സിവിൽ സർവീസ് കേഡറിലേക്കു വഴിയൊരുക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (കെഎഎസ്) സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 ഡിസംബർ 4 അർധരാത്രി വരെ.

വകുപ്പ്: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്

ഉദ്യോഗപ്പേര്: കെഎഎസ് ഓഫിസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3. 

ശമ്പളം: കെഎഎസിന് നിർദേശിക്കപ്പെട്ടിട്ടുള്ളത്

ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകൾ 

നിയമന രീതി: 

സ്ട്രീം-1 186/2019 നേരിട്ടുള്ള നിയമനം 

സ്ട്രീം-2 187/2019 കേരള സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിലെ പ്രബേഷൻ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള (approved Probationers) അല്ലെങ്കിൽ സ്ഥിരാംഗങ്ങളായ (Full member) ജീവനക്കാരിൽ നിന്നു നേരിട്ടുള്ള നിയമനം. 

സ്ട്രീം-3 188/2019  കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് വിശേഷാൽ ചട്ടം 2018 ൽ ഷെഡ്യൂൾ 1-ൽ പരാമർശിച്ചിട്ടുള്ള സർക്കാർ വകുപ്പുകളിൽ ഒന്നാം ഗസറ്റഡ് തസ്തികയിലോ, അല്ലെങ്കിൽ അതിന് മുകളിലോ ഉദ്യോഗം വഹിക്കുന്നവരോ, ഷെഡ്യൂൾ ഒന്നിൽ പരാമർശിച്ചിട്ടുള്ള പൊതു കാറ്റഗറികളിലെ തത്തുല്യ തസ്തികകളിൽ ഉദ്യോഗം വഹിക്കുന്നവരോ ആയ സർക്കാർ ജീവനക്കാരിൽ നിന്ന് നേരിട്ടുള്ള നിയമനം.  

പ്രബേഷൻ: കെഎഎസ് ഓഫിസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനിയായി ജോലിയിൽ പ്രവേശിക്കുന്നവർ, ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്നു വർഷത്തിനുള്ളിൽ ആകെ രണ്ട് വർഷം പ്രബേഷനിലായിരിക്കും. ഇത് പരിശീലന കാലയളവ് കൂടി ഉൾപ്പെടുന്നതാണ്. 

ട്രെയിനിങ്: കെഎഎസ് ഓഫിസർ (ജൂനിയർ ടൈം സ്കെയിൽ) തസ്തികയിൽ നിയമിതരാകുന്നവർക്ക് 18 മാസം  ട്രെയിനിങ് ഉണ്ടായിരിക്കും

∙ഈ വിജ്ഞാപന പ്രകാരം തയാറാക്കപ്പെടുന്ന റാങ്ക് പട്ടികകൾ പ്രാബല്യത്തിൽ വന്ന തീയതി മുതൽ ഒരു വർഷം നിലവിലിരിക്കുന്നതാണ്. മൂന്ന് സ്ട്രീമുകളിലേയ്ക്കും പ്രത്യേകം റാങ്ക് പട്ടികകൾ തയാറാക്കും

∙ഒന്നിലധികം സ്ട്രീമുകളിലേക്ക് (കാറ്റഗറികളിലേക്ക്) അപേക്ഷിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികൾ കാറ്റഗറി തിരിച്ച് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം.

∙സർക്കാർ ഉത്തരവുകൾ അനുസരിച്ച് 4% ഒഴിവുകൾ ഭിന്നശേഷിയുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്നു. കെഎഎസ് തസ്തികയ്ക്കായുള്ള മേൽപ്പറഞ്ഞ ഉത്തരവിൽ 4% സംവരണാനു കൂല്യം ലഭിക്കുന്നതിന് കണ്ടെത്തിയിട്ടുള്ള ഭിന്നശേഷി വിഭാഗങ്ങൾ ഉത്തരവ് പ്രകാരമുള്ള Functional Classification, Physical Requirement ഉള്ള Benchmark Disabiltiy ഉള്ളവരായിരിക്കണം.

