കശുവണ്ടിപ്പരിപ്പ് റോസ്റ്റ് ചെയ്ത് ആകർഷകമായ പായ്ക്കറ്റിലാക്കി വിൽക്കുന്നത് എളുപ്പത്തിൽ ചെയ്യാവുന്നതും വിപണിസാധ്യതയുള്ളതുമായ സ്വയംതൊഴിൽ സംരംഭമാണ്. സാങ്കേതികമായി വലിയ മുടക്കുമുതലും ഈ സംരംഭത്തിന് ആവശ്യമല്ല. 

നിർമാണരീതി

കശുവണ്ടി ചുട്ട് തല്ലി പരിപ്പെടുക്കുന്ന ധാരാളം ചെറിയ സംരംഭങ്ങൾ സംസ്ഥാനത്തുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽനിന്ന് അണ്ടിപ്പരിപ്പ് സുലഭമായി ലഭിക്കും. അവ വാങ്ങി, വറുത്ത് ആവശ്യമെങ്കിൽ ഫ്ലേവർ ചേർത്ത് കണ്ടെയ്നറുകളിലാക്കി വിൽക്കാവുന്നതാണ്. ഫ്ലേവർ ചേർത്ത എണ്ണയിട്ടു വറുക്കുകയോ വറുത്തു കഴിഞ്ഞ ശേഷം ഫ്ലേവർ സ്പ്രേ ചെയ്യുകയോ ആകാം. തക്കാളി, വെളുത്തുള്ളി, കുരുമുളക്, ഇഞ്ചി തുടങ്ങിയവയുടെ ഫ്ലേവറുകൾ പലതുണ്ട്. 

വാങ്ങുന്ന കശുവണ്ടിപ്പരിപ്പ് നന്നായി വൃത്തിയാക്കി പൊടിയും മറ്റും കളഞ്ഞ് റോസ്റ്റ് ചെയ്യണം. എണ്ണയിലിട്ടും അല്ലാതെയും റോസ്റ്റ് ചെയ്യാം. ഫ്ലേവർ ചേർക്കാമെങ്കിലും പ്രിസർവേറ്റീവോ കളറോ ചേർക്കരുത്. ആവശ്യത്തിന് ഉപ്പു ചേർത്ത്, ചൂടാറിക്കഴിയുമ്പോൾ പായ്ക്ക് ചെയ്യുക. 

വിപണിസാധ്യത

ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, പലചരക്കു കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലൊക്കെ നല്ല വിൽപനസാധ്യതയുണ്ട്. വിദേശരാജ്യങ്ങളിലും കശുവണ്ടിപ്പരിപ്പിനു നല്ല ഡിമാൻഡാണ്. വിതരണക്കാരെ കണ്ടെത്താനും വലിയ ബുദ്ധിമുട്ടില്ല. 

ചെലവ്

∙കെട്ടിടം: 200 ചതുരശ്ര അടി വൃത്തിയുള്ളത് 

∙മെഷിനറികൾ: 

*ഫ്രയിങ് പാൻ ഉൾപ്പെടെയുള്ള പാത്രങ്ങളും ഉപകരണങ്ങളും: 20,000

*വേയിങ് ബാലൻസും സീലിങ് മെഷീനും ഫർണിച്ചറുകളും: 12,000

ആകെ: 32,000

∙ആവർത്തന നിക്ഷേപം: 

*10 ദിവസത്തേക്ക് ആവശ്യമായ കശുവണ്ടിപ്പരിപ്പ് (700 രൂപ നിരക്കിൽ 80 കിലോ): 56,000

*രണ്ടു പേർക്ക് 400 രൂപ നിരക്കിൽ കൂലി: 8,000

*ഫ്ലേവറുകൾ: 2,000

*പായ്ക്കിങ് സാമഗ്രികൾ: 2,000

*തേയ്മാനം, വാടക, പലിശ തുടങ്ങിയവ: 1,000

ആകെ: 69,000

∙ആകെ നിക്ഷേപം: 

*സ്ഥിരനിക്ഷേപം: 32,000

*ആവർത്തന നിക്ഷേപം: 69,000

ആകെ: 1,01,000

∙പ്രതിമാസ അറ്റാദായം: 

*10 ദിവസത്തെ വിറ്റുവരവ് (90 കിലോഗ്രാം 1,100 രൂപ നിരക്കിൽ വിൽക്കുമ്പോൾ): 99,000

*10 ദിവസത്തെ അറ്റാദായം: 99,000–69,000=30,000

*ഒരു ദിവസത്തെ അറ്റാദായം: 3,000 

*പ്രതിമസം ലഭിക്കാവുന്ന അറ്റാദായം: 3,000x25=75,000

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)