മോട്ടർസൈക്കിളപകടത്തിൽപ്പെട്ട യുവാവ് പരുക്കേറ്റ് റോഡിൽ കിടക്കാനിടയായാൽ നാട്ടുകാർ ഓടിക്കൂടും. പക്ഷേ ബഹുഭൂരിപക്ഷം പേരും വെറും കാഴ്ചക്കാരായി നിൽക്കും. ചുരുക്കം ചിലർ മൊബൈൽക്യാമറയിൽ പടംപിടിക്കും. പെട്ടെന്ന് കൂട്ടത്തിൽനിന്ന് ഒരാൾ മുന്നോട്ടുചാടിവന്ന് വീണുകിടക്കുന്നയാളെ താങ്ങിപ്പൊക്കി, മറ്റുള്ളവരെ ക്ഷണിച്ച് കൂട്ടത്തിൽ ചേർക്കും. പരുക്കേറ്റയാളെ ആശുപത്രിയിലേക്കു നീക്കാൻ ഉടൻ വാഹനം പിടിക്കുന്നതിന് മറ്റുള്ളവരോട് അപേക്ഷിക്കുകയോ ആജ്ഞാപിക്കുകപോലുമോ ചെയ്യും. ഇങ്ങനെ ചെയ്യുന്നയാൾ അപകടത്തിൽപ്പെട്ടയാളുടെ ആരും ആയിരിക്കില്ല. കൂട്ടത്തിൽ കായികശേഷിയോ ധനശേഷിയോ കൂടിയയാളും ആയിരിക്കില്ല. പക്ഷേ അടിയന്തരമായി ചെയ്യേണ്ടതിന് മുൻകൈയെടുക്കാൻ അയാൾക്കു കഴിയുന്നു. നേതൃഗുണവും മുൻകൈശീലവും അയാൾക്കുണ്ട്. ഉള്ളുകൊണ്ടെങ്കിലും മറ്റുള്ളവർ അയാളെ അഭിനന്ദിക്കും. ഒരു ജീവൻ രക്ഷിക്കാൻ അയാളുടെ സമയോചിത പ്രവൃത്തി സഹായകമായെന്നും വരാം.

അഭികാമ്യമായ ശീലമാണിത്. ഏതു ജോലിസ്ഥലത്തും കാണും ഇത്തരക്കാർ. തനിയെ ചിന്തിച്ച് സാമാന്യബുദ്ധി ഉപയോഗിച്ച് സാഹചര്യം വിലയിരുത്തി ഉത്തരവാദിത്വമെടുക്കുന്നവർ. മറ്റുള്ളവർ ധൈര്യപ്പെടാത്തത് ചെയ്യാൻ കൂസലില്ലാത്തവർ. മേലാവിന്റെ നിർദ്ദേശം കിട്ടിയാൽ മാത്രം കൃത്യങ്ങൾ നിർവഹിക്കുന്നവർക്ക് ഒരിക്കലും നല്ല നേതാവാകാനാവില്ല. അവർ കാത്തിരുന്ന് എല്ലാം വൈകിക്കും. നിങ്ങൾക്കത് നേരത്ത് സ്വയം ചെയ്യാമായിരുന്നില്ലേ എന്നു ചോദിച്ചാൽ, അങ്ങനെ ചെയ്താൽ  ഇങ്ങനെ തകരാറു വരുമായിരുന്നില്ലേ എന്ന മട്ടിൽ മുട്ടുന്യായങ്ങളുയർത്തും.

