ഇന്നു ഞാൻ ഒന്നും ചെയ്യുന്നില്ലെന്നു വിചാരിച്ചുകൊണ്ട് നല്ലൊരു ചിക്കൻ ബിരിയാണിയും കഴിച്ച് സുഖമായി വിശ്രമിക്കാൻ തോന്നുന്ന ദിവസങ്ങൾ ഉണ്ടാകാറില്ലേ?! ഒന്നു ചിന്തിച്ചുനോക്കൂ, നമ്മൾ അപ്പോൾ ശരിക്കും വിശ്രമിക്കുകയാണോ? പുറമേക്കു നമ്മൾ വിശ്രമിക്കുകയായിരിക്കും. പക്ഷേ, നമ്മുടെ ശരീരത്തിനു വലിയൊരു ജോലിഭാരം കൊടുത്തിട്ടാണു നമ്മൾ വെറുതെയിരിക്കുന്നത്. 

ആരാണ് നിങ്ങളുടെ യഥാർഥ പങ്കാളി എന്ന ചോദ്യം ചോദിച്ചാൽ ഭാര്യ, ഭർത്താവ്, അച്ഛൻ, അമ്മ, സഹോദരങ്ങൾ.. എന്നിങ്ങനെ പലരും പല മറുപടികളും പറയാറുണ്ട്. മിക്കവരും പറയുന്നതു ഭാര്യ എന്നോ ഭർത്താവ് എന്നോ ആകും. പക്ഷേ, ജനനം മുതൽ മരണം വരെ ഓരോ ശ്വാസഗതിയിലും നമ്മോടൊപ്പമുള്ള ഏക പങ്കാളി ഇവരൊന്നുമല്ല, നമ്മുടെ ശരീരം മാത്രമാണ്. 

വീട്ടിലേക്കു കടന്നുവരുമ്പോൾ വീട്ടിൽ ഒരാൾപോലും നമ്മളോടു സംസാരിക്കുകയോ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്താൽ നമുക്കെന്തു തോന്നും? സ്വാഭാവികമായും സങ്കടം തോന്നും. അതുപോലെ ശരീരത്തിനും പലപ്പോഴും സങ്കടമുണ്ടാകുന്നുണ്ട്. അല്ലെങ്കിൽ നമ്മൾ ഉണ്ടാക്കുന്നുണ്ട്. നമ്മൾ ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴുമൊക്കെ നമുക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഒട്ടേറെ ഫാക്ടറികളാണു നമ്മുടെ ശരീരത്തിനകത്തു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്! ഇവയെല്ലാം നമ്മുടെ നന്മയ്ക്കുവേണ്ടും നിലനിൽപിനുവേണ്ടിയും പ്രവർത്തിക്കുന്നവയാണ്. 

കരളിന്റെയും ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പാൻക്രിയാസിന്റെയും കിഡ്‌നിയുടെയും തുടങ്ങി ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ  നടക്കുന്ന പ്രവർത്തനങ്ങൾ നമ്മുടെ ആരോഗ്യപരമായ നിലനിൽപിന് അനിവാര്യമാണ്. ഓരോ അവയവത്തിന്റെയും പ്രവർത്തനത്തിൽ ഈ ദൗത്യമുണ്ട്. പക്ഷേ, അതു സ്വാഭാവികമായി നടക്കുന്നതാണെന്നും നമ്മുടെ ശ്രദ്ധയോ പരിചരണമോ പരിഗണനയോ അവയവങ്ങൾക്കു വേണ്ടെന്നും നമ്മൾ പൊതുവെ കരുതിപ്പോരുന്നു. കലശലായ വേദനയോ മറ്റെന്തെങ്കിലും അസ്വസ്ഥതയോ തോന്നുമ്പോൾ മാത്രമാണു നമ്മൾ ഇതിൽനിന്നു വ്യത്യസ്തമായ ചിന്ത ഉണരുന്നത്. 

പുറത്തുള്ള അന്തരീക്ഷത്തിനു നേരേ വിപരീതമാണ് അകത്തേത്. പുറത്തു തണുപ്പാണെങ്കിൽ ശരീരത്തിൽ ചൂട് നിലനിർത്താൻ വേണ്ട പ്രവർത്തനങ്ങളാവും അകത്തു നടക്കുന്നത്. പുറത്തു ചൂടാണെങ്കിൽ ശരീരത്തിൽ തണുപ്പു നിലനിർത്താള്ള പ്രവർത്തനങ്ങളും. പുറത്തുള്ളതിൽനിന്നു വ്യത്യസ്തമായി നമ്മുടെ ശരീരത്തെ നിലനിർത്തുന്ന ശ്രമകരമായ പ്രവർത്തനങ്ങളാണ് നമ്മുടെ ശരീരവും അവയവങ്ങളും ഇടതടവില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നത്. ഈയൊരു പ്രവർത്തത്തിന്റെ ഗതി ഒരൽപം കൂടിയാലോ കുറഞ്ഞാലോ നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. 

പുറത്തും അകത്തും സ്ഥിതി ഒരേ നിലയിലാകുന്നത് ഒരേ ഒരു സന്ദർഭത്തിൽ മാത്രമാണ്–നാം മരിച്ചു കഴിയുമ്പോൾ മാത്രം. ആ നിമിഷമെത്തുംവരെ ഒപ്പമുള്ള പങ്കാളിയെക്കുറിച്ച് ദിവസത്തിൽ ഒരിക്കലെങ്കിലും നമ്മളൊന്ന് ഓർക്കണ്ടേ. ഒരിക്കലല്ല, ഒരുപാടു വട്ടം ചിന്തിക്കാൻ എല്ലാവർക്കും കഴിയട്ടെ.