കമ്പനി/കോർപറേഷൻ: റദ്ദായ ലിസ്റ്റിലെ 333 പേർക്ക് നിയമനം
വിവിധ പൊതുമേഖല സ്ഥാപനങ്ങളിലും തൃശൂർ കോർപറേഷനിലും അസിസ്റ്റന്റ് തസ്തികയ്ക്കു പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമന ശുപാർശ വൈകും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 333 പേർക്കു കൂടി നിയമന ശുപാർശ നൽകിയ ശേഷമേ പുതിയ ലിസ്റ്റിൽ നിന്നുള്ള നിയമനം തുടങ്ങൂ. ഇതിൽ 320 ഒഴിവുകൾ കെഎസ്ഇബിയിലാണ്. 13 ഒഴിവുകൾ തൃശൂർ കോർപറേഷനിലും. ഈ ഒഴിവുകളിൽ നിയമന ശുപാർശ തയാറാക്കുന്നതിനുള്ള നടപടികൾ പിഎസ്‌സിയുടെ കൊല്ലം മേഖലാ ഒാഫിസിൽ ആരംഭിച്ചു കഴിഞ്ഞു.
മുൻപും റദ്ദായ ലിസ്‌റ്റിൽ നിന്ന് നിയമന ശുപാർശ
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്ന ലിസ്റ്റ് റദ്ദായി 2 വർഷവും അഞ്ചുമാസവും പിന്നിട്ടു. കമ്പനി/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ് തസ്തികയ്ക്ക് 22–09–2014ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റ് 21–09–2017നാണ് റദ്ദായത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ 29–08–2019ലും ഈ റാങ്ക് ലിസ്റ്റിൽ നിന്നു നിയമന ശുപാർശ നടന്നിരുന്നു. കെഎസ്ഇബിയിലേക്ക് 200 പേർക്കാണ് അന്നു നിയമന ശുപാർശ നൽകിയത്.
മുൻ ലിസ്റ്റിലെ നിയമന ശുപാർശ 3500 കടക്കും
പുതിയതായി 333 പേർക്കു കൂടി നിയമനം നൽകുന്നതോടെ കമ്പനി/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ് തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമന ശുപാർശ 3500 കടക്കും. ആകെ 3526 പേർക്കാവും ഈ ലിസ്റ്റിൽ നിന്നു നിയമന ശുപാർശ ലഭിക്കുക. ഇതുവരെ 3193 പേർക്ക് നിയമന ശുപാർശ നൽകിയിട്ടുണ്ട്. റാങ്ക് ലിസ്റ്റിലെ വിശദമായ നിയമന വിവരങ്ങൾ ഇനി പറയുന്നു. ഒാപ്പൺ മെറിറ്റ്–2502 വരെ, ഈഴവ– 2505 വരെ, എസ്‌സി– സപ്ലിമെന്ററി 128 വരെ, എസ്ടി– സപ്ലിമെന്ററി 58 വരെ, മുസ്ലിം– 4467 വരെ, ലത്തീൻ കത്തോലിക്കർ– 5045 വരെ, ഒബിസി– 2509 വരെ, വിശ്വകർമ– 2567 വരെ, എസ്ഐയുസി നാടാർ– 3489 വരെ, ഹിന്ദു നാടാർ– 3613 വരെ, എസ്‌സിസിസി– സപ്ലിമെന്ററി 10 വരെ.
ഭിന്നശേഷിയുള്ളവർ: ബ്ലൈൻഡ്– 48 വരെ, ഡഫ്– 36 വരെ, ഒാർത്തോ– 40 വരെ. ധീവര വിഭാഗത്തിൽ ഒാപ്പൺ മെറിറ്റിനുള്ളിലുള്ളവരേ നിയമന ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളൂ.
പുതിയ ലിസ്റ്റിൽ 7970 പേർ; ഒഴിവ് 847
കമ്പനി/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ് തസ്തികയുടെ പുതിയ റാങ്ക് ലിസ്റ്റിൽ പിഎസ്‌സി ഉൾപ്പെടുത്തിയിരിക്കുന്നത് 7970 പേരെ. മെയിൻ ലിസ്റ്റിൽ 4911 പേരുണ്ട്. സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റിൽ 2659 പേരും ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ലിസ്റ്റിൽ 400 പേരും ഉൾപ്പെട്ടിട്ടുണ്ട്. ഇതുവരെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നായി 847 അസിസ്റ്റന്റ് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് കെഎസ്എഫ്ഇയിൽ നിന്നാണ്– 662. ഏറ്റവും കുറവ് ഒഴിവുകൾ തൃശൂർ കോർപറേഷൻ, കെഎംഎംഎൽ എന്നിവിടങ്ങളിൽ നിന്ന്– ഒന്നു വീതം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനാൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് ഉദ്യോഗാർഥികളുടെ പ്രതീക്ഷ.