ഓഫിസ് ജോലിക്കാരാണോ? കൊറോണയിൽ നിന്നും രക്ഷ നേടാൻ 7 വഴികൾ
ലോകാരോഗ്യ സംഘടന മഹാമാരിയായ പ്രഖ്യാപിച്ച കോവിഡ്-19 രാജ്യാതിര്‍ത്തികളെ ഭേദിച്ചു നിരവധി പേരെ രോഗബാധിതരാക്കി മുന്നേറുകയാണ്. കൊറോണ വൈറസ് ഉടനെയൊന്നും അടങ്ങില്ല എന്നതു വ്യക്തമായി കഴിഞ്ഞ സ്ഥിതിക്കു രോഗം പടരാതെ നോക്കുകയെന്നതു മാത്രമേ നമുക്ക് ചെയ്യാനുള്ളൂ. നിരവധി വ്യവസായങ്ങളും കമ്പനികളും അടച്ചു പൂട്ടുക വഴി സാമ്പത്തികമായി വന്‍ തിരിച്ചടി കൂടിയാണ് കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈന നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കൊറോണ വൈറസിനെതിരെ മുന്‍കരുതലുകള്‍ എടുക്കുന്ന തിരക്കിലാണ് ഇന്ത്യയിലെ കമ്പനികളും സ്ഥാപനങ്ങളും.
കൊറോണ വൈറസില്‍ നിന്നു നിങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കുന്നതിനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഇവയാണ്.
1. ബയോമെട്രിക്ക് സെന്‍സറുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുക
ഓഫീസിലെ ജീവനക്കാരുടെ ഹാജര്‍ നില രേഖപ്പെടുത്താനുപയോഗിക്കുന്ന ബയോമെട്രിക് സെന്‍സറുകളില്‍ നല്ലൊരു പങ്കും ജീവനക്കാരന് വിരല്‍ അമര്‍ത്തി പഞ്ച് ചെയ്യേണ്ടവയാണ്. ഇതു വൈറസ് പടരുന്നതിനുള്ള ഇടമായി മാറാം. അതിനാല്‍ ബയോമെട്രിക് പഞ്ച് തത്ക്കാലത്തേക്കു നിര്‍ത്തി വയ്ക്കാം. കേന്ദ്ര, സംസ്ഥാന ഗവണ്മെന്റ് ഓഫീസുകളും ഗവണ്മെന്റ് നിര്‍ദ്ദേശ പ്രകാരം എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഈ നിര്‍ദ്ദേശം നടപ്പാക്കിയിട്ടുണ്ട്.
2. വൃത്തിയാക്കുക, അണുവിമുക്തമാക്കുക
ജീവനക്കാര്‍ പലതവണ കയറിയിറങ്ങുന്ന ഇടങ്ങള്‍-കോണ്‍ഫറന്‍സ് റൂമുകള്‍, ശുചിമുറികള്‍, ക്യാന്റീന്, കഫ്റ്റീരിയ, അടുക്കള എന്നിവിടങ്ങളെല്ലാം വൃത്തിയാക്കി, അണുവിമുക്തമാക്കി സൂക്ഷിക്കുക. ദിവസം നാലഞ്ചു തവണയെങ്കിലും ഈ സ്ഥലങ്ങള്‍ വൃത്തിയാക്കേണ്ടതാണ്. സാനിറ്റൈസറുകള്‍, സോപ്പുകള്‍, ഹാന്‍ഡ് വാഷുകള്‍ തുടങ്ങിയവ ജീവനക്കാരുടെ ആവശ്യത്തിനനുസരിച്ചു ലഭ്യമാക്കേണ്ടതാണ്.
3. വീട്ടിലിരുന്നു ജോലിയെടുക്കാന്‍ പ്രോത്സാഹനം
വീട്ടിലിരുന്നു തന്നെ തങ്ങളുടെ കംപ്യൂട്ടറിലൂടെയോ ലാപ്ടോപ്പിലൂടെയോ ഓഫീസ് ജോലികള്‍ ചെയ്യാന്‍ കഴിയുന്ന ജീവക്കാരെ അതിന് അനുവദിക്കുക. രോഗ ബാധിതരായവര്‍ക്കും കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ളവര്‍ക്കും കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നു വരുന്നവര്‍ക്കുമെല്ലാം ഈ സൗകര്യം ചെയ്തു കൊടുക്കുന്നതു രോഗവ്യാപനം തടയാന്‍ സഹായിക്കും.