ചെയ്തേ മതിയാകൂ എന്നുള്ളതിന് അപ്പുറംകൂടെ ചെയ്യുന്നവരുടെ മതിപ്പ് വർദ്ധിക്കും. വലിയ ഉത്തരവാദിത്വങ്ങളെടുക്കുന്ന മുതിർന്നവരുെട രീതി പഠിക്കുന്നതും നന്ന്. മുൻകൈയെടുക്കുമെങ്കിലും പ്രവർത്തിക്കുമ്പോൾ മറ്റുള്ളവരെയും കൂട്ടാൻ മടിക്കേണ്ട. ചെയ്തതിന്റെ ക്രെഡിറ്റ് മുഴുവൻ എനിക്കു മാത്രം കിട്ടണമെന്നു കരുതാതെ, സഹകരണത്തിന്റെ വഴിയേ പോയാൽ ആരുടെയും അസൂയയ്ക്കോ വിരോധത്തിനോ പാത്രമാവില്ല. അറിവ് സഹപ്രവർത്തകർക്ക് സത്യസന്ധമായി പകർന്നുകൊടുക്കാനും മനഃസ്ഥിതി വേണം. പരിചയംകുറഞ്ഞവരെ പരിശീലിപ്പിക്കുന്നതിലും മുൻകൈ കാട്ടണം. പല സ്ഥാപനങ്ങളിലും സീനിയറെന്നു ഭാവിക്കുന്നവർ പുതുതായെത്തുന്ന ജോലിക്കാർക്ക് കാര്യങ്ങൾ നേരേ ചൊവ്വേ പറഞ്ഞുകൊടുക്കുന്നതിനു പകരം, അവരെ മുൾമുനയിൽ നിറുത്തി പരിഹസിക്കാറുണ്ട്. ഈ സീനിയറിന്റെ കൈയിലും പരിമിതവിഭവങ്ങളേയുള്ളൂ എന്നതാണ് വാസ്തവം. സഹപ്രവർത്തകർ പറയുന്നതു കേൾക്കാനും നാം ക്ഷമ കാട്ടണം. ഇത്രയൊക്കെയായാൽ നമ്മോടൊപ്പം പ്രവർത്തിക്കാൻ സഹപ്രവർത്തകർക്ക് താല്പര്യമേറും. മുൻകൈയെടുക്കുന്നവരുടെ ചുമലിൽ ഭാരമെല്ലാം കയറ്റി ‌തടിതപ്പുന്ന മേലാവിനെ പ്രോത്സാഹിപ്പിക്കണമെന്നില്ല.

ഇപ്പറഞ്ഞതെല്ലാം മുൻകൈവഴി നേത‍ൃത്വത്തിലെത്താൻ ഉപകരിക്കുന്ന ശീലങ്ങൾ കൂടെയാണ്. വേണ്ടത്ര പ്രാവീണ്യം ആർജ്ജിച്ച കീഴ്ജീവനക്കാരന് സ്വതന്ത്രചുമതല നല്കി പ്രോത്സാഹിപ്പിക്കാൻ മടിച്ചുകൂടാ. മേലാവിന് ജോലിയിൽ വേണ്ടിവരുന്ന എല്ലാ സഹായങ്ങളും ചെയ്യുകയും വേണം. മേലാവിനെക്കാൾ കഴിവു കൂടുതലുണ്ടെങ്കിൽ അക്കാര്യം ഭാവിക്കുകയോ പറയുകയോ വേണ്ട.

ചെയ്യുന്നതിലെല്ലാം മികച്ച ഗുണനിലവാരം പുലർത്തുക, പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതകൾ മുൻകൂട്ടിക്കണ്ട് അവ തടയുക എന്നിവയും പ്രധാനം. കഴിവുള്ളവർപോലും മുൻകൈയെടുക്കാതെ പോകുന്നതിന് കാരണങ്ങൾ പലത്. പരാജയഭീതി, ആത്മവിശ്വാസത്തിന്റെ അഭാവം, വിമർശനത്തെ നേരിടാനുള്ള സങ്കോചം, മാറ്റിവയ്ക്കൽശീലം, അതിവിനയം എന്നിങ്ങനെ. ഇവയെ പരാജയപ്പെടുത്താൻ ബോധപൂർവം ശ്രമിക്കുന്നത് വിജയത്തിലേക്കുള്ള വഴി തുറക്കും.

അന്യരുടെ താളത്തിനു തുള്ളുന്നതിനു പകരം, സ്വയം താളമിട്ട് അന്യരെ നൃത്തം ചെയ്യിക്കുന്നതിലല്ലേ ധീരത? പുതുതായെന്തെങ്കിലും കാട്ടി പരിഹാസപാത്രമാകുന്നത്, നിഷ്ക്രിയനായിരുന്നു വിഡ്ഢിയെന്ന പരിഹാസം ഏൽക്കുന്നതിനെക്കാൾ മെച്ചം. തണുപ്പിനെയോർത്ത് കരയ്ക്കു വിറച്ചുനിൽക്കുന്നയാൾ ഒരിക്കലും നീന്തൽഗുരുവാകില്ല. തണുപ്പു നോക്കാതെ കുതിച്ചു നീരിലേക്കു ചാടാം. ഗരുഡന്മാർ മൗനത്തിലായാൽ തത്തകൾ ചിലച്ചുതുടങ്ങുമെന്ന് ചർച്ചിൽ. ജോർജ് എലിയറ്റ് സൂചിപ്പിച്ചു, ‘‘റോസാപ്പൂക്കൾ ഒരിക്കലും പെയ്തുകിട്ടില്ല. കൂടുതൽ റോസ് വേണെങ്കിൽ റോസാച്ചെടികൾ നടുക.’’ 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT