കോവിഡ് 19 വ്യാപനത്തിന്റെ വാർത്തകൾ നിറഞ്ഞപ്പോൾ ടെക്നോപാർക്കിലെ കോൺഫിയൻസ് ഗ്ലോബൽ ഐടി കമ്പനിയുടെ സിഇഒയും തിരുവനന്തപുരം സ്വദേശിയുമായ അനൂപ് മേനോന് തീരുമാനമെടുക്കാൻ അധികം സമയം വേണ്ടിവന്നില്ല. അനൂപുള്ളത് യുഎസിലെ നോർത്ത് കരോലിനയിൽ, ടെക്നോപാർക്കിൽ 65 ജീവനക്കാർ, യുഎസിൽ 10 പേർ. കഴിഞ്ഞ തിങ്കാളാഴ്ച മുതൽ 75 പേരും അവരവരുടെ വീട്ടിലിരുന്ന് (വർക് ഫ്രം ഹോം) ഡിജിറ്റൽ സങ്കേതങ്ങളുപയോഗിച്ച് ജോലി ആരംഭിച്ചു. ടെക്നോപാർക്കിലെ ഓഫിസ് അടച്ചു, അവിടെയിനിയുള്ളത് സെക്യൂരിറ്റി ജീവനക്കാർ മാത്രം. കോൺഫിയൻസ് മാത്രമല്ല രോഗവ്യാപനം തടയാനായി പല കമ്പനികളും 'വർക് ഫ്രം ഹോം' രീതിയിലേക്കു മാറിക്കഴിഞ്ഞു. മീറ്റിങ്ങുകൾ, പ്രസന്റേഷനുകൾ, ഫയൽ നീക്കം, ക്ലയന്റ് ഡിസ്കഷൻ എല്ലാം വെർച്വലായി നടക്കും. സംഘടനകൾക്ക് അവരുടെ മീറ്റിങ്ങുകളും ഓൺലൈൻ ആക്കാം. ഇന്റർനെറ്റ് സൊസൈറ്റി ട്രിവാൻഡ്രം ചാപ്റ്ററിന്റെ വാർഷിക ജനറൽ മീറ്റിങ് കഴിഞ്ഞ ദിവസം നടന്നത് വെർച്വലായി.

ജോലി മാത്രമല്ല പഠനവും ഓൺലൈൻ ആവുകയാണ്. പല ലോകമെങ്ങുമുള്ള പല സ്കൂളുകളും സർവകലാശാലകളും പരീക്ഷയുൾപ്പടെ അധ്യയനം പൂർണമായും ഓൺലൈൻ ആക്കാനുള്ള ഒരുക്കത്തിലാണ്.

'വർക് ഫ്രം ഹോം' അനുഭവമിങ്ങനെ

ഒരാഴ്ച്ചയോളം വർക് ഫ്രം ഹോം രീതി ഉപയോഗിച്ച അനൂപ് പറയുന്നതിങ്ങനെ–'14 മുതൽ 28 ദിവസത്തേക്ക് നിങ്ങളുടെ ടീം മൊത്തമായി ക്വാറന്റീൻ ചെയ്യപ്പെടുന്നതിലും എത്രയോ നല്ലതാണ് 'വർക്ക് ഫ്രം ഹോം' എന്ന മികച്ച പ്രതിരോധ മാർഗമൊരുക്കുന്നത്. ഇതിനായി കുറേയധികം ലാപ്ടോപ്പുകൾ വാങ്ങി. നാട്ടിലെ 4ജി ഇന്റർനെറ്റ് വേഗം മതിയാകും. ഓഫിസ് സിസ്റ്റങ്ങളിൽ മാത്രമായിരുന്ന കോഡിങ് റിപ്പോസിറ്ററി സുരക്ഷാമു‍ൻകരുതലുകളോടെ ഓപ്പൺ ചെയ്തു. 