പ്രായം: സ്ട്രീം–1: 21-32. ഉദ്യോഗാർഥികൾ 02.01.1987 നും 01.01.1998നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ) 

സ്ട്രീം 2 : 21-40. ഉദ്യോഗാർഥികൾ 02.01.1979നും 01.01.1998നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)

സ്ട്രീം 3 : സ്ട്രീം 3 ലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് 01.01.2019ൽ 50 വയസ് തികയാൻ പാടില്ല.

എന്നാൽ വയസ്സിളവ് ബാധകമാകുന്ന വിഭാഗങ്ങളെ സംബന്ധിച്ച് മേൽ തീയതികളിൽ മാറ്റം അനുവദനീയമാണ്. വയസ്സിളവ് സംബന്ധിച്ച് പൊതു വ്യവസ്ഥകൾക്ക്  പിഎസ്‌സി വെബ്സൈറ്റ് (www.keralapsc.gov) കാണുക

വയസ്സിളവ് സംബന്ധിച്ച വ്യവസ്ഥകൾ: 

സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3

പ്രായപരിധി സംബന്ധിച്ച പ്രത്യേക ആനുകൂല്യങ്ങൾ യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 വയസ്സിൽ കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി താഴെപ്പറയുന്ന ആനുകൂല്യങ്ങൾ നൽകുന്നു. 

1. കേരള സംസ്ഥാനത്തിലെ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷവും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും.

2. പട്ടികജാതിക്കാർക്ക് അനുവദിച്ചിട്ടുള്ള പ്രായപരിധിയിലുള്ള ആനുകൂല്യം, പ്രായപൂർത്തിയായതിനു ശേഷം പട്ടികജാതിയിൽ നിന്ന് ഏതു മതത്തിലേക്കും പരിവർത്തനം ചെയ്തിട്ടുള്ളവർക്കും അവരുടെ സന്താനങ്ങൾക്കും ലഭിക്കുന്നതാണ്. 

 3. കാഴ്ച, കേൾവി, സംസാരം സംബന്ധിച്ച് ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ പരമാവധി 15 വർഷം വരെയും അസ്ഥിസംബന്ധമായ ഭിന്നശേഷിയുള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ പരമാവധി 10 വർഷം വരെയും ഇളവ് അനുവദിക്കും. 

4. വിമുക്ത ഭടന്മാർക്ക് പരമാവധി പ്രായപരിധിയിൽ അവരുടെ പ്രതിരോധസേനയിലുള്ള സേവനത്തിന് തുല്യമായ കാലത്തോളവും പ്രതിരോധസേനയിൽ നിന്നു പിരിഞ്ഞ് പോയതിന് ശേഷം തൊഴിൽ ഇല്ലാതെ നിന്ന കാലത്തിൽ പരമാവധി അഞ്ചുവർഷത്തോളവും ഇളവ് അനുവദിക്കും.

5. വിധവകൾക്ക് പരമാവധി പ്രായത്തേക്കാൾ 5 വർഷം കൂടി ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. 

പ്രായപരിധിയിലെ ഇളവ്, നിയമനത്തിലെ സംവരണം എന്നിവ അവകാശപ്പെടുന്നവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതാണ്. ഇതുസംബന്ധിച്ച വിശദവിവരങ്ങൾക്ക് പിഎസ്‌സി വെബ്സൈറ്റ് (www.keralapsc.gov)കാണുക. 

യോഗ്യതകൾ: 

സ്ട്രീം 1: കേരള സർക്കാർ സ്ഥാപിത സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള സർവകലാശാലകൾ അല്ലെങ്കിൽ യുജിസി അംഗീകൃത സർവകലാശാലകൾ അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റിനു കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ നൽകിയിട്ടുള്ള പ്രഫഷനൽ കോഴ്സസ് ഉൾപ്പെടെയുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലർ ബിരുദം .

