ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടോ? അത് നേടണമെങ്കിൽ ഈ കാര്യങ്ങൾ മനസ്സിൽ ഉറപ്പിക്കുക
മഞ്ചേരി എൻഎസ്എസ് കോളജിൽ ബിരുദ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ദിവസം കൂട്ടുകാർക്കിടയിൽ ഞാൻ ഒരു കത്ത് അച്ചടിച്ചു വിതരണം ചെയ്തിരുന്നു. അതിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു: ‘ഒരു അധ്യയന വർഷം കൂടി പിന്നിട്ടു. കുറെയേറെ മധുര സ്മരണകളുമായി ഓരോരുത്തരും പുതിയ പന്ഥാവിലേക്കു നീങ്ങുമ്പോൾ മായാജാലം എന്ന കലയെ മുറുകെപ്പിടിച്ചുകൊണ്ട് ആ രംഗത്തു ശോഭിക്കാനുള്ള ശ്രമമാണ് എന്റേത്’.
എന്തു ധൈര്യത്തിലാണ് അന്ന് അങ്ങനെയൊക്കെ എഴുതിയതെന്ന് ഇന്നും അറിഞ്ഞുകൂടാ. അച്ഛൻ നിർബന്ധമായി ബാംഗ്ലൂരിൽ എൽഎൽബിക്കു ചേർത്തു. പക്ഷേ, പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു ഞാൻ മടങ്ങി. അച്ഛനുമായി പിണങ്ങി. ഒരു മാജിക് ട്രൂപ്പ് തട്ടിക്കൂട്ടി. ഭക്ഷണം കഴിക്കാതെയും റയിൽവേ സ്റ്റേഷനുകളിൽ ഉറങ്ങിയും തളർന്ന് അവശനായും പരിപാടി പിടിക്കാൻ നഗരങ്ങളിലൂടെ അലഞ്ഞു. ജീവിതത്തെ പിടിച്ചുകുലുക്കിയ ഇത്രയേറെ സംഭവങ്ങളുണ്ടായിട്ടും ഞാൻ സ്വപ്നം ഉപേക്ഷിച്ചില്ല. ട്രൂപ്പിന്റെ യാത്രയ്ക്ക് പഴയൊരു ബസ് വാങ്ങി, കടം കയറി, ആത്മഹത്യയുടെ വക്കിൽ വരെയെത്തി. പക്ഷേ, മാജിക്കിനെ കൈവിട്ടില്ല. സിനിമയിലേക്കും സീരിയിലിലേക്കുമൊക്കെ അവസരം കൈവന്നിട്ടും ലക്ഷ്യത്തിൽനിന്നു വഴിമാറിയില്ല. അന്നും ഇന്നും മാജിക്കിനോട് അതേ പ്രണയത്തോടുകൂടി ചേർന്നുനിൽക്കുന്നു. അതെന്റെ ഭാഗ്യം.
അക്കാലം വിവരിക്കാൻ ഇപ്പോഴുള്ള കാരണം, ഈയിടെ ഒരു പുസ്തകത്തിൽ തിബറ്റിലെ പ്രാചീനമായ ഒരു പഴഞ്ചൊല്ല് വായിച്ചതാണ്. നൂറു പേർ നൂറു സ്വപ്നങ്ങൾ കാണുന്നു, യാത്ര തുടരുന്നു. മുന്നിൽ ഉപപാതകൾ ധാരാളമുണ്ട്. മോഹിപ്പിക്കുന്ന അനേകം പ്രലോഭനങ്ങൾ, തടയുന്ന അനേകം വേലിക്കെട്ടുകൾ... അതിൽ പെട്ടുപോകുന്നവർ ഏറെ. ഒരിക്കൽ വഴിതെറ്റിയാൽ സ്വപ്നപാതയിലേക്ക് എത്തിച്ചേരുക അസാധ്യം.
സ്ഥിരമായി വിളിക്കാറുള്ള പഴയ കോളജ് സഹപാഠി മഞ്ചേരിയിലെ ദിനേശിനെയാണ്, ഇതു വായിച്ച ഉടനെ ഞാൻ വിളിച്ചത്. അന്നു ക്ലാസിലുണ്ടായിരുന്ന കൂട്ടുകാരെ ഞങ്ങളോർത്തു. കിട്ടിയവരെയൊക്കെ വിളിച്ചു കുശലം പറഞ്ഞു. പലരും എത്തിച്ചേർന്നതു പല വഴികളിൽ. നന്നായി നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. വലിയൊരു നർത്തകിയാകാൻ കൊതിച്ച അവളിന്ന് മൂന്നു കുട്ടികളുടെ അമ്മ–വീട്ടമ്മ മാത്രം. പഠത്തിൽ ഏറ്റവും മിടുക്കനായ, സാഹിത്യത്തിലും രാഷ്ട്രീയത്തിലുമൊക്കെ ജ്വലിച്ചുനിന്ന കൂട്ടുകാരനിന്ന് ഈ ഭൂമിയിലേയില്ല. മദ്യത്തിന്റെ വഴിയിലൂടെ അവൻ മരണത്തിനു മുന്നിൽ തോറ്റുകൊടുക്കേണ്ടി വന്നു.