4. തുറന്ന ചര്‍ച്ചയാകാം
മുതലാളിക്കും തൊഴിലാളിക്കുമെല്ലാം ഒരേ പോലെ ബാധിക്കാവുന്ന ഒന്നാണു കൊറോണ വൈറസ്. അതിനാല്‍ അതിനെ കുറിച്ചു തൊഴില്‍ സ്ഥാനങ്ങള്ക്കപ്പുറമുള്ള തുറന്ന ചര്‍ച്ച ഗുണം ചെയ്യും. ജീവനക്കാര്‍ക്കു കാണാവുന്ന ഇടങ്ങളില്‍ കൊറോണ ബോധവത്ക്കരണ പോസ്റ്ററുകള്‍ പതിക്കുന്നതും നന്നായിരിക്കും.
5. കൈകഴുകുന്നതിനുള്ള ശരിയായ മാര്‍ഗ്ഗം
കൊറോണ ബാധയ്ക്കു മുന്‍പ് നമ്മളില്‍ പലരും അശ്രദ്ധമായി ചെയ്തിരുന്ന ഒന്നാണു കൈകഴുകള്‍. സോപ്പോ, ഹാന്‍ഡ് വാഷോ ഉപയോഗിച്ച് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന 20 സെക്കന്‍ഡ് നേരം എങ്ങനെ ഫലപ്രദമായി കൈകഴുകാം എന്നതിനെ കുറിച്ചുള്ള അവബോധം ജീവനക്കാരില്‍ വളര്‍ത്തണം. അതൊരു ശീലമാക്കാന്‍ പ്രോത്സാഹിപ്പിക്കണം.
6. കോണ്‍ഫറന്‍സുകളും പൊതുയോഗങ്ങളും മാറ്റി വയ്ക്കുക
ഒരു ഓഫീസില്‍ ഒഴിച്ചു കൂടാനാകാത്തതാണ് ഇടയ്ക്കിടെ ഉണ്ടാകുന്ന കോണ്‍ഫറന്‍സുകളും അവലോകന യോഗങ്ങളും മറ്റും. ഇത്തരം യോഗങ്ങള്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് ആശയവിനിമയം നടത്താനും ആശയങ്ങള്‍ പങ്കുവയ്ക്കാനും കൂടുതല്‍ സൗഹൃദങ്ങള്‍ സ്ഥാപിക്കാനും നെറ്റ് വര്‍ക്കിങ് ചെയ്യാനുമുള്ള അവസരങ്ങളാണ്. കൊറോണ വ്യാപനം തടയുന്നതിന് ആളുകള്‍ കൂടുന്ന പൊതുയോഗങ്ങള്‍ പരമാവധി ഒഴിവാക്കുക. അതിനാല്‍ കോണ്‍ഫറന്‍സുകള്‍ നീട്ടി വയ്ക്കുകയോ അല്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിങ് പോലുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുക.
7. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക
വ്യാജ സന്ദേശങ്ങള്‍ തെറ്റായ വിവരം പ്രചരിപ്പിക്കുകയും അനാവശ്യ ഭീതി ഉണര്‍ത്തുകയും ചെയ്യും. ഉത്തരവാദിത്തപ്പെട്ട മാനേജ്മെന്റ് വ്യാജ സന്ദേശങ്ങള്‍ തടയാന്‍ മുന്‍കൈ എടുക്കേണ്ടതാണ്. ഓഫീസ് വാട്സ് അപ്പ് ഗ്രൂപ്പുകളില്‍ വ്യാജ സന്ദേശങ്ങള്‍ കര്‍ശനമായി വിലക്കണം. സന്ദേശങ്ങളുടെ നിജസ്ഥി അറിയാനും അവയുടെ വിശ്വാസ്യത പരിശോധിക്കാനും ജീവനക്കാരുടെ പഠിപ്പിക്കുകയും വേണം.