∙കെ. എസ്. ആന്റ് എസ്.എസ്. ആർ പാർട്ട് || റൂൾ 10 (a)(ii)ബാധകമാണ്. 

∙തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർഥികൾ  യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കുകയുള്ളൂ. 

സ്ട്രീം 2:  1)  കേരള സർക്കാർ സ്ഥാപിത സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള സർവകലാശാലകൾ അല്ലെങ്കിൽ യുജിസി അംഗീകൃത സർവകലാശാലകൾ അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റിനു കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ നൽകിയിട്ടുള്ള പ്രഫഷനൽ കോഴ്സസ് ഉൾപ്പെടെയുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലർ ബിരുദം 

∙കെ.എസ്. ആന്റ് എസ്.എസ്. ആർ പാർട്ട് || റൂൾ 10(a)(ii)ബാധകമാണ്. 

∙തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർഥികൾ  യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കുകയുള്ളൂ. 

2) കേരള സർക്കാരിന്റെ ഏതെങ്കിലും വകുപ്പിൽ ഫുൾ മെമ്പർ അല്ലെങ്കിൽ പ്രബേഷൻ വിജയകരമായി പൂർത്തിയാക്കിയിരിക്കണം. കൂടാതെ കെഎഎസ് വിശേഷാൽ ചട്ടം ഷെഡ്യൂൾ1-ൽ പ്രതിപാദിക്കുന്ന വകുപ്പുകളിൽ ഒന്നാം ഗസറ്റഡ് ഓഫിസറോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥരോ ആയിരിക്കരുത്. 

3) സർക്കാർ സർവീസിലെ ഏതെങ്കിലും കേഡറിൽ KS & SSR ചട്ടം 10 (b)ൽ നിഷ്കർഷിച്ചിട്ടുള്ളത് പ്രകാരം സേവനം റഗുലറൈസ് ചെയ്തിരിക്കണം. അല്ലെങ്കിൽ ഗവൺമെന്റ് സർവീസിലെ ഒരു സൂപ്പർ ന്യൂമററി തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത കാലയളവിൽ സേവനമനുഷ്ഠിച്ചിരിക്കണം. അപേക്ഷകർ ഗുരുതരമായ ശിക്ഷ (മേജർ പെനാലിറ്റി) ചുമത്തപ്പെട്ടവരോ അല്ലെങ്കിൽ ഗുരുതരമായ ശിക്ഷയോ ക്രിമിനൽ നടപടികളോ നേരിടുന്നവരോ ആയിരിക്കരുത്.

∙സ്ട്രീം 2ൽ അപേക്ഷ സമർപ്പിക്കുന്നവർ ഒന്നാം ഗസറ്റഡ് തസ്തികയിലോ അതിനു മുകളിലോ സേവനം അനുഷ്ഠിക്കുന്നവരല്ല എന്നും ഈ ഉദ്യോഗസ്ഥർക്കുമേൽ ഗുരുതരമായ ശിക്ഷ (മേജർ പെനാലിറ്റി) ചുമത്തപ്പെടുകയോ അല്ലെങ്കിൽ അവർക്കെതിരെ ഗുരുതരമായ ശിക്ഷയോ, ക്രിമിനൽ നടപടികളോ സ്വീകരിച്ചു വരുന്നില്ല എന്ന് ബന്ധപ്പെട്ട് കൺട്രോളിങ് ഓഫിസറിൽ നിന്നും  നിർദ്ദിഷ്ട മാതൃകയിൽ ഒരു സാക്ഷ്യപത്രം തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുൻപ് വാങ്ങേണ്ടതും കമ്മിഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതുമാണ്.

