പഠനത്തിൽ മോശമായിരുന്ന എന്നെ നന്നാക്കിയതു ശേഷൻ: ഇ.ശ്രീധരൻ അനുസ്മരിക്കുന്നു
ഏതു ചോദ്യത്തിനും ഉത്തരമുണ്ടായിരുന്ന ശാന്തശീലനായിരുന്നു പാലക്കാട് ബിഇഎം സ്കൂളിലെ വിദ്യാർഥി ടി.എൻ. ശേഷൻ. തീരെ മെലിഞ്ഞ് ഉയരം കുറഞ്ഞൊരു കുട്ടി. മുൻ ബെഞ്ചിലാണ് ഇരിപ്പ്. ചുമലിലേക്കു സ്ട്രാപ്പ് ഉള്ള ട്രൗസറും അരക്കയ്യൻ ഷർട്ടുമാണു വേഷം. പഠനത്തിൽ അസാമാന്യ മിടുക്കും മത്സരഭാവവും ശേഷനുണ്ടായിരുന്നു.
ശേഷന്റെ പിതാവു വലിയ കർക്കശക്കാരനായിരുന്നെന്നു കേട്ടിട്ടുണ്ട്. അതുകൊണ്ടാകാം പഠനത്തിൽ അല്ലാതെ മറ്റൊന്നിലും ശേഷൻ ശ്രദ്ധിച്ചിരുന്നില്ല. കൊയിലാണ്ടി ഹൈസ്കൂളിൽ നിന്നു ഫസ്റ്റ് ഫോമിലേക്കാണു ഞാൻ പാലക്കാട് ബിഇഎം സ്കൂളിലെത്തിയത്. അഞ്ചാം ക്ലാസിന്റെ അവസാനം അസുഖംമൂലം സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. പഠിക്കാൻ ഞാനന്നു വളരെ പിന്നിലായിരുന്നു. എന്നാൽ ബിഇഎം സ്കൂളിലെത്തിയതോടെ പഠനത്തിന്റെ സ്വഭാവം മാറി. അർധ വാർഷിക പരീക്ഷ കഴിഞ്ഞപ്പോൾ മാറി വന്ന ക്ലാസ് ടീച്ചർ ചോദിച്ചു, ‘ആരാണു ശ്രീധരൻ, ഈ കുട്ടിക്കാണല്ലോ എല്ലാറ്റിനും നല്ല മാർക്ക്.’
ആ വാക്കുകൾ ശേഷനു വല്ലാത്ത ഷോക്കായിരുന്നു. അന്നുമുതലാണു ഞാനും മത്സരിച്ചു പഠിക്കാൻ തീരുമാനിച്ചത്. പഠനത്തിൽ മോശമായിരുന്ന എന്നെ നന്നാക്കിയതു ശേഷനാണെന്നു പറയാം.
ഇംഗ്ലിഷ് ഭാഷയിൽ ശേഷന്റെ മിടുക്ക് അപാരമായിരുന്നു. ഗവ. വിക്ടോറിയ കോളജിലെ പഠനശേഷമാണു ഞങ്ങൾ രണ്ടു വഴിക്കു പിരിഞ്ഞത്. എൻജിനീയറിങ് കഴിഞ്ഞ് ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് എൻജിനീയേഴ്സിൽ (ഐആർഎസ്ഇ) ചേർന്ന ശേഷം ചെന്നൈയിലുള്ള ശേഷന്റെ ഹോസ്റ്റലിൽ ഞാൻ പോയിരുന്നു. എൻജിനീയറിങ് തന്നെ മതിയായിരുന്നെന്നും സിവിൽ സർവീസ് തീരുമാനം തെറ്റായിപ്പോയെന്നും ശേഷൻ അന്നു പറഞ്ഞു. ഐപിഎസ് കിട്ടിയതു വേണ്ടെന്നു വച്ച് ഐഎഎസിനു ശ്രമിക്കുകയായിരുന്നു അദ്ദേഹം അന്ന്. ഡെറാഡൂണിൽ ഐഎഎസ്, ഐആർഎസ്ഇ പ്രൊബേഷനർമാർക്കുള്ള ഒരു മാസത്തെ പരിശീലനത്തിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. അന്നു ശേഷൻ പഴയ ശേഷൻ തന്നെയായിരുന്നു.
മധുര ജില്ലാ കലക്ടർ ആയിരുന്ന കാലത്ത് അവിടെ ഔദ്യോഗിക സന്ദർശനത്തിനെത്തിയപ്പോൾ ഞാൻ ശേഷന്റെ വീട്ടിൽ പോയി. ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന കാലത്തും തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന കാലത്തും അപൂർവമായി ഞങ്ങൾ കണ്ടുമുട്ടി. ഒരിക്കൽ ഒരു വടക്കു കിഴക്കൻ സംസ്ഥാനത്തു പൂർത്തിയാകാതെ കിടക്കുന്ന ഒരു സ്കൂൾ കെട്ടിടം ഏറ്റെടുക്കാമോയെന്ന് അദ്ദേഹം എന്നോടു ചോദിച്ചു. സാധാരണ റെയിൽവേ അത്തരം പദ്ധതികൾ ഏറ്റെടുക്കാറില്ലായിരുന്നു. ശേഷൻ പറഞ്ഞതുകൊണ്ടു ഞാൻ ഏറ്റെടുത്തു.
ചില കാര്യങ്ങളിൽ വല്ലാത്ത നിശ്ചയദാർഢ്യം കുട്ടിക്കാലം മുതൽ ശേഷനുണ്ടായിരുന്നു. എല്ലാറ്റിനെയും ഭയപ്പാടോടെ സമീപിച്ചിരുന്ന ശേഷൻ വളർന്നപ്പോൾ ധൈര്യശാലിയായി. ചിട്ടകളിലും നിഷ്ഠകളിലും അണുവിട വ്യതിചലിക്കാത്ത പ്രകൃതം. ശേഷന്റെ വിയോഗത്തിൽ സുഹൃത്തും സഹപാഠിയും എന്ന നിലയിൽ വലിയ ദുഃഖമുണ്ടെനിക്ക്.
Content Summary: TN Seshan IAS, E Sreedharan, Career