വെറുതെ ഇങ്ങനെയൊരന്വേഷണം നടത്തിനോക്കണമെന്നു നിങ്ങൾക്കും ഇപ്പോൾ തോന്നുന്നില്ലേ? പണ്ടു പരീക്ഷയിൽ റാങ്ക് നേടിയവർ, കലോത്സവങ്ങളിൽ നൃത്തത്തിനും പാട്ടിനുമൊക്കെ ഒന്നാം സ്ഥാനം നേടിയവർ... അവരൊക്കെ ഇന്ന് എവിടെയെത്തി നിൽക്കുന്നുവെന്നറിയാൻ. ലക്ഷ്യത്തിലേക്ക് എത്തുക എന്നത് ഒരു സാധനയാണ്. അതിനു വഴികൾ പലതുണ്ട്. ചില വഴികൾ നമുക്കൊന്നു പരിശോധിക്കാം:
1. നമ്മുടെ ലക്ഷ്യമെന്താണെന്നത് എന്നും കാണുന്ന ഒരു സ്ഥലത്ത് എഴുതി വയ്ക്കുക. അതിൽ പൂർണമായും വിശ്വസിക്കുക. ഞാൻ അതായിത്തീരും എന്ന് എല്ലാവരോടും പറയുക. എതിരു പറയുന്നവരെ നിശബ്ദമായി പൂർണമായും അവഗണിക്കുക.
2. ജീവിതയാത്രയിൽ എവിടെയും കാത്തുനിൽക്കാനുള്ള സമയമില്ല. ചെറിയ ചെറിയ വിശ്രമങ്ങൾ മാത്രമേയുള്ളൂ. അത് കൂടുതൽ ഊർജത്തോടെ മുന്നോട്ടു കുതിക്കാനായി ഊർജം സംഭരിക്കാനുള്ള ചില വേളകൾ മാത്രമാണെന്നു ബോധമുണ്ടാവുകയാണു പ്രധാനം. ഓരോ നിമിഷത്തിലും എന്തു ചെയ്യുന്നു എന്നതിനേക്കാൾ പ്രധാനമാണ് എങ്ങനെ ചെയ്യുന്നു എന്നുള്ളത്.
3. ദൗർബല്യങ്ങളുടെ ഒരു ചരടുകൊണ്ടും നമ്മെ ബന്ധിക്കാൻ അനുവദിക്കരുത്. മോഹിപ്പിക്കുന്ന പല വാതിലുകളും തുറന്നെന്നു വരാം. അതിനെ അവഗണിക്കാനുള്ള ആർജവമാണ് നമ്മുടെ മിടുക്ക്.
4. ലക്ഷ്യത്തിലേക്കു കുതിക്കുമ്പോൾ ആൾക്കൂട്ടത്തിന്റെ ശബ്ദം അവഗണിക്കാനുള്ള കരുത്താണു മറ്റൊന്ന്. നമ്മുടെ ലക്ഷ്യം തീരുമാനിക്കുമ്പോൾ തന്നെ ആ ലക്ഷ്യത്തിൽനിന്നു തിരിച്ചുവിടുന്ന ധാരാളം ശബ്ദങ്ങളുമുണ്ടാവും. അച്ഛന്റെ, അമ്മയുടെ, അധ്യാപകന്റെ, കൂട്ടുകാരന്റെ, അയൽവാസിയുടെ... ആ ആരവങ്ങൾക്കിടയിൽനിന്നു നമ്മുടെ ശബ്ദത്തെ തിരിച്ചറിയുന്നിടത്താണു വിജയം നിലനിൽക്കുന്നത്.
5. പൂർണമനസ്സോടെ, കഴിയുന്നത്ര തീവ്രതയോടെ ലക്ഷ്യസാക്ഷാത്കാരത്തിനായി പ്രവർത്തിച്ചുകൊണ്ടേയിരിക്കുക. പാതിമനസ്സോടെ എന്തു ചെയ്താലും അതു പൂർണതയിലേക്ക് എത്തിച്ചേരില്ല.
6. വിപരീതങ്ങൾക്കിടയിൽനിന്നു വിജയിക്കുന്നവരാണു ലക്ഷ്യത്തിലെത്തുന്നത്. ജീവിതത്തിൽ വിപരീതങ്ങളുണ്ടാവുക സ്വാഭാവികം. വിപരീതങ്ങൾ തമ്മിലുള്ള സംഘർഷമാണു ജീവിതമെന്ന് എപ്പോഴും ഓർമ വേണം.