സ്ട്രീം 3:  1)  കേരള സർക്കാർ സ്ഥാപിത സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള സർവകലാശാലകൾ അല്ലെങ്കിൽ യുജിസി അംഗീകൃത സർവകലാശാലകൾ അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റിനു കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ നൽകിയിട്ടുള്ള പ്രഫഷനൽ കോഴ്സസ് ഉൾപ്പെടെയുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലർ ബിരുദം 

∙കെ.എസ്. ആന്റ് എസ്.എസ്. ആർ പാർട്ട് || റൂൾ 10(a)(ii)ബാധകമാണ്. 

∙  തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർഥികൾ  യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കുകയുള്ളൂ. 

2, ഗവൺമെന്റ് സർവീസിലെ ഏതെങ്കിലും കേഡറിൽ തൃപ്തികരമായി പ്രബേഷൻ പൂർത്തിയാക്കിയിരിക്കണം. ഭരണപരമായ കാലതാമസം കൊണ്ട് (Administrative delay) പ്രബേഷൻ പൂർത്തീകരിക്കേണ്ട കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രബേഷൻ പൂർത്തീകരിക്കാത്ത ഉദ്യോഗസ്ഥർ ഗുരുതരമായ ശിക്ഷ (മേജർ പെനാലിറ്റി) ചുമത്തപ്പെട്ടവരോ അല്ലെങ്കിൽ അവർ ഗുരുതരമായ ശിക്ഷയോ ക്രിമിനൽ നടപടികളോ നേരിടുന്നവരോ അല്ലാത്ത പക്ഷം ഉദ്യോഗസ്ഥർ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണ്. 

∙സ്ട്രീം 3-ൽ അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗസ്ഥർ കെഎഎസ് വിശേഷാൽ ചട്ടം 2018 ഷെഡ്യൂൾ 1-ൽ പ്രതിപാദിക്കുന്ന സർക്കാർ വകുപ്പുകളിൽ ഒന്നാം ഗസറ്റഡ് തസ്തികയിലോ, അല്ലെങ്കിൽ അതിനു മുകളിലോ ഉദ്യോഗം വഹിക്കുന്നവരോ, ഷെഡ്യൂളിൽ പരാമർശിച്ചിട്ടുള്ള പൊതു കാറ്റഗറികളിലെ തത്തുല്യ തസ്തികകളിൽ ഉദ്യോഗം വഹിക്കുന്നവരോ ആണെന്നും  ഉദ്യോഗസ്ഥർക്കുമേൽ ഗുരുതരമായ ശിക്ഷ (മേജർ പെനാലിറ്റി) ചുമത്തപ്പെടുകയോ അല്ലെങ്കിൽ അവർക്കെതിരെ ഗുരുതരമായ ശിക്ഷയോ, ക്രിമിനൽ നടപടികളോ സ്വീകരിച്ചു വരുന്നില്ല എന്ന് ബന്ധപ്പെട്ട് കൺട്രോളിങ് ഓഫിസറിൽ നിന്നും ചുവടെ ചേർത്തിട്ടുള്ള മാതൃകയിൽ ഒരു സാക്ഷ്യപത്രം തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുൻപ് വാങ്ങേണ്ടതും കമ്മിഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതുമാണ്.

അപേക്ഷ സമർപ്പിക്കേണ്ട രീതി: 

കേരള പബ്ലിക് സർവ്വീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി "ഒറ്റത്തവണ റജിസ്ട്രേഷൻ" പ്രകാരം റജിസ്റ്റർ ചെയ് തശേഷമാണ് അപേക്ഷ അയക്കേണ്ടത്. റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ User IDയും Passwordഉം ഉപയോഗിച്ച് Log in ചെയ്തശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്. 

പരീക്ഷ

∙പ്രാഥമിക പരീക്ഷയുടെ മാർക്ക്, റാങ്ക് ലിസ്റ്റ് തയാറാക്കുവാൻ പരിഗണിക്കുന്നതല്ല. 