സൂം (zoom.us), സിസ്കോ വെബെക്സ് (Cisco Webex) എന്നീ ടെലികോൺഫറൻസിങ്ങ് സംവിധാനത്തിലൂടെയാണ് പതിവ് സ്റ്റാഫ് മീറ്റിങ്ങുകൾ. മൈക്രോസോഫ്റ്റ് ടീംസ്, വെബെസ്ക്, ഗൂഗിൾ ഹാങ്ങൗട്ട് മീറ്റ് തുടങ്ങിയ സൗജ്യമാക്കിയിട്ടുണ്ട്.

ആശയവിനിമയത്തിനായി സോഹോ (Zoho), ക്ലിക് (Cliq), സ്കൈപ് (Skype), പ്രോജക്റ്റ് ഏകോപനത്തിന് സോഹോ പ്രോജക്റ്റ് മാനേജ്മെന്റ് ടൂൾ. ബിസിനസ് മാനേജ്മെന്റിനായി ഓഡൂ ഇആർപി (Odoo ERP), യുഎസ് ടീമിന് ഇന്ത്യയിലെ ജീവനക്കാരെ നേരിട്ട് വിളിക്കാനായി ചെലവുകുറഞ്ഞ വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (VoIP) സേവനമായ വോണേജ് (Vonage) എന്നിവ ഉപയോഗിക്കുന്നു. നേരിട്ടുള്ള ബിസിനസ് മീറ്റിങ് ആവശ്യപ്പെട്ട ക്ലയന്റുകളോട് നിലവിലെ സാഹചര്യത്തിൽ അവ നടക്കില്ലെന്ന് വിനയത്തോടെ അറിയിച്ചിട്ടുണ്ട്. അതിനാൽ കസ്റ്റമർ മീറ്റിങ്ങുകൾ സൂം പോലെയുള്ള പ്ലാറ്റ്ഫോമുകളിലാണ്.

വെർച്വൽ ക്ലാസ്റൂം ഉണ്ടാക്കിയ കഥ

കോവിഡ് 19 വ്യാപകമായ ഖത്തറിൽ സ്കൂളുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. മൂന്നു മാസത്തേക്കെങ്കിലും അനിശ്ചിതത്വം തുടരുമെന്നു സംശയമുണ്ട്. ഇക്കാരണത്താൽ പല സ്കൂളുകളും വെർച്വൽ ക്ലാസ്റൂമുകളിലേക്ക് മാറുകയാണ്. കോട്ടയം പാമ്പാടി സ്വദേശിയും ദോഹയിലെ ഒരു പ്രമുഖ സ്കൂളിലെ സിസ്റ്റം അഡ്മിനുമായ സജിൻ ജോൺ മാത്യു പറയുന്നു-'ഈ ആഴ്ച മുതൽ എല്ലാ ക്ലാസും ഓൺലൈൻ ആവുകയാണ്. അതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. വിദ്യാർഥികൾ മൈക്രോസോഫ്റ്റ് ടീംസ് സോഫ്റ്റ്‍വെയർ അവരുടെ ടാബുകളിൽ ഇൻസ്റ്റാൾ ചെയ്തു. പഠനാവശ്യത്തിന് ടാബുകൾ നേരത്തെ നൽകിയിട്ടുണ്ട്. ടാബ് ഇല്ലെങ്കിൽ മൊബൈൽ ആയാലും മതി. ഓൺലൈൻ ക്ലാസിനുള്ള ലോഗിനുകൾ നൽകി. രാവിലെ സ്കൂൾ സമയത്ത് കുട്ടികൾ ടാബ് തുറന്നാൽ മതി. സ്കൂളിലെ സ്മാർട്ട്ക്ലാസുകളിൽ നിന്ന് അധ്യാപകരുടെ വിഡിയോ ലൈവ് സ്ട്രീമിങ് ഉണ്ടാകും. സ്മാർട്ട് ക്ലാസ് ബോർഡുകൾ വിഡിയോയിൽ കാണിക്കാനും സൗകര്യമുണ്ട്. സംശയങ്ങൾ ടൈപ്പ് ചെയ്ത് വിദ്യാർഥികൾക്ക് ചോദിക്കാം. ഇവ മോണിറ്റർ ചെയ്യാനായി മറ്റൊരു ടീച്ചറെയും ചുമതലപ്പെടുത്തി.'

