേക്കു ചെറുപ്പക്കാരെ എത്തിക്കുമ്പോൾ ഇക്കാര്യങ്ങളും പിഎസ്‌സിയുടെ മനസ്സിലുണ്ട്.
കടുപ്പമേറുമോ?
യുപിഎസ്‌സി പരീക്ഷ പോലെ കെഎഎസ് കടുപ്പമേറയതാകുമോയെന്ന് ഒട്ടേറെ ഉദ്യോഗാർഥികൾക്ക് ആശങ്കയുണ്ട്. ‘പിഴിഞ്ഞെടുക്കുന്ന’ രീതി പിഎസ്‌സിക്കില്ല എന്നാണ് അവരെ ഓർമിപ്പിക്കാനുള്ളത്. ഏറ്റവും മികച്ചവരെ കണ്ടെത്താൻ ആ നിലവാരത്തിലുള്ള ചോദ്യങ്ങൾതന്നെ പ്രതീക്ഷിക്കണം. കോളജ് സിലബസിൽ ഇനിയും വ്യാപകമായി എത്തിയിട്ടില്ലാത്ത റോബട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ കെഎഎസ് സിലബസിൽ ഉൾപ്പെടുന്നത് മത്സരാർഥികളുടെ ആനുകാലിക പരിജ്ഞാനം അത്രയധികം ആവശ്യപ്പെടുന്നുണ്ട് എന്നതിന്റെ തെളിവായി കണ്ടാൽ മതി.
പരന്ന വായന ശീലമാക്കിയവർക്ക് എത്തിപ്പിടിക്കാനാവുന്നതു തന്നെയാണു കെഎഎസ്. ‘അറിവിലെ യുവത്വം’ ആണ് ആവശ്യം. സർവീസിലെത്തിയാൽ പിരിയുന്നതു വരെ കാലിക വിജ്ഞാനം ഉണ്ടായിരിക്കണം. അതിന് ഉയർന്ന വായനാശീലം വേണം.
പരിസ്ഥിതി ചിന്ത
പരിസ്ഥിതി സൗഹൃദ വികസനം മാത്രം സാധ്യമായ സംസ്ഥാനമാണു കേരളം. ഇവിടുത്തെ ജനസംഖ്യയും ജനസാന്ദ്രതയും മലിനീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും സുസ്ഥിര വികസനത്തിനുള്ള പദ്ധതികളുമെല്ലാം ഉടലെടുക്കേണ്ടെതും പ്രാവർത്തികമാക്കേണ്ടതും ഈ പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്നവരുടെ ചിന്തകളിലാണ്.
സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ പരീക്ഷയുടെ ഓരോ ഘട്ടത്തിലും പരിശോധിക്കപ്പെടും. അപേക്ഷരുടെ എണ്ണം പരിഗണിച്ചാൽ ഏഷ്യയിൽ തന്നെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കാവുന്ന പിഎസ്‌സിയാണു നമ്മുടേത്. മറ്റു സംസ്ഥാനങ്ങളിൽ ക്ലാസ് 1 മുതൽ മുകളിലേക്കുള്ള തസ്തികകളിലേക്കു മാത്രമാണു പിഎസ്‌സി റിക്രൂട്മെന്റ് നടത്താറുള്ളത്.
കേരളത്തിൽ പല കാലങ്ങളിലായി ജില്ലാ ബാങ്ക്, യൂണിവേഴ്സിറ്റി നിയമനങ്ങളുൾപ്പെടെ പിഎസ്‌സിക്കു വിട്ടതും ഇപ്പോഴും പല നിയമനങ്ങളും വിടണമെന്നു നിരന്തരം ആവശ്യമുയരുന്നതും പിഎസ്‌സിയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. സ്വാഭാവികമായും കേരള പിഎസ്‌സി നടത്തുന്ന പരീക്ഷകളുടെ നിലവാരവും അതനുസരിച്ചു മികച്ചതാകും.
അതിനാൽ, സർക്കാർ സർവീസിൽ എത്തിപ്പെടാവുന്ന ഏറ്റവും മികച്ച തസ്തികയിലേക്കുള്ള ഏറ്റവുംനിലവാരമുള്ള പരീക്ഷയ്ക്ക് തയാറെടുപ്പ് തുടങ്ങാൻ ഒട്ടും വൈകേണ്ട.
ഇപ്പോൾ
29 സർക്കാർ വകുപ്പുകളിൽ നിന്നുള്ളവർക്കു മാത്രമാണു കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കു നിയമനം. നിലവിൽ ഒരു വകുപ്പിൽ ഒന്നാം ഗസറ്റഡ് ഓഫിസർ തസ്തികയിലുള്ള ഉദ്യോഗസ്ഥന്റെ പ്രമോഷൻ പോസ്റ്റുകളാണു യഥാക്രമം ഡപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷനൽ സെക്രട്ടറി എന്നിവ പ്രായപരിധി കടന്നിട്ടില്ലെങ്കിൽ, ജോലിയിലുള്ള ഒരാൾ കാലാകാലങ്ങളിലെ പ്രമോഷനിലൂടെ ആ തസ്തികയിലെത്തുന്നതാണ് പതിവ്.
ഇനി
32 വയസ്സ് വരെ പ്രായമുള്ള ബിരുദക്കാർക്ക് കെഎഎസിലേക്കു നേരിട്ടു പ്രവേശിക്കാം. 3 കാറ്റഗറികളിലായി നടത്തുന്ന പരീക്ഷ യുപിഎസ്‌സി നടത്തുന്ന സിവിൽ സർവീസ പരീക്ഷയുടെ നിലവാരത്തിലാവും. പ്രിലിമിനറി പരീക്ഷയെ ‘എലിമിനേഷൻ റൗണ്ട്’ ആയി കണ്ടാൽ മതി. ഈ പരീക്ഷയിൽ നിന്ന് മാർക്ക് അടിസ്ഥാനത്തിൽ പ്രൊവിഷനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ലിസ്റ്റിൽ എത്രപേർ ഉൾപ്പെടുമെന്ന് അപ്പോൾ മാത്രമാണു പിഎസ്‌സി തീരുമാനിക്കുക. ഈ ഘട്ടത്തിൽ സർട്ടിഫിക്കറ്റ് പരിശോധയുമുണ്ടാകും. തുടർന്നു മെയിൻ പരീക്ഷയും റാങ്ക് പട്ടികയും.
Content Summary: Kerala Administrative Service