∙മുഖ്യ പരീക്ഷയുടെ ചോദ്യങ്ങൾ ഇംഗ്ലിഷിൽ ആയിരിക്കും. മുഖ്യ പരീക്ഷ ഇംഗ്ലിഷ് മാധ്യമത്തിലോ ഭരണഭാഷയായ മലയാളത്തിലോ എഴുതാവുന്നതാണ്. 

പ്രാഥമിക പരീക്ഷ 

∙പ്രാഥമിക പരീക്ഷ 2020 ഫെബ്രുവരിയിൽ നടത്തും. തീയതി പിന്നീട് അറിയിക്കും. 

∙പ്രാഥമിക പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഉദ്യോഗാർഥികളിൽ നിന്ന് ഒഴിവുകളുടെ എണ്ണം അടിസ്ഥാനമാക്കി കമ്മിഷൻ നിശ്ചയിക്കുന്ന നിശ്ചിത എണ്ണം ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയും,  സംവരണ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനു വേണ്ടി ഓരോ സംവരണവിഭാഗത്തിനും ആവശ്യാനുസരണം ഉദ്യോഗാർഥികളെ നിയമാനുസൃതം ഉൾപ്പെടുത്തിയും തയാറാക്കുന്ന പ്രാഥമിക പട്ടിക തിരഞ്ഞെടുപ്പിന്റെ ആദ്യപടിയായി പ്രസിദ്ധീകരിക്കും.

∙പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ കമ്മിഷൻ ആവശ്യപ്പെടുന്ന നിശ്ചിത തീയതിക്കുള്ളിൽ വയസ്, വിദ്യാഭ്യാസ യോഗ്യതകൾ, സമുദായം, സർവീസ്, ഭിന്നശേഷി തുടങ്ങി അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്ന എല്ലാ വിവരങ്ങളും തെളിയിക്കുന്ന രേഖകൾ, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ സ്കാൻ ചെയ്ത് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ‌

പ്രമാണ പരിശോധന 

∙പ്രാഥമിക പരീക്ഷയുടെ സോപാധിക പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ പിഎസ്‌സി അറിയിക്കുന്ന ഷെഡ്യൂൾ പ്രകാരമുള്ള തീയതിയിലും സമയത്തും സ്ഥലത്തും പ്രമാണ പരിശോധനക്ക് ഹാജരാകണം.

∙വെരിഫിക്കേഷന് ഹാജരായി യോഗ്യതകൾ തെളിയിക്കുന്ന ഉദ്യോഗാർഥികളെ മാത്രം ഉൾപ്പെടുത്തി മുഖ്യപരീക്ഷയ്ക്കായി ഒരു പട്ടിക പ്രസിദ്ധീകരിക്കും. പ്രസ്തുത പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ മാത്രമേ മുഖ്യ പരീക്ഷയ്ക്ക് പരിഗണിക്കുകയുള്ളൂ. 

മുഖ്യ പരീക്ഷ: 100 മാർക്കിന്റെ 3 പേപ്പറുകൾ അടങ്ങുന്ന രണ്ട് മണിക്കൂർ വീതം ദൈർഘ്യമുള്ള വിവരണാത്മക പരീക്ഷയായിരിക്കും. പരീക്ഷാ തീയതി മുഖ്യ പരീക്ഷയ്ക്ക് യോഗ്യരായ ഉദ്യോഗാർഥികളുടെ പട്ടികയോടൊപ്പം പ്രസിദ്ധീകരിക്കും.  

അഭിമുഖം: അഭിമുഖത്തിനുള്ള പരമാവധി മാർക്ക് 50. മുഖ്യ പരീക്ഷയുടേയും അഭിമുഖത്തിന്റെയും മാർക്കുകൾ മാത്രമേ റാങ്ക് നിർണയത്തിന് പരിഗണിക്കുകയുള്ളൂ. 

Content Summary: Kerala Administrative Service