കോഴ്സ്റയും ഓപ്പൺ എഡെക്സും

കോവിഡ് 19 മൂലം ഓൺലൈൻ പഠനമേഖലയിലെ പ്രമുഖരായ കോഴ്സെറയുടെ (Coursera) 3,800 കോഴ്സുകളും 400ലധികം സ്പെഷലൈസേഷനുകളും രോഗം ബാധിച്ച സ്ഥലങ്ങളിലെ സർവകലാശാലകൾക്ക് സൗജന്യമായി തുറന്നുകൊടുത്തിട്ടുണ്ട്. (അപേക്ഷിക്കാൻ: bit.ly/2wbG1Zp) സർവകലാശാലകൾക്ക് ഓൺലൈൻ ആകാനുള്ള കോഴ്സ്റ ഫോർ ക്യാംപസ് പദ്ധതിയുമുണ്ട്. മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (Moocs) നടത്താൻ കഴിയുന്ന ഓപ്പൺ എഡെക്സ് (Open EdX) പ്ലാറ്റ്ഫോമും സർവകലാശാലകൾക്ക് ഉപയോഗിക്കാം. ഈ സോഫ്റ്റ്‍വെയർ ലോക്കൽ സെർവറിൽ ഹോസ്റ്റ് ചെയ്താൽ ഓൺലൈൻ ക്ലാസുകൾ നടത്താം.

വേണം ബിസിപി പ്ലാൻ

ഏതെങ്കിലും ഘട്ടത്തിൽ ഒരു ഓഫിസ് കെട്ടിടം മുഴുവനായോ മറ്റോ രോഗബാധമൂലം ഒഴിപ്പിക്കേണ്ട സാഹചര്യം വന്നാൽ തന്ത്രപ്രധാനമായ ജോലികൾ തുടരാനായി ടെക്നോപാർക്കിലെ പല കമ്പനികളും ബിസിനസ് കണ്ടിന്യുവിറ്റി പ്ലാൻ (ബിസിപി) തയ്യാറാക്കിയിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലുള്ള കെട്ടിടങ്ങൾ ബാക്കപ്പ് പദ്ധതികൾക്കായി മാറ്റിവച്ചിട്ടുണ്ട്. ബാങ്കിങ് പോലെയുള്ള നിർണായക മേഖലകളിൽ സേവനം നൽകുന്ന കമ്പനികളായതിനാൽ അടിയന്തരഘട്ടം വന്നാൽ ക്രിട്ടിക്കൽ പ്രോജക്റ്റുകളെല്ലാം ബാക്കപ്പ് ഓഫിസിലേക്കു മാറ്റും. ഇതിനായി റിസർവ് ജീവനക്കാരുമുണ്ടാകും.

കോവിഡ് 19 അരങ്ങൊഴിഞ്ഞാലും ഓഫിസ്, ക്ലാസ്റൂം സങ്കൽപ്പങ്ങളിൽ നിർണായകമായ മാറ്റങ്ങളുണ്ടാകുമെന്നുറപ്പ്. ചെലവേറിയ ഓഫിസ് സ്പേസുകൾ കുറച്ച് പരമാവധി വെർച്വൽ ഇടപെടലുകളിലേക്കുള്ള പോക്ക് കൂടിയാകും കോവിഡ് 19 കാലം നമ്മെ പഠിപ്പിക്കുക.

കോറോണ കാലത്തെ വർക്ക് ആൻഡ് ലേൺ ഫ്രം ടെക് സങ്കേതകങ്ങൾക്ക്: techagainstcoronavirus.com